തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നായ ട്രിവാൻഡ്രം ക്ലബിൽ കഴിഞ്ഞ ദിവസം ചീട്ടുകളി സംഘം പിടിയിലായി. പണം വച്ച് ചീട്ടുകളിച്ച സംഭവത്തിൽ ഏഴുപേരെയാണ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ചീട്ടുകളി സംഘത്തിന് എതിരെ നടപടിയെടുത്തത്. ഇവരിൽ നിന്ന് ചീട്ടുകളിക്കാൻ കൊണ്ടുവന്ന 5.6 ലക്ഷം പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചീട്ടുകളി പതിവായിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസം പൊലീസ് പരിശോധന നടത്തിയത്.
ട്രിവാൻഡ്രം ക്ലബ്ബിലെ അഞ്ചാം നമ്പർ കോർട്ടേഴ്സിൽ നിന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കാറുകളിലും മറ്റു വാഹനങ്ങളിലുമാണ് ചീട്ടുകളി സംഘത്തിലെ അംഗങ്ങൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവർ വന്ന വാഹനങ്ങളും പൊലീസ് പരിശോധിച്ചു. ചീട്ടുകളി സംഘത്തിൽ ഉന്നതരും ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. യുണൈറ്റഡ‌് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ്ആർ. വിനയകുമാറിൻ്റെ പേരിലാണ് ട്രിവാൻട്രം ക്ലബിൽ മുറി എടുത്തിരുന്നത്. കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് എസ്ആർ വിനയകുമാർ.
ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചീട്ടുകളി സംഘത്തിന് കോർട്ടേഴ്സ് നൽകിയതുമായി ബന്ധപ്പെട്ട ക്ലബ്ബ് അധികൃതരെ പൊലീസ് ചോദ്യം ചെയ്തു. വിനയകുമാർ പറഞ്ഞിട്ടാണ് ക്വാർട്ടേഴ്സ് നൽകിയതെന്നാണ് ക്ലബ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ മുറിയെടുത്തത് താനല്ല എന്നാണ് വിനയകുമാർ പറയുന്നത്. തൻ്റെ പേരിൽ മുറിയെടുത്തത് ആരാണെന്ന് അറിയില്ലെന്നും വിനയകുമാർ പറഞ്ഞു.
അതേസമയം തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടിയതുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഉയരുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരണവുമായി മുരളി തുമ്മാരുകുടി രംഗത്തെത്തി. പുകവലിക്കുന്നതും ലോട്ടറി വാങ്ങുന്നതുമൊന്നും കുറ്റകരമല്ലാത്ത നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നതെന്നാണ് മുരളി തുമ്മാരുകുടി ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് തുമ്മാരുകുടി പ്രതികരിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ പണ്ടേ മാറേണ്ട നിയമമാണ് ഇതെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്‌റ്റിൻ്റെ പൂർണരൂപം:
ചീട്ടുകളി എന്ന “മാരക” കുറ്റകൃത്യം !ട്രിവാൻഡ്രം ക്ലബ്ബിൽ മുറിയെടുത്ത് അതിനുള്ളിൽ ഇരുന്നു ചീട്ടു കളിച്ചവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന “ബ്രേക്കിംഗ് ന്യൂസ്” ദൃശ്യങ്ങൾ കാണുന്നു.വലിയ തീവ്രവാദികളെ ഒക്കെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് സീൻ
അമ്പത് വർഷമായി കാണുന്ന സീനാണ്.നാട്ടിൻ പുറത്തു മാവിൻ്റെ ചോട്ടിൽ ഒക്കെ ഇരുന്നു ചീട്ടു കളിക്കുന്നവരെ, അവർ പണം വച്ച് കളിച്ചാലും ഇല്ലെങ്കിലും, തുരത്തി ഓടിക്കുന്ന പൊലീസ്അത്തരത്തിൽ ഓടിപ്പോകുമ്പോൾ കിണറിലും പുഴയിലും ഒക്കെ വീണ് ആളുകൾ മരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്
അടുത്തയിടക്ക് ഇത്തരത്തിൽ ചീട്ടു കളി “പിടിക്കാൻ” പോയ ഒരു പൊലീസ് ഓഫീസറും മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.സത്യത്തിൽ എന്താണ് ഇവിടുത്തെ കുറ്റകൃത്യംസ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടിൽ, ലോട്ടറി ഒക്കെ സർക്കാർ തന്നെ നടത്തുന്ന നാട്ടിൽ, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻ്റെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം സമ്പാദിക്കുകയും ഒക്കെ ചെയ്യുന്ന നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്?പണ്ടേ മാറേണ്ട നിയമമാണ്.
Credits: https://malayalam.indiatoday.in/













