‘ഇന്ത്യയ്ക്ക് പ്രത്യേക ഇളവുകളൊന്നുമില്ല’; പ്രതികരിച്ച് യുഎസ്

Facebook
Twitter
WhatsApp
Email

India Canada Tensions: ഇന്ത്യയും കാനഡയും തമ്മിലുള്ള ഭിന്നതയിൽ പ്രതികരിച്ച് യുഎസ്. കനേഡിയൻ മണ്ണിലെ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണ ഇന്ത്യ-കാനഡ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി യുഎസ് പറയുന്നു.

“ഈ വിഷയത്തിൽ ഇതിനകം നടന്നതോ നടക്കാൻ പോകുന്നതോ ആയ സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ഈ സംഭവത്തിൽ ഞങ്ങൾ ഇന്ത്യക്കാരുമായി ഉന്നത തലങ്ങളിൽ ബന്ധപ്പെടുന്നത് തുടരും” യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നയതന്ത്ര തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

“ഈ വിഷയം ഞങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഞങ്ങൾ ഗൗരവമായി എടുക്കുന്ന കാര്യമാണ് ഇത്. ഞങ്ങൾ തുടർന്നും വിഷയത്തിൽ പ്രവർത്തിക്കും” അദ്ദേഹം പറഞ്ഞു, വിഷയത്തിൽ ഇന്ത്യയ്ക്ക് പ്രത്യേക ഇളവുകൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിരോധിത സംഘടന ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണം. എന്നാൽ ആരോപണത്തെ അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ സർക്കാർ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യ ഇതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നു.

ഇന്ത്യ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച, വർഷങ്ങളായി തേടുന്ന ഭീകരരിൽ ഒരാളായ നിജ്ജാറിനെ ജൂൺ 18ന് സറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്ത് വച്ച് രണ്ട് അജ്ഞാത തോക്കുധാരികൾ വെടിവച്ചു കൊല്ലുകയായിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള യുഎസിന്റെ താൽപര്യം വിഷയത്തിൽ പ്രതികരിക്കാനുള്ള ശേഷിയെ തടസ്സപ്പെടുത്തുമെന്ന ആരോപണങ്ങൾ സള്ളിവൻ തള്ളിക്കളഞ്ഞു. കാനഡയുടെ ആരോപണങ്ങളെ ബൈഡൻ ഭരണകൂടം ഗൗരവമായി തന്നെ എടുക്കുകയും, ഒട്ടാവയുമായി നിരന്തര സമ്പർക്കം പുലർത്തുകയും ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ കനേഡിയൻ ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു” സള്ളിവനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്‌തു. “ഇതുപോലെയുള്ള കാര്യങ്ങളിൽ ആർക്കും പ്രത്യേക ഇളവുകളൊന്നുമില്ല. രാജ്യമേതെന്ന് പരിഗണിക്കാതെ ഞങ്ങൾ നിലകൊള്ളുകയും ഞങ്ങളുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കുകയും ചെയ്യും. കാനഡ പോലുള്ള സഖ്യകക്ഷികൾ അവരുടെ നിയമപാലനവും നയതന്ത്ര നടപടികളും പിന്തുടരുമ്പോൾ ഞങ്ങൾ അവരുമായി ചേർന്ന് പ്രവർത്തിക്കും” അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

ഭിന്നത രൂക്ഷമായതോടെ കാനഡയിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും, ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും എതിരെ ശക്തമായി നടപടിയെടുക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കനേഡിയൻ പൗരൻമാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ താൽക്കാലികമായി നിർത്തിവക്കുകയും ചെയ്‌തിട്ടുണ്ട്‌. നിജ്ജാറിന്റെ കൊലപാതകകവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നയതന്ത്ര തർക്കം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ എക്കാലത്തെയും മോശം നിലയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

Credits: https://malayalam.indiatoday.in/ 

About The Author

Leave a Reply

Your email address will not be published. Required fields are marked *