റോസ് വനത്തിലെ രാജകുമാരനും ,രാജകുമാരിയും- ( മിനി സുരേഷ് )

Facebook
Twitter
WhatsApp
Email

ഹെൻസിൽ രാജകുമാരന്റെ പ്രധാന വിനോദമാണ് നായാട്ട്.
ഒരു ദിവസം നായാട്ടിന് പോയപ്പോൾ രാജകുമാരന് വഴിതെറ്റി. പരിവാരങ്ങളായ ഭടന്മാർ അദ്ദേഹത്തെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല..ഒടുവിൽ അവർ സ്വരാജ്യത്തേക്ക് മടങ്ങിപ്പോയി.
.
ഉൾക്കാട്ടിലൂടെ വഴി തെറ്റി നടന്ന രാജകുമാരൻ
വലിയ ഒരു മരത്തിന് സമീപമെത്തി.അവിടെ ഒരു പക്ഷിക്കൂട് താഴെ
വീണ് കുഞ്ഞുങ്ങളെല്ലാം നിലത്ത് കിടക്കുന്നത് ഹെൻസിൽ കണ്ടു.ഒരുപഞ്ചവർണ്ണക്കിളിയമ്മ
കരഞ്ഞു കൊണ്ട് മരത്തിന് ചുറ്റിനുംപറന്നു നടക്കുന്നുണ്ടായിരുന്നു.
ഹെൻസിലിന് ദയ തോന്നി. രാജകുമാരൻ ആ കിളിക്കൂടും എടുത്ത് വലിയമരത്തിന് മുകളിൽ കയറി ഭദ്രമായി വച്ചു.കിളിക്കുഞ്ഞുങ്ങളെയും കൂട്ടിലെത്തിച്ചു.
“നന്ദി ദയാലുവായ രാജകുമാരാ മുന്നോട്ടുള്ള
യാത്രയിൽ എന്തെങ്കിലും ആവശ്യം വന്നാൽ
‘ക്ലീ .ക്ലിയോ ,എന്ന മന്ത്രം ജപിക്കുക.എന്റെ സഹായംഅങ്ങേക്കുണ്ടാകും.കിളിയമ്മ രാജകുമാരനോട് പറഞ്ഞു.
പഞ്ചവർണ്ണക്കിളിയമ്മയോട് നന്ദി പറഞ്ഞ് രാജകുമാരൻ മുൻപോട്ട് നടന്നു.
കുറച്ചു ദൂരം നടന്നപ്പോൾ ഒരു പുള്ളിപ്പുലി
വല്ലാതെ അമറുന്നത് കേട്ടു.ആവനാഴിയിൽ നിന്നും
രാജകുമാരൻ അമ്പെടുത്ത് പുള്ളിപ്പുലിയുടെ
നേർക്ക് തൊടുക്കുവാനൊരുങ്ങി.പുലി രാജകുമാരനെ ദയനീയമായി നോക്കി.ഒരു വലിയ
പാറയുടെ വിടവിനുള്ളിൽ കാൽ അകപ്പെട്ടിട്ടാണ്
പുള്ളിപ്പുലി വേദന കൊണ്ട് കരയുന്നതെന്ന് രാജകുമാരൻ മനസ്സിലാക്കി.
ധൈര്യപൂർവ്വം വലിയ പാറ തള്ളി നീക്കി
രാജകുമാരൻ പുള്ളിപ്പുലിയെ രക്ഷിച്ചു.
“ധീരനായ രാജകുമാരാ , നല്ല മനസ്സിന്
നന്ദി.മുന്നോട്ടുള്ള യാത്രയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ‘ലീ.ലിയോ’ എന്ന മന്ത്രം ജപിക്കുക.എന്റെ സഹായം അങ്ങേക്കുണ്ടാകും.
പഞ്ചവർണ്ണക്കിളിയും ,പുള്ളിപ്പുലിയും ഒരു പോലെ
സംസാരിക്കുന്നത് കേട്ട് രാജകുമാരൻ
അത്ഭുതപ്പെട്ടു.
“ഞങ്ങൾ ഈ വനത്തിലെ വനദേവതമാരാണ്.ഗിന്നി മന്ത്രവാദി
മന്ത്രശക്തിയാൽ ഞങ്ങളെ പഞ്ചവർണ്ണക്കിളിയും ,പുള്ളിപ്പുലിയുമാക്കി മാറ്റി.ഇവിടെ അങ്ങ് എത്തിച്ചേർന്നത് ഈശ്വര
നിയോഗത്താലാണ്. മുന്നോട്ട് പോകുക”
പഞ്ചവർണ്ണക്കിളിയും ,പുള്ളിപ്പുലിയും വനദേവതകളുടെ രൂപം പ്രാപിച്ച് രാജകുമാരനെ
അനുഗ്രഹിച്ചു.

അവിടെ നിന്ന് വീണ്ടും മുന്നോട്ട് നടന്നപ്പോൾ ഒരു സിംഹത്തിനെ കഴുതപ്പുലിക്കൂട്ടം വളഞ്ഞ്
ആക്രമിക്കുന്നത് കണ്ടു.രാജകുമാരൻ അമ്പുകളയച്ച് കഴുതപ്പുലികളെ വക വരുത്തി.
“നീ നിന്റെ നിയോഗത്തിന് വളരെയടുത്ത് എത്തിയിരിക്കുന്നു .രാജകുമാരാ .സിംഹം
രാജകുമാരനെ നന്ദിയോടെ നോക്കി.
ഈ വനത്തിന്റെ അധിപനായ റിയോ രാജാവാണ്.ഞാൻ.
റോസ് വനമെന്നായിരുന്നു ഈ രാജ്യം
അറിയപ്പെട്ടിരുന്നത്. പല നിറത്തിലുള്ള റോസാപുഷ്പങ്ങൾ വിരിഞ്ഞു നിന്നിരുന്ന
അതിമനോഹരമായ പ്രദേശം.നിറയെ പൂമ്പാറ്റകളും ,കിളികളുമെല്ലാം പറന്നു നടന്നിരുന്ന
റോസ് വനത്തിൽ ഗിന്നി എന്നു പേരുള്ള
മന്ത്രവാദി എത്തി.
ചുമന്ന പനിനീർ പുഷ്പം പോലെ അതീവ സുന്ദരിയായ എന്റെ മകൾ ലക്കി രാജകുമാരിയുടെ
സൗന്ദര്യത്തിൽ മന്ത്രവാദി ഭ്രമിച്ചു.ലക്കിയെ
വിവാഹം ചെയ്തു കൊടുക്കണമെന്ന് അയാൾ
ആവശ്യപ്പെട്ടു.
ക്രൂരനായ മന്ത്രവാദിക്ക് രാജകുമാരിയെവിവാഹം
ചെയ്തു കൊടുക്കുവാൻ ഞാൻ വിസമ്മതിച്ചു.ദുഷ്ടനായ മന്ത്രവാദി രാജകുമാരിയെ
മന്ത്രശക്‌തി കൊണ്ട് വലിയൊരു കോട്ടക്കുള്ളിൽ
ബന്ധിച്ചിട്ടു.എന്നെയും , രാജ്ഞിയെയും ,പ്രജകളെയും പക്ഷികളും ,മൃഗങ്ങളുമാക്കി മാറ്റി.റോസ്
വനം പാടെ ഉണക്കിക്കളഞ്ഞു.

രാജകുമാരൻ ആക്രമിച്ചു കീഴടക്കിയ കഴുതപ്പുലിക്കൂട്ടം മന്ത്രവാദിയുടെ അനുചരന്മാരാണ്.അവരെ ഇല്ലാതാക്കിയപ്പോൾ മന്ത്രവാദിയുടെ പകുതി ശക്തി ക്ഷയിച്ചു.മന്ത്രവാദിയെ വധിച്ചാൽ മാത്രമേ റോസ്
വനത്തിന് നഷ്ടപ്പെട്ട ഐശ്വര്യം തിരികെ ലഭിക്കുകയുള്ളൂ.
മന്ത്രവാദിയുടെ കണ്ണും ,ചെവിയും ,മനസ്സും ഒരു പോലെദുർബലമാക്കി അയാളെ വധിക്കുവാൻ ധൈര്യവും ,ദയയും ,മനശക്തിയുമുള്ള ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.”സിംഹത്തിന്റെ രൂപത്തിലുള്ള
റിയോ രാജാവ് കരഞ്ഞു കൊണ്ട് പറഞ്ഞു.
“സങ്കടപ്പെടണ്ട രാജാവേ,ഞാൻ നിങ്ങളെ സഹായിക്കാം”ഹെൻസിൽ രാജകുമാരൻ പറഞ്ഞു.
ആശ്വാസത്തോടെ റിയോ രാജാവ് ഹെൻസിൽ രാജകുമാരന് നന്ദി പറഞ്ഞു .രാജകുമാരൻ
വീണ്ടും കുറച്ച് ദൂരം കൂടി നടന്നപ്പോൾ വലിയൊരു കോട്ടകണ്ടു. കോട്ടയുടെ മുൻപിൽ മനോഹരമായ
ഒരു പൊയ്കയും ഉണ്ടായിരുന്നു.
ദാഹിച്ചു വലഞ്ഞിരുന്ന രാജകുമാരൻ പൊയ്കയിൽ
നിന്നും വെള്ളം കുടിക്കുവാനോങ്ങി.പെട്ടെന്ന് മന:ശക്തി വീണ്ടെടുത്ത് ഹെൻസിൽ ചിന്തിച്ചു.
‘ഈ പൊയ്കയിലെ ജലമായിരിക്കണം
മന്ത്രവാദിയുടെ മന്ത്രജലം.ഇത് കുടിക്കുന്നത്
ആപത്താണ്’.ബുദ്ധിമാനായ രാജകുമാരൻ
പൊയ്കയിലെ ജലം ഗതിമാറ്റി കോട്ടയുടെ
ഭാഗത്ത് നിന്നും തിരിച്ചു വിട്ടു.
അതോടെ മന്ത്രശക്തി നഷ്ടപ്പെട്ട മന്ത്രവാദി
അലറിക്കൊണ്ട് രാജകുമാരന്റെ നേർക്ക് പാഞ്ഞു വന്നു.
‘ക്ലീ .ക്ലിയോ ‘രാജകുമാരൻ മന്ത്രം ചൊല്ലിയതും
പഞ്ചവർണ്ണക്കിളിയുടെ രൂപത്തിൽ വനദേവത പ്രത്യക്ഷപ്പെട്ടു.
മന്ത്രവാദിയുടെ കണ്ണുകൾ രണ്ടുമത് കൊത്തിപ്പറിച്ചു.കണ്ണു കാണാതെയായപ്പോൾ
മന്ത്രവാദിയുടെ ധൈര്യമെല്ലാം ചോർന്നു പോയി.
‘ലീ ലിയോ’ അടുത്ത മന്ത്രം ചൊല്ലിയതും പുള്ളിപ്പുലിയുടെ രൂപത്തിലുള്ള വനദേവത അലറിക്കൊണ്ട് മന്ത്രവാദിയുടെ നേരെ ചാടി വീണു.
പുലിയുടെ അലർച്ച കൂടി കേട്ടപ്പോൾ അയാൾ പേടിച്ചു വിറച്ചു .ദുർബലനായ മന്ത്രവാദിയെ ഹെൻസിൽ രാജകുമാരൻഅമ്പെയ്ത് വധിച്ചു.

ഹെൻസിൽ രാജകുമാരൻ കോട്ടയ്ക്കുള്ളിൽ
കയറി ലക്കി രാജകുമാരിയെ രക്ഷിച്ചു .റോസ് വനത്തിൽ കൊണ്ട് ചെന്ന് റിയോ രാജാവിനെ ഏൽപ്പിച്ചു.
മന്ത്രവാദിമരിച്ചപ്പോൾ റിയോ രാജാവിനും ,രാജ്ഞിക്കും
പ്രജകൾക്കുമെല്ലാം മനുഷ്യരൂപം വീണ്ടു കിട്ടി.
റോസ് വനം വീണ്ടും തളിർത്ത് പൂക്കളെല്ലാം
നിറഞ്ഞ് മനോഹരമായി. സന്തുഷ്ടനായ റിയോ
രാജാവ് ലക്കി രാജകുമാരിയെ ഹെൻസിൽ
രാജകുമാരന് വിവാഹം കഴിച്ചു കൊടുത്തു

About The Author

4 thoughts on “റോസ് വനത്തിലെ രാജകുമാരനും ,രാജകുമാരിയും- ( മിനി സുരേഷ് )”

Leave a Reply

Your email address will not be published. Required fields are marked *