ഡ്രാക്കുള നോവലിന്‍റെ പിറവി – (കാരൂര്‍ സോമന്‍, ലണ്ടന്‍)

Facebook
Twitter
WhatsApp
Email
യാത്രകള്‍ ജീവിതത്തിന്  വലുപ്പവും തിളക്കവും നല്‍കുന്നു. ഞാനും റെജി നന്തിയാട്ടും  ഡോ.റോഷനും പെലെസ് കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങി. കുളിര്‍കാറ്റിന്‍റെ തലോടല്‍.   ആകാശം ഇലഞ്ഞിപ്പൂക്കളെപോലെ പന്തലിച്ചു കിടന്നു.  മുറ്റത്തെ ഫൗണ്ടനില്‍ നിന്ന് ജലം ചീറിപ്പായുന്നു. ചെത്തിമിനുക്കിയ പച്ചപ്പുല്‍ത്തകിടികള്‍.   സുന്ദരീസുന്ദരന്മാരുടെ  മാര്‍ബിള്‍ ശില്പങ്ങള്‍.  അകലെ അനന്തമായി കിടക്കുന്ന നിഗൂഢ വനങ്ങള്‍. അഗാധമായ താഴ്വാരങ്ങള്‍. വനമേഖലയില്‍  പൂങ്കാവനം കാണുക അപൂര്‍വ്വമാണ്.  പുലരിപോലെ എങ്ങും പൂക്കളുടെ വര്‍ണ്ണസമന്വയം. വിവിധ നിറങ്ങളില്‍  വിരിഞ്ഞുനില്‍ക്കുന്ന പൂക്കളില്‍ നിന്ന് സുഗന്ധം വമിക്കുന്നു.  സര്‍ഗ്ഗ പ്രതിഭകള്‍ സൗന്ദര്യാത്മകമായ സാഹിത്യസൃഷ്ടികള്‍ നടത്തുന്നതുപോലെ ഭരണാ ധിപന്മാര്‍ കാര്‍പ്പത്തിയാന്‍ താഴ്വാരങ്ങള്‍  സഞ്ചാരികള്‍ക്കായി  വസന്ത വൃന്ദാവന മൊരുക്കിയിരിക്കുന്നു.
വനപ്രദേശത്ത് നിന്ന എല്ലാവരെയും ഗൈഡ് അപ്പോസ്റ്റല്‍ വിളിച്ച് വാഹനത്തില്‍ കയറ്റി. ഒരു സീറ്റ് ഒഴിഞ്ഞു കണ്ടു. പെട്ടെന്നയാള്‍  പുറത്തേക്കിറങ്ങി ചുറ്റുവട്ടം നോക്കി. താഴെ താഴ്വാരത്തില്‍ ഫോട്ടോ എടുത്തുകൊണ്ടിരുന്നവനെ വളരെ ഉച്ചത്തില്‍ വിളിച്ചുവരുത്തി യാത്ര തുടര്‍ന്നു. അപ്പോസ്റ്റല്‍ ഡ്രാക്കുള കോട്ടയുടെ  ചരിത്രപാഠങ്ങള്‍ തുറന്നു.  ലോക സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച റൊമാനിയയിലെ  ഡ്രാക്കുള കോട്ടയിലേക്കാണ് നമ്മുടെ യാത്ര.
റൊമാനിയന്‍ ഭാഷയില്‍ വ്ലാഡിനെ ഡ്രാക്കുള്‍ – ‘പിശാച്’ എന്നാണ് വിളിക്കുന്നത്.  എന്‍റെ  ചെറുപ്പത്തില്‍  ഡ്രാക്കുള രാജാക്കന്മാരില്‍ ചിലര്‍ രക്തദാഹികളെന്ന്  കേട്ടിട്ടുണ്ട്.  അന്നുമുതല്‍ മനസ്സില്‍ തുടികൊട്ടുന്ന പ്രസരിപ്പാണ് രക്തം കുടിച്ച് ദാഹമടക്കുന്ന  ഡ്രാക്കുള  കോട്ട കാണണമെന്ന്. ഇന്ന് ചിരിക്കുന്നവന്‍ നാളെ കരയുമെന്നൊരു ചൊല്ലുണ്ട്. ഞാന്‍ ഇന്നലെ കണ്ട സ്വപ്നം ഇന്ന് പൂവണിഞ്ഞിരിക്കുന്നു.  രക്തദാഹിയും ക്രൂരനുമായിരുന്ന വ്ലാഡ് മൂന്നാമന്‍റെ   ഡ്രാക്കുള ഇംപേലര്‍ കോട്ട മനസ്സില്‍ തെളിഞ്ഞുവന്നു. വളഞ്ഞുപുളഞ്ഞുകിടക്കുന്ന വന വഴികളിലൂടെ  മുന്നോട്ട് പോയി. വനത്തിനുള്ളിലെ വഴികള്‍ സഞ്ചാരയോഗ്യമാണ്. ഒരു നിമിഷം കേരളത്തിലെ  പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, മന്‍ഡ്രോതുരുത്ത് സഞ്ചാരപാതകള്‍ ഓര്‍ത്തു. ഒരു സഞ്ചാരിയും താറുമാറായി കിടക്കുന്ന റോഡിലൂടെ സഞ്ചരിച്ച് അവരുടെ മാംസപേശികള്‍ വേദനിപ്പിക്കാന്‍ ആഗ്രഹിക്കില്ല. കാടായാലും നാടായാലും റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം.  പെട്ടന്നൊരു  കാട്ടുപൂച്ച റോഡിന് കുറുകെ  മിന്നല്‍ വേഗത്തില്‍ ഓടിമറഞ്ഞത് കണ്ടു.
ഐറിഷ് നോവലിസ്റ്റ് ബ്രാം സ്റ്റോക്കര്‍ ഗോഥിക് കലാശില്പം പോലെ 1897 ല്‍   രചിച്ച  ആരെയും ഭയപ്പെടുത്തുന്ന  ഭീകര നോവലാണ് ഡ്രാക്കുള. (ഡബ്ലിനില്‍ ജനനം 08.11.1847 ലണ്ടനില്‍ മരണം 20.04.1912). ട്രാന്‍സില്‍വാനിയയിലെ ഡ്രാക്കുള കോട്ടയെ/  മ്യൂസിയത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത് ഈ നോവലാണ്.  ഡ്രാക്കുള  ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തവും സംഭവബഹുലവുമായ  രചനകളിലൊന്നാണ്. ഈ കൃതിയുടെ ചൈതന്യം പല എഴുത്തുകാരും  ഉള്‍ക്കൊണ്ടാണ് ലോകമെങ്ങും പിശാച്, ഭൂതം,  യക്ഷി, രക്തരക്ഷസ്സ് തുടങ്ങിയ കൃതികള്‍ എഴുതപ്പെട്ടത്. ഭൗതിക നേട്ടത്തിനായി ഈ പിശാചുക്കളെ   ദിവ്യന്മാരുടെ വേഷമണിഞ്ഞ ദുര്‍ബുദ്ധികളായ  മന്ത്രവാദികള്‍, ജ്യോത്സ്യന്മാര്‍, ആഭിചാരകാര്‍മ്മികര്‍  മനംനൊന്ത് കഴിയുന്ന അന്ധവിശ്വാസികളുടെ മനോരഥം മനസ്സിലാക്കി പാമ്പിനെപ്പോലെ ഇഴഞ്ഞു കയറി വിഷം കുത്തി വെച്ച് കൊല്ലുന്നു.  അവര്‍ ഭയപ്പെടുത്തുന്നത്  പൂര്‍വ്വജന്മത്തിലെ പാപങ്ങള്‍, വരാനിരിക്കുന്ന അപകടങ്ങള്‍, ദീര്‍ഘായുസ്സ് കിട്ടാന്‍, ഐശ്യരം ലഭിക്കാന്‍ തുടങ്ങി പലതും  ദുര്‍ബലമനസ്സുകളില്‍ നിറം പിടിപ്പിക്കുന്നു.   ദരിദ്ര രാജ്യങ്ങളിലാണ് ഇതിന് സാര്‍വത്രിക പരിഗണന  ലഭിച്ചത്. ഇവിടുത്തെ പര്‍വ്വത താഴ്വാരങ്ങളില്‍  താമസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍  ഇപ്പോഴും ഡ്രാക്കുളയുടെ പേര് പറഞ്ഞു കുട്ടികളെ ഭയപ്പെടുത്താറുണ്ടെന്ന് ഗൈഡ് പറഞ്ഞപ്പോള്‍  ഇന്ത്യന്‍  പുരാണങ്ങളിലെ എത്രയോ   ഡ്രാക്കുളമാരുടെ   സാന്നിധ്യം ഇന്ത്യയിലും  പ്രബുദ്ധ കേരളത്തിലുമുണ്ടെന്ന് തോന്നി. യാഥാര്‍ത്ഥ്യത്തിന്‍റ അസ്തിത്വം തിരിച്ചറിയാതെ അന്ധവിശ്വാസത്തിന്‍റെ ചിലന്തിവലയില്‍ കുരുങ്ങുന്നവര്‍.
ഡ്രാക്കുളയെപ്പറ്റി സമഗ്രമായി ഗൈഡ് വിവരിക്കവേ ഞാന്‍ ചോദിച്ചു. ഡ്രാക്കുള നോവല്‍ എഴുതപ്പെട്ടത് വ്യക്തമായ തെളിവോടെയാണോ? ഈ രാജാവ് ധാരാളം ക്രൂരതകള്‍ ചെയ്തും രക്തം കുടിച്ചും ആനന്ദം കണ്ടെത്തിയ വ്യക്തിയല്ലേ? അതിന് കിട്ടിയ ഉത്തരം. ഡ്രാക്കുള രാജാവില്‍ അന്തര്‍ലീനമായ കുറെ സംഭവങ്ങള്‍ക്ക്   പുതിയ മാനങ്ങള്‍ നല്‍കി കാല്പനിക ഭാവത്തോടെ എഴുതി.   അദ്ദേഹത്തിന്‍റെ പതിനെട്ട് നോവലുകളില്‍ ഏഴാമത്തെ കൃതിയായ ഡ്രാക്കുള മാസ്റ്റര്‍ പീസ് കൃതിയാണ്. ബ്രാം സ്റ്റോക്കര്‍  തന്‍റെ ആത്മകഥയില്‍ പറയുന്നത് ഇതെഴുതുമ്പോള്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ല. വായനക്കാരില്‍ താല്പര്യമുണ്ടാക്കാന്‍, വില്‍ക്കാന്‍ എഴുതിയതാണ്. ഇത് എഴുതപ്പെട്ടത്  ട്രാന്‍സില്‍വാനിയന്‍ നാടോടിക്കഥകള്‍, ചരിത്ര പുസ്തകങ്ങള്‍, പത്ര-ഡയറി- കത്തുകളില്‍ നിന്നാണ്.  ഇതിലെ അപൂര്‍വ്വത കണ്ടിട്ടാണ് ധാരാളം  സിനിമകള്‍പോലും പുറത്തിറങ്ങിയത്. എന്നാല്‍ ചില  ചരിത്ര പണ്ഡിതന്മാര്‍ പല വിയോജിപ്പുകള്‍  രേഖപ്പെടു ത്തിയിട്ടുണ്ട്.  ഞാന്‍ സാഹിത്യ കൃതികള്‍  വായിക്കുന്ന അറിവുകളില്‍ നിന്ന്  പറഞ്ഞാല്‍ ഒരു സാഹിത്യകാരന് പേരും പ്രശസ്തിയുമുണ്ടായാല്‍   ചിലര്‍ക്ക് മാനസികമായ തളര്‍ച്ചയുണ്ടാകുക സ്വാഭാവികമാണ്. ഗൈഡില്‍ ഒരു നല്ല വായനക്കാരന്‍റെ മനോഭാവം മാത്രമല്ല  ഡ്രാക്കുളയുടെ അന്തരാര്‍ത്ഥം ഒരു  ദൃശ്യാവിഷ്ക്കാരംപോലെ  അനാവരണം ചെയ്യാനുമറിയാം.  ഇമവെട്ടാതെ    ചേതോഹരങ്ങളായ വനഭംഗി  ആസ്വദിച്ചിരുന്നവരും  അതീവ താല്പര്യത്തോടെയാണ് ഗൈഡിന്‍റെ വാക്കുകള്‍ കേട്ടിരുന്നത്. എന്‍റെ അടുത്തിരുന്നയാള്‍ കുടിക്കാനായി  കുപ്പിവെള്ളം എന്‍റെ നേര്‍ക്ക് നീട്ടി. ഞാന്‍ നന്ദി പറഞ്ഞു നിരസിച്ചു.  ആ വലിയ   കുപ്പിയിലെ  മുഴുവന്‍ വെള്ളവും അയാള്‍ കുടിച്ചുതീര്‍ത്തു. മുന്നോട്ട് ഓടിക്കൊണ്ടിരുന്ന വാഹനം നിര്‍ത്താന്‍ ഗൈഡ് ആവശ്യപ്പെട്ടു.   വാഹനം നിറുത്തി. ഗൈഡ് ദൂരേക്ക് കൈചൂണ്ടി കുന്നിന്‍ചരുവിനടുത്തായി മേഞ്ഞുനടക്കുന്ന തവിട്ട് നിറമുള്ള രണ്ട് വലിയ  കരടികളെ കാണിച്ചു തന്നു. അതിനടുത്ത് ഓക്ക്, ലിന്‍ഡന്‍  മരങ്ങളാല്‍ മൂടപ്പെട്ട മലകള്‍.  പാറമലകളില്‍ നിന്ന് വെള്ളം താഴേക്ക് ചീറിപ്പായുന്നു.  വീണ്ടും  യാത്ര തുടര്‍ന്നു.  ഇവിടുത്തെ കാര്‍പ്പത്തിയന്‍ മലനിരകളിലെ  വന്യമൃഗങ്ങള്‍ കരടി, ചെന്നായ്, കാട്ടുപൂച്ച, കാട്ടുപോത്ത് തുടങ്ങിയവയെന്ന് ഗൈഡ് പറഞ്ഞു. അഗാധ ഗര്‍ത്തത്തിലൂടെ  ഒഴുകുന്ന നദി ഓള്‍ട്ട് ആണ്. വെറുമൊരു തോടുപോലെ തോന്നി.  ഈ അവസരം കേരളത്തിലെ  മൂന്നാറില്‍ നടത്തിയ യാത്ര ഞെട്ടിത്തരിപ്പോടെയോര്‍ത്തു. വനം വകുപ്പ് മലമുകളിലേക്ക് തേയിലത്തോട്ടങ്ങളിലൂടെ    വരയാടിനെ കാണിക്കാന്‍ സഞ്ചാരികളെ കൊണ്ടുപോകാറുണ്ട്. ഒറ്റവരി പാതയില്‍ എതിര്‍ഭാഗത്ത് നിന്ന് വരുന്ന  വാഹനത്തിന് പോകാനിടമില്ല.  വാഹനം വരുന്നത് കാണുവമ്പോള്‍ ഉള്ളില്‍ ഭയമാണ്. അത്യന്തം അപകടം പിടിച്ച ഒരു യാത്രയായി തോന്നി.   അഗാധമായ താഴ്വാരങ്ങളിലേക്ക് വാഹനം മറിഞ്ഞാല്‍  എല്ലുകള്‍ പോലും ബാക്കികിട്ടില്ല. മലമുകളിലെത്തുന്ന സഞ്ചാരികള്‍ക്ക് താഴെ പരസ്യപലകയില്‍ കണ്ട വരയാടിന്‍റെ ഒരു വരപോലും കാണാന്‍ സാധിച്ചില്ല.
ഡ്രാക്കുള നോവലിനെപ്പറ്റി ഗൈഡ് പറഞ്ഞതിനോട് യോജിക്കാനാണ് എനിക്കും തോന്നിയത്. അതിന് തെളിവായി ഗൈഡ് കൂട്ടുപിടിച്ചത് റൊമാനിയന്‍ ചരിത്രമാണ്.  അതിക്രൂരനായിരുന്ന വ്ലാഡ് മൂന്നാമന്‍ ഡ്രാക്കുളയെ ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ സാധിക്കുമോ? ഡ്രാക്കുള നോവല്‍ അതിന്‍റെ പൂര്‍ണ്ണ സൗന്ദര്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് മാത്രം. യൂറോപ്പിന്‍റെ പല ഭാഗങ്ങളും ഓട്ടോമന്‍ തുര്‍ക്കികള്‍ കീഴടക്കിക്കൊണ്ടിരിക്കെ 1462 ഫെബ്രുവരിയില്‍ വ്ലാഡ് മൂന്നാമന്‍ ഡ്രാക്കുള ഓട്ടോമന്‍ പ്രദേശങ്ങള്‍ പലതും കിഴടക്കുക മാത്രമല്ല പതിനായിരക്കണക്കിന് തുര്‍ക്കി, ബള്‍ഗേറിയക്കാരെ കൊന്നൊടുക്കി. നൂറുകണക്കിന്  പട്ടാളക്കാരെ  മൂര്‍ച്ചയേറിയ ശൂലങ്ങളില്‍, തടിതൂണുകളില്‍  കുത്തിനിറുത്തി അവരുടെ  ശരീരത്തില്‍ നിന്ന് ചീറിപാഞ്ഞുവരുന്ന രക്തത്തില്‍ മതിമറന്ന് പൊട്ടിച്ചിരിച്ചു.  അതിലൂടെ പിശാച് എന്ന വിളിപ്പേരുണ്ടായി. ഈ പിശാചിനെ  അയല്‍  രാജ്യങ്ങള്‍പോലും ഭയന്നു.
വ്ലാഡ് മൂന്നാമന്‍ ഡ്രാക്കുള  കൊട്ടാരത്തിലും യുദ്ധക്കളത്തിലും ഒരു പിശാചിനെപ്പോലെയായിരുന്നു.  ധാരാളം സ്ത്രീകളെ ശാരീരികമായി പീഡിപ്പിച്ചു.  ഓട്ടോമന്‍ തുര്‍ക്കി  വിരുദ്ധ യുദ്ധങ്ങളില്‍ യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നതിലും വ്ലാഡ് മൂന്നാമന്‍ ദി ഇംപലര്‍ വിജയിച്ചു. ബ്രിട്ടനും റഷ്യയും സഹായത്തിനുണ്ടായിരുന്നു. ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, റൊമാനിയന്‍ രാജകുടുംബങ്ങള്‍ തമ്മില്‍ ബന്ധുക്കളുമാണ്. മധ്യ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് ഓട്ടോമന്‍ പടയോട്ടം തടസ്സപ്പെടുത്തിയത് വ്ലാഡ് മൂന്നാമനായിരുന്നു.  മനസ്സില്‍ നിശബ്ദതയുടെ ഒരു വലയമുണ്ടായി. ഗൈഡ്   വ്ലാഡ് ഡ്രാക്കുള രാജാവിന്‍റെ മൃഗീയത പറഞ്ഞു ഞങ്ങളെ   ഭയപ്പെടുത്തുകയാണോ?
അകലെ ആകാശംമുട്ടെ  മഞ്ഞ് മൂടി കിടക്കുന്നത് കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്.  മനസ്സില്‍ വേരൂന്നിയത് എന്‍റെ ഹിമാലയന്‍   കൈലാസ് മാനസ സരസ്സു യാത്രയാണ്. അവിടെ കണ്ടതും ഇവിടുത്തേതുപോലെ  മഞ്ഞും മലകളും പാറക്കെട്ടുകളും താഴ്വാരങ്ങളും പര്‍വ്വതങ്ങളുമാണ്.   ഹിമാലയന്‍ പ്രകൃതി സൗന്ദര്യംപോലെ കാര്‍പ്പത്തിയന്‍ കാനന  സൗന്ദര്യം  വിസ്മയങ്ങളാണ്. ഹിമാലയസാനുക്കളില്‍ സന്യാസിമാര്‍, യോഗിവര്യന്മാര്‍ ഗുഹകളില്‍ ആത്മാവില്‍ തപസ്സനുഷ്ടിച്ചെങ്കില്‍ ഇവിടെ ഭയാനകമായ  വനാന്തരങ്ങളില്‍ ഡ്രാക്കുള രാജാക്കന്മാര്‍ അധികാര  കോട്ടകളാണ് നിര്‍മ്മിച്ചത്. ആരിലും അമ്പരപ്പുണ്ടാക്കുന്ന ഈ പര്‍വ്വത താഴ്വാരങ്ങളില്‍  എന്തൊക്കെ നിഗൂഢതകളാണ്  ഒളിഞ്ഞുകിടക്കുന്നത്?
കടപ്പാട് : Kalakaumudhi

About The Author

Leave a Reply

Your email address will not be published. Required fields are marked *