LIMA WORLD LIBRARY

വൈകിവന്ന വിവേകം { അദ്ധ്യായം 13 } – മേരി അലക്സ് ( മണിയ )

തുടരുന്നു……

              അവൾ ഓഫീസിലെത്തി. ഭാഗ്യം ആരും എത്തിയിട്ടില്ല. സ്വീപ്പർ മാത്രം മുറ്റം അടിക്കുന്നുണ്ട്.മുറികൾ വൃത്തിയാക്കിയിട്ടാണ് പുറത്തേക്കു പോകാറ്.പെട്ടെന്നു കയ്യും മുഖവും കഴുകി,ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു.കൈ കഴുകി തിരികെ വന്ന് ഒരു കടലാസ്സെടുത്തു,ബാഗിൽ നിന്നു പേനയും. എല്ലാവരും എത്തുന്നതിനു മുൻപ് എഴുതണം ഒരാളോട് പറഞ്ഞു കാര്യങ്ങൾ പറയിക്കുന്നതിലും നല്ലത് പറയാനുള്ളത് നേരിട്ട് പറയുന്നതല്ലേ.?അവൾ ധൃതിയിൽ എഴുതി ഒന്നുകൂടി വായിച്ചു നോക്കി, നാലായി മടക്കി ഒരു കവറിൽ ഇട്ടു മേശപ്പുറത്തുനിന്ന് പശയെടുത്ത് കവർ ഒട്ടിച്ചു. ആരും എത്തിയിട്ടില്ല. സ്വീപ്പർ മുറ്റം
വൃത്തിയാക്കി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
        പട്ടാളക്കാർ അവരുടെ ജോലി തുടങ്ങുകയും ചെയ്തു. ഓരോ ദിവസവും മാറിമാറി വരുന്ന കാഴ്ചകളിൽ നിന്നും എഴുതാൻ കിട്ടുന്ന കടലാസ്സുകൾ, വരുന്ന കത്തുകൾ, അയക്കുന്ന മറുപടികൾ ഇവയിൽ നിന്നും ആ ഓഫീസിലെ പട്ടാളജീവനക്കാ രുടെയും തന്നെ പോലെയുള്ള സ്റ്റേറ്റ് ഗവണ്മെന്റ് ജീവനക്കാരു ടെയും ജോലികൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. പുറത്തെക്കാഴ്ചകളിലേക്കു നോക്കിയിരുന്നു.ഓരോ ദിവസവും അവർ സ്റ്റോർ റൂമിൽ അടുക്കി വച്ചിരിക്കുന്ന ഓരോ ഐറ്റംസ് സെറ്റ് സെറ്റായി എടുത്ത്
ഉണക്കാനിടുകയും ഉണങ്ങിയത് തിരിച്ചെടുത്തു ഉച്ചക്ക് മുൻപ് അടുക്കി വക്കുകയും ചെയ്യും.
ഉച്ച കഴിഞ്ഞാൽ അവർക്ക് സ്കൂളുകളിൽ പോകണം. കൂട്ടികൾക്ക് ട്രെയിനിങ് കൊടുക്കാൻ.അപ്പോൾ ഉണങ്ങാൻ ഇട്ടുകൊണ്ടിരുന്നത് കൂട്ടികൾക്ക് ക്യാമ്പിൽ കൂടെ കൊണ്ടുപോകാനുള്ളവയായിരുന്നു.
            വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും ഏതെങ്കിലും ഒരു സ്കൂളിൽ ക്യാമ്പുണ്ടാവും ജൂനിയർ കേഡറ്റ്സിന്. സീനിയർ കേഡറ്റ്സിന് കോളേജിൽ വച്ചും . പല സ്കൂളിൽ നിന്നും കുട്ടികളെ അവിടെത്തിച്ചു പത്തു ദിവസവും കോളേജിൽ നിന്നുള്ളവർക്ക് പന്ത്രണ്ടു ദിവസവും അവിടെ താമസിപ്പിച്ചു നടത്തുന്ന ക്യാമ്പുകൾ. പട്ടാളക്കാരും സ്കൂളിലെ,കോളേജിലെ,തിരഞ്ഞെടുക്കപ്പെട്ട ഓഫീസർമാരായ അധ്യാപകരും പേപ്പർ ജോലികൾ ചെയ്യാനായി ഓഫീസ് ജീവനക്കാരും. അവരും ആ ക്യാമ്പിൽ താമസിച്ചു വേണം ജോലികൾ തീർക്കാൻ. അതുകൊണ്ടു തന്നെ സ്ത്രീ ജീവനക്കാരെ വളരെ വിരളമായെ
ക്യാമ്പ് ഡ്യൂട്ടിക്ക് ഇടാറുള്ളു.
അങ്ങനെ വളരെ മെച്ചമായ രീതിയിൽ നടത്തപ്പെടുന്ന ക്യാമ്പുകൾ.
      ഇടയ്ക്കു മേലധികാരികളുടെ വിസിറ്റുകൾ ഉണ്ടാവും.അതിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ മറ്റു സ്ഥലങ്ങളിൽ നടക്കുന്ന വിവിധ ക്യാമ്പുകളിൽ പങ്കെടുപ്പിക്കും, ചിലരെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനും അയക്കും. അങ്ങനെ പല വിധ രീതിയിൽ പുതുമായർന്ന ഒറ്റപ്പെട്ട ഓഫീസ്. പൊതുജനങ്ങളുമായി ഒരു സമ്പർക്കവും ഇല്ല.അതു തന്നെ ആശ്വാസവും. കൈക്കൂലിയും കോഴയും ഒഴിവാകുമല്ലോ.
         എല്ലാവരും എത്തിത്തുടങ്ങി. കൂട്ടുകാരിയും ഭർത്താവും. ഇത്തവണ താൻ അടുത്തേക്കു ചെന്നു കവർ ഏൽപ്പിച്ചു.
 “ഇതു കൊടുത്തേക്ക്.”
 “എന്താ ഇത് എന്നോട് പറയാൻ പറ്റാത്ത കാര്യം ആണോ?”
 “വഴിയേ മനസ്സിലായിക്കൊള്ളും.”
പിന്നെ ഒന്നും ചോദിച്ചില്ല രജിസ്റ്ററിൽ ഒപ്പിട്ടിട്ട് സീറ്റിൽ വന്നിരുന്നു. കൂട്ടുകാരി അപ്പോൾ തന്നെ കവറുമായി ജോസ് സാറിന്റെ മുറിയിലേക്ക് പോയി. കുറേ സമയം കഴിഞ്ഞ് തിരികെ വരികയും ചെയ്തു, ഒന്നും മിണ്ടാതെ ജോലി പ്രവേശിക്കു കയും ചെയ്തു.
        എന്താണ് സംഭവിച്ചത് എന്നറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. കാത്തിരുന്ന് അറിയാം.മനസ്സിലാക്കാൻ ധൃതി പിടിക്കേണ്ട യാതൊരു കാര്യവും ഇല്ല.പക്ഷെ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ജോസ് സാർ ലീവ് എഴുതി വച്ചിട്ട് പുറത്തേക്കു പോയി എന്നറിഞ്ഞു .അറിഞ്ഞത് ലോങ്ങ്‌ ലീവ് ആണെന്നും . സാർ ചെയ്തു കൊണ്ടിരുന്ന ജോലി മറ്റൊരാളെ ഏൽപ്പിക്കുകയും ചെയ്തിട്ട്.അതു തനിക്കേറ്റ ഒരടിയായിരുന്നു. എന്താണ് സംഭവം എന്നു എങ്ങനെ അറിയാൻ?
കൂട്ടുകാരിയോട് ചോദിക്കുന്നതെങ്ങനെ??
സ്വയം വരുത്തിവച്ചതല്ലേ എന്നു ചോദിച്ചാലോ.മൗനമാണ് അഭികാമ്യം.


(തുടരും …)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px