പശുവിനെ തൊഴുത്തില്‍ കെട്ടിയിട്ട് ചാര്‍ളി പുല്ല് പറിക്കാനായി പറമ്പിലേക്ക് പോയി. കുട്ടനും അവനൊപ്പം വാലാട്ടി നടന്നു. തത്തമ്മ പറന്നുവന്നു. ‘ചാ…ളി….ചാളി….’ അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. സ്നേഹത്തോടെ ചോദിച്ചു. ‘തത്തമ്മക്ക് സുഖമാണോ?’ തത്തമ്മ മറുപടി പറഞ്ഞു. ‘സു….സു….’ എന്നു പറഞ്ഞാല്‍ സുഖം തന്നെ. അവന്‍ വേദനയോടെ പറഞ്ഞു. ‘തത്തമ്മേ ആ ദുഷ്ടനായ പരുന്ത് ഒരു കോഴിക്കുഞ്ഞിനെ കൊന്നു തിന്നു. അതിന് കുഞ്ഞമ്മ എന്നെ ഒത്തിരി അടിച്ചു.’ തത്തമ്മ അവനെ സൂക്ഷിച്ചു നോക്കി. അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. തേങ്ങലുകളെ കടിച്ചമര്‍ത്താന്‍ ശ്രമിച്ചു. തത്തമ്മ ആശ്വസിച്ചു. ‘ചാ…ളി…ചാളി’ കണ്ണുകള്‍ തുടച്ചിട്ട് പുല്ല് പറിക്കുന്നതില്‍ ശ്രദ്ധിച്ചു. തത്തമ്മ അവനൊപ്പം അല്പനേരം ചുറ്റിനും നടന്നു. പോകാന്‍ നേരമായപ്പോള്‍ പറഞ്ഞു.
‘ചാ…..ചാളി……സു..സു..’ തത്തമ്മ നിന്നോട് ഒപ്പമില്ലേ. നീ വിഷമിക്കാതിരിക്ക്. ചാര്‍ളി തത്തമ്മയെ അഭിമാനത്തോടെ നോക്കി. തത്തമ്മ പറന്നുപോകുന്നത് അവന്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. മനസ്സിലുണ്ടായിരുന്ന വേദന മാറി. വേദന തിങ്ങിയ പുഞ്ചിരിയോടെ സ്വയം പറഞ്ഞു. “തെറ്റ് എന്‍റേതാണ്. തത്തമ്മ പറഞ്ഞതാണ് ശരി. വിഷമിച്ചിട്ടു കാര്യമില്ല. ഇനിയും എന്താണ് ചെയ്യാന്‍ കഴിയുക? പഠിക്കാനിരിക്കുമ്പോഴും കോഴിയെ നോക്കുമ്പോഴും ഉറങ്ങാനോ മയങ്ങാനോ ശ്രമിക്കരുത്. ഇങ്ങനെ ഒരവസരം ഉണ്ടാക്കീത് നീയാണ്. അടികിട്ടിയത് കൈയ്യിലിരുപ്പ് കൊണ്ടല്ലേ? ഇനിയും അടുത്ത ശിക്ഷ എന്താണ്? രാത്രിയില്‍ ഭക്ഷണമില്ല. അതിന് അടിയന്തിരമായി എന്ത് ചെയ്യാന്‍ കഴിയും? പറങ്കിമാവിലൊന്നും പഴയതുപോലെ പഴങ്ങള്‍ ഇല്ലെന്നറിയാമല്ലോ?”
ചാര്‍ളിയുടെ മനസ്സ് ഒരു പുതുവഴിയിലേക്ക് തിരിഞ്ഞു. അടുത്ത വീട്ടിലെ രാമകൃഷ്ണപിള്ളയുടെ വസ്തുവില്‍ ധാരാളം കപ്പകള്‍ വളര്‍ന്നു നില്പുണ്ട്. അതിനടുത്തായി കുഞ്ഞമ്മയും കുറെ കപ്പകള്‍ നട്ട് പിടിപ്പിച്ചട്ടുണ്ട്. അത് വില്പനക്ക് വേണ്ടിയല്ല. വല്ലപ്പോഴുമൊക്കെ പിഴുത് പുഴുങ്ങിത്തരും. അത് തനിക്ക് വേണ്ടിയാണോ വളര്‍ത്തുന്നത് എന്നുപോലും തോന്നാറുണ്ട്. ഇന്ന് താന്‍ കപ്പ കഴിക്കുമ്പോള്‍ മേശപ്പുറത്ത് കെവിന്‍ കഴിച്ചത് മധുരപലഹാരങ്ങളാണ്.
പുല്ലുമായി വീട്ടിലേക്ക് നടന്നു. കുഞ്ഞമ്മയെ കാണാതിരിക്കാന്‍ ശ്രമിച്ചു. മനസ്സില്‍ കുറ്റബോധമുണ്ട്. കുഞ്ഞമ്മ സീരിയല്‍ കാണുന്നു. കെവിനും അടുത്തുണ്ട്. ചാര്‍ളി കൂന്താലിയും മണ്‍വെട്ടിയുമായി പറമ്പിലേക്ക് നടന്നു. ഇനിയും രണ്ട് തെങ്ങുകള്‍ കൂടിയുണ്ട് തടമെടുക്കാന്‍. അതു തീര്‍ന്നാല്‍ വായിക്കാന്‍ കുറെ സമയം കിട്ടാതിരിക്കില്ല. പടിഞ്ഞാറെ ചക്രവാളത്തില്‍ തീനാളങ്ങള്‍ എരിഞ്ഞു. ഭൂമി കുറെ കിളച്ചിട്ട് എന്തെന്നില്ലാത്ത പ്രസരിപ്പോടെ അവന്‍ വീട്ടിലേക്ക് നടന്നു. മുററത്തെ ചെടിക്ക് കിണറ്റില്‍ നിന്നും വെള്ളം കോരി ഒഴിച്ചു. ചാര്‍ളി കൃത്യനിഷ്ഠയോടെ വീട്ടിലെ എല്ലാ പണികളും ചെയ്തുകൊണ്ടിരുന്നു. ഇനിയുള്ളത് പുളിയരി വേവിക്കണം. അപ്പോഴേക്കും സന്ധ്യ വരും. ആ സമയം വടക്കുള്ള വളര്‍ന്നു നില്ക്കുന്ന കപ്പയുടെ മൂട്ടില്‍ നിന്ന് ഏതാനും കപ്പകള്‍ മാന്തിയെടുത്ത് പുളിയരി വേവിക്കുന്ന അടുപ്പിലിട്ട് വേവിച്ച് തിന്നണം. കിണറ്റിന്‍ കരയില്‍ നിന്ന് കുളിക്കുമ്പോഴും അവന്‍റെ ചിന്ത കപ്പയെപ്പറ്റിയായിരുന്നു.
വിശന്നപ്പോള്‍ എല്ലാം മറുന്നു. അടുപ്പില്‍ വെന്തു കൊണ്ടിരുന്ന കപ്പയെ തിരിച്ചും മറിച്ചും ഇട്ട് വേവിച്ചു. അതിന്‍റെ ചൂട് ആറുന്നതുവരെ നോക്കിയിരുന്നു. ഭക്തിയോടെ കപ്പയെ നോക്കി. വിശപ്പടക്കുന്ന ഭക്ഷണത്തെയും ദൈവത്തെപോലെ ആരാധിക്കണം. അടുപ്പിലെ തീ അണച്ചിട്ട് കാടിയുടെ മുകള്‍ഭാഗം മൂടിവെച്ചിട്ട് എഴുന്നേറ്റ് പോയി പൈപ്പില്‍ നിന്ന് കുറെ വെള്ളം കുടിച്ച് കൈയും മുഖവും കഴുകി ഉറങ്ങാനായി കിടന്നു. പെട്ടെന്ന് ഉറങ്ങുകയും ചെയ്തു.
പശുവിന് പുളിയരി തിളപ്പിക്കാന്‍ വിറക് കഷണങ്ങള്‍, കൊതുമ്പ്, തെങ്ങോല മുതലായവ തയ്യാറാക്കി. പുളിയരി തിളപ്പിക്കുന്ന ചെമ്പ് ചരുവത്തില്‍ പുളിയരിയും വെള്ളവും കൂട്ടിയിണക്കി അടുപ്പില്‍ വെച്ചിട്ട് തീ കത്തിച്ചു. കുഞ്ഞമ്മയെ മുറ്റത്ത് ചെന്ന് ജനാലയിലൂടെ നോക്കി. ഇപ്പോഴും റ്റി.വി.യുടെ മുന്നിലാണ്. വേഗത്തില്‍ വടക്കോട്ട് ഓടി. ചാര്‍ളി സമയം കളയാതെ കപ്പയുടെ മൂട്ടില്‍ മണ്ണ് നിറച്ച് വീട്ടിലേക്കോടി. അപ്പോഴും അടുപ്പില്‍ തീ എരിഞ്ഞുകൊണ്ടിരുന്നു. മുഖത്തെ ഉത്കണ്ഠ മാറി. അടുപ്പിന് മുന്നിലിരുന്ന് ആ രണ്ട് കപ്പയും തീയിലിട്ടു. അപ്പോള്‍ മനസ്സിന് ഒരു ഉലച്ചില്‍ അനുഭവപ്പെട്ടു. കള്ളം പറയാത്ത വ്യക്തി ഇങ്ങനെ മോഷ്ടിക്കുന്നത് ശരിയാണോ? ഒരു അപരാധിയെപ്പോലെ അവന്‍ എരിയുന്ന തീയിലേക്ക് നോക്കി.
രാവിലെ ഉണര്‍ന്ന് സൈക്കിളില്‍ ടൗണിലേക്ക് യാത്ര തിരിച്ചു. ഗ്രാമവഴികളെല്ലാം വിജനമായിരുന്നൂ. സൈക്കിളില്‍ മുന്നോട്ട് പോകുമ്പോള്‍ അവനൊന്ന് പാടണമെന്ന് തോന്നി. സ്വരസ്ഥാനങ്ങള്‍ അറിയാതെ പാടിയിട്ട് എന്തു ഫലം. എന്നിരുന്നാലും ചെറുതായൊന്ന് പാടി നോക്കി.
പിറന്ന മണ്ണിന്‍ വീട്ടുപടിക്കല്‍
ആരുമറിയാതെ അടുത്തു വന്നു
ഒരു വിരുന്നുകാരന്‍ ചോദിച്ചു.
നീ മനുഷ്യരെ കണ്ടിട്ടുണ്ടോ? (പി)
സ്വര്‍ഗ്ഗസ്ഥനാം പിതാവിന്‍ നാട്ടില്‍
നീ യേശു രക്ഷകനെ കണ്ടോ?
വൃന്ദാവനത്തില്‍ വാഴ്ത്തിപാടാന്‍
നീ കാര്‍മുകില്‍ വര്‍ണ്ണനെ കണ്ടോ?
വഴിയറിയാതെ വിശന്നവയറുമായി
മരുഭൂമിയിലെങ്ങോ നടന്നു
കരഞ്ഞു കരഞ്ഞു തളര്‍ന്ന കുഞ്ഞിന്
ഉറവയൊരുക്കിയെന്നമ്മയെ കണ്ടോ? (പി)
പാടിക്കൊണ്ടിരിക്കെ പിശാചുപോലൊരു അടുത്ത വീട്ടില്‍ നിന്നും നായ് ഓടി കുരച്ച ചാര്‍ളിയുടെ പിറകെയെത്തി. അവന്‍ സൈക്കിള്‍ വേഗത്തില്‍ ചവിട്ടി. ടൗണില്‍ ചെന്ന് പത്രത്തിന് മുന്നിലിരിക്കുമ്പോള്‍ ഒരു കഷണ്ടിക്കാരന്‍ ചാര്‍ളിയോട് പറഞ്ഞു:
‘എടാ കൊച്ചനേ നെനക്ക് തലേല് ഒരു തോര്‍ത്ത് കെട്ടിക്കൂടെ? രാവിലെ എന്തൊരു തണുപ്പാ.’ ചാര്‍ളി ആ മദ്ധ്യവയസ്ക്കനെ സൂക്ഷിച്ചു നോക്കി. അദ്ദേഹത്തിന്‍റെ തലയിലും ഒരു വെളള മുണ്ട് തലയെ പൂര്‍ണ്ണമായി മറച്ചിട്ടുണ്ട്. മനസ്സില്‍ നിശ്ചയിച്ചു. തനിക്കും ഒരു തോര്‍ത്ത് വാങ്ങണം. പേപ്പറുകള്‍ എണ്ണുമ്പോഴും അവന്‍റെ മനസ്സ് നിറയെ പാട്ടുകളും, ചിത്രരചനയും വായനയുമായിരുന്നു.
ഓരോ വീടുകളിലും പത്രം കൊടുത്തു കൊണ്ടിരിക്കെ വല്യപ്പന്‍ പുതിയതായി കൊടുത്ത വീടിന്‍റെ മേല്‍വിലാസം ഉടുപ്പിന്‍റെ പോക്കറ്റില്‍ നിന്ന് എടുത്തു നോക്കി. ഓരോ വീടിന്‍റെ പേരുകള്‍ നോക്കി വായിച്ച് നടന്നു. ഭിത്തികളില്‍ ചില തറവാട്ടുകാരുടെ പേരുകളുണ്ട്. നോക്കി നോക്കി നടന്നപ്പോള്‍ ആ പേര് ഭിത്തിക്കടുത്തുള്ള വലിയ ഇരുമ്പ് വാതിലില്‍ കണ്ടു. വാതിലിന്‍റെ അടുത്തായി കാളയെപ്പോലുള്ള ഒരു നായ് ആരെയോ പ്രതീക്ഷിച്ച് നില്ക്കുന്നു. അകത്തോട്ട് കയറാന്‍ ഭയപ്പെട്ടു. ചാര്‍ളി പേപ്പര്‍ ഗേറ്റിനുള്ളിലേക്കിട്ടു. ഉടനടി നായ് ആ പേപ്പര്‍ കടിച്ച് പിടിച്ച് മുന്നിലുള്ള പടുകൂറ്റന്‍ ബംഗ്ലാവിലേക്ക് ഓടി.ചാര്‍ളി ആ കാഴ്ച ആശ്ചര്യത്തോടെ കണ്ടു നിന്നു.
വീട്ടിലെത്തി സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ചിട്ട് മടങ്ങുമ്പോള്‍ മുന്നിലേക്ക് അപ്പന്‍ നടന്നു വരുന്നു. ചാര്‍ളി അപ്പനെ കണ്ട് അന്ധാളിച്ചു നിന്നു.
About The Author
No related posts.