ചിത്രം ശ്രദ്ധിച്ചോ? അതൊരു ഹൃദയമാണ്. എന്താ ഒരു സന്ദേഹം ? അത് ഹൃദയ മാതൃകയല്ല. യഥാർത്ഥ ഹൃദയമാണ്. ഇത്ര വലുപ്പമുള്ള ഹൃദയമോ ? ഉവ്വ്. അതിനുള്ളിൽ കയറി കണ്ണാംപൊത്തി കളിക്കാം. ഈ ഹൃദയത്തിന് ഏതാണ്ട് 600 (590) കിലോഗ്രാം ഭാരം വരും. ആ വലുപ്പം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ ? പ്രായപൂർത്തിയായ മനുഷ്യ ഹൃദയത്തിന് ശരാശരി 236 – 412 ഗ്രാം ഭാരമുണ്ടാവും. അപ്പോൾ പിന്നെ ഈ ഹൃദയം ആരുടേത് ? പുരാണ കഥാപാത്രങ്ങളായ ഭീമന്റേയോ ബകന്റെയോ ? അല്ലേയല്ല. നീലത്തിമിംഗലം ആണ് ഈ ഹൃദയത്തിൻറെ ഉടമസ്ഥൻ. ഭൂഗോളത്തിലെ ഏറ്റവും വലിയ ജന്തു എന്ന പേര് ഇയാൾക്ക് ആണല്ലോ ! ഇഷ്ടമില്ലാത്തവരെ നാം ഹൃദയശൂന്യൻ എന്ന് വിളിക്കാറുണ്ടല്ലോ. ദയവായി ഈ പാവം ജീവികളെ അങ്ങനെ വിളിക്കരുത്. താത്രിക്കുട്ടിക്ക് ഒരു സംശയം. ഇത്ര വലിയ ഹൃദയം ഉള്ള നീലത്തിമിംഗലത്തിന്റെ രക്തക്കുഴലിന്റെ വലിപ്പം എത്രയാവും ? ഒരു ചെറിയ കനാൽ വലുപ്പം. നമുക്ക് അതിനുള്ളിൽ നീന്തി തുടിക്കാം. ഈ വലിയ ഹൃദയത്തിൽ എന്തുമാത്രം രക്തമാണ് ഓരോ തുടിപ്പിലും കടന്നു പോകുന്നത് ? 227 ലിറ്റർ രക്തം നമ്മുടെ ഓരോ ഹൃദയമിടിപ്പിനും 71 മില്ലി ലിറ്റർ രക്തമാണ് കടന്നുപോകുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ശരീരത്തിൽ ആകെ 5300 ലിറ്റർ രക്തം ഉണ്ടാവും. പ്രായപൂർത്തിയായ ഒരു മനുഷ്യ ശരീരത്തിലോ? 4.5 – 5.7 ലിറ്റർ രക്തം. ഇത്രയൊക്കെ സംഗതികൾ ഉള്ളപ്പോഴും മിനിട്ടിൽ 8 മുതൽ 10 പ്രാവശ്യം മാത്രമേ ഈ ഭീമൻ ഹൃദയം സ്പന്ദിക്കുകയുള്ളൂ. അപ്പോൾ നമ്മുടെ ഹൃദയമോ ? മിനിറ്റിൽ 70 മുതൽ 80 തവണ. ഹൃദയസ്പന്ദന നിരക്ക് കുറവാണെന്ന് കരുതി വിഷമിക്കേണ്ട. വലിയ ഒച്ചയിലാണ് ഹൃദയം സ്പന്ദിക്കുന്നത്. 3.2 കിലോമീറ്റർ ദൂരത്തോളം നീലത്തിമിംഗലത്തിന്റെ ഹൃദയ താളം കേൾക്കാം. ഒപ്പം ഉറങ്ങുന്ന ഇണയുടെ ഹൃദയമിടിപ്പുകൾ കേൾക്കാത്തവരോടാണ് ഞാൻ ഇതൊക്കെ വിളമ്പുന്നത്. മണ്ടൻ.











