India Canada Trade: ഇന്ത്യയുമായുള്ള നിർദിഷ്‌ട വ്യാപാര ഉടമ്പടി സംബന്ധിച്ച ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി കാനഡ. ഈ വർഷം ഒരു പ്രാരംഭ കരാർ മുദ്രവെക്കാൻ ലക്ഷ്യമിടുന്നതായി ഇരു രാജ്യങ്ങളും അറിയിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം. കാനഡയും ഇന്ത്യയും 2010 മുതൽ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ചർച്ചകൾ ഔദ്യോഗികമായി പുനരാരംഭിച്ചത്.
“വ്യാപാര ചർച്ചകൾ ദൈർഘ്യമേറിയതും സങ്കീർണ്ണവുമായ പ്രക്രിയകളാണ്. ഞങ്ങൾ എവിടെയാണെന്നതിന്റെ വിലയിരുത്തൽ നടത്താൻ താൽക്കാലികമായി നിർത്തുകയാണ്” ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അടുത്ത ആ ഴ്‌ച ന്യൂഡൽഹിയിലേക്ക് വരാനിരിക്കെയാണ് ഈ സംഭവവികാസം.
കഴിഞ്ഞ മാസത്തോടെ ചർച്ചകൾ താൽക്കാലികമായി നിർത്താൻ കാനഡ ശ്രമിച്ചെങ്കിലും എന്തുകൊണ്ടെന്ന് വിശദീകരിച്ചിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യൻ പ്രതിനിധി സഞ്ജയ് കുമാർ വർമ്മ വെള്ളിയാഴ്‌ച കനേഡിയൻ പ്രസ്സിനോട് പറഞ്ഞു.
വ്യാപാരം വർധിപ്പിക്കുന്നതിനും, നിക്ഷേപം വിപുലീകരിക്കുന്നതിനും തർക്ക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കുന്നതിനൊപ്പം ഈ വർഷം ഒരു പ്രാരംഭ കരാർ മുദ്രവെക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയും കാനഡയും മെയ് മാസത്തിൽ പറഞ്ഞിരുന്നു.
അടുത്തയാഴ്‌ച നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കാനഡയുമായും മറ്റ് രാജ്യങ്ങളുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര ചർച്ചകൾ നടത്താൻ ന്യൂഡൽഹി പദ്ധതിയിട്ടതായി കഴിഞ്ഞ മാസം ഒരു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രൂഡോയും യോഗത്തിൽ പങ്കെടുക്കും. ട്രൂഡോയുടെ ഓഫീസും വ്യാപാര മന്ത്രി മേരി എൻജിയുടെ ഓഫീസം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Credits: https://malayalam.indiatoday.in/













