യാത്രകളില്ലാതെ
സ്വസ്ഥമായി ഒതുങ്ങാനുള്ളതാണ് കുറച്ച് ദിവസത്തെ എൻ്റെ ജീവിതം…
അക്ഷരപ്പുഴയിൽ ആരോരുമില്ലാതെ നീന്താനാണ് ഈ അവസരം ഞാൻ ഉപയോഗിക്കുന്നത്…
രണ്ട് ദിവസം കൊണ്ട് ഒരു നോവൽ വായിച്ചു തീർത്തു…
ഒറീസയിലെ പ്രശസ്ത എഴുത്തുകാരിയായ പ്രതിഭാറായ് എഴുതിയ ‘ദ്രൗപദി’ എന്ന നോവലാണ് വായിച്ചത്…
മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ഒറ്റക്കൊറ്റക്ക് വായിക്കുമ്പോഴാണ് അവർ അനുഭവിച്ച ആത്മസംഘർഷങ്ങൾ അറിയാൻ കഴിയുന്നത്…
ശിവാജി സാവന്തിൻ്റെ ‘കർണ്ണൻ’,
ശ്രീദേവിയുടെ ‘അമ്മേ ഗാന്ധാരി’,
എം.ടി.എഴുതിയ ‘രണ്ടാമൂഴം’,
കെ.പി.സുധീരയുടെ ‘പ്രണയസമീരേ’ തുടങ്ങിയ നോവലുകൾ പോലെ തന്നെയാണ് പ്രതിഭാറായിയുടെ ‘ദ്രൗപദി’യും…
ചെയ്യാത്ത തെറ്റുകൾക്ക് പാഞ്ചാലി എത്രമാത്രം ദുരന്തജീവിതമാണ് അനുഭവിച്ച് തീർത്തത്…
രാജസഭയിൽ വസ്ത്രാക്ഷേപം നടത്തിയ സമയത്ത് കൃഷ്ണയായും പാഞ്ചാലിയായും ദ്രൗപദിയായും യാജ്ഞസേനിയായും ദ്രുപദപുത്രിയായും അറിയപ്പെടുന്നവൾ അനുഭവിച്ച ആത്മനൊമ്പരവും മാനഹാനിയും വായനക്കാരുടേയും വേദനയായി മാറുന്നു…
സ്വന്തം രാജ്യത്ത് തടവുകാരിയായി സീതയെ കിട്ടിയിട്ടും പ്രണയാഭ്യർത്ഥനയും പ്രലോഭനവും മാത്രമാണ് രാവണൻ സീതയോട് നടത്തിയത്…
ഒരിക്കൽ പോലും രാവണൻ സീതയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല…
രാക്ഷസനായ രാവണനേക്കാൾ ക്രൂരവും സംസ്കാര രഹിതവുമായാണ് കൗരവർ പാഞ്ചാലിയോട് കാണിച്ചത്…
ഉടുവസ്ത്രത്തിൽ തീ പിടിച്ച് ശരീരം വെന്തുരുകുമ്പോഴും സ്വന്തം നഗ്നത മറയ്ക്കാൻ പാടുപെടുന്നതാണ് സ്ത്രീകളുടെ സ്വാഭാവിക സ്വഭാവം…
അവിടെയാണ് നൂറു കണക്കിന് ആണുങ്ങളുടെ മുന്നിൽ രജസ്വലയായി,
ഒറ്റ വസ്ത്രമുടുത്ത പാഞ്ചാലിയെ അപമാനിക്കാൻ കൗരവർ ശ്രമിച്ചത്…
അഞ്ച് ഭർത്താക്കൻമാരെ കല്യാണം കഴിച്ച് സുഖമായി ജീവിച്ചിരുന്നവൾ എന്നാണ് പാഞ്ചാലിയെ കുറിച്ച് പലരും ധരിച്ചിരിക്കുന്നത്…
ജീവിതം മുഴുവൻ കരഞ്ഞു തീർത്തവളാണ് പാഞ്ചാലി…
കൃഷ്ണനെ മോഹിച്ചിട്ട് അർജുനനെ കല്യാണം കഴിക്കേണ്ടി വന്നവൾ…
അർജുനൻ സ്നേഹിച്ചിരുന്നത് സുഭദ്രയേയും…
രാജകുമാരിയായി ജനിച്ചിട്ടും
മഹാറാണിയായി വാണിട്ടും ജീവിതത്തിന്റെ ഭൂരിഭാഗവും കാട്ടിൽ കഴിയാൻ വിധിക്കപ്പെട്ടവൾ…
പാഞ്ചാലി ആഹാരം കഴിച്ച് കഴിഞ്ഞാൽ ആ അക്ഷയപാത്രം ശൂന്യമാകുമെന്നതിനാൽ
എല്ലാവരും ആഹാരം കഴിക്കുന്നതുവരെ വിശന്നിരുന്നവൾ…
അക്ഷയപാത്രം ഉണ്ടായിരുന്നിട്ടും വിശന്നിരിക്കാൻ വിധിക്കപ്പെട്ട പാഞ്ചാലി…
ഓരോ ഞരമ്പുകളിലും തീപ്പന്തം സൃഷ്ടിക്കാൻ കഴിയുന്ന വാക്കുകളിലൂടെയാണ് പ്രതിഭാറായ് ‘ദ്രൗപദി’ എഴുതിയിരിക്കുന്നത്…
കൃഷ്ണൻ്റേയും കൃഷ്ണയുടേയും ജീവിതം സാധാരണ മനുഷ്യർക്കുള്ള പാഠമാണ് സമ്മാനിക്കുന്നത്…
കൈ നിറയെ കാശും അധികാരവും ഉണ്ടെങ്കിൽ ജീവിതം സുഖകരമാകുമെന്ന് വിശ്വസിക്കുന്നവർക്കുള്ള വലിയ
പാഠം…………………….. ………………………..











