LIMA WORLD LIBRARY

മുസ്ലിം പള്ളിയിലെത്തിയ ട്രൂഡോയ്‌ക്കെതിരെ പ്രതിഷേധം; വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് ആവശ്യം

ടൊറന്റോയിലെ മുസ്ലീം പള്ളി സന്ദര്‍ശനത്തിനിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ പ്രതിഷേധം.  ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ട്രൂഡോയെടുത്ത നിലപാടിനെതിരെയാണ് പള്ളിയില്‍ തടിച്ചുകൂടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് അവര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹം പള്ളിയില്‍ നിന്ന് പുറത്തുപോകുമ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ‘വംശഹത്യ നിര്‍ത്തുക’ എന്ന പ്ലക്കാര്‍ഡ് പിടിച്ച സ്ത്രീ ട്രൂഡോയോട് ചോദ്യവുമായി മുന്നോട്ടെത്തി. നിങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതിനുമുമ്പ് എത്ര പലസ്തീന്‍ കുട്ടികളെ കശാപ്പ് ചെയ്യണം? എന്നായിരുന്നു ചോദ്യം.

നേരത്തെ കാനഡ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നും ഗാസ മുനമ്പിലേക്ക് ഒരു മാനുഷിക ഇടനാഴി തുറക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് 33 എംപിമാര്‍ ട്രൂഡോയ്ക്ക് കത്തയച്ചിരുന്നു. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ പൂര്‍ണ്ണമായ ഉപരോധത്തിന് കീഴിലാണ് ഗാസ മുനമ്പ്. ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവയുടെ ക്ഷാമത്തിനിടയില്‍ ആശുപത്രികളിലെ പരമാവധി  ശേഷിക്കപ്പുറത്തേക്ക് പ്രവര്‍ത്തിക്കുന്നതും ആശങ്ക പടര്‍ത്തുന്നു.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തോടുള്ള ട്രൂഡോയുടെ പ്രതികരണം

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ട്രൂഡോ ഒരു പക്ഷവും ചേര്‍ന്നുള്ള നിലപാട് എടുത്തിട്ടില്ല. സംഘര്‍ഷത്തെക്കുറിച്ച് നയതന്ത്രപരമായ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. ഹമാസിനെ അദ്ദേഹം അപലപിക്കുകയും പലസ്തീന്‍ സംഘം ആരംഭിച്ച ആക്രമണത്തിനെതിരെ ‘സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം’ സംരക്ഷിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

പിന്നാലെ ഇസ്രയേലിനും പലസ്തീനും ഇടയില്‍ സമാധാനം സൃഷ്ടിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. മുസ്ലീം അല്ലെങ്കില്‍ അറബ് സമുദായങ്ങള്‍ക്കുവേണ്ടി ഹമാസ് സംസാരിക്കുന്നില്ല. ഗാസയിലെ സാധാരണക്കാര്‍ക്ക് ഭക്ഷണം, ഇന്ധനം, വെള്ളം തുടങ്ങിയ അവശ്യ സഹായങ്ങള്‍ എത്തിക്കാന്‍ കാനഡ ഒരു മാനുഷിക ഇടനാഴിക്ക് ആവശ്യപ്പെടുന്നതായും ജസ്റ്റിന്‍ ട്രൂഡോ ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞിരുന്നു.

ഇതിനിടെ 200-ലധികം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ റഷ്യ ഹമാസുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മറുവശത്ത് ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് അറിയിക്കുകയാണ് അമേരിക്ക. രണ്ട് മഹാശക്തികളും യുദ്ധത്തില്‍ ഇടപെടലുകളുമായി രംഗത്തെത്തിയതോടെ ആശങ്കയിലാണ് ലോകം. ഇരുരാജ്യങ്ങളിലേയും തലവന്മാരുടെ പ്രസ്താവനകളും നടപടികളും ശീതയുദ്ധകാലത്തെ ഓര്‍മ്മകള്‍ പുതുക്കുന്നതാണ്.

യുക്രൈന്‍ യുദ്ധകാലത്ത് റഷ്യയുടെ നിലപാട് വളരെ ആക്രമണാത്മകമായിരുന്നു. ഇത്തവണ ഗാസ യുദ്ധത്തില്‍ ബൈഡന്റെ നിലപാടും കര്‍ശനമാണ്. ഇസ്രായേലിനെ സഹായിക്കാന്‍ അമേരിക്ക മെഡിറ്ററേനിയന്‍ കടലില്‍ രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. അതേസമയം റഷ്യ കരിങ്കടലില്‍ വിനാശകരമായ മിസൈലുകള്‍ ഘടിപ്പിച്ച യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. ലോകം ഒരു മഹായുദ്ധത്തിന്റെ വക്കിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇരുരാജ്യങ്ങളുടെയും നീക്കങ്ങള്‍.

അതേസമയം, പലസ്തീന്‍ മുതല്‍ മിഡില്‍ ഈസ്റ്റ് വരെയുള്ള 57 മുസ്ലീം രാജ്യങ്ങളില്‍ ഇസ്രായേലിനെതിരെ രോഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇത് മാത്രമല്ല, ഇപ്പോള്‍ യുദ്ധം ഗാസയ്ക്ക് പുറത്തേക്കും വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്നലെ രാത്രി ഇസ്രായേല്‍ പെട്ടെന്ന് ആക്രമണം ശക്തമാക്കുകയും ഒറ്റ രാത്രിയില്‍ ഗാസയില്‍ 100 ബോംബുകള്‍ വര്‍ഷിക്കുകയും ചെയ്തു.ഇതില്‍ ഒരു പള്ളി തകര്‍ന്നു.

മെഡിറ്ററേനിയനില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലിനെ നേരിടാന്‍ റഷ്യ കരിങ്കടലില്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരുന്നു. ഈ യുദ്ധവിമാനത്തില്‍ ആറ്റം ബോംബും റഷ്യയുടെ ഏറ്റവും മാരകമായ കിന്‍സാല്‍ മിസൈലും സജ്ജീകരിച്ചിരിക്കുന്നു. 2000 കിലോമീറ്ററാണ് കിഞ്ചാല്‍ മിസൈലിന്റെ ദൂരപരിധി. റഷ്യന്‍ സൈനിക കപ്പലിലെ ഏറ്റവും മാരകവും അപകടകരവുമാണ് കിഞ്ചാല്‍ മിസൈല്‍. അത് കണ്ടെത്താനും പ്രയാസമാണ്. ഗാസ-ഇസ്രായേല്‍ യുദ്ധമേഖലയില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം കണക്കിലെടുത്താണ് പുടിന്‍ തന്റെ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.

മെഡിറ്ററേനിയന്‍ കടല്‍ കരിങ്കടലില്‍ നിന്ന് ഏകദേശം 1700 കിലോമീറ്റര്‍ അകലെയാണ്. രണ്ട് കടലുകള്‍ക്കിടയിലുള്ള പ്രദേശം ഗാസയ്ക്കും ഇസ്രായേലിനും ഇടയിലുള്ള സംഘര്‍ഷ മേഖലയാണ്. യുഎസ്എസ് ഐസന്‍ഹോവര്‍, യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് എന്നീ രണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ടും അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകളാണ്. മൊബൈല്‍ യുദ്ധക്കപ്പല്‍ എന്നും ഇതിനെ വിളിക്കാം. ആറ്റം ബോംബുകള്‍ ഘടിപ്പിച്ച യുദ്ധവിമാനങ്ങള്‍ക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലില്‍ ഉള്ളതിനാല്‍ ആയിരക്കണക്കിന് സൈനികരും യുദ്ധക്കപ്പലില്‍ എപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടാകും.

എങ്ങനെയാണ് യുദ്ധം ആരംഭിച്ചത്?

ഒക്ടോബര്‍ 7 ന് പലസ്തീനിയന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ്, ഗാസ മുനമ്പില്‍ നിന്ന് റോക്കറ്റ് ആക്രമണ പരമ്പര നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇസ്രയേലിനു നേരെ നടത്തിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. ഇസ്രയേലിനെതിരായ സൈനിക നടപടിയാണിതെന്നും ഇതിനെ വിശേഷിപ്പിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ ഗാസ മുനമ്പില്‍ നിന്ന് ഹമാസ് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടു.ഇത് മാത്രമല്ല, ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുകയും ചില സൈനിക വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.ഈ യുദ്ധത്തില്‍ ഇരുപക്ഷത്തുമുള്ള നൂറുകണക്കിന് ആളുകള്‍ മരിച്ചു.

ഗാസ മുനമ്പില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുകയാണ്. അതേസമയം ലെബനന്‍, കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍, ഈജിപ്തിനോട് ചേര്‍ന്നുള്ള ദക്ഷിണ ഗാസ എന്നിവിടങ്ങളില്‍ നിന്നാണ് ഹമാസ് റോക്കറ്റുകളും മിസൈലുകളും തൊടുത്തുവിടുന്നത്. മധ്യ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്കിന് നേരെയും റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിന് ശേഷം ഏഴ് ദിവസത്തിനകം 22,000ത്തോളം കെട്ടിടങ്ങളാണ് ഗാസയില്‍ തകര്‍ന്നത്. 10 ആശുപത്രികള്‍ക്കും 48 സ്‌കൂളുകള്‍ക്കും നേരെ ഇസ്രായേല്‍ ബോംബാക്രമണം നടത്തി. ഗാസയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞു. ഇതില്‍ 447 കുട്ടികളും ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഗാസയില്‍ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ അവരുടെ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായി.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px