LIMA WORLD LIBRARY

‘ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടുകൂടി മുന്നോട്ടു പോകാൻ സാധിക്കണം’; കേരളപ്പിറവി ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ആശംസയുടെ പൂർണരൂപം

”ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്‍റെ അറുപത്തിയേഴാം വാര്‍ഷികമാണ്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

ദേശീയ പ്രസ്ഥാനത്തിന്‍റേയും നവോത്ഥാന പ്രസ്ഥാനത്തിന്‍റേയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം.

ആ ശ്രമങ്ങൾക്ക് ഊർജ്ജം പകരും വിധം നമ്മുടെ നാടിനെ അതിന്‍റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിൻ്റെയാകെ മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സർഗാത്മകതയുടെ ആവിഷ്കാരം കൂടിയാണ് കേരളീയം. ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം. എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍.

Credits : https://malayalam.news18.com/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px