ഇതാ, ഞങ്ങൾ, ലോകമേ, പടിഞ്ഞാറരുടെ ആയുധങ്ങളാൽ പിടഞ്ഞു മരിക്കുന്നു!
അതെ, അവരുടെ ആയുധങ്ങൾക്ക് മൂർച്ച കൂടുതലാണ്!
എന്തെന്നാൽ, പടിഞ്ഞാറൻ സംസ്ക്കാരം അത്യുന്നതമത്രെ!
ഞങ്ങൾ, ഈ കറുത്ത, സംസ്ക്കാരം തൊട്ടുതീണ്ടാത്തവരെന്ന് പാശ്ചാത്യരാൽ വിശേഷിപ്പിക്കപ്പെടുന്ന ആഫ്രിക്കർ, തൊലിക്കു വെളുത്ത നിറമുള്ള അവരുടെ ദൃഷ്ടിക്കുപോലും നിഷിദ്ധമായ ജീവികൾ ഇതാ, പടിഞ്ഞാറൻ അയുധാക്രമണത്തിൽ ഛിന്നഭിന്നം മരിച്ചു വീഴുന്നു!
ഈ “സംസ്ക്കാരശൂന്യരാ”യ ഞങ്ങളുടെ ചോര അവർക്ക് രുചിയേറിയതാണുപോലും!
ജോഹന്നാസ് ബർഗ്ഗെന്ന മാതൃഭൂഭാഗത്തിൽവച്ചുതന്നെ, ഞങ്ങളെ ഞങ്ങളുടെ രക്തത്തിൽ കുതിർത്തി വലിച്ചിഴക്കുന്നു!
സംസ്ക്കാരശൂന്യരെന്ന് വിളിക്കപ്പെടുന്ന ഈ അടിമകളുടെ അന്തരംഗം ചിന്തിക്കുന്നു!
ഹോ! സംസ്ക്കാരമെന്നാൽ എന്തത്രെ?
ഒരുവന്റെ വീട് സായുധം കൈയടക്കി അവനെ കശാപ്പു ചെയ്ത്, അവന്റെ രക്തമുറുഞ്ചി താണ്ഡവമാടുകയെന്നതോ!
ആണോ, ഹേ വെള്ളക്കാരാ?
ഇതാണോ നീ സംസ്കൃതനെന്നപേരിൽ എന്നെ കഠിനമായി പഠിപ്പിക്കുന്നതിനർത്ഥം!
മനുഷ്യകുലജാതർ തന്നേയായ ഞങ്ങൾ സ്വന്തമായാർജ്ജിച്ച സംസ്ക്കാരം –
സംസ്ക്കാരം എന്ന് അതിനെ വിളിക്കാൻ നിങ്ങൾക്ക് സാധ്യമല്ലെങ്കിൽ അങ്ങിനേയാകട്ടെ –
അനുശാസിക്കുന്നു, നീ തികച്ചും അസംസ്കൃതനെന്ന്!
പക്ഷേ, ഈ ലോകം നിന്നെ, സംസ്ക്കാരം അതിന്റെ ഉച്ചകോടിയിലെത്തിയ പരിഷ്കൃതകുലജാതനെന്നും!
ഹൊ! അനന്ത ലോകമേ, നീ അന്ധമൊ?
അങ്ങപ്പുറെ, വടക്കു-കിഴക്ക്, എന്റെ ഏഷ്യൻ സഹോദരർക്ക് –
എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരായ അവർക്ക്, ഈ നഗ്നസത്യം അജ്ഞാതമോ!
അതോ, “പരിഷ്കൃതപ്പൂച്ചുകാരാ”യ പശ്ചിമരേ, അവരുടെ ശബ്ദവും, ഒരുകാലം വരെ, അവരുടെ ചോരയും നീരുമൂറ്റിയുറുഞ്ചിക്കുടിച്ചുതടിച്ച നിങ്ങളോടുള്ള ഭീതിയാൽ, പതറുന്നുവോ?
ഇവിടെ എന്റെ സ്വന്തം മാതൃഭൂമിയിൽ വച്ചുതന്നെ, കേവലമന്യരായ അവരുടെ അവിരാമ മർദ്ദനത്താൽ എല്ലുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും, ഞാൻ എന്റെ ഏഷ്യൻ സഹോദരരെ വിളിക്കുന്നു:
സഖാക്കളേ, നിങ്ങൾ ഇന്നും അശക്തർ തന്നേയോ!
നിങ്ങളുമൊരുകാലം, ഞാനിന്നുമെന്നപോൽത്തന്നെ, അവരുടെ, ആ പടിഞ്ഞാറൻ പരിഷ്ക്കാരപ്പൂച്ചുകാരുടെ, അതിവിദഗ്ധമായ ആയുധപ്രയോഗത്തിന് പാത്രമായിരുന്നല്ലോ!
നിങ്ങളുടേയവിടെ അന്ന് വെളിച്ചം തെളിച്ച, ഒരുപക്ഷേ, ഒരർത്ഥത്തിൽ, സൂര്യനോളം തന്നെ പ്രതിഭയുണ്ടായിരുന്ന, സൂര്യന്റെ താഴേ തന്നെ പ്രത്യക്ഷപ്പെട്ട ഒരപൂർവ്വപ്രഭ ഞങ്ങളുടെ നാട്ടിലേക്കും പരക്കുകയുണ്ടായി!
പക്ഷെ, ആ പ്രഭ ഇവിടെ സമ്പൂർണമായി പരക്കുന്നതിന് മുമ്പ്തന്നെ പൊലിഞ്ഞല്ലോ!
അന്നത്തെ ആ വഴിയാണ്, നിങ്ങളെ എന്റെ സഹോദരനും മിത്രവുമാക്കിയത്.
ഇന്നെന്റെ വിളി കേൾക്കുക സഹോദരരെ!
നിങ്ങളിന്ന് നിങ്ങളുടെ സ്വന്തം സ്വതന്ത്ര നാട്ടിൽത്തന്നെ ഉപജീവനത്തിന് മാർഗം കാണാത്തതിനാലാണെന്നു തോന്നുന്നു, വിദേശങ്ങളിൽച്ചെന്ന് അടിമകളാകാനൊരുങ്ങുന്നു!
സ്വന്തം മാതൃഭൂമിയിൽ എല്ലാമെല്ലാമുണ്ടെങ്കിൽ പിന്നെ, വിദേശങ്ങളിൽ ചെന്നെന്തിനാണ് വീണ്ടുമടിമകളായിപ്പാടുപെടുന്നത്!
നിങ്ങളെ നൂറ്റാണ്ടുകളോളമടക്കിഭരിച്ചതിനാൽനിങ്ങളുടെ രക്തത്തിലിപ്പോഴും മായാതെ അന്തർലീനമായുള്ള വിധേയത്വത്താലാകാമത്!
ഇതാ എന്റെ ഒരേഷ്യൻ സുഹൃത്തു വരുന്നു;
അയാളോടു തന്നെ ചോദിക്കാം.
ഞാൻ, ജോഹന്നാസ്ബർഗ് മഹാനഗരത്തിന്റെ, രക്തമൊഴുകുന്ന, തെരുവുകളിലൂടെ ലാത്തികൊണ്ടുള്ള അടിയോടെ വലിച്ചിഴക്കപ്പെടുന്നത് അയാൾ കാണാറുള്ളത്, സാധാരണം മാത്രം!
അതാ, അയാൾ, എന്റെ മിത്രം അടുത്തെത്താറായി;
അല്ലാ, അയാളേത്തുടർന്ന്, അനേകം ഏഷ്യൻ സഹോദരർ അങ്ങോട്ടുമിങ്ങോട്ടും ചിതറിപ്പായുന്നുണ്ടല്ലോ!
ഇതാ, അതിലൊരുവനായ മറ്റൊരാളും എന്നോടടുക്കുന്നു;
എന്നോട് സംസാരിക്കുവാനുമാഗ്രഹം പ്രകടിപ്പിക്കുന്നു, സഗദ്ഗദം:
“ഞങ്ങളുടെ ഉപജീവനമാർഗമെല്ലാം തുലഞ്ഞു, സുഹൃത്തേ!
അസുരാധിപതികളായ വെള്ളക്കാർ തുലച്ചു!
സഹോദരരേ, നിങ്ങൾക്ക് ഇന്നൊരു സ്വതന്ത്ര മാതൃഭൂമിയുള്ള സ്ഥിതിക്ക്, എന്തിന്, ഞങ്ങളുടെ രക്തമൂറ്റുന്ന വെള്ളക്കാരുടെ ഔദാര്യം കാംക്ഷിച്ച്, സോൽക്കണ്ഡം കഴിയുന്നതിവിടെ!
നിങ്ങളുടെ അപാരമായ അധ്വാന ശക്തി, ഇവിടെ, എന്റെ പൈതൃകഭൂവിൽ, പര്സ്പരപ്രയോജനാർത്ഥം, ഉപയുക്തമാക്കുവാനായാണ് നിങ്ങൾ വന്നു ചേരുന്നതെന്നറിയാം.
ഈ മണ്ണിന്റേ തന്നെ പുത്രരായ ഞങ്ങളുടെ കണ്ഡങ്ങളിൽ ആസുരരായ ശുഭ്രചർമ്മരുടെ കയറുണ്ടെങ്കിലും, നിങ്ങൾ ഞങ്ങൾക്ക് അളവറ്റ ജ്ഞാനം പകർന്നു തന്നു.
ഹോ! സുഹൃത്തേ എനിക്ക് ഇത് തികച്ചും അസഹനീയം;
എന്റെ വീട്ടിൽ വന്ന നിങ്ങളെ, എന്റെ സ്വന്തതുല്യ സഹോദരരെ, ക്ഷണിക്കാതേതന്നെ അങ്ങ് ശീമയിൽനിന്നും വന്നു കയറിയ വെള്ളക്കാട്ടുപൂച്ചകൾ, ഈ മണ്ണിന്റെ തന്നെ മക്കളായ ഞങ്ങളുടെ അധികാരം ആസുരമായി അവരുടെ കൈകളിലെടുത്ത്, തങ്ങളുടെ ഷാക്ഷസീയാസുര നഖങ്ങളാൽ മാന്തി ചോരയൊഴുക്കുന്നു!
എങ്കിലും നിങ്ങൾ നിങ്ങളുടെ സ്വന്തം നാട്ടിൽ അഭയം പ്രാപിക്കുവാൻ വൈമനസ്യം പ്രകടിപ്പിക്കുന്നു!
അതേ, അവിടേയിന്ന് നിനക്ക് നിന്റെ സ്വന്തം ചോരബന്ധക്കാരുടെ ഘോരതരമായ പെരുമാറ്റമാണ് സ്വാഗതമരുളുക!
അവർ ഒരുകാലത്ത് നിങ്ങളെ വെള്ളക്കാരുടെ ആസുരതയിൽനിന്നും വിമോചിപ്പിച്ചെന്ന് പറയുന്നുവല്ലോ!
പക്ഷേ, ഇന്നുമവർ അന്നത്തെ തങ്ങളുടെ യജമാനരുടെ രക്തക്കയിലുകളെന്നപോൽത്തന്നേയത്രെ!
അതേ, ഇന്നും നിങ്ങൾ പലരും നിങ്ങളുടെ സ്വന്തക്കാരുടേതന്നെ കയറാൽ ബന്ധിതരാണെന്നറിയുന്നു!
ഓ! എന്റെ ഏഷ്യൻ സഹോദരരേ, നിങ്ങളിൽ നിന്നുതന്നെ ഞാനീ വസ്തുതയെ അറിയുമ്പോൾ എങ്ങിനെ അവിശ്വസിക്കും!
ക്ഷമിച്ചാലും; ഞങ്ങളുടെ വിലാപം നിങ്ങൾ കേൾക്കാത്തതിൽ എനിക്ക് അത്ഭുതമില്ല.
എന്തെന്നാൽ, നാമിരുവരും, ഏറേക്കുറെ, തുല്യനിലയിൽ തന്നേയിന്നും!
പക്ഷേ ഞങ്ങളിന്നും, ശീമയിൽ നിന്നും അക്രമാസക്തമായി കടന്നുകൂടിയ ആ വെള്ളക്കാട്ടുപുച്ചകളുടെ ദംഷ്ട്രപ്രയോഗത്തിന് അധീനമായ് പുളഞ്ഞുകൊണ്ടിരിക്കുന്നു!
നിങ്ങളോ, നിങ്ങളുടെ സ്വന്തം രക്തബന്ധക്കാരാൽത്തന്നെ!
അതാണോ, ഇന്ന് നിങ്ങളുടെ നാട്ടുകാർക്ക് സമാധാനത്തിന്റെ അന്തരീക്ഷം സംജാതമാക്കുന്നത്!
ഹോ, എങ്കിലും ഞങ്ങളുടെ നാട്ടിൽ വച്ച് നിങ്ങളെ, ആ ക്ഷുദ്രജീവികൾ കൊള്ള ചെയ്യുന്നത് അത്യന്തം അസഹനീയമെന്ന് ആവർത്തിക്കുന്നു, ഏഷ്യൻ സഹോദരരെ!
ഞാൻ വിണ്ടുമുരചെയ്യുന്നൂ, ഞങ്ങളുടെ ഉന്നമനത്തിനായി നിങ്ങൾ പൊഴിച്ച, പൊഴിക്കുന്ന ഓരോ തുള്ളി വിയർപ്പിനും, എന്നെന്നും, നിങ്ങളുടെ ഈ ആഫ്രിക്കൻ സഹോദരങ്ങൾ എന്നെന്നും കൃതജ്ഞരായിരിക്കും –
അതിന്റെ ഫലം ആ ക്ഷുദ്രരാണ് കൊയ്യുന്നതെങ്കിലും!
ഇത് എന്റെ മാതൃഭൂമി! ഞാനിവിടേക്കിടന്ന് അവരുടെ മാരകായുധങ്ങൾക്ക് ചുവപ്പുനിറം പകർന്നുകൊണ്ട്, മരണജീവിതം നയിക്കുന്നതു തന്നെ ഭേദം!
എന്നെ തെറ്റി:ധരിക്കല്ലെ സോദരരേ; നിങ്ങളെ ഞാൻ അവഹേളിക്കുകയല്ലാ!
എന്നെ ഇവിടെ അന്യർ കശാപ്പു ചെയ്യുന്നു;
എങ്കിലും, എനിക്ക് എന്റെ സ്വന്തം ഭൂമി – എന്റെ മുൻഗാമികൾ മണ്ണടിഞ്ഞുലയിച്ചുചേർന്ന ഈ പരിപാവന മാതൃ-പിതൃഭൂമി കൈവെടിയാൻ ഒക്കുകയില്ലയൊട്ടും!
ഞങ്ങളിവിടെ വെറും ധൂളു ധൂളുകളായിത്തീരുകയാണെങ്കിലും, അതീമണ്ണിലും അതിന്റേതായ ഗുണ-ദോഷാന്തരീക്ഷത്തിലും ലയിച്ചു ചേരും –
അതാണെന്റെ ഏക സമാധാനം! സുഹൃത്തുക്കളേ, നിങ്ങളുടെ നാട്ടിലെ സ്ഥിതിക്ക് ഒരു പ്രത്യേകതയൊന്നുമില്ലാ;
ഇങ്ങു തന്നെ നോക്കിയാലും:
എന്റെ ഉഗാണ്ടൻ ചോരബന്ധുക്കൾ, കേവലമൊരു തദ്ദേശീയ രാക്ഷസന്റെ ആയുധങ്ങൾക്കുമുമ്പിൽ ചപലരാണ്!
പക്ഷേ, നിങ്ങളുടേയെല്ലാം ഏക സമാധാനം നിങ്ങൾ നിങ്ങളുടേതന്നെ സ്വന്തക്കാരാൽ ബലിയാടുകളാകുന്നു എന്നതുമാത്രം!
ഏഷ്യൻ സൂഹൃത്തിന്റെ പ്രതികരണം: അല്ലയോ ആഫ്രിക്കൻ ബന്ധു!
ഇതിൽനിന്നെല്ലാം ഒരു വസ്തുതയെ ഞൻ സുവ്യക്തമായി മന:സിലാക്കുന്നു;
ശുഭ്രവർണക്കാരുടെ ആയുധങ്ങൾക്കും സ്വവർഗക്കാരുടെ ആയുധങ്ങൾക്കും, ഏകദേശമെന്നല്ലാ, തികച്ചും ഏകമേന്മയുണ്ടെന്ന്!
വെള്ളക്കാരുടെ ഉള്ളും സ്വദേശീയരെന്ന സ്വന്തക്കാരുടെ ഉള്ളും, ചൂഷണത്തേ സംബന്ധിച്ചിടത്തോളം, വ്യത്യാസമില്ലാ!
ഹോ! സൂഹൃത്തേ, എനിക്ക് വെളിവ് നഷ്ടപ്പെടുന്നപോലൊരു പ്രതീതി തോന്നുന്നു!
അകലെ തോക്കുകളുടെ ഗർജ്ജനം ആകാശത്തിൽ അലതല്ലുന്നു!









