LIMA WORLD LIBRARY

ലഷ്‌കറെ ത്വയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍

26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ പ്രഖ്യാപനവുമായി ഇസ്രായേല്‍. ലഷ്‌കര്‍-ഇ-തൊയ്ബയെ (LeT) ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇക്കാര്യം ഇന്ത്യ ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഇസ്രായേലിന്റെ പ്രസ്താവന.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള, അതിര്‍ത്തിക്കകത്തുനിന്നോ ചുറ്റുപാടില്‍ നിന്നോ തങ്ങള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ മാത്രമേ ഇസ്രായേല്‍ പട്ടികപ്പെടുത്തൂ. ‘ഭീകരതയെ ചെറുക്കുന്നതില്‍ ഒരു ഏകീകൃത ആഗോള മുന്നണിയുടെ പ്രാധാന്യം’ ഉയര്‍ത്തിക്കാട്ടുന്നതിനായി, ഈ തീയതിയില്‍ ലഷ്‌കറിനെ പട്ടികപ്പെടുത്താന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സംയുക്തമായി പ്രവര്‍ത്തിക്കുകയായിരുന്നു.

നൂറുകണക്കിന് ഇന്ത്യന്‍ പൗരന്മാരുടെയും മറ്റുള്ളവരുടെയും കൊലപാതകത്തിന് ഉത്തരവാദികളായ ഒരു ഭീകരസംഘടനയാണ് ലഷ്‌കര്‍-ഇ-തൊയ്ബ. 2008 നവംബര്‍ 26ൽ ലഷ്കർ നടത്തിയ പ്രവര്‍ത്തനങ്ങള്‍, സമാധാനം തേടുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇപ്പോഴും ശക്തമായി പ്രതിധ്വനിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

”ഇസ്രായേല്‍ രാഷ്ട്രം, ഭീകരതയുടെ എല്ലാ ഇരകള്‍ക്കും, മുംബൈ ആക്രമണത്തില്‍ അതിജീവിച്ചവര്‍ക്കും ദുഃഖിതരായ കുടുംബങ്ങള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. മെച്ചപ്പെട്ടതും സമാധാനപൂര്‍ണവുമായ ഒരു ഭാവിയുടെ പ്രതീക്ഷയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നു,’ അത് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനില്‍ നിന്നുള്ള പത്തംഗ ലഷ്‌കര്‍ ഇ ത്വയിബ സംഘമാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍. മുള്‍മുനയില്‍ നിര്‍ത്തിയ നാല് ദിനത്തിനിടെ ഒമ്പത് അക്രമികള്‍ ഉള്‍പ്പെടെ 175 പേര്‍ കൊല്ലപ്പെട്ടു. 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ മുംബൈ, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ഒബ്റോയ് ട്രൈഡന്റ്, താജ് പാലസ് ആന്‍ഡ് ടവര്‍, ലിയോപോള്‍ഡ് കഫേ, കാമ ഹോസ്പിറ്റല്‍, നരിമാന്‍ ഹൗസ്, മെട്രോ സിനിമ, ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിന്റെ പിന്‍വശം, സെന്റ് സേവ്യേഴ്സ് കോളേജ്  എന്നിവിടങ്ങളിലാണ് എട്ട് ആക്രമണങ്ങള്‍ നടന്നത്. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗമാണ് ഇന്ത്യയിലെത്തിയത്.

ഇസ്രായേല്‍-ഹമാസ് യുദ്ധം അതിന്റെ 46-ാം ദിനത്തിലേക്ക് കടന്നതിനിടെയാണ് ഇസ്രായേലിന്റെ പ്രഖ്യാപനം. ഒക്ടോബര്‍ 7 ന് പലസ്തീന്‍ ഭീകര സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം 240 ഓളം പേരെ ബന്ദികളാക്കിയിരുന്നു. ഈ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ തിരിച്ചടിച്ചതോടെ ഗാസയില്‍ 5,000-ത്തിലധികം കുട്ടികളും  3,250 സ്ത്രീകളും ഉള്‍പ്പെടെ 12,700-ലധികം പേര്‍ കൊല്ലപ്പെട്ടു

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px