ആഗോളതലത്തിൽ ഭീകരനായി കരുതപ്പെടുന്ന ഒരു രോഗാണുവാണ് നിപാ വൈറസ് (nipah virus). 2018 ജൂൺ മാസത്തിലാണ് കേരളത്തിൽ നിപ വൈറസ് ബാധ ആദ്യമായി കണ്ടത്. കോഴിക്കോട് ചെങ്ങരോത്ത് ഗ്രാമത്തിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അനവധി പേർ രോഗം ബാധിച്ച് മരിച്ചു. പഴം തീനി നരിച്ചീർ ( fruit bat) ആയിരുന്നു രോഗാണുവാഹകർ .
അന്ന് കോഴിക്കോട് ഉണ്ടായ രോഗാണു ബാധ കൊച്ചി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും ബാധിച്ചു.
സംസ്ഥാനത്തെ രീതിയിൽ ആഴ്ത്തിയ നിപാ വൈറസ് പനി പിന്നെയും കേരള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്.
അണുബാധയെ തുടർന്ന് 5 – 14 ദിവസങ്ങൾക്കകം പനി, തലവേദന ,ചുമ, ഓക്കാനം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ നിപാ വൈറസ് രോഗം പ്രകടമാകുന്നു. അപൂർവം ചില രോഗികളിൽ രോഗലക്ഷണങ്ങൾ പ്രകടമാവാൻ മാസങ്ങളോ വർഷങ്ങളോ എടുത്തു എന്നും വരാം. ഒരു രോഗിയിൽ ഇപ്പറഞ്ഞ രോഗലക്ഷണങ്ങൾ മുഴുവനും കാണണമെന്നില്ല. രോഗലക്ഷണങ്ങൾ ഏറിയും കുറഞ്ഞുമിരിക്കും.
പ്രാഥമിക രോഗലക്ഷണങ്ങൾ പ്രകടമായി, വൈകാതെ പരിസരബോധം ഇല്ലായ്മ, ആശയക്കുഴപ്പം , അപസ്മാരം , മയക്കം ,ശ്വാസ തടസ്സം, കണ്ഠ സ്തംഭനം തുടങ്ങിയ ലക്ഷണങ്ങളോടെ രോഗം സങ്കീർണ്ണം ആകുന്നു. ഒന്ന് രണ്ട് ദിവസങ്ങൾക്കകം രോഗം കൂടുതൽ വഷളാവുകയും രോഗി ബോധക്ഷയാവസ്ഥയിൽ പ്രവേശിക്കുകയും ചെയ്യുന്നു. മരണനിരക്ക് 40 നും 75% ത്തിനും മധ്യേയാണ്.
നിപ വൈറസ് (NiV) മസ്തിഷ്കത്തെ ബാധിക്കുന്നതു മൂലം, എൻകെഫെലൈറ്റിസ്, മസ്തിഷ്ക വീക്കം, തീവ്രമായ ശ്വാസകോശ രോഗങ്ങൾ ,ആദിയായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാം .ആസ്ത്മ, ന്യൂമോണിയ, ന്യൂമോതൊറാക്സ് , പൾമൊനറി എമ്പോളിസം , കോവിഡ് -19, തുടങ്ങിയ പല രോഗങ്ങൾക്കും ശ്വസനവൈസമയങ്ങൾ ഉള്ളതിനാൽ രോഗി അനുഭവിക്കുന്ന ശ്വസന വൈഷമ്യവും ശ്വാസകോശ പ്രശ്നങ്ങളും നിപയുടേതാണെന്ന് സംശയാതീതമായി തെളിയിക്കപ്പെടണം.
ചില നിപ രോഗികൾ രോഗത്തെ അതിജീവിക്കാറുണ്ട്. എന്നാൽ അവരിൽ നിരന്തരമായ ആശയക്കുഴപ്പം, വ്യക്തിത്വ തകരാറുകൾ, അടിക്കടിയുണ്ടാവുന്ന, അപസ്മാരം, തുടങ്ങിയ മാനസിക- ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവയും കാണപ്പെടുന്നു. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ അവരിൽ ഏറെക്കാലം നിലനിൽക്കാം.
നിപ ഒരു ആർ. എൻ.എ. വൈറസ് (RNA virus)ആണ് .ആർ എൻ എ വൈറസിൽ റൈബോ ന്യൂക്ലിക് ആസിഡ് ആണ് ജനിതക ഘടകം. ഒറ്റ ഇഴ പിരിയിലാണ് ആർ എൻ എ വൈറസ് ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ജലദോഷം, ഇൻഫ്ലുവൻസ , പോളിയോ മൈലെറ്റിസ് തുടങ്ങി അനവധി രോഗങ്ങൾക്കും കാരണം ആർഎൻഎ വൈറസുകളാണ്.
നിപ വൈറസ് ജനുസിലെ മോണോനെഗവൈറേലിസ് ഓർഡറിൽ പാരാമിക്സോവൈറിഡെ കുടുംബാംഗങ്ങളായ വൈറസ് സ് ട്രെയിനുകളാണിവ. മോണോനിഗാവൈറാലിസ് ഓർഡറിൽ ഉൾപ്പെടുന്ന അഞ്ചുതരം വൈറൽ സ്ട്രയ്നുകളാണ് നിപ പനി വരുത്തുന്നത്.
നിപാപനി ഒരു ജന്തുജന്യ രോഗമാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ് ജന്തുജന്യരോഗങ്ങൾ . ഇവ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരാം.
പഴം തീനി വിഭാഗത്തിൽപ്പെട്ട ഒരിനം നരച്ചീരുകളാണ് രോഗാണുവാഹകർ . ഈയിനം നരിച്ചീറുകൾ ചിറോപ്ടീറ ഓർഡറിൽ ടിറോപോഡിഡെ കുടുംബത്തിൽപ്പെടുന്നു.
ഇവിടെ നരച്ചീർ ഒരു റിസർവോയർ ആയി പ്രവർത്തിക്കുന്നു. റിസർവോയർ ഒരു ആതിഥേയ മൃഗമാണ്. രോഗാണു അതിഥിയായി നരിച്ചീറിന്റെ ശരീരത്തിൽ താമസിച്ച് മനുഷ്യർ ഉൾപ്പെടെ ഇതര ജീവജാതികൾക്ക് രോഗമുണ്ടാക്കുന്നു. അതേസമയം നരിച്ചീറിന് രോഗബാധ ഉണ്ടാവുന്നില്ല. നരിച്ചീർ ഒരു സ്വാഭാവിക ആതിഥേയ മൃഗമാണ്. നരിച്ചീറിൽ നിന്നും പന്നിക്കും രോഗബാധ ഉണ്ടാവാം. പന്നിയിൽ നിന്നും മനുഷ്യർക്കും ഇതര ജീവജാതികൾക്കും രോഗം പിടിപെടാം. ഇവിടെ പന്നി മധ്യവർത്തിയായ ഒരു ആതിഥേയ മൃഗം ആണ് .
അണുബാധയേറ്റ നരിച്ചീർ , പന്നി ,തുടങ്ങിയ ജീവജാതികളുമായുള്ള നേരിട്ടുള്ള സമ്പർക്കമോ അവയുടെ ശരീര ഭാഗങ്ങളിൽ നിന്നും പുറത്തുവരുന്ന ശ്രവം, രക്തം, വിസർജ്ജ്യം, എന്നിവയിലൂടെയോ രോഗം പകരാം. നിപ വൈറസ് ബാധയുള്ള പഴംതീനി നരിച്ചീർ സ്പർശിച്ചതോ കടിച്ചതോ ആയ പഴങ്ങളിലൂടെയും വൈറസ് ബാധ ഉണ്ടാവാം. കള്ള് ചെത്തുന്ന തെങ്ങുകളിൽ ചേക്കേറുന്ന അണുവാഹിനികളായ പഴം തീനി നരിച്ചിറുകൾ കള്ളുകുടങ്ങളിൽ നിന്നും കള്ളു മോന്തുന്നു. അപ്രകാരം നിപാവൈറസ് മലിനമായ കള്ള് ഉപയോഗിക്കുന്നവരിലും നിപാ വൈറസ് ബാധ ഉണ്ടാവാം. കിണറുകൾക്കുള്ളിൽ ചേക്കേറുന്ന ഇത്തരം നരിച്ചീറുകൾ കിണർജലത്തെ മലിനമാക്കുകയും ആ വെള്ളം കുടിക്കുന്നവരിൽ അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.
പന്നി ഫാമുകളിലെ തൊഴിലാളികളിലായിരുന്നു നിപ വൈറസ് രോഗം ആദ്യമായി കണ്ടത്. രോഗാണുവിന്റെ റിസർവ്വയറുകളായ നരിചീറുകളിൽ നിന്നാണ് പന്നികൾക്ക് അണുബാധയേറ്റത്. നിപ വൈറസ് രോഗികളുമായി നിരന്തരസമ്പർക്കം ഉള്ളവർ ഏറെ ശ്രദ്ധിക്കേണ്ടതാണ്. അവർക്ക് രോഗാണുബാധ ഏൽക്കാനിടയുണ്ട്.
രോഗലക്ഷണങ്ങളും ലാബ് ടെസ്റ്റുകളും രോഗനിർണയം ഉറപ്പുവരുത്താൻ സഹായിക്കുന്നു. റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേഴ്സ് പോളിമറൈസ്ഡ് ചെയിൻ റിയാക്ഷൻ അഥവാ ആർ.ടി.പി.സി.ആർ. ടെസ്റ്റിലൂടെ നിപാ രോഗം നിർണയിക്കാവുന്നതാണ്. രോഗിയുടെ തൊണ്ടയിൽ നിന്നെടുക്കുന്ന സ്രവം, നട്ടെല്ലിൽ നിന്നും കുത്തിയെടുക്കുന്ന സെറിബ്രോ സ്പൈനൽ ദ്രാവകം, രക്തം , മൂത്രം ,എന്നിവ വിശകലനത്തിന് വിധേയമാക്കിയാണ് നിപാ വൈറസിന്റെ സാന്നിധ്യം മനസിലാക്കുന്നത്.
ഒരാളിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനു ശേഷമേ ആർ ടി പി സി ആർ ടെസ്റ്റ് ഫലപ്രദമാവുകയുള്ളൂ. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ ഐ ജി ജി ( Ig G) ഐ ജി എം (Ig M ) ടെസ്റ്റുകളിലൂടെ അയാളിൽ രോഗാണു ബാധയുണ്ടോ എന്നറിയാനാവും. അതിനാൽ ഒരാളിൽ നിപാരോഗം സംശയിക്കപ്പെടുന്നുവെങ്കിൽ ഇപ്രകാരം ഒരു ടെസ്റ്റിന് വിധേയമാക്കേണ്ടതാണ്. തന്മൂലം രോഗം കൂടുതൽ ആളുകളിലേക്ക് പകരാതെ മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.
രോഗം ബാധിച്ച് മരിച്ച ഒരാളുടെ ശരീര കലകളിൽ നടത്തുന്ന ഇമ്മ്യൂണോഹിസ്റ്റോ കെമിസ്ട്രി ടെസ്റ്റിലൂടെയും നിപാ വൈറസ് രോഗം ഉറപ്പിക്കാവുന്നതാണ്. നിപ്പ വൈറസ് മൂലമാണ് രോഗി മരിച്ചത് എന്ന് മനസ്സിലാക്കാം എന്നല്ലാതെ രോഗചികിത്സയിൽ ഈ ടെസ്റ്റിന് വലിയ പ്രാധാന്യമില്ല.അതേസമയം രോഗബാധിത പ്രദേശത്ത് കൂടുതൽ മുൻകരുതുകൾ സ്വീകരിക്കാനാവും.
ഇത് ഒരു വൈറസ് രോഗമാകയാൽ ഇതിനെതിരെ ഫലപ്രദമായ (ഔഷധ) ചികിത്സ വിധികൾ ഒന്നും നിലവിലില്ല. എങ്കിലും എസൈക്ലോവിർ , ഫാവിപിരാവിർ , റൈബോവിറിൻ , റംഡെസിവിർ , തുടങ്ങിയ ആന്റിവൈറൽ ഔഷധങ്ങൾ പ്രയോഗിച്ചു വരുന്നു. എബോള വൈറസിനെതിരെ കണ്ടെത്തിയതാണ് റംഡെസിവിർ. കോവിഡ് -19 നെതിരെയും ഇത് ഉപയോഗിച്ചു വരുന്നു.
നിപാ വൈറസിനെതിരെ ഫലപ്രദമായ പ്രതിരോധ ഔഷധങ്ങൾ ഒന്നും തന്നെ ഇതിനകം കണ്ടെത്തിയിട്ടില്ല. ശരീരം സ്വാഭാവികമായി രോഗാണുവിനെതിരെ പ്രതിരോധിക്കുകയാണ്. ഹ്യൂമൻ മോണോക്ലോണൽ ആൻറിബോഡി കൊണ്ട് നിഷ്ക്രിയ പ്രതിരോധം അഥവാ പാസ്സീവ് ഇമ്മ്യൂണൈസേഷൻ തീർക്കാനാവുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അക്കാര്യത്തിൽ ഇനിയും ഗവേഷണങ്ങൾ വേണ്ടിയിരിക്കുന്നു. ഹേൻഡ്ര ജീ പ്രോട്ടീൻ തന്മാത്രകൾക്ക് നിപാ വൈറസുകൾക്കെതിരെ ശരീരത്തിൽ ആന്റിബോഡി ഉൽപാദിപ്പിക്കാൻ ആവുമെന്നും കണ്ടെത്തിയിട്ടുണ്ട്.
നിപാ വൈറസ് രോഗത്തെ ഔഷധങ്ങൾ കൊണ്ട് തളയ്ക്കുക ക്ലേശകരമോ അസാധ്യമോ ആകയാൽ രോഗാണുവിൽ നിന്നും അകന്നു കഴിയുകയാണ് ഉത്തമം. രോഗം പിടിപെട്ടവരുമായുള്ള സാമീപ്യം ഒഴിവാക്കാനോ അവരിൽ നിന്നും അകലം പാലിക്കാനോ കഴിയാത്ത ആരോഗ്യ പ്രവർത്തകർ , ഡോക്ടർമാർ ,രോഗിയുടെ കൂട്ടിരിപ്പുകാർ , ബന്ധുക്കൾ ആദിയായവർ രോഗ പ്രതിരോധത്തിന് വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. പന്നി ഫാമുകളിൽ പണിയെടുക്കുന്നവർക്ക് തങ്ങളുടെ തൊഴിലുപേക്ഷിച്ചു പോകാനാകാത്തതിനാൽ രോഗാണുബാധ ഒഴിവാക്കാൻ വേണ്ട മാർഗങ്ങൾ എടുക്കണം.
നരിച്ചീറുകൾ സ്പർശിച്ചതോ കടിച്ചതോ ആയ പഴങ്ങൾ, നരിച്ചീകൾ ചേക്കേറുന്ന തെങ്ങുകളിൽ നിന്നോ പനകളിൽ നിന്നോ ശേഖരിക്കുന്ന കള്ള്, നരിചീറുകൾ ചേക്കേറിയ കിണറ്റിലെ വെള്ളം എന്നിവ നമുക്ക് ഉപയോഗിക്കാതിരിക്കാം. അണുബാധയുള്ള നരിച്ചീർ ,പന്നി എന്നിവയുടെ വിസർജ്യം നേരിട്ട് സ്പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഴിയുമെങ്കിൽ രോഗബാധിത പ്രദേശത്തു നിന്നും താൽക്കാലികമായി ഒഴിഞ്ഞു നിൽക്കുക.
ഏഷ്യൻ വൻകരയുടെ മിക്ക പ്രദേശങ്ങളിലും നിപാ വൈറസ് രോഗം ബാധിച്ചുവെങ്കിലും ഇന്ത്യ, ബംഗ്ലാദേശ് ,മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ആണ് അതിദാരുണമാം വിധം രോഗം പൊട്ടിപ്പുറപ്പെട്ടത്. നിപാ വൈറസ് രോഗാണബാധ ആദ്യമായി കണ്ടത് 1998 സെപ്തംബറിൽ മലേഷ്യയിൽ ആയിരുന്നു. പന്നികളെയും പന്നി കർഷകരെയും രോഗം ബാധിച്ചു. 1999 മെയ് മാസത്തിൽ പിന്നെയും രോഗം പിടിപെട്ടു. അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 265 കേസുകളിൽ 15 പേർ മരിച്ചു. അക്യൂട്ട് എൻകെഫലൈറ്റിസ് പിടിപെട്ടായിരുന്നു നിപ വൈറസ് രോഗികളുടെ അന്ത്യം. രോഗകാലത്ത് ലക്ഷക്കണക്കിന് പന്നികളെയാണ് കൊന്നൊടുക്കിയത്.
മലയ യൂണിവേഴ്സിറ്റി മെഡിക്കൽ ഫാക്കൽറ്റിയിലെ ഒരു സംഘം ഗവേഷകരാണ് ഈ രോഗത്തെക്കുറിച്ചും രോഗം വരുത്തുന്ന വൈറസിനെ കുറിച്ചും പഠിച്ചത്. നിപാവൈറസിനെ 1999 ൽ വേർതിരിച്ചെടുക്കുകയുണ്ടായിരോഗം ബാധിച്ചത് മലേഷ്യയിലെ ടungai എന്ന ഗ്രാമത്തിൽ ആയിരുന്നു അതിനാൽ വൈറസിനെ Sungai nipah എന്ന് പേരിട്ടു വിളിച്ചു.
നിപ വൈറസ് രോഗം അതിശക്തമായി പടർന്നു പിടിച്ചത് ബംഗ്ലാദേശിലാണ്. 2001 ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് ആദ്യമായി ബാധിച്ചത്. ഇതിനകം എട്ട് തവണ നിപ പിടിപെട്ടു.
ഇന്ത്യയിൽ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടത് 2001 ൽ ബംഗാളിലെ സിലിഗുരി യിലായിരുന്നു അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 66 കേസുകളിൽ 49 പേർ മരിച്ചു. ബംഗാളിൽ നാദിയയിലാണ് രണ്ടാമത് നിപ പടർന്നു പിടിച്ചത്. അത് 2007 ആയിരുന്നു. മൂന്നാമത് കേരളത്തിലും .
About The Author
No related posts.