LIMA WORLD LIBRARY

ഇന്ന് നാഗസാക്കി ദിനം; ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങള്‍..

Nagasaki day 2023: ഇന്ന് ഓഗസ്റ്റ് 9, ചരിത്രത്തിന്റെ ഏടുകളില്‍ കറുത്ത ദിനമായി രേഖപ്പെടുത്തിയ നാഗസാക്കി ദിനം. 1945 ഓഗസ്റ്റ് 9 നാണ് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക രണ്ടാമത്തെ അണുബോംബ് വര്‍ഷിച്ചത്. ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അണുബോംബ് ആക്രമണം നടത്തി, അതിന്റെ നടുക്കം മാറും മുമ്പായിരുന്നു നാഗസാക്കിയിലും ആക്രമണം നടത്തിയത്. 4630 കിലോ ടണ്‍ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള ‘ഫാറ്റ് മാന്‍’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്‌നിക്ക് ഇരയാക്കിയത്. ഏകദേശം 80,000 ത്തോളം മനുഷ്യജീവനുകളാണ് നാഗസാക്കിയിലെ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതും വേദനിപ്പിച്ചതുമായിരുന്നു ഈ ആക്രമണങ്ങള്‍. ദുന്തത്തെ അതിജീവിച്ചവര്‍ അനുഭവിച്ച വേദനയും യാതനയും അവര്‍ണനീയമായിരുന്നു. മൂന്നര ലക്ഷം പേര്‍ ഉള്ള നഗരത്തില്‍ മരിച്ചവരുടെ എണ്ണം ആ വര്‍ഷം അവസാനമായപ്പോഴേക്കും 140,000 ആയി. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും ദശകങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച ഈ സംഭവങ്ങളുണ്ടായത്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതല്‍ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30 രാജ്യങ്ങളിലെ 100 മില്യണ്‍ ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തില്‍ അതിലെ പ്രധാനരാജ്യങ്ങള്‍ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നത്.

പടിഞ്ഞാറന്‍ സഖ്യവും സോവിയറ്റ് യൂണിയനും ജര്‍മ്മനി പിടിച്ചടക്കിയതോടെയും അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മഹത്യയോടെയും ജര്‍മ്മനി മെയ് 8, 1945 ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാല്‍ ജപ്പാന്‍ കീഴടങ്ങാന്‍ വിസമ്മതിച്ചു.  ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയില്‍ ഓഗസ്റ്റ് 6 നും നാഗസാക്കിയില്‍ ഓഗസ്റ്റ് 9 നും അമേരിക്കന്‍ വിമാനങ്ങള്‍ ആറ്റം ബോംബുകള്‍ വര്‍ഷിച്ചു. കൂടുതല്‍ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാന്‍ സെപ്റ്റംബര്‍ രണ്ടാം തീയതി കീഴടങ്ങി.

 

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px