തുടരുന്നു
ഓഫീസ് അന്തരീക്ഷം മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു. എല്ലാവരും തന്നെ ഒരു കൊച്ചു കുട്ടിയെപ്പോലെ,സഹോദരിയെപ്പോലെ, കരുതുകയും പ്രത്യേക വാത്സല്യം കാണിക്കുകയും ചെയ്തിരുന്നു. എന്തുചെയ്തു തരാനും മടി കാട്ടാതിരുന്ന അവർ ഒന്നു മിണ്ടാൻ പോലും ഇപ്പോൾ കൂട്ടാക്കുന്നില്ല. എന്തിന്?
മുന്നിൽ വരാൻ പോലും മടി കാട്ടുന്നു. സ്വീപ്പർ മുതൽ ഹെഡ്ക്ലർക്കു വരെ. ഒട്ടും
സഹിക്കാൻ പറ്റാതെ വന്നത് കൂട്ടുകാരിയുടെ വിമുഖതയാണ്. ഭർത്താവും അങ്ങനെ തന്നെ. ഒരുമിച്ചിരുന്ന് ഉണ്ണാൻ പോലും
തോന്നാത്തവിധം അകൽച്ച. ഇപ്പോൾ അവർ എല്ലാവരും ഒറ്റക്കെട്ടും താൻ ഒറ്റപ്പെട്ടും പോയ ഒരവസ്ഥ.
അത്രമേൽ തെറ്റാണോ താൻ കാണിച്ചത്? അത്രയ്ക്ക് അടുപ്പം ഒന്നും താൻ കാട്ടിയിരുന്നില്ലല്ലൊ?അടുത്ത് വരുമ്പോൾ ഒരു ചഞ്ചലിപ്പ് ഉണ്ടായിരുന്നു എന്നത് സത്യം. ചിലപ്പോൾ ജോസ് സാർ ഉപയോഗിച്ചിരുന്ന പെർഫ്യൂമിന്റെ വാസന മൂക്കിന്റെ ഉള്ളിലേക്ക് തുളച്ചു കയറാറുണ്ടായിരുന്നു. സഹോദരന്മാർ വിദേശത്തു നിന്നും കൊണ്ടുവന്നു കൊടുക്കുന്നതാകും. ചില തമാശകൾ പോലും തോന്നി യിട്ടുണ്ട് എന്തെങ്കിലും ഒന്നു മിണ്ടാൻ,ഒരു പെർഫ്യൂം തരുമോ എന്നു ചോദിക്കാൻ, അല്ലെങ്കിൽ ഇങ്ങോട്ട് എന്തെങ്കിലും ഒന്നു സംസാരിച്ചിരുന്നെങ്കിൽ എന്നുപോലും .രണ്ടുപേരും അതു അങ്ങോട്ടോ ഇങ്ങോട്ടോ തുറന്നു കാട്ടിയിരുന്നില്ല.പിന്നെ എല്ലാവരും ചേർന്ന് തന്നെ കളിപ്പിച്ചത്. അതാണ് തന്റെ മനസ്സിൽ പോറ ലുണ്ടാക്കിയത്. മാത്രമല്ല തന്റെ മനസ്സിൽ ചില ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു . അതു ഉള്ളിൽ ഒളിപ്പിച്ചു നടക്കുകയായിരുന്നു താൻ. എങ്ങനെയെങ്കിലും ഡിഗ്രി എടുക്കണം.പിന്നെ നാടിന്റെ നന്മക്ക് ഉതകുന്ന ഒരു സ്ഥാനം ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ ഐ എ എസ് ഏതായാലും നേടണമെങ്കിൽ കുറച്ചു സാവകാശം വേണം പണവും. ലീവ് എടുത്തു പഠിക്കാം എന്നു പലരിൽ നിന്നും മനസ്സിലായി. അടുത്തത് പണമാണ് അതു കുറെയെങ്കിലും നേടിയിട്ടുവേണം എന്തിനും ഒരുങ്ങാൻ.
എന്തോ ഓഫീസിൽ ഇരുന്നു ജോലി ചെയ്യാനുള്ള ആദ്യത്തെ ഇഷ്ടം എവിടെയോ പോയി ഒളിച്ചു. ഇനി അവിടെ തുടരണോ എന്നുപോലും ചിന്തിച്ചുപോയി.
പക്ഷെ എന്തു ചെയ്യും സർക്കാർ ആണ് തീരുമാനിക്കേണ്ടത്. കഴിവതും പിടിച്ചു നിൽക്കാൻ ശ്രമിക്കുക. അല്ലാതെന്തുചെയ്യും. എങ്കിലും മനസ്സിൽ ചില അപ:ശകുനങ്ങൾ. ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ. ആരും സംസാരിക്കാൻ ഇല്ലാതെ വരിക, ആരോടും മിണ്ടാൻ ഇല്ലാത്ത അവസ്ഥ എല്ലാം ഒരു തരത്തിൽ മാനസികപിരിമുറു ക്കത്തിനു വഴിയൊരുക്കി .
ഒരു വിധത്തിലാണ് ആ ആഴ്ച എത്തിച്ചത്. വീട്ടിൽ എത്തിയിട്ടും ആരോടും ഒന്നും മിണ്ടാൻ ഇല്ലാത്തതുപോലെ. ഇളയവർ രണ്ടുപേരും കലപില ചിലച്ചുകൊണ്ട് അടുത്തുകൂടി. അവരോട് ഒന്നും രണ്ടും പറഞ്ഞു ദേഷ്യപ്പെടുക വരെ ചെയ്തു. എങ്കിലും അമ്മയുടെയും അപ്പന്റെയും മുൻപിൽ തന്റെ നില മാറിമാറിഞ്ഞു. അവരുടെ അടുത്ത് താനൊരു കൊച്ചു കുട്ടിയായി മാറി. പൊട്ടിക്കരഞ്ഞു പോയ തന്നെ ആശ്വസിപ്പിക്കാനാകാതെ അവരും വിഷമിച്ചുനിന്നു.
ഞായറാഴ്ച പള്ളിയിൽ പോയി മടങ്ങിയ താൻ അമ്മയോട് പറഞ്ഞു
“ഞാനിനി അങ്ങോട്ടു പോകുന്നില്ല, എനിക്കു വയ്യ.”
“അതു ശരിയല്ല മോളെ. അവർ മറ്റെന്തെങ്കിലും വിചാരിക്കും, മോൾ ധൈര്യമായി പോകണം. ഇനി ജീവിതത്തിൽ എന്തെല്ലാം നേരിടാൻ ഉള്ളതാണ്.”
അമ്മയിൽ നിന്നറിഞ്ഞ അപ്പൻ പറഞ്ഞു.
” മോൾ എന്തായാലും ഇപ്പൊ പോ നമുക്കു വഴിയുണ്ടാക്കാം. “
മനസില്ലാ മനസ്സോടെ ആണ് തിങ്കളാഴ്ച ഓഫീസിലേക്ക് തിരിച്ചത്.
( തുടരും…. )
About The Author
No related posts.