ബിഗ്ബോസ്സ് – (സൂസൻ പാലാത്ര)

Facebook
Twitter
WhatsApp
Email

ഉറങ്ങാൻപോകുന്നതിനുമുമ്പുള്ള പതിവുപ്രാർത്ഥന നടത്തി. ഉറങ്ങാൻകിടന്നു. അപ്പോൾ, ഒരു ഉൾവിളി. ഫോണെടുത്തു, മെയിൽ ഒന്നുപരിശോധിച്ചു. കർത്താവേ, വിശ്വസിക്കാൻ പ്രയാസം. ബിഗ്ബോസ് സീസൺ 2 – ൽ തനിക്ക്. ഹയ്യോ, ഫോൺ ഓഫായി. ചാർജ്ജുതീർന്നു. മെസേജ് വായിക്കണം. എന്തൊരു കഷ്ടകാലം! കറൻറു പോയി. കുറേനേരം പവർബാങ്ക് തപ്പിനടന്നു, കിട്ടിയില്ല. ഭർത്താവും മകളും നല്ല ഉറക്കത്തിലാണ്. രണ്ടു പേരെയും കുലുക്കിവിളിച്ചു. ഭർത്താവ് ഒച്ചയിട്ടു:
” പോയിക്കിടന്നുറങ്ങെടീ”

“മോളേ, അമ്മയ്ക്ക് ബിഗ് ബോസ്സിൽ കിട്ടിയെടീ” മകളെ വിളിച്ചുണർത്താൻ പാടുപെട്ടു.
“പൊന്നമ്മേ ശല്യംചെയ്യാതെ, ഞാനൊന്നുറങ്ങിക്കോട്ടേ”.

“അമ്മയ്ക്ക് ബിഗ്ബോസ്സിൽ കിട്ടിയെടീ മോളേ”

“ഓ ബിഗ്ബോസ്സ്, കോപ്പ്
പോയിക്കിടന്നുറങ്ങാൻ നോക്ക് ”

അവൾ തിരിഞ്ഞുകിടന്നു. പുതപ്പെടുത്ത് തലമൂടി, ക്ഷണത്തിൽ കൂർക്കംവലിയും തുടങ്ങി.

നാളെത്തന്നെ ബാങ്കിൽകൊണ്ടെ പണയംവച്ച് പണമുണ്ടാക്കണം. കുറെ ദിവസം ധരിക്കാനുള്ള ഡ്രസ്സുകളും അത്യാവശ്യസാധനങ്ങളുമെല്ലാം വാങ്ങണം. കരാറിൽപ്പറഞ്ഞിരിക്കുന്നത് ദിവസം മുപ്പത്തയ്യായിരംവച്ച് തരുമെന്നാണ്. അത്രയുമൊന്നും വേണ്ടാ. ദിവസം ഇരുപതിനായിരംവച്ച് കിട്ടിയാൽ മതിയെന്നാണ് കൊതിച്ചത്. പക്ഷേ ഇത്രേം കിട്ടിയല്ലോ. അത്യാവശ്യമായ കടങ്ങൾ വീട്ടാം. പൊട്ടിപ്പൊളിഞ്ഞ വീടിന്റെ കേടുപാടുകൾ തീർക്കണം. രണ്ടു പെൺമക്കളെയും നല്ലനല്ല രീതിയിൽ കെട്ടിച്ചയയ്ക്കണം. അത്യാവശ്യം തുക കൊടുത്ത് ഭർത്താവിന് ഒരുകച്ചവടം ഇട്ടുകൊടുക്കണം. സൂസൻ സ്വപ്നങ്ങളിൽ മുഴുകി.

ആദ്യദിനത്തിൽ സ്വയം പരിചയപ്പെടുത്താൻ പറയുമ്പോൾ, ഈ ദാരിദ്യക്കഥയൊന്നും പറയില്ല. പ്രേക്ഷകർക്കു് ഇഷ്ടമാവില്ല. പ്രേക്ഷകരെ കൈയിലെടുക്കണം. രജിത്കുമാറിന് ബിഗ്ബോസ്സിന് പുറത്ത് വലിയ ഫാൻബേസാണ് അദ്ദേഹത്തോട് നല്ല അടുപ്പം സ്ഥാപിക്കണം. പക്ഷേ, ലാലേട്ടൻ പറഞ്ഞല്ലോ 24 മണിക്കൂറിലെ കാര്യങ്ങളിൽനിന്ന് എഡിറ്റ് ചെയ്ത് ഒന്നര മണിക്കൂറേ കാണിയ്ക്കുന്നുള്ളൂവെന്ന്. തന്റെ സ്വഭാവംവച്ചാണേൽ സത്യത്തിനുമാത്രമേ കൂട്ടുനില്ക്കാൻപറ്റൂ. അപ്പോൾ ഉള്ളിലുള്ളവരോട് പറ്റിച്ചേർന്നില്ലേൽ അവർ നോമിനേറ്റ് ചെയ്യും. രജിത് സാറിന്റെ ഫാൻസ് അദ്ദേഹത്തിനുമാത്രേ വോട്ടു കൊടുക്കൂ. പിന്നെ താൻ അംഗമായ വിവിധവാട്സാപ്പ്കൂട്ടായ്മകൾ, എഫ്. ബി. കൂട്ടായ്മകൾ എന്നിവയുണ്ട്. പക്ഷേ വിരലേലെണ്ണാനുള്ളവരെ വോട്ടു തരൂ എന്നും വരാം. എന്തായാലും നേരംപുലരട്ടെ. എല്ലാ ഗ്രൂപ്പിലും കേറി എല്ലാവർക്കും ലൈക്കും കമന്റ്സും സ്നേഹവും ആവോളം വിതറാം. ബിഗ് ബോസ്സിൽ കിട്ടിയ അഡ്മിഷൻ പുറത്തു പറയാൻ വയ്യാ. ഗോപ്യമായി വയ്ക്കണം. നാളെത്തന്നെ പോണം.

മോഹൻലാലിനു് എന്തു പ്രായം കാണും? തന്റെ പ്രായമുണ്ടോ? കുറവാണെങ്കിലും ലാലേട്ടാ എന്നു വിളിക്കണം മൂന്നു വയസ്സുകാരനും തൊണ്ണൂറു വയസ്സുകാരനും അദ്ദേഹത്തെ “ലാലേട്ടാ” എന്നാണ് വിളിക്കുന്നത്.

ആദ്യദിനം കണ്ണഞ്ചിപ്പിക്കുന്ന നിറമുള്ള തൊങ്ങലുള്ള വസ്ത്രംവേണം. വസ്ത്രം തനിക്ക് സിമ്പിൾമതി. എവിടെച്ചെന്നാലും താൻ താനാണ്. തന്റെ അന്തസ്സത്ത കളഞ്ഞുകുളിക്കില്ല. കക്കൂസു കഴുകാനായാലും അടുക്കളപ്പണിയായാലും എല്ലാം നന്നായിച്ചെയ്യണം.

ഈ വീട്ടിൽ കെട്ടിക്കോണ്ടു വന്നകാലംതുടങ്ങി കക്കൂസുകഴുകലും, തുണിയലക്കും അടിച്ചുവാരലും വീടുതുടയ്ക്കലും പാത്രം മിഴക്കലുമാണ്. ഒരു നന്ദിവാക്ക് ഭർത്താവിൻ്റെ മാതാപിതാക്കളോ, ഭർത്താവോ മക്കളോ തന്നിട്ടില്ല. ബിഗ്ബോസ്സ് ഹൗസിലാണെങ്കിൽ അവരെല്ലാവരും കൂടും. നല്ല പൈസേം കിട്ടും. ചിരി വരുന്നു. നല്ല വാല്യുബിൾ കൂലിപ്പണി.

എത്ര വിശന്നാലും ഒരാർത്തിയും കാണിക്കില്ല. അവിടെ ചിലരൊക്കെ ഒരു മിഠായിയ്ക്കുവേണ്ടിയൊക്കെ എന്നാ ആർത്തിയാ കാണിക്കുന്നേ. താൻ ഇത്തിരി അളവു കുറച്ചേ കഴിയ്ക്കൂ, ബാക്കി വല്യ വിശപ്പുകാർക്ക് കൊടുക്കും. പിന്നെ അവർക്കു തന്നെ നോമിനേറ്റു ചെയ്യാൻ പറ്റത്തില്ലല്ലോ!

ഫിസിക്കൽ ടാസ്കു വരുമ്പോൾ ജയിക്കാനായി അവരെന്തും ചെയ്യും. തൊഴിക്കും ഇടിക്കും കടിക്കും. വട്ടംകെട്ടിപ്പിടിക്കും. പിടിച്ചുനില്ക്കാൻ പറ്റുമോ? നോക്കാം.

തീരെ വയ്യാതെവരുമ്പോൾ രജിത്കുമാർ കാണിക്കുന്നതുപോലെ, ക്യാമറയ്ക്കു മുന്നിൽച്ചെന്ന് സങ്കടങ്ങൾ പറഞ്ഞ് ബിഗ് ബോസ്സിനെയും പ്രേക്ഷകരെയും കൈയിലെടുക്കണം. സീസൺ 1ൽ സുരേഷിനു കൊടുത്തതു പോലെ തന്നെക്കൊണ്ട് നിമിഷ കഥകളും കവിതകളും എഴുതിക്കാൻ ആരും കാണാതെ തന്റെ വള്ളിമൈക്കിലൂടെ പറയണം. അവിടെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നാൽ അതും പ്രേക്ഷകരോട് പറയണം.

ബൈബിൾ ഹൗസിനുള്ളിൽ കയറ്റില്ല. പക്ഷേ വചനങ്ങൾ ഒട്ടുമിക്കതും ഹൃദയത്തിലുണ്ട്. വചനം പറഞ്ഞ് പ്രാർത്ഥിക്കണം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, താൻ പ്രാർത്ഥിക്കുന്നതു മുഴുവൻ കഴുത്തിലെ വള്ളിമൈക്കിലൂടെ പുറംലോകം കേൾക്കില്ലേ, ശ്ശൊ മനസ്സിൽ പ്രാർത്ഥിച്ചാൽ ഏകാഗ്രത നഷ്ടപ്പെടും. തലയിൽ തുണിയിട്ട്, മുട്ടുകുത്തി, കണ്ണടച്ച് ഉച്ചത്തിൽ പ്രാർത്ഥിക്കണം. ആ പ്രാർത്ഥന പുറം ലോകമറിഞ്ഞാലും നല്ലതാണ്. എല്ലാരും വോട്ടു ചെയ്യും. എസ്. ബി. ഐ. കബളിപ്പിച്ച് കൈവശപ്പെടുത്തിയ സ്വർണ്ണം തിരിച്ചു തരും. തന്റെ പുസ്തകങ്ങൾ ധാരാളം വിറ്റഴിയും. ധാരാളം നല്ല അവാർഡുകൾ ലഭിക്കും. ഡി.സി.,എസ്.പി. സി. എസ്., മനോരമ അങ്ങനെ എല്ലാ പ്രസാധകരും തന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും. അങ്ങനെ എല്ലാ തീരാക്കടങ്ങളും മാറി വളരെപ്പെട്ടെന്ന് തന്റെ കുടുംബം പച്ചപിടിക്കും. പിണങ്ങിനിന്നവരെല്ലാം അടുത്തുകൂടും എന്തെല്ലാം മെച്ചമാണ് ലഭിക്കാൻപോകുന്നത്!

ഇനി അഥവാ ഹൗസിനുള്ളിലുള്ളവർ മുഖംനോക്കാതെതന്നെ നോമിനേറ്റു ചെയ്താൽത്തന്നെ പ്രേക്ഷക വോട്ടുകളുണ്ടല്ലോ, അതു ധാരാളം മതി.

*. *. *

എലിമിനേഷനാണ്.
എല്ലാവരും തകർന്നുനില്ക്കുന്നു. ആരുടെ മുഖത്തും രക്തപ്രസാദമില്ല. അമ്മ മരിച്ച കുഞ്ഞിനെപ്പോലെ എല്ലാവരും വാവിട്ടുകരയുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. ഉമ്മ വയ്ക്കുന്നു.

എവിക്ഷൻപ്രക്രിയ ആരംഭിച്ചു.
മോഹൻലാൽ പറഞ്ഞു: “ഈയാഴ്ചത്തെ എലിമിനേഷനിലുള്ളവർ എഴുന്നേറ്റു നില്ക്കൂ ” താനുൾപ്പടെ മൊത്തം ആറുപേരാണ്.

“സൂസൻ പാലാത്ര നിങ്ങൾ ഇവിടെ വേണമെന്നാണ് പ്രേക്ഷകർ പറയുന്നത്. നിങ്ങൾ പ്രേക്ഷകരുടെ മുത്താണ്, നിങ്ങൾക്ക് ഇരിക്കാം” എലിമിനേഷനിൽ എണീറ്റുനില്ക്കുന്ന, പേടിച്ചരണ്ട മാൻപേടകളെപ്പോലെ നില്ക്കുന്ന മത്സരാർത്ഥികൾ പോലും ആർത്തുചിരിച്ചു. തനിക്കും ചിരിയടക്കാനായില്ല. നിലത്തു വീണ് കുമ്പിട്ട് താൻ പറഞ്ഞു; താങ്ക്യൂ ജീസസ്സ്, പിന്നെ എണീറ്റുനിന്നു ലാലേട്ടനെ ഭവ്യതയോടെ നോക്കിപ്പറഞ്ഞു ” താങ്ക്യൂ ലാലേട്ടാ, താങ്ക്യൂ ബിഗ്ബോസ്സ്……..”

മഴ പെയ്യുന്നോ മുഖത്തും തലയിലും വെള്ളത്തുള്ളികൾ തെറിച്ചുവീഴുന്നു!

“എന്തൊരു ബഹളമാ അമ്മേ എഴുന്നേറ്റേ” മകൾ അനു മുന്നിൽ നിന്നു ചിരിയ്ക്കുന്നു.
“പപ്പായേ, കേട്ടാരുന്നോ, അമ്മ എന്തൊക്കെയാ ഉറക്കത്തിൽ വിളിച്ചുകൂവിയതെന്ന്?”

” അതേടാ താങ്ക്യൂ ലാലേട്ടാ, താങ്ക്യൂ ബിഗ് ബോസ്സ് എന്നൊക്കെ ”

“അപ്പോൾ ജീസസ്സിനെ വിട്ടോ?”

“ഇല്ലെടാ താങ്ക്യൂ ജീസസ് എന്ന് ആദ്യം പറേന്ന കേട്ടു”

ഭർത്താവിന്റെയും മക്കളുടെയും പരിഹാസശരങ്ങൾ നേരിടാനാവാതെ, ഒരു പ്രഭാതം.

 

About The Author

One thought on “ബിഗ്ബോസ്സ് – (സൂസൻ പാലാത്ര)”
  1. ഏഷ്യാനെറ്റിൽ ബിഗ്ഗ്ബോസ്സ് കാഴ്ച്ചവെക്കുന്ന പരിപാടിയിൽ സൂസൺ സഹോദരി എഴുതിയ കഥ വളരെ രസകരമായിരിക്കുന്നൂ.
    ബിഗ്ഗ് ബോസ്സിൽ ഒര് താരമായി ചെല്ലാൽ പ്രതീക്ഷിച്ച് തൻ്റെ വീട്ടിൽ കഴിയുന്ന കുടുംബവും ഭർത്താവും കുട്ടികളുമുള്ള ഒരു യുവതിയുടെ ബിഗ്ഗ് ബോസ്സിൽ നിന്നും അറിയിപ്പ് വന്നപ്പോൾ ഉള്ള ആഗ്രഹം വെറുതെ വരച്ച് കാണിക്കുകയാണ് കഥാക്യത്ത് ചെയ്യുന്നത്.
    അഭിവാദ്യങ്ങൾ സോദരീ.
    മണികണ്ഠൻ സി നായർ,
    സായീ ശങ്കരം,
    കാലടി.

Leave a Reply

Your email address will not be published. Required fields are marked *