Heath Streak: സിംബാംബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് അദ്ദേഹത്തിന്റെ സഹതാരം ഹെൻറി ഒലോംഗ. സ്ട്രീക്കിന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്‌ത് മണിക്കൂറുകൾക്ക് ശേഷം, തന്റെ മുൻ ട്വീറ്റിന് വിരുദ്ധമായി സ്ട്രീക്ക് ജീവനോടെയുണ്ടെന്നാണ് ഒലോംഗ അറിയിച്ചത്.
“ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തിപരമാണെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. തേർഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്.” ഒലോംഗ ട്വീറ്റിലൂടെ വ്യക്തമാക്കി.
“ഇപ്പോൾ വരുന്ന സങ്കടകരമായ വാർത്തകൾ പ്രകാരം ഹീത്ത് സ്ട്രീക്ക് ഈ ലോകം വിട്ടു. സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസത്തിന് വിട” ഒലോംഗ നേരത്തെ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സ്ട്രീക്കിന്റെ മരണവാർത്ത അതിവേഗം പ്രചരിച്ചു, ഇത് ആരാധകരെയും സഹ ക്രിക്കറ്റ് താരങ്ങളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
എന്നാൽ ഇപ്പോൾ ഒലോംഗയുടെ അപ്‌ഡേറ്റിലൂടെ, സ്ട്രീക്കിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നീങ്ങിയിരിക്കുകയാണ്. ഹീത്ത് ജീവനോടെയുണ്ടെന്ന വിവരം പങ്കുവച്ച എക്‌സ് പോസ്‌റ്റിൽ ഒലോംഗ ഇരുവരും തമ്മിലുള്ള വാട്‍സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും പങ്കിട്ടിട്ടുണ്ട്.













