LIMA WORLD LIBRARY

ബ്രിട്ടനിലേക്ക് യാത്രാനിരോധനം നാളെ മുതൽ, റെഡ് ലിസ്റ്റിൽ കുരുങ്ങി ആയിരങ്ങൾ

ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രാനിരോധനം വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ ആയിരങ്ങള്‍ പ്രതിസന്ധിയില്‍. മലയാളികളടക്കം അടിയന്തരമായി തിരിച്ചെത്തേണ്ടവരെയാണ് യാത്രാ നിരോധനം ബാധിക്കുക. ആരോഗ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും വോട്ട് ചെയ്യാനെത്തിയവരുമെല്ലാം കുടുങ്ങി. അധികസര്‍വീസിനുള്ള വിമാനക്കമ്പനികളുടെ അപേക്ഷകള്‍ ബ്രിട്ടണ്‍ തള്ളി.

ഇന്ത്യയിൽനിന്നുള്ള യാത്രാനിരോധനം പ്രാബല്യത്തിലാകുന്ന വെള്ളിയാഴ്ച പുലർച്ചെ നാലിനു മുമ്പ്, ബ്രിട്ടണിലെത്താൻ തത്രപ്പെടുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകൾ. യാത്രക്കാരുടെ നിരന്തര അഭ്യർഥന മാനിച്ച് എയർ ഇന്ത്യ ഉൾപ്പെടെയുള്ള നാല് വിമാനക്കമ്പനികൾ അധിക വിമാനസർവീസ് നടത്താൻ അനുമതി തേടിയെങ്കിലും ഹീത്രൂ വിമാനത്താവള അധികൃതർ അനുമതി നിഷേധിച്ചു. ബ്രിട്ടീഷ് പൌരത്വമുള്ളവരും ദിർഘകാല റിസിഡനറ് പെർമിറ്റ് ഉള്ളവരുമൊക്കെയായി ആയിരക്കണതക്കിന് ആളുകളാണ് ബ്രിട്ടണിലേക്ക് മടങ്ങാനാകാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിൽപോയ നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ നാലിനുശേഷം ഇന്ത്യയിൽനിന്നും ബ്രിട്ടണിലെത്തുന്ന എല്ലാവർക്കും രണ്ടുലക്ഷത്തോളം രൂപ മുടക്കിയുള്ള പത്തുദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ അനിവാര്യമാണ്. മാത്രമല്ല, വെള്ളിയാഴ്ചക്കു ശേഷം 24 മുതൽ 30 വരെ പിന്നീട് ഇന്ത്യയിൽനിന്നും ബ്രിട്ടണിലേക്കെത്താൻ എയർ ഇന്ത്യയുടെ വിമാനവുമില്ല. ഇതാണ് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുന്നതിനു മുമ്പ് ബ്രിട്ടണിലേക്കു പറക്കാൻ യാത്രക്കാർ തത്രപ്പെടാൻ കാരണം.

ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കി കഴിഞ്ഞദിവസം പ്രഖ്യാപനം വന്നയുടൻ ബ്രിട്ടണിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മറ്റൊരിക്കലുമില്ലാത്തവിധം കുത്തനെ ഉയർന്നു. നാനൂറു പൌണ്ടിൽ താഴെയായിരുന്ന വൺവേ വിമാന ടിക്കറ്റിന് ഒറ്റയടിക്ക് രണ്ടായിരം പൌണ്ടുവരെയായാണ് ഉയർന്നത്. വെള്ളിയാഴ്ചയ്ക്കു മുമ്പുള്ള ടിക്കറ്റുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽ വിറ്റു തീരുകയും ചെയ്തു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നും ബ്രിട്ടണിലേക്കുള്ള എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേസ്, വെർജിൻ അറ്റ്ലാന്റിക്, വിസ്താര വിമാനങ്ങളിലൊന്നും വെള്ളിയാഴ്ചയ്ക്കു മുമ്പ് ഒറ്റ ടിക്കറ്റും ലഭ്യമല്ലാത്ത സ്ഥിതിയാണ്.

വൻ തിരക്കു പരിഗണിച്ച് അധിക വിമാന സർവീസിന് അനുമതി വേണമെന്ന വിമാനക്കമ്പനികളുടെ ആവശ്യം ഹീത്രൂ വിമാനത്താവള അധികൃതർ ഇന്നലെ വൈകുന്നേരമാണ് നിഷേധിച്ചത്. നിലവിൽ ആഴ്ചതോറും ആകെ 30 വിമാനസർവീസുകൾ നടത്തുന്ന നാല് കമ്പനികൾചേർന്ന് എട്ട് അധിക സർവീസിനായാണ് അപേക്ഷ സമർപ്പിച്ചത്. ചാർട്ടേർഡ് വിമാന സർവീസിനായും അപേക്ഷ ലഭിച്ചിരുന്നു. എന്നാൽ എമിഗ്രേഷൻ കൌണ്ടറുകളിലെ വലിയ ക്യൂ ഭയന്ന്, പ്രത്യേക സർവീസിന് വിമാനത്താവള അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.

യൂണിവേഴ്സിറ്റി കോഴ്സുകളിലേക്ക് പുതുതായി അഡ്മിഷനെടുത്ത വിദ്യാർഥികളും, വർക്ക് പെർമിറ്റ് വിസ ലഭിച്ച് ബ്രിട്ടണിലേക്ക് പറക്കാൻ കാത്തിരുന്ന മലയാളി നഴ്സുമാർ അടക്കമുള്ള ഉദ്യോഗാർഥികളും, ബ്രിട്ടണിലെ രോഗവ്യാപനം ഭയന്ന് ഏതാനും ആഴ്ചമുമ്പ് നാട്ടിലേക്ക് പറന്നവരുമൊക്കെയാണ് റെഡ് ലിസ്റ്റ് കുരുക്കിൽ നാട്ടിൽ കുടുങ്ങിയവരിൽ ഏറെയും. ഇലക്ഷൻ പ്രചാരണത്തിനും വോട്ടുചെയ്യാനുമൊക്കെയായി നാട്ടിൽ പോയ രാഷ്ട്രീയ പ്രേമികളും റെഡ് ലിസ്റ്റിൽ കുടുങ്ങിയവരിലുണ്ട്. പരീക്ഷകൾക്കായുംമറ്റും നിർബന്ധമായും മടങ്ങിയെത്തേണ്ട വിദ്യാർഥികളുടെ ആശങ്കയാണ് ഇതിൽ ഏറ്റവും വലുത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px