ദിവാകരഗൃഹം – (സജിത്ത് സി പടന്ന)

Facebook
Twitter
WhatsApp
Email

പഴയ ചേരുവകളുടെ ഗ്രാമം ഗ്രാമമായിത്തന്നെ നില്ക്കുന്ന അപൂർവ്വം ഇടങ്ങളിലൊന്നാണിവിടം. പുറത്ത് നിന്ന് വരുന്നയൊരാൾക്ക് ഇവിടം അപരിചിതമായിത്തോന്നും. കാലം
തറഞ്ഞുകിടക്കുന്നതായും തോന്നും. പാടങ്ങളും തോടുകളും മാത്രമല്ല കുണ്ടനിടവഴികളും നാട്ടുനടപ്പാതകളും ശീമക്കൊന്നയുടേയും നായ്ക്കരിമ്പിന്റേയും നൊച്ചികളുടേയും വേലികളും മറ്റെവെടെയെങ്കിലും ഇക്കാലത്തുണ്ടോ? ദിവാകരാലയം ഒന്നേരയേക്കർ പറമ്പിലാണ്. അതിന്റെ അതിരുകൾ വിശാലമായ പാടത്തേത്തേക്കാണിറങ്ങുന്നത്. വീട്ടുതൊടിയേ ചുറ്റി കയ്യാലയും കയ്യാലയ്ക്ക് മുകളിൽ ശീമക്കൊന്നകളുമാണ്. വീടിന്റെ മുന്നിൽ ചെമ്പരത്തിയും വിവിധ വർണ്ണങ്ങളിലുള്ള കടലാസുപൂച്ചെടികളും ഒരാൾ പൊക്കത്തിൽ വളർന്നു കിടക്കുന്നു. അതിന്റെ വരാന്തയിൽ ചട്ടികളിൽ പലതരത്തിലുള്ള കള്ളിമുൾച്ചെടികൾ കാണാം. പറമ്പിൽ പലതരം മരങ്ങളാണ്; സദാ കലപില കൂട്ടുന്ന കിളികളും. അന്ന് ഞായറാഴ്ചയായിട്ടും അമ്മയുടെ പതിവ് പല്ലവി കേട്ടാണ് ഉണർന്നത്.
ദിവകരാ… ദിവാകരോ… എടാ…എണിക്കടാ……എണീച്ചു ചായ കുടിക്ക്.
സമയം പത്ത് മണിയായെടാ…ചായ തണിയും…പിന്നെ എന്നോട് പറഞാല് ഞാൻ ചൂടാക്കി തരൂല…

അമ്മ വിടാൻ ഭാവമില്ല. നാരായണിക്ക് വയസ്സ് എൺപത് കഴിഞ്ഞു. വാർദ്ധക്യ പെൻഷൻ വാങ്ങാൻ തുടങ്ങിയിട്ട് തന്നെ രണ്ട് പതിറ്റാണ്ട് പിന്നിട്ടു. തലമുടി വെഞ്ചാമരം പോലെയായി. പക്ഷെ, ശബ്ദത്തിന് മാത്രം പ്രായമില്ല. അതിപ്പോഴും ഒരു കുപ്പിച്ചില്ലുപോലെ കൂർത്ത് മൂർത്ത് തെറിച്ചു നിൽക്കുന്നു. കൊള്ളുന്നവരിൽ പോറലുണ്ടാക്കുന്നു.

അമ്മേ, നിങ്ങ ചൂടാക്കി തരണ്ട.
ഞാൻ തന്നെ ചൂടാക്കി കുടിച്ചോളും…
നിങ്ങ ഒന്ന് മിണ്ടാണ്ട് നിന്നെ…

കൊതുവലക്കുള്ളിൽ പുതപ്പിന്റെ ഉള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടു. മുറിഞ്ഞുപോയ സ്വപ്നത്തിന്റെ പിന്നാലെ പോയി. എന്തായിരുന്നു സ്വപ്നം. ഓർമ്മയിൽ ഒരു വാലറ്റം പോലുമില്ല. നല്ലൊരു സ്വപനമായിരുന്നു. അമ്മയുടെ കീരാങ്കുടക്ക കൂറ്റ് അത് നശിപ്പിച്ചു.

ബാങ്കിലെ സ്ട്രോങ്ങ് റൂമിന്റെ ലോക്കിന്റെ ജോലിക്കാരൻ ദിവാകരന് ആ ഞായറാഴ്ച കാര്യമായി ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല.
ദിവാകരാലയത്തിന്റെ ഏകാന്തതയത്രയും തന്നെ ഇന്ന് ചൂഴുമല്ലോ എന്നോർത്ത് ഞായറാഴ്ച പുലരിയിൽ തന്നെ ഒരു വിഷാദത്തിലേക്ക് വീണു.

അമ്മ നാരായണിയും ഏകാന്തതയെക്കുറിച്ച് തന്നെയാണ് ചിന്തിച്ചത്. ഞായറാഴ്ചയും ഇച്ചെക്കൻ വീട്ടിലിരിക്കില്ല. എളയുത്തുങ്ങൾ സുധാകരനും സുനന്ദയും ഈ വഴിക്ക് വന്നിട്ട് നാളേറെയായി. സുനന്ദ മൈസൂരിലാണ്. ഓളെ കെട്ടിയോൻ തലശ്ശേരിക്കരനാണെങ്കിലും ഓന്റെ കച്ചോടം മൈസൂരിലാണ്. സുനന്ദയും കുട്ട്യോളും മൈസൂരിൽ തന്നെ. ആ പിള്ളേർക്കാണെങ്കി ഒരു മലയാളിത്തോം ഇല്ല. തനി ഗൌഡർമാര്. സുധാകരനാണെങ്കിൽ ഓന്റെ കെട്യോളെ നാട്ടില് അങ്ങ് കണ്ണൂരാണ് വീട് വെച്ചത്. ഓന്റെ ഓളെ സൂത്രത്തിൽ ആ ചെക്കൻ ബീണ്. ഓൻ എപ്പങ്കിലും ബന്നാലായി. വെറുതേയിരിക്കില്ല. തൊഴിലുറപ്പ് പണിക്കു പോകുന്നുണ്ട്. നിങ്ങ പണിക്ക് ഒന്നും പോണ്ട വീട്ടിൽ തന്നെ ഇരുന്നോ എന്ന് ദിവാകരൻ പറഞ്ഞാലും അത് കേട്ട ഭാവം നടിക്കാറില്ല. പണി എടുക്കാൻ കഴിയുന്ന കാലത്തോളം ആരെയും ആശ്രയിക്കാതെ ജീവിക്കണം…

പുതപ്പിനുള്ളിലെ റ വട്ടത്തിൽ നിന്ന് നിവർന്നു എഴുന്നേറ്റു ദിവാകരൻ സെൻസുഡിൻ ടൂത്ത് പേസ്റ്റ് ചുവപ്പും വെള്ളയും കുറെ വരയുള്ള ബ്രഷിൽ നീളത്തിൽ എടുത്ത് ശേഷം ഒരു കാക്കക്കുളിയും കഴിഞ്ഞ് ചായക്കായി മേശയ്ക്ക് മുമ്പിൽ വന്നിരുന്നു.
സ്റ്റീൽ പ്ലേറ്റ് കൊണ്ട് പൊത്തി വച്ചിട്ടുണ്ട്
ചായയും പലഹാരവും.

അമ്മേ, ദോശയ്ക്ക് കറിയൊന്നും ആക്കീറ്റേ…

ദിവാകരന്റെ ചോദ്യം അടുക്കള മതിലിൽ തട്ടി പ്രതിധ്വനിക്കുന്നതിന് മുമ്പേ അമ്മയുടെ മറുപടി വന്നു:
ദിവാകരാ, തിന്നിറ്റ് എണീച്ചു പോടാ…
എന്റെ വായിൽ ഇരിക്കുന്നത് നീ കേക്കണ്ട…
തൊണ്ടൻ അയല്ലടാ നാണമില്ലേ…
നിന്റെ പ്രായത്തിൽ കല്യാണീരെ മോൻ രണ്ടും മൂന്നും പുള്ളേരുടെ അച്ഛനായി…

അമ്മേ കറി വേണ്ട ഞാൻ വെറുതെ പറഞ്ഞത്…

ഞാൻ ചത്ത് കഴിഞ്ഞാൽ നിനക്കു ആര് തിന്നാൻ തരല്…സ്വന്തം അനിയന് ആയി പിള്ളേർ രണ്ടണ്ണം..

എന്റെ അമ്മേ ഞാൻ ഒന്നും പറഞ്ഞിറ്റ…
എനക്ക് ദോശ മാത്രം മതി. കറി വേണ്ട നിങ്ങ ഒന്നു നിർത്തിയെ…

ദോശ വാരി വിഴുങ്ങി ദിവാകരൻ ശരവേഗം പുറത്തേക്ക് ഇറങ്ങി.

ഞായറാഴ്ച മാത്രമാണ് ദിവാകരൻ നാട്ടിൽ ഇറങ്ങുന്നത്. ബാക്കി ദിവസങ്ങളിൽ
രാവിലെ പോയാൽ രാത്രിയോടെയാണ് വീട്ടിൽ എത്തുന്നത്.

വീട്ടിൽ നിന്നിറങ്ങി എടച്ചാക്കൈ പാലത്തിനടുത്ത് എത്തിയപ്പോൾ ദീപക്കിനെ കണ്ടു. ചൂണ്ടയിട്ടു എന്തെങ്കിലും കൊത്തുന്നുണ്ടോ എന്ന് തപസ്സിലാണ്.

ദീപു എന്തെങ്കിലും കിട്ടുന്നുണ്ടോ…

ഇല്ല ദിവാകരേട്ടാ, ഒന്നും ഇതുവരെ കിട്ടിയില്ല. ഇന്ന് അറേക്ക തെയ്യം. നിങ്ങൾ വരുന്നില്ലേ…

എന്ത് തെയ്യാടാ. അതല്ലാം നിങ്ങൾ പുള്ളോർക്കല്ലേ…. നമ്മക്ക് എന്ത് തെയ്യം!

ഇന്ന് പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടാണ്. സൂപ്പറു പരിപാടിയാണ്…

ഞാൻ വരുന്നില്ലട…അമ്മ വീട്ടിൽ ഒറ്റക്കല്ലേ…

ദീപക്കിന്റെ മൊബൈൽ കാന്താരാ ട്യൂൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. സംസാരത്തിനിടയ്ക്ക് അവൻ കട്ടാക്കുന്നത് കണ്ടു.

നീ ഫോൺ എടുക്ക് ദീപു…

ദിവാകരേട്ടാ…അത് കൊഴപ്പമില്ല ഞാൻ പിന്നെ വിളിച്ചോളാം.
പിന്നെ നിങ്ങളെ കാണുമ്പോ..എപ്പളും ചോയ്ക്കണംന്ന് വിചാരിക്കുന്ന ഒരു കാര്യണ്ട്…ദിവാകരേട്ട…
നിങ്ങൾ ഇത്രയും വയസ്സായിട്ടും എന്തെ മംഗലം കയ്ക്കാത്തത്?

ദീപു നിനക്ക് എത്ര വയസ്സായി?

പത്തൊൻപത്…

ഈ ഞാൻ നല്ല പ്രായത്തിൽ എന്റെ അമ്മ നാരായണിയോട് പറഞ്ഞതാ എനിക്ക് ഒരു പെണ്ണിനെ ഇഷ്ട്ടമാന്ന്. ഓൾക്ക് എന്നെയും ഇഷ്ടാന്ന്. അന്ന് എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ട്. പിന്നെ എന്റെ കാലമാടാൻ അമ്മാവനും. അവര് എല്ലാരും കൂടി എന്നോട് പറഞ്ഞത് നമ്മുടെ തറവാട്ടിൽ ആരും പ്രേമിച്ചു മംഗലം കയിച്ചിറ്റ.. ആ പരിപാടി ഈട നടക്കൂല… പ്രേമിച്ചു കൊണ്ട് ഈ വീട്ടിലേക്ക് കൊണ്ടരണ്ട…വീട് ആദ്യം ശരിയാക്കണം പിന്നേ അനിയത്തിന്റെ കല്യാണം കഴിയണം
എന്നൊക്കെ.

ഈറ്റിങ്ങ പറഞ്ഞത് കേട്ടു ഞാൻ വീട് ശരിയാക്കാൻ ഗൾഫിൽ പോയി….ആദ്യത്തെ അഞ്ചു കൊല്ലം കൊണ്ട് ഞാൻ വീട് ആക്കി…..അപ്പോഴേക്കും ഓളെ കല്യാണം കഴിഞ്ഞ്. പിന്നെത്തെ വരുത്തില് പെങ്ങളെ കല്യാണം കഴിപ്പിച്ച്. പിന്നത്തെ വരുത്തില് അനിയൻ ഒരു പെണ്ണിനെ കൊണ്ടന്ന് ഓന്റെ കല്യാണം കഴിപ്പിച്ചു…

ഗൾഫു മതിയാക്കി വന്നപാടെ നിങ്ങക്ക് നോക്കിക്കൂടെ?

ഗൾഫു മതിയാക്കി നാട്ടില് വന്നപ്പോ ഈട പെണ്ണും ഇല്ല പെടക്കോയിയും ഇല്ല…
എന്നോട് പ്രേമിച്ചു കല്യാണം കഴിച്ചൂടാന്നു പറഞ്ഞ അമ്മാവന്റെ രണ്ടു മക്കളും പ്രേമിച്ചു കല്യാണം കഴിച്ചു. രണ്ടാൾക്കും ഈ രണ്ടു മക്കളും ആയി. അവര് രണ്ടാളും മക്കളുടെ PTA മീറ്റിംഗിന് പോലായി. ഞാൻ എപ്പള് PTA മീറ്റിംഗിന് പോവല്!?
അമ്മാവൻ എന്നോട് പറഞ്ഞത് നമ്മുടെ തറവാട്ടിൽ ആരും പ്രേമിച്ചു കല്യാണം കൈക്കൂല ഞാൻ അതിനു വിടൂല എന്നാന്ന്…..അതല്ലാം എന്റെ ജീവിതം കുട്ടി ചോറാക്കി…

ഇപ്പൊ അമ്മ പറയുന്നു നീ ഏട്ന്നെങ്കിലും ഒരു പെണ്ണിനെ കൂട്ടി കൊണ്ട് വന്നാൽ മതി, ജാതിയും മതവും ഒന്നും നോക്കണ്ടാന്ന്….
എനക്ക് ദോശ ചുട്ട് മതിയായി….
അമ്മ പറയുമ്പോ കയിക്കാൻ പെണ്ണിനെ ഈട എടുത്തു വച്ചിറ്റല്ലേ ഇള്ളത്…..

അനന്തരം ദീപു വടക്കോട്ടും ദിവാകരൻ തെക്കോട്ടും നടന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *