LIMA WORLD LIBRARY

സ്വാതന്ത്ര്യം ഇന്നും അപൂര്‍ണമാണെന്ന് സച്ചിദാനന്ദന്‍; എക്കാലവും ജനാധിപത്യത്തെ സംരക്ഷിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നു വൈശാഖന്‍; 77ആം സ്വാതന്ത്ര്യദിന നിറവ്, ചില ചിന്തകള്‍ ഇങ്ങനെ

രാജ്യം വീണ്ടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ 77ആം  സ്വാതന്ത്ര്യദിനാഘോഷങ്ങളാണ് നടക്കുന്നത്. ഇന്നലെ രാഷ്ട്രപതി ദ്രൌപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യുകയും രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ജാതി, വംശം, ഭാഷ എന്നീ നിലകളിലുള്ള വ്യക്തിത്വങ്ങളെക്കാള്‍ മുകളിലാണ് ഓരോരുത്തര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള വ്യക്തിത്വമെന്നാണ് രാഷ്ട്രപതി പറഞ്ഞത്. ഇന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയര്‍ത്തുകയും രാജ്യത്തോട് സംസാരിക്കുകയും ചെയ്തു.

രാജ്യത്തെ യുവത്വത്തെ ഉത്തേജിപ്പിച്ച്  യുവജനങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും ആഗ്രഹിക്കുന്നവർക്ക് ആകാശത്തോളം അവസരം ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പെടുത്തു, ചോർച്ച തടഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ചെങ്കോട്ട പ്രസംഗത്തില്‍ മോദി പറഞ്ഞു.

രാജ്യം ഇന്നു സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മുഴുകുകയാണ്. ഭാരതം ലോക രാജ്യങ്ങള്‍ക്ക് മീതെ ഉയരുമ്പോള്‍ ഓരോ ഭാരതീയനും അത് അഭിമാനനിമിഷങ്ങളാണ്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍  അറിയാം. എത്രയോ ആയിരങ്ങള്‍ ജീവന്‍ ബലി നല്‍കിയാണ്‌ സ്വാതന്ത്ര്യദിന പോരാട്ടത്തെ സജീവമാക്കി നിര്‍ത്തിയത്. സൂര്യനസ്തമിക്കാത്ത സാമ്രാജിത്വ ശക്തിയായ ബ്രിട്ടീഷ് ഭരണത്തെ കീഴ്പ്പെടുത്താൻ, കഴിഞ്ഞ ഏക രാജ്യമാണ് ഭാരതം. ആഴമേറിയ മുറിവുകളിലൂടെ ഒലിച്ചിറങ്ങിയ രക്തത്തിലൂടെയാണ് സ്വാതന്ത്ര്യത്തിലേക്ക് രാജ്യം നടന്നു കയറിയത്. വിഭജിച്ചു ഭരിക്കുക എന്ന സ്വതസിദ്ധമായ രീതി അവസാന നിമിഷവും ബ്രിട്ടീഷുകാര്‍ കൈ വെടിഞ്ഞില്ല. അതുകൊണ്ടാണ് ഇന്ത്യ എന്നും പാകിസ്താന്‍ എന്നും പേരുള്ള രണ്ടു രാഷ്ട്രങ്ങളായി ഭാരതം മാറിയത്.

ഇന്ത്യ എന്ന നമ്മുടെ രാജ്യം ലോകത്തിനു പ്രകാശം പരത്തി പ്രശോഭിക്കുകയാണ്. കേരളവും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മുഴുകുകയാണ്. വേറിട്ട ചിന്തകളും കാഴ്ചപ്പാടുകളും സ്വാതന്ത്രത്തെക്കുറിച്ച് സംസ്ഥാനം സൂക്ഷിക്കുന്നുണ്ട്. സ്വാതന്ത്ര്യദിനത്തെ കേരളം എങ്ങനെ കാണുന്നു. സാഹിത്യ അക്കാദമി അധ്യക്ഷനായ സച്ചിദാനന്ദനും സാഹിത്യകാരന്മാരായ വൈശാഖനും സ്വാതന്ത്ര്യ ഇന്ത്യയെക്കുറിച്ച് സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള അഭിപ്രായം ഇന്ത്യാ ടുഡേയുമായി പങ്ക് വയ്ക്കുകയാണ്.

1947 ഓഗസ്റ്റ്‌ 15 നു ഇന്ത്യ സ്വതന്ത്രയായി എന്നാണ് നമ്മുടെ സങ്കല്‍പ്പം. എന്നാല്‍ സ്വാതന്ത്യ്രം എന്നത് ഒരു അര്‍ദ്ധരാത്രി ഒരു രാജ്യം മറ്റൊരു രാജ്യത്തിനു നല്‍കുന്ന ഒരു കാര്യമല്ല. അത് സ്വാഭാവികമായി സാവധാനം ഒരു രാഷ്ട്രവും  രാജ്യവും ജനതയും നേടിയെടുക്കേണ്ട ഒന്നാണ്-കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ  കവിയുമായ  കെ.സച്ചിദാനന്ദന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യം ഇന്നും അപൂര്‍ണമാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. ആ സ്വാതന്ത്യ്രത്തിലേക്കുള്ള നീക്കങ്ങളാണ് നാം വളരെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇന്നു നാം ഒരുപക്ഷെ ആ സ്വാതന്ത്ര്യ സങ്കല്‍പ്പത്തില്‍ നിന്നും പുറകോട്ടു പോവുകയല്ലേ എന്ന് സംശയിപ്പിക്കുന്ന കാര്യങ്ങളാണ്  രാജ്യത്ത് പലപ്പോഴും നടക്കുന്നത്. ഭരണഘടനയുള്‍പ്പെടെ വെല്ലുവിളിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാനാണ് ഈ സ്വാതന്ത്ര്യദിനം എന്നെ പ്രേരിപ്പിക്കുന്നത്-സച്ചിദാനന്ദന്‍ പറയുന്നു.

പ്രതീക്ഷിച്ചിത്ര പ്രകാശം നിറഞ്ഞ അന്തരീക്ഷം നിലവിലെ സ്വാതന്ത്ര്യദിനത്തിനില്ല-സാഹിത്യകാരന്‍ വൈശാഖന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. അത്ര നല്ല വാര്‍ത്തകള്‍  ചില സംസ്ഥാനങ്ങളില്‍ നിന്നും വരുന്നില്ല. എങ്കിലും ഈ  സ്വാതന്ത്ര്യദിനത്തില്‍ നമുക്കുള്ള പ്രതീക്ഷ ഇന്ത്യ ജനാധിപത്യത്തെ സംരക്ഷിക്കും എന്ന് തന്നെയാണ്. താത്കാലികമായ മേഘാവൃതമായ അന്തരീക്ഷം മാറിപ്പോകും.  ഇവിടെ മതേതരത്വവും സമത്വവും പുലരും എന്ന പ്രതീക്ഷയാണ് എനിക്കുള്ളത്-വൈശാഖന്‍ പറയുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px