LIMA WORLD LIBRARY

‘ഞാന്‍ പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായി…’; ട്രൂഡോയെ തള്ളി കനേഡിയന്‍ പ്രതിപക്ഷ നേതാവ്

India Vs Canada: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മേധാവിയും പ്രതിപക്ഷ നേതാവുമായ പിയറി പൊയ്ലിവര്‍. എട്ട് വര്‍ഷമായി അധികാരത്തിലിരുന്നിട്ടും പ്രധാനമന്ത്രിക്ക് ഇന്ത്യയുമായുള്ള ബന്ധത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ കാനഡയുടെ പ്രധാനമന്ത്രിയായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ഇന്ത്യന്‍ ഏജന്റുമാര്‍ കൊലപ്പെടുത്തിയെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തര്‍ക്കം ആരംഭിച്ചത്.

ഇന്ത്യന്‍ സര്‍ക്കാരുമായി പ്രൊഫഷണല്‍ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാലും കുഴപ്പമില്ല, എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം പ്രൊഫഷണല്‍ ആയിരിക്കണം .ഞാന്‍ കാനഡയുടെ പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്ന് 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ട്രൂഡോ കഴിവുകെട്ടയാളാണെന്നും പ്രൊഫഷണലല്ലെന്നുമായിരുന്നു മറുപടി. ഇന്ന് ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ പല വലിയ രാജ്യങ്ങളുമായി കാനഡയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യണമെന്നും പിയറി പൊയ്ലിവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച ഇന്ത്യയിലെ 41 നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാന്‍ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയുടെയും കാനഡയുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇന്ത്യയില്‍ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം വളരെ കൂടുതലാണെന്നും അവര്‍ നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.

ഇതിനിടെ നയതന്ത്രജ്ഞരെ പിന്‍വലിച്ചതിനെക്കുറിച്ചുള്ള കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയുടെ പ്രതികരണത്തെ ഇന്ത്യ അപലപിച്ചു. ‘സമത്വം നടപ്പാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ന്യൂഡല്‍ഹി നിരസിക്കുന്നു’ എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുടെ പ്രതികരണം. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് കാനഡ പിന്‍വലിച്ചത്.

നയതന്ത്രജ്ഞര്‍ പോയില്ലെങ്കില്‍ വെള്ളിയാഴ്ചയോടെ അവരുടെ ഔദ്യോഗിക പദവി റദ്ദാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോള പറഞ്ഞിരുന്നു. ഈ നീക്കം യുക്തിരഹിതവും നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ ലംഘനവുമാണെന്നും അവര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യ കാനഡയുടെ പ്രതികരണം തള്ളി രംഗത്തെത്തിയത്.

വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന…

‘ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര സാന്നിധ്യത്തെക്കുറിച്ച് ഒക്ടോബര്‍ 19 ന് കാനഡ സര്‍ക്കാര്‍ നടത്തിയ പ്രസ്താവന ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളുടെ സ്ഥിതി, ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം, നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ അവര്‍ തുടര്‍ച്ചയായി നടത്തുന്ന ഇടപെടല്‍ എന്നിവ ന്യൂഡല്‍ഹിയിലും ഒട്ടാവയിലും പരസ്പര നയതന്ത്ര സാന്നിധ്യത്തില്‍ തുല്യത ഉറപ്പാക്കുന്നു. ഇത് നടപ്പാക്കുന്നതിന്റെ വിശദാംശങ്ങളും രീതികളും രൂപപ്പെടുത്തുന്നതിന് കഴിഞ്ഞ ഒരു മാസമായി ഇന്ത്യ കാനഡയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

ഈ സമത്വം നടപ്പിലാക്കുന്നതിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 11.1 നോട് പൂര്‍ണ്ണമായും യോജിക്കുന്നു. സമത്വം നടപ്പിലാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ഞങ്ങള്‍ തള്ളിക്കളയുന്നു’.

ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചത്. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ കാനഡ പ്രതികാര നടപടികളൊന്നും സ്വീകരിക്കാൻ ആലോചിക്കില്ലെന്നും മെലാനി വ്യക്തമാക്കി.

നയതന്ത്രജ്ഞ ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ വെള്ളിയാഴ്‌ചയോടെ അവരുടെ ഔദ്യോഗിക പദവി ഏകപക്ഷീയമായി റദ്ദാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായി ജോളി പറഞ്ഞു. ഈ നീക്കം, “യുക്തിരഹിതവും മുൻപൊരിക്കലും നടന്നില്ലാത്തതുമാണ്, ഇതിന് പുറമെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ ലംഘനവുമാണ്” അവർ പറഞ്ഞു.

“ഞങ്ങളുടെ നയതന്ത്രജ്ഞരുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ നടപടികളുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, അവർക്ക് സുരക്ഷിതമായി ഇന്ത്യയിൽ നിന്ന് പുറപ്പെടാൻ ഞങ്ങൾ സൗകര്യമൊരുക്കിയിട്ടുണ്ട്” അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“നയതന്ത്ര പ്രതിരോധശേഷിയുടെ മാനദണ്ഡം ലംഘിക്കാൻ ഞങ്ങൾ അനുവദിച്ചാൽ, ഈ ഗ്രഹത്തിലെവിടെയും ഒരു നയതന്ത്രജ്ഞരും സുരക്ഷിതരായിരിക്കില്ല. ഇക്കാരണത്താൽ ഞങ്ങൾ ഇതേ ഭാഷയിൽ പ്രതികരിക്കില്ല,” അവർ പറഞ്ഞു. പിൻവലിച്ച ഈ 41 നയതന്ത്രജ്ഞർക്കൊപ്പം 42 ആശ്രിതരും ഉണ്ടായിരുന്നു.

ജൂണിൽ വാൻകൂവറിലെ പ്രാന്തപ്രദേശത്തുള്ള ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കിനെകുറിച്ച് ജസ്‌റ്റിൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്‌തിരുന്നു.

തുടർന്നാണ് രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകവുമായി തങ്ങളുടെ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന ട്രൂഡോയുടെ ആരോപണം അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ തള്ളിയിരുന്നു.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px