Reuben singh Rolls Royce : വാഹന പ്രേമികളായവരുടെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാകും റോള്‍സ് റോയ്സ് കാര്‍ സ്വന്തമാക്കുക എന്നത്. എന്നാല്‍ തന്റെ തലപ്പാവിന്റെ നിറവുമായി ചേരുന്ന തരത്തില്‍ 15 റോള്‍സ് റോയ്‌സ് സ്വന്തമാക്കിയ ഒരാളുണ്ട്. ബ്രിട്ടനില്‍ താമസിക്കുന്ന സിഖ് വ്യവസായിയായ റൂബെന്‍ സിംഗാണ് ആരെയും അതിശയിപ്പിക്കുന്ന ഈ നേട്ടത്തിനുടമ. തന്റെ റോള്‍സ് റോയ്സ് ശേഖരത്തിന് മുന്നില്‍, അതിന് യോജിച്ച തലപ്പാവണിഞ്ഞ് നില്‍ക്കുന്ന റൂബന്‍ സിംഗിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അദ്ദേഹം ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്.
ബ്രിട്ടീഷ് ബില്‍ ഗേറ്റ്‌സ് എന്നാണ് ആളുകള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അഭിമാനിയായ ഒരു ബ്രിട്ടീഷ് സിഖ് ആണ് താനെന്നും തന്റെ വിശ്വാസമാണ് തനിക്ക് ശക്തി നല്‍കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. റൂബെന്‍ സിംഗിന്റെ കുടുംബം 1970 കളില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലെത്തി സ്ഥിരതാമസമാക്കിയിട്ടുളളവരാണ്. കസ്റ്റമര്‍ സര്‍വീസ് ഔട്ട്സോഴ്സിംഗ് ബിസിനസ്സ് , പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഐഷര്‍ ക്യാപിറ്റല്‍ എന്നിവയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്.
നിലവില്‍ അദ്ദേഹത്തിന് 15 റോള്‍സ് റോയ്സ് ഉണ്ട്. 3.22 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി ഹുറാകാന്‍, 12.95 കോടി രൂപയില്‍ വില ആരംഭിക്കുന്ന ബുഗാട്ടി വെയ്റോണ്‍ എന്നിവയും റൂബന്‍ സിംഗി സ്വന്തമാക്കിയിട്ടുണ്ട്. ഫെരാരി എഫ്12 ബെര്‍ലിനെറ്റ, പോര്‍ഷെ 918 സ്‌പൈഡര്‍, പഗാനി ഹുവൈറ എന്നിവയും റൂബെന്‍ സിംഗിന്റെ ഗ്യാരേജില്‍ ഇടം നേടിയിട്ടുണ്ട്.
Credits: https://malayalam.indiatoday.in/













