ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ ഇന്നാണ് കുചേലദിനം… – (ഉല്ലാസ് ശ്രീധർ)

Facebook
Twitter
WhatsApp
Email

ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ ഇന്നാണ് കുചേലദിനം…

കുചേല ദിനത്തിൽ കൂട്ടുകാരായ രണ്ട് പേർക്ക് കൃഷ്ണൻ ചെയ്ത രണ്ട് സഹായങ്ങളെ ഓർമ്മിക്കാനാണ് എനിക്ക് ഇഷ്ടം…
ഏറ്റവും നല്ല മാതൃകാ കൂട്ടുകാരനാണ് ശ്രീകൃഷ്ണൻ…
സുദാമനും ശ്രീകൃഷ്ണനും സാന്ദീപനി മഹർഷിയുടെ ആശ്രമത്തിലെ വിദ്യാർത്ഥികളും കൂട്ടുകാരുമായിരുന്നു…
നല്ലൊരു ചേല പോലും ഇല്ലാതെ കുചേലനായി വന്ന സുദാമൻ എന്ന ബാല്യകാല കൂട്ടുകാരനെ രാജാവായ ശ്രീകൃഷ്ണൻ കെട്ടിപ്പിടിച്ചു…
മാറിലെ വിയർപ്പ് വെള്ളം കൊണ്ട് നാറുന്ന സതീർത്ഥ്യനെ കെട്ടിപ്പിടിച്ച കൃഷ്ണൻ കുചേലൻ്റെ മുഷിഞ്ഞു നാറിയ തുണി സഞ്ചിയിലുണ്ടായിരുന്ന കല്ലും നെല്ലും കലർന്ന അവിൽ രുചിയോടെ കഴിക്കുകയും ആവശ്യത്തിലധികം സഹായിക്കുകയും ചെയ്തു…
ആപത്തു കാലത്ത് പദവി നോക്കാതെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരാണ് നല്ല സുഹൃത്തുക്കൾ…
പാണ്ഡവരോടൊപ്പം വനത്തിൽ നിന്ന് ഹസ്തിനപുരിയിലേക്കുള്ള യാത്രയിൽ ശ്രീകൃഷ്ണൻ്റെ കൈവിരൽ മുറിഞ്ഞതു കണ്ട ഉടനേ പാഞ്ചാലി ഉടുത്തിരുന്ന കല്യാണ സാരിയുടെ ഒരറ്റം വലിച്ചു കീറി കൃഷ്ണൻ്റെ മുറിവിൽ കെട്ടി…
കല്യാണ സാരി വലിച്ചു കീറുന്നത് കണ്ടപ്പോൾ പാഞ്ചാലിയുടെ തോഴിയായ മായ വിലക്കി…
പാഞ്ചാലി പറഞ്ഞു-” എൻ്റെ കല്യാണ സാരിയേക്കാൾ വലുതാണ് കൃഷ്ണൻ്റെ ഓരോ തുള്ളി ചോരയും…”
വർഷങ്ങൾക്ക് ശേഷം വസ്ത്രാക്ഷേപം നടന്ന സമയത്ത് സാരിയുടെ കൂമ്പാരം സൃഷ്ടിച്ചാണ് കൃഷ്ണൻ പാഞ്ചാലിയെ രക്ഷിച്ചത്…
തൻ്റെ മാനം രക്ഷിച്ചതിന് നന്ദി പറഞ്ഞ പാഞ്ചാലിയോട് കൃഷ്ണൻ പുഞ്ചിരിയോടെ പറഞ്ഞു-” ഒരിക്കൽ എൻ്റെ കൈവിരൽ മുറിഞ്ഞപ്പോൾ സാരിയുടെ ഒരു കഷ്ണം തന്നതിന് പകരമായാണ് സാരികളുടെ കൂമ്പാരം തന്നത്.എനിക്കൊരു നൂല് തന്നാൽ ഞാൻ മലയോളം വസ്ത്രം തരും.എനിക്കൊരു അരിമണി തന്നാൽ ഞാൻ കുന്നോളം ധാന്യം തരും.പക്ഷേ, തരുന്നത് ഒരു മണി അരിയായാലും തരേണ്ടത് ആത്മസമർപ്പണത്തോടെ ആയിരിക്കണം…”
ഇതാണ് സൗഹൃദം…
ആപത്തു കാലത്ത് സഹായിക്കുക,
ഹൃദയപൂർവ്വം സ്നേഹിക്കുക,
മനസ്സറിഞ്ഞ് ആശ്വസിപ്പിക്കുക…
നമുക്കും കുചേല കൃഷ്ണൻമാരെ പോലെ നല്ല കൂട്ടുകാരാകാം…
സ്നേഹിക്കാൻ മാത്രമറിയുന്ന കൂട്ടുകാരാകാം…
ആത്മാർത്ഥതയോടെ,
ആത്മസമർപ്പണത്തോടെ
സ്നേഹിക്കുന്ന കൂട്ടുകാരാകാം…
യഥാർഥത്തിൽ കുചേല ദിനമാണ് സൗഹൃദ ദിനമായി ആഘോഷിക്കേണ്ടത്…
എൻ്റെ എല്ലാ കൂട്ടുകാർക്കും
നല്ലൊരു ശുഭദിനം നേരുന്നു………………….……………………….

About The Author

Leave a Reply

Your email address will not be published. Required fields are marked *