Air Pollution: ദേശീയ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷമുള്ള വായുവാണ് ശ്വസിക്കുന്നത്. ഈ പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചിക നിരവധി ദിവസങ്ങളായി 400ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹി ഉൾപ്പെടെ രാജ്യത്തെ മറ്റ് നഗരങ്ങളിലും സ്ഥിതി ഏറെക്കുറെ സമാനമാണ്.
വിഷാംശമുള്ള വായു കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പ് ജനങ്ങൾക്കുള്ള മുന്നറിയിപ്പായി പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മലിനീകരണ തോത് കണക്കിലെടുത്ത്, രാവിലെയും വൈകുന്നേരവും ജനലുകളും വാതിലുകളും തുറക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനാൽ രാവിലെയും വൈകുന്നേരവും നടക്കാനോ വ്യായാമത്തിനോ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശത്തിൽ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ശ്വാസകോശ സംബന്ധമായ അസുഖമോ ഹൃദ്രോഗമോ ഉള്ളവർ എന്നിവർക്കാണ് വായു മലിനീകരണം കൂടലായി ബാധിക്കുന്നതെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. ഹൃദയസംബന്ധമായ അസുഖമുള്ളവർ പുറത്തിറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. ട്രാഫിക് പോലീസ്, നിർമ്മാണത്തൊഴിലാളികൾ, തെരുവ് തൂത്തുവാരൽ തൊഴിലാളികൾ, റിക്ഷാ വലിക്കുന്നവർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, റോഡരികിൽ സാധനങ്ങൾ വിൽക്കുന്നവർ എന്നിവർക്കാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്.
രാവിലെയും വൈകുന്നേരവും വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിടുക. ഉച്ചയ്ക്ക് 12 മണി മുതൽ നാല് മണി വരെ വായുസഞ്ചാരത്തിനായി വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടാവുന്നതാണ്.
മലിനമായ വായുവിൽ നിന്ന് രക്ഷനേടാൻ എന്തൊക്കെ ചെയ്യാം?
1. ആൾക്കൂട്ടത്തിൽ പോകുന്നത് ഒഴിവാക്കുക, വ്യവസായ മേഖലകൾ, നിർമ്മാണ മേഖലകൾ, കൽക്കരി ഖനികൾ, ഇരുമ്പ് ചൂളകൾ എന്നിവയിൽ നിന്ന് അകലം പാലിക്കുക.
2. എക്യുഐ അനുസരിച്ച് പുറത്ത് പോകുന്നതിന് ഒരു പ്ലാൻ തയ്യാറാക്കുക. എക്യുഐ കഠിനമോ വളരെ മോശമോ ആയിരിക്കുമ്പോൾ വീടിനുള്ളിൽ തന്നെ തുടരുക.
3. നടക്കാനോ വ്യായാമം ചെയ്യാനോ പോകാതിരിക്കുക. രാവിലെയും വൈകുന്നേരവും വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടുക.
4. വിറകും ചാണകം ഉപയോഗിച്ചുള്ള വസ്തുക്കളും കത്തിക്കുന്നത് ഒഴിവാക്കുക. ഗ്യാസ് അല്ലെങ്കിൽ ഇലക്ട്രിക് സ്റ്റൗ ഉപയോഗിക്കുക.
5. പടക്കങ്ങൾ, മരം, ഇലകൾ, വിളകളുടെ അവശിഷ്ടങ്ങൾ അല്ലെങ്കിൽ മാലിന്യങ്ങൾ എന്നിവ കത്തിക്കുന്നത് ഒഴിവാക്കുക.
6. സിഗരറ്റ്, ബീഡി, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് പുർണമായും നിർത്തുക.
7. വീടിനുള്ളിലുള്ള കൊതുകിനെ തുരത്താൻ കോയിലുകളോ കുന്തിരിക്കങ്ങളോ കത്തിക്കരുത്.
8. വീട് തൂത്തുവാരരുത്, പകരം നനഞ്ഞ മോപ്പ് ഉപയോഗിക്കുക. നിങ്ങൾ ഒരു വാക്വം ക്ലീനറാണ് ഉപയോഗിക്കുന്നതെങ്കിൽ, എച്ച്ഇപിഎ ഫിൽട്ടറുള്ള ഒരു വാക്വം ക്ലീനർ ഉപയോഗിക്കുക.
9. ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ പതിവായി നിങ്ങളുടെ കണ്ണുകൾ കഴുകുന്നതും ചെറുചൂടുള്ള വെള്ളത്തിൽ പതിവായി കഴുകുന്നതും ഗുണം ചെയ്യും.
10. ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന, കണ്ണിന് അസ്വസ്ഥത എന്നിവയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
Credits: https://malayalam.indiatoday.in/













