Maharashtra landslide: മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഇർഷൽവാഡി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം ഭരണകൂടം നിർത്തിവച്ചു. ഉരുൾപൊട്ടൽ 27 പേരുടെ മരണത്തിനിടയാക്കിയിരുന്നു. കാണാതായ 78 പേരെ ഇതുവരെ കണ്ടെത്തനായില്ലെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തകരും സംസ്ഥാന സർക്കാരും ഗ്രാമവാസികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ശനിയാഴ്ച കണ്ടെടുത്ത അവസാനത്തെ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കണ്ടെത്താനാകാത്ത മൃതദേഹങ്ങളും മൃഗങ്ങളും അഴുകിയതിനാൽ പ്രദേശത്തുടനീളം ദുർഗന്ധം പരന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. കോട്ടയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഇർഷൽവാഡി ഗ്രാമത്തിൽ ജൂലൈ 19 നാണ് മണ്ണിടിച്ചിലുണ്ടായത്. ഗ്രാമം വിദൂര പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് മണിക്കൂറുകളോളം ട്രെക്കിംഗ് നടത്തേണ്ടി വന്നു. പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഞായറാഴ്ച വരെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 27 ആയി. 78 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ നഷ്ടപ്പെട്ട ഭൂമി റവന്യൂ സംഘം വിലയിരുത്തി വരികയാണെന്നും ദുരിതബാധിതർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ഉരുൾപൊട്ടലിൽ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ട ഗ്രാമീണർക്ക് പുതിയവ വിതരണം ചെയ്യും. ഇതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഇർഷൽവാഡിയിലെ മുഴുവൻ ആളുകൾക്കും വീട് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
About The Author
No related posts.