Actor Madhu Birthday: മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു നവതിയുടെ നിറവിൽ. ഇന്ന് തന്റെ 90-ാം പിറന്നാൾ ആഘോഷിക്കുകയാണ് മധു. ഒരിക്കലും അടങ്ങാത്ത കടലിലെ ഓളം പോലെ കരളിൽ നിറയെ മോഹവുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടി എന്ന ദുരന്ത കാമുകൻ നടന്നുകയറിയത് മലയാള സിനിമാസ്വാദകരുടെ ഹൃദയത്തിലേക്കാണ്.
രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ചിട്ടുണെങ്കിലും മലയാളത്തിലെ നിരാശാകാമുകന്മാർക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്. പ്രണയനൈരാശ്യത്തിന്റെ ഏറ്റവും തീവ്രമായഭാവങ്ങൾ മലയാളികൾ കണ്ടത് പരീക്കുട്ടിയുടെ മുഖത്താണ്. പ്രണയനൈരാശ്യം മാത്രമല്ല. ആ മുഖത്ത് ഒട്ടേറെ ഭാവങ്ങളും വികാരങ്ങളും വീണ്ടും മിന്നിമാഞ്ഞു മലയാളത്തട്ടിന്റെ ഭാവാഭിനയ ചക്രവർത്തിയുടെ മുഖത്ത്. മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച പ്രിയ നടനെ മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്നു.
തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23നാണ് ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ എസ് ടി ഹിന്ദു കോളേജിലും സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അധ്യാപകൻ ആയി സേവനമനുഷ്ഠിച്ചു.
അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് തിരിച്ചു. 1959 ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു. എൻ.എസ്.ഡിയിൽ പഠിക്കുന്ന കാലത്ത് രാമു കാര്യാട്ടുമായി അടുപ്പത്തിലായി. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യം.
1962ലാണ് മാധവൻ നായർ എന്ന മധു മൂടുപടമെന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കു കടന്നുവരുന്നത്. അതിനൊപ്പം തന്നെ ‘നിണമണിഞ്ഞ കാല്പാടുകളിലും’ അദ്ദേഹം അഭിനയിച്ചു. രണ്ടു ചിത്രങ്ങളും മലയാളസാഹിത്യത്തിൽ തലപ്പൊക്കം നേടിയ രണ്ടു സാഹിത്യസൃഷ്ടികൾ ആയിരുന്നു. ആദ്യത്തേത് എസ് കെ പൊറ്റെക്കാട്ടിന്റേതും രണ്ടാമത്തേത് പാറപ്പുറത്തിന്റേതുമായിരുന്നു.
സത്യനും പ്രേംനസീറും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിലേക്കെത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
വിഖ്യാത എഴുത്തുകാരായ ബഷീർ, എം.ടി വാസുദേവൻ നായർ, പാറപ്പുത്ത്, എസ്.കെ. പൊറ്റെക്കാട്, തോപ്പിൽ ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരുടെ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള അവസരം മധുവിന് ലഭിച്ചു. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവിനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻ പ്രേമത്തിലെ ഇക്കോരൻ, ഏണിപ്പടികളിലെ കേശവപിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ്.. തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ സെല്ലുലോയ്ഡിൽ മധു പകർന്ന ഭാവതീക്ഷ്ണതകൾ സുവർണ ലിപികളിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി എന്ന ദുരന്ത കാമുകൻ നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ….’ എ ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷവും മധുവിനെ കാണുമ്പോൾ ചെമ്മീനിലെ സംഭാഷങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത്. മിമിക്രി താരങ്ങൾപോലും മധുവിനെ അനുകരിക്കുന്നത് ചെമ്മീനിലെ സംഭാഷങ്ങളിലൂടെയാണ്.
ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, യുദ്ധകാൺഠം, നീതിപീതം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.
കാലം മാറുന്നതിനൊപ്പം അദ്ദേഹത്തിന്റെ വേഷങ്ങളിലും മാറ്റംവന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനെ മനസ്സിൽ കുടിയിരുത്തിയ ആരാധകർ കുടുംബനാഥനും മുത്തച്ഛനുമൊക്കെയായി അദ്ദേഹം എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല. സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി. മലയാള സിനിമയെ ചെന്നൈയിൽനിന്നും കേരളത്തിലേക്ക് പറിച്ചുനടുന്ന കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. മറ്റു പല സിനിമാ നിർമാതാക്കൾക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി. 1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചത്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു.
പുരസ്‌കാരങ്ങൾ
1980- സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്‌കാരം
1995- മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള(നിർമാതാവ്) അവാർഡ് (മിനി എന്ന ചിത്രത്തിന്)
2004 -സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയൽ അവാർഡ്
2013 -പത്മശ്രീ പുരസ്‌കാരം
Credits: https://malayalam.indiatoday.in/
About The Author
No related posts.