റഷ്യ പിടിച്ചെടുത്ത 50 % ഭൂപ്രദേശവും യുക്രൈന്‍ തിരിച്ചുപിടിച്ചു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

Facebook
Twitter
WhatsApp
Email

Russia Ukraine war: റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി യുക്രൈനില്‍ നിന്നും പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും തിരിച്ചുപിടിച്ചെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍.  ഇതിനായി കൈവ് കഠിനമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ‘റഷ്യ ആദ്യം പിടിച്ചെടുത്തതിന്റെ 50% ഇതിനകം തന്നെ യുക്രൈന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.’ വാര്‍ത്താ ചാനലായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലിങ്കെന്‍ പറഞ്ഞു.

റഷ്യന്‍ സേനയ്ക്കെതിരായ പ്രത്യാക്രമണം ആഗ്രഹിക്കുന്നതിലും മന്ദഗതിയിലാണ് നടക്കുന്നതെന്ന് കഴിഞ്ഞ മാസം അവസാനം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു. രാജ്യത്തിന്റെ തെക്ക് ഭാഗത്തുളള ചില ഗ്രാമങ്ങളും കിഴക്ക് ബഖ്മുട്ട് നഗരത്തിന് ചുറ്റുമുള്ള ചില പ്രദേശങ്ങളും യുക്രൈന്‍ തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ റഷ്യയ്‌ക്കെതിരെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ യുക്രൈനായിരുന്നില്ല.

യുഎസ് നിര്‍മ്മിത എഫ്-16 യുദ്ധവിമാനങ്ങള്‍ യുക്രൈയ്ന് ലഭ്യമാക്കുമോ എന്ന ചോദ്യത്തിന്, അത് ലഭിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നാണ് ബ്ലിങ്കെന്‍ മറുപടി പറഞ്ഞത്. ‘വിമാനം നല്‍കുമ്പോള്‍ അവര്‍ക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വിമാനങ്ങള്‍ പരിപാലിക്കാനും അവ മികച്ച രീതിയില്‍ ഉപയോഗിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നതിലുമാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്’ ബ്ലിങ്കെന്‍ പറഞ്ഞു.

11 രാജ്യങ്ങളുടെ ഒരു സഖ്യം, ഓഗസ്റ്റില്‍ ഡെന്‍മാര്‍ക്കില്‍ വെച്ച് എഫ് -16 യുദ്ധവിമാനങ്ങള്‍ പറത്താന്‍ യുക്രേനിയന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കും. കൂടാതെ റൊമാനിയയില്‍ ഒരു പരിശീലന കേന്ദ്രവും സ്ഥാപിക്കും. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിത എഫ്-16 വിമാനങ്ങള്‍ക്കായി, ഏറക്കാലമായി യുക്രൈന്‍ ആവശ്യമറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം വരെ വിമാനം അയയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. വിമാനങ്ങളുടെ പരിശീലനത്തിനും വിതരണത്തിനും കുറഞ്ഞത് 18 മാസമെങ്കിലും വേണ്ടിവരുമെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുളളത്. 2022 ഫെബ്രുവരിയില്‍ റഷ്യ അധിനിവേശം നടത്തിയത് മുതല്‍ അമേരിക്ക യുക്രൈന് ഏകദേശം 41 ബില്യണ്‍ ഡോളറിലധികം സൈനിക സഹായം നല്‍കിയിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *