ഓശാനയും കഷ്ടാനുഭവവും ! – (സൂസൻ പാലാത്ര)

Facebook
Twitter
WhatsApp
Email

യേശുക്രിസ്തുവും ശിഷ്യന്മാരും യാത്രചെയ്ത്, യെരുശലേമിനടുത്ത് ഒലീവ്മലയരികേ ബത്ത്ഫാഗയിലും ബേഥാന്യയിലുംഎത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ എതിരെയുള്ള ഗ്രാമത്തിലേക്കയച്ച് ഇപ്രകാരംപറഞ്ഞു:
“അവിടെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെകാണും. അതിനെ അഴിച്ചുകൊണ്ടുവരുവിൻ, ഇത് എന്തിനുചെയ്യുന്നു എന്നാരെങ്കിലും ചോദിച്ചാൽ കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ടെന്നു പറവിൻ.
ശിഷ്യന്മാർ അപ്രകാരം കഴുതക്കുട്ടിയെ യേശുവിനു നല്കി. യേശു അതിന്മേൽ കയറിയിരുന്നു.
എതിർഗ്രാമത്തിൽ കെട്ടിയിട്ടനിലയിൽ കഴുതക്കുട്ടിയെകാണാൻതക്കവണ്ണം ഉൾക്കണ്ണുള്ളവനാണ് യേശു. യേശു ക്രിസ്തു എല്ലാം കാണുന്നവനാണ്. കണ്ടിട്ട് വെറുതേ മടങ്ങാറില്ല. രോഗസൗഖ്യം വേണ്ടവർക്ക് സൗഖ്യം, അപ്പം വേണ്ടവർക്ക് അപ്പം, സ്വാതന്ത്ര്യം വേണ്ടവർക്ക് സ്വാതന്ത്ര്യം; ഇങ്ങനെ അനാഥരെയും വിധവകളെയും മാറാരോഗികളേയും ഒറ്റപ്പെട്ടവരെയും പാരതന്ത്ര്യമനുഭവിക്കുന്നവരെയും യേശു രക്ഷിച്ചു.

കഴുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്, തീരേ ബുദ്ധിയില്ല. അതിനാൽത്തന്നെ ആരും കഴുതയെ കെട്ടാറില്ല. എന്നാൽ ഈ കഴുത കെട്ടപ്പെട്ടനിലയിലാണ്. ബന്ധനത്തിൽപ്പെട്ടവരെ സ്വതന്ത്രനാക്കുന്നവനാണ് എൻ്റെ യേശു.
ദൈവം എല്ലാറ്റിൻ്റെയും ആദ്യഫലത്തിൻ്റെ കല്പന പുറപ്പെടുവിച്ചപ്പോൾപ്പോലും കഴുതയെ വീണ്ടെടുക്കാൻ പറഞ്ഞത് ആട്ടിൻകുട്ടിയെക്കൊണ്ടാണ്. അത്ര കൊള്ളരുതാത്ത കഴുത. മഹനീയസ്ഥാനമൊന്നുമില്ലാത്ത വെറുമൊരുമൃഗം!

യേശു, ആ കഴുതയുടെ കെട്ടഴിപ്പിച്ചു. ശിഷ്യന്മാർ തങ്ങളുടെ ഉത്തരീയങ്ങളെ അതിന്മേൽ വിരിച്ചു. യേശു അതിന്മേൽ കയറിയിരുന്നു. യേശു എവിടെപ്പോയാലും അവൻ്റെ ലാവണ്യവാക്കുകൾ കേൾക്കാനും സൗഖ്യം പ്രാപിക്കാനുമായി ജനസഞ്ചയം പിന്നാലേ കാണും. അനേകർ തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു. മറ്റുചിലർ പറമ്പുകളിൽനിന്നു ചില്ലിക്കൊമ്പുകൾ വെട്ടി, വഴിയിൽ വിതറി. ഇത് ആ കഴുതയെ മാനിച്ചിട്ടല്ല. രാജാധിരാജൻ അതിന്മേൽ ഇരുന്ന് സഞ്ചരിക്കുന്നതുകൊണ്ടുമാത്രമാണ്. ജനം, കൈയിൽ ഈന്തപ്പനകളുടെ കുരുത്തോലകളും ഒലിവിലക്കൊമ്പുകളും പിടിച്ച് ഉച്ചത്തിൽ ഘോഷിച്ചു. “ഹോശന്നാ, കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിൻ്റെരാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ. അത്യുന്നതങ്ങളിൽ ഹോശന്ന”
ചുമടുചുമക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത കഴുതയെപ്പോലും മാനിച്ചവനാണ് യേശു.

യേശുവിൻ്റെ ദേവാലയപ്രവേശം, നഗരപ്രവേശം, ജനങ്ങൾ നല്കിയ വരവേല്പ് ഒന്നും ഇഷ്ടപ്പെടാതിരുന്ന, യെരുശലേം ദൈവാലയത്തിലെ മഹാചാര്യന്മാരായ അന്നാസും മരുമകൻ കയ്യാഫാവും യേശുവിനെ എങ്ങനെയെങ്കിലും പിടിക്കുവാൻ തീരുമാനിച്ചു. യേശു ദേവാലയം ഒരു കച്ചവടസ്ഥലമാക്കിമാറ്റിയവരെ ചാട്ടവാർ ചുഴറ്റി, അടിച്ചോടിച്ചു ! ദേവാലയത്തിൽക്കയറി നാണയം മാറുന്നവരുടെ പീഠങ്ങൾ മറിച്ചുകളഞ്ഞു. പാപബലിയ്ക്കുള്ള യാഗവസ്തുക്കളായ പ്രാക്കളെയും ആടിനെയും വില്ക്കുന്നവരെയെല്ലാം യേശു ചാട്ടവാർ എടുത്തടിച്ചു പുറത്താക്കി. “എൻ്റെ ആലയത്തെ നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കിമാറ്റി ” എന്ന് അട്ടഹസിച്ചതൊന്നും ആചാര്യന്മാർക്ക് ദഹിച്ചിട്ടില്ല. എന്നാൽ പ്രവാചകപ്പുസ്തകങ്ങളെയും ന്യായപ്രമാണത്തെയും യേശു നിവർത്തിക്കുകയാണ് ചെയ്തത്.
‘യേശുവിനെപിടിച്ച്, കൈസറിനെ ഏല്പിച്ച്, ഇവൻ തന്നത്താൻ രാജാവാകാൻ ശ്രമിച്ച് കൈസറിന് വിരോധിയായി എന്ന് രാജദ്രോഹക്കുറ്റവും, ഇവൻ ദൈവപുത്രനെന്ന് പറഞ്ഞ്, ‘ ദൈവദൂഷണവും പറഞ്ഞു, നമ്മുടെ ആളുകളെ അവൻ്റെ അദ്ഭുത പ്രവൃത്തികൾകൊണ്ട് മറിച്ചുകളഞ്ഞു, ശബ്ബത്തിൽ രോഗികളെ സൗഖ്യമാക്കി, ശബ്ബത്തിനെ അശുദ്ധമാക്കി ന്യായപ്രമാണം ലംഘിച്ചു, എന്നാക്കെ, ക്രൂശുമരണം വിധിക്കത്തക്കവണ്ണമുള്ള ഗൗരവതരമായ കുറ്റങ്ങൾ ചുമത്താൻ മഹാചാര്യന്മാർ ശ്രമിച്ചു. അതിനായി അവർ, യേശുവിൻ്റെ വിരോധികളായ കൈസറിനും ഹെറോദോസിനും ഒപ്പം ചേർന്നു.
നാം ഒരുകാലത്ത് ബ്രിട്ടണിൻ്റെ ഭരണത്തിൻകീഴിലായിരുന്നതുപോലെ, അക്കാലത്ത് സീയോൻമല തുടങ്ങിയുള്ള പ്രവിശ്യകൾ റോമാധിപത്യത്തിൻ്റെ നുകത്തിൻ കീഴിലായിരുന്നു. അതിനാലാണ്, റോമൻ ഗവർണ്ണർ ആയിരുന്ന പീലാത്തോസിനെക്കൊണ്ട്, യേശുവിനെ മരണശിക്ഷക്കു വിധിക്കുവാൻ, യൂദന്മാർ ശ്രമിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *