വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 5– ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email
അദ്ധ്യായം 5.


           അന്നുതന്നെ മേരിമ്മ സ്വഭർത്താവിന് സൂചന നൽകി. ഗീതയുടെ വാക്കുകൾ അതേപോലെ അവൾ ഭർത്താവിനെ അറിയിച്ചു.
‘അവനിഷ്ടമാണെങ്കിൽ അതുതന്നെ നടക്കട്ടെ.’
ആ അഭിപ്രായം കേട്ടപ്പോൾ അവൾ സന്തോഷചിത്തയായി.
ചാക്കോച്ചനും കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അഭിപ്രായം മാറ്റി.
‘കെട്ടാനുള്ളവന് അതാണിഷ്ട മെങ്കിൽ അതു നടക്കട്ടെ. വരും വരാഴികകൾ ഒക്കെ വഴിയെ.’
       പക്ഷെ ശോശാമ്മയുടെ പക്ഷത്തു നിന്നും അനുകൂലമായ ഒരു മറുപടി ഉണ്ടായില്ല. വിവാഹത്തിനു മുൻപുള്ള ആൺ പെൺ ഇഷ്ടം. അതവർക്ക് ഉൾക്കൊള്ളാവുന്നതായിരുന്നില്ല. അതിന്റെയും കുറ്റം അവർ ലിസായുടെ തലയിലാണ് കെട്ടി വച്ചത്.
‘ഓരോന്ന് ജോലിക്കാന്നും പറഞ്ഞ് ഇറങ്ങിക്കോളും കൊള്ളാവുന്ന ചെറുക്കന്മാരെ കയ്യും കലാശവും കാണിച്ച് വല വീശി പിടിക്കാൻ’
            അനുജന് വേണ്ടി മേരിമ്മ ഇണങ്ങിയും പിണങ്ങിയും വാദിച്ചു നോക്കി.അവൾ
പറഞ്ഞാൽ സമ്മതിക്കാത്ത ഒരു കാര്യവും ശോശാമ്മക്ക് ഉണ്ടായിരുന്നില്ല. സ്വന്തം പെൺമക്കളെക്കാൾ സ്നേഹവും വിശ്വാസവും അവർക്ക് അവളോടുണ്ടായിരുന്നു.
പക്ഷെ ഇക്കാര്യത്തിൽ അവർ പതിവ് ലംഘിച്ചു.
          ‘ഇനി ഇതെക്കുറിച്ച് നീയെന്നോട് പറയാൻ വന്നാൽ നമ്മള് തമ്മിൽ പിശകും ‘
    അമ്മയുടെ ആ അറ്റകൈ പ്രയോഗം മേരിമ്മയെ തളർത്തി ക്കളഞ്ഞു. പിന്നെ അവൾ ഒന്നും പറയാൻ നിന്നില്ല.
          ശോശാമ്മ വാശിയിൽ തന്നെയായിരുന്നു. അവർ ആളയച്ചു പാപ്പിക്കുഞ്ഞിനെ വിളിപ്പിച്ചു. പാപ്പിക്കുഞ്ഞ് ശോശാ മ്മയുടെ വല്ല്യാങ്ങളയുടെ മകളുടെ ഭർത്താവാണ്. ഒരു കല്യാണദല്ലാൾ.അയാൾ
നേരത്തെ ഒരാലോചന കൊണ്ടു വന്നിരുന്നു. കുറേ കിഴക്കാണ് വീട്. വീടും വീട്ടുകാരും കൊള്ളാം. പടം കണ്ടിട്ട് പെണ്ണും കൊള്ളാം. പെണ്ണിന് ജോലിയുമില്ല. പക്ഷെ കോളേജിൽ പോയിട്ടുണ്ട്. ചേട്ടനെ പോലെ അല്ലല്ലോ അനുജൻ അവനു പഠിത്തം ഉണ്ട്. പെണ്ണിനും അത് അല്പം ഉള്ളതല്ലേ നല്ലത്. ചേട്ടന് പറ്റിയ പെണ്ണിനെ കൊണ്ടു വന്നതും പാപ്പിക്കുഞ്ഞ് . ഇതും അങ്ങനെ തന്നെ മതി. അതു ശരിയാകാതെയിരിക്കുമോ.
        പെണ്ണുകാണാൻ പോകുന്ന ദിവസം, മറ്റു കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യുകയാണ് ശോശാമ്മ. ചാക്കോച്ചൻ എല്ലാം കേട്ട്
മൂളി മൂളി ഇരുന്നു. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ. വന്നിരിക്കുന്നത് പ്രിയപ്പെട്ട അളിയന്റെ മരുമകൻ. വിളിച്ചു വരുത്തിയതോ സ്വന്തം ഭാര്യ. നല്ലതിനായിരിക്കും.എന്നു സമാധാനിക്കാം.
         ബേവച്ചൻ കുറേ ദിവസങ്ങൾ ആയി ഓഫീസിൽ പോയിട്ട്. ലിസായെ അഭിമുഖീകരിക്കാൻ പ്രയാസം. അവളോട് എന്തു പറയും? അവളറിയുന്നുണ്ടോ ഈ വീട്ടിൽ നടക്കുന്ന പുകിലുകൾ. ഒരു ദിവസം കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോഴോ എങ്ങനെ കാണാ തിരിക്കാം എന്ന ചിന്തയാണ് മുന്നിട്ടു നിൽക്കുന്നത്.
             എന്നാൽ ബേവച്ചന്റെ ആ സംശയം തികച്ചും അസ്ഥാനത്തായിരുന്നു.ദിവസേന ഉണ്ടാകുന്ന സംഭവങ്ങൾ പ്രഭാകരനിൽ നിന്നും ഗീതയിൽ കൂടി ലിസാ അറിയുന്നുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും അവൾ സ്വയം ദുഃഖം കടിച്ചമർത്തി. മനസ്സിലേറ്റ പോറലുകളുടെ ഒരംശം പോലും പുറത്തു
വരാതിരിക്കാൻ ആ പാവം പെൺകുട്ടി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.
എങ്കിലും താൻ ഏറ്റവും സ്നേഹിക്കുന്ന ,തന്നെ ഏറ്റവും ഇഷ്ടപ്പെടുന്ന , കൂട്ടുകാരിയുടെ മുൻപിൽ അവൾ ഒരു
കൊച്ചുകുട്ടിയെന്ന പോലെ നിന്നു വിങ്ങിപൊട്ടി. ദുഃഖിതയായ
ലിസായെ ആശ്വസിപ്പിക്കാൻ ഗീതക്കൊരു വാക്കും കണ്ടെത്താനായില്ല. രണ്ടു തുള്ളി
കണ്ണുനീർ താൻ കൂട്ടിപ്പിടിച്ചിരുന്ന
കൂട്ടുകാരിയുടെ കൈത്തലങ്ങ ളിൽ അർപ്പിക്കാനല്ലാതെ.
             ലിസായുടെ ഭാവം ഒരു നിമിഷം കൊണ്ട് മാറി. അവൾ എന്തോ ദൃഢനിശ്ചയം ചെയ്ത വളെപ്പോലെ പറഞ്ഞു.
‘ ‘ഗീതേ!ഇനി കരഞ്ഞിട്ടും പറഞ്ഞിട്ടും കാര്യമില്ല. ആളെ മറക്കാൻ എനിക്കു സാധിക്കില്ല, എത്ര ശ്രമിച്ചാലും. എങ്കിലും ആ
ജീവിതപാതയിൽ ഒരു വിലങ്ങു തടിയാകാൻ ഞാൻ നിൽക്കുന്നില്ല അല്ല ഉണ്ടാവുകയില്ല.”
 “നീ എന്താണ് പറയുന്നത് ലിസാ?”
“നീ പേടിച്ചുപോയോ? ഞാൻ ആത്മഹത്യയൊന്നും ചെയ്യില്ല. സാറിനോട് ഓഫീസിൽ വരാൻ പറയൂ. എത്ര നാളെന്നു വച്ചാണ് ഇങ്ങനെ ഒഴിഞ്ഞുമാറി മാറി നടക്കുന്നത്.?”
          ലിസായുടെ വാക്കുകൾ ഗീത അത്ഭുതത്തോടെ കേട്ടുനിന്നു. ഈ പെൺകുട്ടി ഒരസാധാരണ വ്യക്തിതന്നെ. ഉള്ളു പുകഞ്ഞു നീറുമ്പോഴും പുഞ്ചിരിക്കാൻ കഴി യുന്നവൾ.ഇരുട്ടിനെ പകലാക്കാൻ പറ്റുന്നവൾ.പാവം!
              ഗീതയുടെ വാക്കുകൾ അയാൾ അപ്പാടെ അനുസരിച്ചു. അല്ലെങ്കിലും എത്ര നാളെന്നു വച്ചാണ് ഒളിച്ചു നടക്കുക. ഓഫീസിൽ വർക്ക്‌ തലക്കു തലയിൽ ആകുകയും ചെയ്യും. അത്യാവശ്യം വരുന്നവ ആരെങ്കിലും കൈകാര്യം ചെയ്യുമായിരിക്കും. സ്വന്തം ടേബിളിലെ ജോലി നോക്കണോ മറ്റുള്ളവരുടേത് നോക്കണോ?ആരാണ് അങ്ങനെ ഒരു താല്പര്യം കാണിക്കുക.
             പടികടന്നു വരുന്ന ബേവച്ചനെ അകത്തിരുന്ന ലിസാ കാണുന്നുണ്ടായിരുന്നു. ഭാഗ്യം ആരും എത്തിയിട്ടില്ല. അവൾ
എഴുനേറ്റു അവന്റെ സീറ്റിനടുത്തേക്ക് ചെന്നു.അവൻ അവളുടെ മുഖത്തേക്ക് ഒന്നു
നോക്കി പിന്നെ കുനിഞ്ഞിരുന്നു അവൾക്ക് തന്നോട് എന്തായിരിക്കും തോന്നുക.ദേഷ്യ മോ വെറുപ്പോ,വിദ്വേഷമോ,
എന്തായാലും സഹിച്ചല്ലേ പറ്റൂ. അതോ തന്നെ ഒരു ഭീരുവായി കണ്ടിരിക്കുമോ? താനൊരു ഭീരു അല്ല. പക്ഷെ നിർബന്ധപൂർവ്വം ആക്കപ്പെടുകയായിരുന്നു അമ്മയുടെ വാക്കുകൾ തന്നെ ആ വിധത്തിൽ ആക്കിതീർത്തു.
   “ബേവച്ചന് എന്താ ഒരു വിഷമം പോലെ?”
ലിസാ തന്നെ മൗനത്തിനു വിരാമം ഇട്ടു.
“ബേവച്ചൻ ഒട്ടും വിഷമിക്കരുത്. ഞാൻ ഗീതയിൽ നിന്നും എല്ലാം മനസ്സിലാക്കി. ഇതിൽ ആരും തെറ്റുകാരല്ല അവർ അവരുടെ ന്യായം പറഞ്ഞു. നമ്മൾ ഒന്നു മന സ്സിൽ കണ്ടു. ദൈവത്തിന് അതു ഇഷ്ടമായില്ല. അവർ പറയുന്നതിനോട് യോജിക്കുക. അവരുടെ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടെങ്കിലേ ജീവിതം വിജയിക്കു. എന്നെ ഓർത്ത് സാർ വിഷമിക്കരുത്. സാറിന്റെ നന്മക്കായി ഞാൻ എന്തും ത്യജിക്കും.”
    അവളുടെ സംബോധനയിലെ വ്യത്യാസം മനസ്സിലായെങ്കിലും ഒന്നും പറയാൻ അവനായില്ല. ഇനിയും താനവൾക്ക് ഒരന്യൻ മാത്രം. വെറുതെ എന്തിന് അവൾ തന്നോട് സ്നേഹപൂർവം പെരുമാറണം? തന്നെ സ്നേഹത്തോടെ സംബോധന ചെയ്യണം?ഹൃദയം നിറഞ്ഞിരിക്കുമ്പോൾ നാവ് നിശ്ചലമാകുമെന്ന് ആരോ പറഞ്ഞതെത്ര പരമാർത്ഥം.
       രണ്ടുപേരും അവരവരുടെ മുറികളിൽ സ്വസീറ്റുകളിൽ ഉണ്ടായിരുന്നു എന്നു മാത്രം. പാവം!ചെകുത്താനും നടുക്കടലിനും മദ്ധ്യേയാണല്ലോ സാറിപ്പോൾ. ഒരു വശത്ത് തന്നോടുള്ള അകൈതവമായ
സ്നേഹം. മറുവശത്തു നൊന്തു പ്രസവിച്ച് ഊട്ടിവളർത്തിയ അമ്മയോടുള്ള സ്നേഹം,
വിധേയത്വം.അദ്ദേഹത്തിന്റെ നല്ല ഭാവിയിൽ താനൊരിക്കലും ഒരു വിലങ്ങുതടിയാകാൻ പാടില്ല. തന്റെ മുഖം കണ്ടുകൊണ്ട് അദ്ദേഹത്തിനൊരിക്കലും സമാധാനമായി ഈ ഓഫീസിൽ തുടരാൻ ആവില്ല. പകൽ തന്റെ മുഖവും രാത്രി ഭാര്യയുടെ മുഖവും.നിഷ്കളങ്കമായി സ്നേഹിച്ച ഒരു പുരുഷനും ഒരു സ്ത്രീക്കും അതാവില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ, ബേവച്ചനും തനിക്കും അതു തന്നെയായിരിക്കും നല്ലത്.
           ബേവച്ചനും മറ്റൊരു ലോകത്തായിരുന്നില്ല.ഗീതയുടെ മുന്നിൽ ഒരു കൊച്ചുകുഞ്ഞിനെ പ്പോലെ പൊട്ടിക്കരഞ്ഞ അവൾക്കു ഇപ്പോൾ എങ്ങനെ ഈ വിധത്തിൽ തന്നോട് സംസാരിക്കാനും പെരുമാറാനും പറ്റുന്നു? ഒരു തത്വചിന്തകയെ പോലെ… സ്ത്രീകൾക്കുള്ള പ്രത്യേക കഴിവാണോ ഇത്? ഉള്ളു ചുട്ടുനീറുമ്പോഴും സരസമായി സംസാരിച്ച്‌…. പാവം. അവളെ താൻ എന്തെല്ലാം പറഞ്ഞ് പ്രലോഭിപ്പിച്ചിരുന്നു. ആ താൻ തന്നെ അവളെ ചതിക്കയായി രുന്നില്ലേ?
         ഒരിക്കൽ തട്ടിക്കളഞ്ഞ വിവാഹം. അന്നു തനിക്ക് തന്റേടം ഉണ്ടായിരുന്നു. കുറച്ചുകൂടെ കഴിയട്ടെ എന്നല്ലാതെ ഉള്ള കാര്യം അന്നേ പറഞ്ഞിരുന്നെങ്കിൽ ഈ
സ്ഥിതി വരുമായിരുന്നോ? അന്ന് അതു ഉള്ളിൽ ഒളിപ്പിച്ചു. ഇന്നിപ്പോൾ വളരെ വൈകി പ്പോയി. ആദ്യം പ്രഭാകരനിലൂടെ, പിന്നീട് ചേടത്തിയമ്മയുടെ വീതം എല്ലാറ്റിനും അമ്മ ഒരേ മറുപടി. രണ്ടേ വരാനുള്ളു രണ്ടും ഒരു പോലെ മതി. അമ്മയുടെ കടും പിടിത്തം എല്ലാം തകിടം മറിച്ചു. ആരെല്ലാം ഏതെല്ലാം രീതിയിൽ പറഞ്ഞു നോക്കി. അമ്പിനും വില്ലിനും അടുക്കാതെ വന്നാൽ..

About The Author

Leave a Reply

Your email address will not be published. Required fields are marked *