നിശബ്ദമായ രാത്രിയിൽ നിങ്ങൾ ഉറങ്ങാതിരുന്നിട്ടുണ്ടോ? അതും വേദനകളെ കൂട്ടുപിടിച്ച് എങ്കിൽ അതു തീർത്തും നിങ്ങളെ തകർത്തുകളയും …..എല്ലാവരും സുഖസുഷുപ്തിയിൽ. നിങ്ങൾ മാത്രം വേദനകളെ കൂട്ടുപിടിച്ച് അങ്ങനെ കണ്ണും തുറന്ന്.!അപ്പോൾ രാത്രിക്ക് ഒരുപാടു നീളം വയ്ക്കും. ക്ലോക്കിന്റെ സൂചി പോലും നീങ്ങുന്നതു എത്ര പതുക്കയാണെന്ന്നിങ്ങൾക്കു തോന്നും. പക്ഷേ ഞാനിത് നിത്യവും അനുഭവിക്കുന്നതാണ് വീണ്ടും ഒരു ഉറക്കമില്ലാത്ത രാത്രി കൂടി. കൂട്ടിന് ഹോം നേഴ്സിന്റെ താളാത്മകമായ കൂർക്കംവലി. കട്ടിലിലേയ്ക്ക് , ഒന്നുകിടന്നാൽ മതി അഞ്ചു മിനിറ്റിനകം അയാളുടെ , കൂർക്കംവലി കേട്ടുതുടങ്ങും രാത്രിയിൽ ചിലപ്പോൾ തനിക്ക് കുറച്ച് ചൂടുവെള്ളം കുടിച്ചാൽ കൊള്ളാമെന്നു തോന്നും. അവനെ ഒന്നു വിളിച്ചാൽ അനങ്ങേണ്ടേ ? കുംഭകർണ്ണൻ തോറ്റു പോകും. ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞപ്പോൾ അന്നു രാത്രി മുതൽ മേശപ്പുറത്തു ഫ്ലാസ്ക്കിൽ ചൂടുവെള്ളം കൊണ്ടു വയ്ക്കാൻ തുടങ്ങി. – വേണ്ടിയവരു ചൂടുവെള്ളം എടുത്തു കുടിച്ചു കൊള്ളണം, എന്നെ ശല്യപ്പെടുത്തിയേക്കരുതെന്ന ഭാവത്തിൽ. നാം വയ്യാതിരിക്കുമ്പോൾ മറ്റുള്ളവരെ . ആശ്രയിക്കുന്നതാണ് ഏറ്റവും പരിതാപകരം! അതൊക്കെ കൂടുതൽ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്.
ജനലിലൂടെ നോക്കിയപ്പോൾ ഇരുളും വിളറിയ നിലാവും. അതിൽ മരത്തിനൊക്കെ പുതിയ രൂപം കൈവന്ന പോലെ മുറ്റത്തെ മാവ് കൈകൾ നീട്ടി വായും തുറന്നു നില്ക്കുന്ന രാക്ഷസനെപ്പോലുണ്ട്. പറമ്പിലെ തെങ്ങിനു പോലും ആ മാറ്റം ഉണ്ട്. പകലു താൻ കാണുന്ന പറമ്പേയല്ല ഇപ്പോൾ കാണുന്നത് ഇടയ്ക്ക് ചൂട്ടുകറ്റ മിന്നിച്ചു കൊണ്ട് മിന്നാമിനുങ്ങുകൾ ആർക്കോ അകമ്പടി സേവിച്ചു കൊണ്ടുപോകുന്നു. പെട്ടെന്നായിരുന്നു ആ കിളിയുടെ കരച്ചിൽ കേട്ടത്. വല്ലാത്ത ഒരു കരച്ചിൽ! ഈശ്വരാ. ഈ കിളിയുടെ കരച്ചിലിനെപ്പറ്റിയാണോ തന്റെ ചെറുപ്പത്തിൽ മുത്തശ്ശി പറയുമായിരുന്നത് ! ആ കിളി – കാലൻ കോഴിയുടെ കരച്ചിൽ കേട്ടാൽ മരണം ഉറപ്പാണത്രേ ! പണ്ട് മുത്തശ്ശിയുടെ ചെറുപ്പത്തിൽ നാട് മുഴുവൻ പ്ലേഗു ബാധിച്ചത്രേ ഇന്നു കാണുന്നവനെ നാളെക്കാണുകയില്ലാ എന്ന സ്ഥിതിയായിരുന്നുവത്രേ മരണം കയറി ഇറങ്ങാത്ത വീടുകൾ ഉണ്ടായിരുന്നില്ല. മരിച്ചവരെ കുഴിച്ചിടാൻ പോലും ആരുമില്ലാത്ത അവസ്ഥ അപ്പോഴൊക്കെ ഈ കാലൻ കോഴിയുടെ
കരച്ചിൽ നിർത്തി ല്ലാതെ കേൾക്കാമായിരുന്നുവത്രേ. ആ കരച്ചിൽ ശ്രദ്ധിച്ചാൽ പൂവാം ” ” പുവാം ” എന്നു തോന്നു മായിരുന്നു.
“”എന്താ, അതിനർഥമെന്നോ . തെക്കോട്ടു പോകാം” എന്നാണെന്ന് മുത്തശ്ശീ പറയും. “തെക്കോട്ടു പോയാൽ എന്താണ് മുത്തശ്ശി ” എന്ന് താൻ ചോദിക്കുമ്പോൾ മുത്തശ്ശി തന്നെ അടുക്കിപ്പിടിച്ചു അടക്കം പറയുന്നതു പോലെ പറയും ” എന്റെ കുട്ടാതെക്കോട്ടു
പോവുക എന്നു പറഞ്ഞാൽ കാലപുരിക്കു പോവുക എന്നാണർഥം.
അതായത് മരണം അടുത്തുയെന്ന് അതു കേൾക്കുമ്പോൾ തന്റെ ഉള്ളിലും ഭയം അരിച്ചു കയറുമായിരുന്നു. അന്നൊക്കെ രാത്രിയിൽ മൂങ്ങയോ മറ്റോ കരഞ്ഞാൽ കാലൻ കോഴിയാകും എന്നോർത്ത് കണ്ണുകൾ ഇറുക്കി അടച്ചു കിടക്കുമായിരുന്നു. കാലങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു ഇന്ന് താൻ വൃദ്ധനായി ഭാര്യ എന്നേകാലപുരിക്കു പോയി മക്കൾ വിദേശത്തും. താനും ഹോം നേഴ്സും ഈ വീട്ടിനുള്ളിൽ
മെല്ലെ കട്ടിൽ നിന്ന് എഴുന്നേറ്റു. ജനലരികിലേയ്ക്കു നടന്നു എവിടെയാണ് ആ വിലാപഗീതം നടത്തിയ കിളി! അയാൾ പുറത്തേ മരങ്ങളുടെ ചില്ലകളിൽ സൂക്ഷിച്ചു നോക്കി. പെട്ടെന്നാണ് അയാൾ കണ്ടത് രണ്ടു ചുവന്നു തിളങ്ങുന്ന കണ്ണുകൾ …… തന്നെയും സൂക്ഷിച്ച് നോക്കി കൊണ്ട് മരത്തിലിരിക്കുന്നു ഒന്നു കൂടി നോക്കാൻ വല്ലാത്ത പേടി തോന്നി മരണത്തിന്റേതായിരിക്കുമോ? വേഗം കിടക്കയിൽ കമിഴ്ന്നു ചെന്നു കിടന്നു. ഒരു തണുത്ത സ്പർശം അയാളെ തഴുകുന്ന പോലെ തോന്നി.
About The Author
No related posts.