ലോക വനിതാദിനം – (അഡ്വ. പാവുമ്പ സഹദേവൻ)

Facebook
Twitter
WhatsApp
Email

Happy women’s day.

അഡ്വ. പാവുമ്പ സഹദേവൻ.

ഇന്ന് ലോക വനിതാദിനം.

ലോകം പുതിയൊരു ആഗോള ജീവിത സംസ്കാരത്തിലേക്ക് മുന്നേറ്റം നടത്തുമ്പോൾ, നമ്മുടെ സ്ത്രീകളുടെ അവസ്ഥ എന്താണ് ? ശരിയാണ്, കേരളത്തിലെ സ്ത്രീകൾ ഇന്ന് എല്ലാ ജീവിതരംഗത്തും മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, അപ്പോഴും നമ്മുടെ സ്ത്രീകൾ അസ്വതന്ത്രരായി ഭയചകിതരയി ജീവിതം തുടരുന്നു എന്നത് സംസ്കാരസമ്പനമായ ഒരു സമൂഹത്തിന് ഒരിക്കലും അഭിലക്ഷണീയമല്ല. എല്ലാ മേഖലകളിലും സ്ത്രീകൾ, ജോലികൾ കരസ്ഥമാക്കുകയും സാമ്പത്തിക സ്വാശ്രയത്വം ആർജ്ജിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുരംഗത്തെ അവരുടെ അസ്തിത്വവും വ്യക്തിത്വവും അന്തസ്സും അംഗീകരിച്ചുകൊടുക്കാൻ സമൂഹം (പുരുഷ സമൂഹം) ഇപ്പോഴും തയ്യാറായിട്ടില്ല എന്നത് ഒട്ടും ആശാവഹമല്ല. സ്ത്രീയെപ്പറ്റിയുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാട് ഇനിയും മാറേണ്ടതുണ്ട്. സ്ത്രീ ശരീരമല്ല, അന്തസ്സുള്ള വ്യക്തിത്വമാണ് എന്ന് അംഗീകരിക്കാൻ പുരുഷസമൂഹം തയ്യാറാകണം; ഒപ്പം സ്ത്രീകളും. നമ്മുടെ പൊതുയിടങ്ങൾ ഇപ്പോഴും പുരുഷന്മാരുടെ കുത്തകയായി തുടരുകയാണ്. അതിനാൽ സ്ത്രീകൾ, പൊതു ഇടങ്ങൾ തങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് പിടിച്ചെടുക്കാൻ മുന്നോട്ട് വരേണ്ടതുണ്ട്; അവർ തങ്ങളുടെ സംഘടിതശക്തി ഇനിയും തെളിയിച്ചെടുക്കേണ്ടതായിട്ടുണ്ട്; സ്ത്രീ ശാക്തീകരണം ( Women Empowerment ) പൊതുജീവിതത്തിലേക്ക് ഇനിയും കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്. തീരുമാനമെടുക്കുന്നതിലും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിലും സ്ത്രീകൾ ഇനിയും കൂടുതൽ മന:ശക്തി ആർജ്ജിക്കേണ്ടതുണ്ട്. കേരളത്തിൽ, സ്ഥൂല തലത്തിൽ സ്ത്രീകളുടെ ശക്തിസന്ന്യദ്ധ്യം പ്രകടമാണെങ്കിലും സൂക്ഷ്മതലത്തിൽ അതിപ്പോഴും വേണ്ടത്ര പൊതു-സ്വകാര്യ മണ്ഡലങ്ങളിലേക്ക് വിന്യസിക്കപ്പെട്ടിട്ടില്ല. പുരുഷാധിപത്യ പ്രത്യയശാസ്ത്രത്തിൻ്റെ സാമൂഹികാന്തരീക്ഷത്തെ ഭേദിച്ച് മുന്നേറാൻ സ്ത്രീകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനെ മുറിച്ചുകടക്കാൻ സ്ത്രീ സമൂഹത്തിൻ്റെ കൂട്ടായ പഠന പരിശീലനങ്ങൾ അവശ്യം ആവശ്യമാണ്. ബദൽ പ്രത്യയശാസ്ത്ര പഠന പരിശീലനങ്ങളിലൂടെ സ്ത്രീകൾക്ക് പൊതുജീവിതത്തിലേക്കു മുന്നേറാനുള്ള എല്ലാവിധ ഭൗതികമായ മുന്നുപാധികളും കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അധികം താമസിയാതെതന്നെ സ്ത്രീവിമോചന സങ്കല്പനങ്ങൾ പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കേരളീയ ജീവിതത്തിൻ്റെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക മണ്ഡലങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും സ്ത്രീകളോടുള്ള സമീപനത്തിലും മനോഭാവത്തിലും ഇപ്പോഴും പഴയ പുരുഷാധിപത്യ മനോഭാവം ( Male Chouvanism) തന്നെയാണ് നിലനിൽക്കുന്നത്. പഴയ ഫ്യൂഡലിസ്റ്റ് സംസ്കാരത്തിൻ്റെ ചീഞ്ഞുനാറിയ അവശിഷ്ടങ്ങൾ സമൂഹത്തിൻ്റെ മനോഭാവത്തെ ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു; ഒപ്പം പുതിയ മുതലാളിത്ത സംസ്കാരത്തിൻ്റെ ജീർണ്ണതകളും സമൂഹത്തെ പിടികൂടിയിരിക്കുന്നു. ഈ കാര്യത്തിൽ ഒരു അടിമുടി പൊളിച്ചെഴുത്ത് (deconstruction) അടിയന്തിരമായിട്ടുണ്ട്. സ്ത്രീകൾക്കനുകൂലമായ ഒട്ടേറെ നിയമങ്ങളുണ്ടെങ്കിലും, സ്ത്രീകൾ പല തരത്തിൽ ആക്രമിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും കേരളത്തിൽ നിത്യസംഭവമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികളെടുക്കാൻ സർക്കാരും തയ്യാറാകണം. Highly advanced ആയ western countries ൽ സ്ത്രീകൾ താരതമ്യേനെ സുരക്ഷിതരും സ്വതന്ത്രരുമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവിടെ കുറവാണ്. അവിടെ രാത്രികാലങ്ങളിൽ ഭയപ്പാടില്ലാതെ സ്ത്രീകൾക്ക് സ്വതന്ത്രരായി സഞ്ചരിക്കാൻ കഴിയുന്നുണ്ട്. നമ്മുടെ നാട്ടിൽ, ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് സ്വതന്ത്രരായി, നിർഭയരായി സഞ്ചരിക്കാൻ സ്ത്രീകൾക്ക് കഴിയാത്ത അവസ്ഥയുണ്ട്. രാത്രിക്ക്, പകൽ സമാനമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ സ്ത്രീകളുടെ ബോധപൂർവ്വമായ ഇടപെടൽ ആവശ്യമാണ്; അതിന് പുരോഗമനേച്ഛുക്കളായ പുരുഷന്മാരുടെ പിന്തുണയും ആവശ്യമാണ്.

സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ക്രൈമുകൾ പൊതുവെ കുറവും സ്ത്രീകൾ തൊണ്ണൂറ്റൊമ്പത് ശതമാനവും സുരക്ഷിതരുമാണ്. എന്നാൽ ജനാധിപത്യ സംസ്കാരത്തെപ്പറ്റി ഊറ്റം കൊള്ളുന്ന നമ്മുടെ രാജ്യത്ത് സ്ത്രീകൾക്കെതിരായ ആക്രമങ്ങളും പീഢനങ്ങളും നിരന്തരം വർദ്ധിച്ചുവരികയാണ്. സ്ത്രീധന മരണങ്ങളും കുറവല്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമങ്ങളെയും പീഡനങ്ങളെയുംപറ്റിയുള്ള വാർത്ത കളും റിപ്പോർട്ടുകളും ഒരിക്കലും ഒരു പരിഷ്കൃതസമൂഹത്തിന് അഭിമാനിക്കാൻ വക നൽകുന്നതല്ല. ഇവിടെ, സമ്പത്തും അവിഹിതമായ ജാതി മത രാഷ്ട്രീയ സ്വാധീനവും പ്രതികളെ രക്ഷപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കുന്നുണ്ട്, തന്മൂലം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നുമുണ്ട്. പുതിയൊരു ജനാധിപത്യ സംസ്കാരത്തിലൂടെയേ ഈ അരാജകമായ അന്തരാളഘട്ടത്തെ മറികടക്കാൻ കഴിയുകയുള്ളൂ. ക്രിമിനലുകൾ നമ്മുടെ രാഷ്ട്രീയ രംഗം അടക്കിവാഴുന്നത് ജനാധിപത്യ രാഷ്ട്രീയവ്യവസ്ഥയുടെ ശാപമാണ്. അഴിമതിക്കാരെയും കുറ്റവാളികളെയും പരിപൂർണ്ണമായും സമൂഹം ഒറ്റപ്പെടുത്തുന്ന ഒരു പുതുപുത്തൻ ജനാധിപത്യസംസ്കാരം നമുക്ക് ബോധപൂർവ്വം വളർത്തിയെടുക്കേണ്ടതുണ്ട്.

NB : ഇതൊരു ലഘുവായ കുറിപ്പാണ്. കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണ്. സജിന വക്കീലിൻ്റെയും ഗ്രീഷ്മ വക്കീലിൻ്റെയും സ്ത്രീവിമോചന സങ്കല്പ താല്പര്യങ്ങളാണ് വേഗത്തിൽ ഇങ്ങനെയൊരു കുറിപ്പ് തയ്യാറാക്കാൻ എന്നെ പ്രേരിപ്പിച്ചത്.

Written by Adv. Pavumpa Sahadevan.

About The Author

One thought on “ലോക വനിതാദിനം – (അഡ്വ. പാവുമ്പ സഹദേവൻ)”
  1. വനിതാദിനത്തിൽ ഓർമ പെടുതേണ്ട ചിൻദ്പ്പിക്കേണ്ട കാലിക പ്രസക്തമായ വരികൾ .അഭിനന്ദനങ്ങൾ Sir

Leave a Reply

Your email address will not be published. Required fields are marked *