Facebook
Twitter
WhatsApp
Email
കല്ലിലും പുല്ലിലും തടിയിലും ഇരുമ്പിലുമെല്ലാം കവിതയുണ്ടെന്നാണ് ശില്പികൾ പറയാറുള്ളത്.
കവിതയില്ലാത്ത ഭാഗങ്ങൾ ചെത്തിക്കളയുമ്പോൾ
കാവ്യവിഗ്രഹങ്ങൾ
തെളിഞ്ഞ് വരും പോലും !!
എന്തായാലും എന്റെ കവിതയെ കല്ലിലും കാട്ടിലും , പുഴയിലും പൂമരങ്ങളിലും ഞാൻ അന്വേഷിച്ചു.,
വാങ്മയ ചിത്രങ്ങൾ അന്വേഷിച്ച്
ഞാൻ, ആകാശത്തേക്ക് ചിറകുവിരിച്ച് പറന്നു.
അവൾ എവിടെയോ ഒളിച്ചിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
നിലാവുള്ള രാത്രിയിൽ
നക്ഷത്രങ്ങളെ നോക്കിയിരുന്നാൽ കവിത ജനിക്കുമെന്ന് ഏതൊ ഒരു ഋഷിവര്യൻ എന്നോട് പറഞ്ഞു.
അതിന് ശേഷം കുറെ നാൾ ഞാൻ ആകാശ നക്ഷത്രങ്ങളിൽ മിഴി നട്ടിരുന്നു.
മഞ്ഞുകൊണ്ടതും പനി പിടിച്ചതും മാത്രമായിരുന്നു മിച്ചം.
അങ്ങനെ കാവ്യദേവതയെ തേടി നടന്നപ്പോൾ , വളരെ പരിക്ഷീണിതനായ ഒരു ആട്ടിടയനെ കണ്ടുമുട്ടി .
സായംസന്ധ്യയിൽ കുന്നിൻ മേടുകളിൽ ആടിനെ മേയിച്ചും വെറുതെ അസ്തമയ സൂര്യനെ നോക്കിയുമിരുന്നാൽ
കാവ്യ വൈഖരികൾ നൈസർഗ്ഗികമായി പൊട്ടി വിടരുമെന്ന് അയാൾ എന്റെ ചെവിയിൽ മന്ത്രിച്ചു .
അതിനിടയിൽ ഞാൻ കണ്ട കർഷകനും ഒട്ടും മോശമല്ലായിരുന്നു.
ഭൂമി ഉഴുതുമറിച്ച് വിത്തിട്ട് വെളളമൊഴിച്ചാൽ സ്വർഗ്ഗീയ സുന്ദരമായ കാവ്യ വൃക്ഷങ്ങൾ പിറവിയെടുക്കുമെന്ന് ,
നെറ്റിയിലെ വിയർപ്പ് തുടച്ചിട്ട്, അയാൾ എന്നോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
തപസ്സിരുന്ന് മേഘങ്ങളെ ഭൂമിയിലേക്ക് ക്ഷണിച്ചാൽ,
തുലാവർഷം പെയ്തിറങ്ങുന്നതുപോലെ,
കാവ്യ വർഷങ്ങൾ ഇടിവെട്ടി പെയ്യുമെന്ന്, അങ്ങനെയിരിക്കെ ഒരു അനുഗ്രഹജീവി എന്നോട് ഉപദേശിച്ചു .
പിന്നെ ഞാൻ കണ്ടത് ഒരു ഇറച്ചിവെട്ടുകാരനെയാണ്.
മാസങ്ങളോളം അയാളുടെ
കത്തി തേച്ച് മൂർച്ചപ്പെടുത്തിക്കൊടുത്താൽ ചോര പൊടിയുന്ന കവിത പിറക്കുമെന്ന് അയാൾ പ്രതിവചിച്ചു.
അവസാനം ഒരു അർദ്ധരാത്രിയിൽ
ബൊളീവിയൻ കാടുകളിൽ വെച്ച്
ഞാൻ അന്തർദ്ദേശീയ വിപ്ലവകാരിയായ ഏണസ്റ്റോ ചെഗുവരെയെ കണ്ടുമുട്ടാനിടയായി.,
മദ്ധ്യാഹ്ന വെയിലിന്റെ
കൊടും ചൂടിലിരുന്ന് വിപ്ലവത്തെ സ്വപ്നം കണ്ടാൽ, ഹൃദയത്തിൽ,
കടുംചുവപ്പ് കലർന്ന വിപ്ലവകവിത വിരിയുമെന്ന് അയാൾ എന്നോട്
കാവ്യാത്മകമായി ഉദ്ഘോഷിച്ചു.
എന്നാൽ എന്റെ കാവ്യ ഉദ്യമങ്ങളെല്ലാം നിഷ്ഫലമായിരുന്നു.
അതിന് ശേഷം ഞാൻ ഒരു നിഗമനത്തിലെത്തി;
അതായത് സ്വന്തം ആത്മാവിൽ കാവ്യ വിഗ്രഹത്തിന്റെ വിളക്ക് തെളിയാത്തവന്
എങ്ങെനെ തൂലികത്തുമ്പിൽ കവിത പിറക്കുമെന്ന്.
10.10.2022

About The Author

2 thoughts on “കവിതയുടെ ഗർഭഗൃഹം തേടി – ( അഡ്വ.പാവുമ്പ സഹദേവൻ )”
  1. തൂണിലും തുരുമ്പിലുമുണ്ട്,വിസ എടുക്കാതെ വിദേശകാടുകളിൽ പോകുന്നത് സൂക്ഷിക്കുക

  2. വളരെ നല്ല രചന, അഡ്വക്കേറ്റ് പാവുംബ സർ; അഭിനന്ദനം 🌻

Leave a Reply

Your email address will not be published. Required fields are marked *