ഒരു ലൈബ്രേറിയന്റെ ലോക്ഡൗൺ നൊമ്പരങ്ങൾ.. – (നൈന മണ്ണഞ്ചേരി)

Facebook
Twitter
WhatsApp
Email

ന്ന് നൂറയുടെ ജന്മദിനമാണ്,ഇന്ന് പുറത്തിറങ്ങാതെ വയ്യ.. വല്ലാത്ത അസ്വസ്ഥത അയാളെ വരിഞ്ഞു മുറുക്കി.പുറത്തേക്കൊന്നിറങ്ങാൻ,ശുദ്ധവായു ശ്വസിക്കാൻ അയാൾ വെമ്പൽ കൊണ്ടു.ട്രെയിന്റെയും ബസ്സിന്റെയും ശബ്ദത്തിൽ അലിഞ്ഞ്  ചേർന്ന് എന്നും വായനശാലയിൽ പോയിരുന്ന അയാൾക്ക് പുറത്തേക്കിറങ്ങാനാവാത്ത അവസ്ഥ അസ്വസ്ഥ ജനകമായിരുന്നു.ജീവപര്യന്തം തടവിന് ശിഷിക്കപ്പെട്ടവന്റെ അവസ്ഥയെക്കുറിച്ച് അയാൾ കഥയും കവിതയും എഴുതിയിട്ടുണ്ടെങ്കിലും,ബന്ധനത്തിന്റെയും ഏകാന്തതയുടെയും ദുരിതത്തെപ്പറ്റി ഒത്തിരി വായിച്ചിട്ടുണ്ടെങ്കിലും  അതിനെക്കാൾ അസ്വസ്ഥമായ ഒരവസ്ഥ അനുഭവിക്കേണ്ടി വരുമെന്ന്  ഒട്ടും കരുതിയതല്ല.

എന്നും പ്രിയപ്പെട്ട ഇടമായിരുന്നു അയാൾക്ക് വായനശാലയും ഗ്രന്ഥശാലയും..ചെറുപ്പത്തിലെ തന്നെ വായിക്കാനുള്ള ഭ്രമം അയാളെ വല്ലാതെ പിടികൂടിയിരുന്നു.വീട്ടിൽ കടയിൽ നിന്നും പലചരക്കു സാധനങ്ങൾ പൊതിഞ്ഞു കൊണ്ടു വന്നിരുന്ന കടലാസ് മടക്കു നിവർത്തി വായിച്ചാണ് അയാളുടെ ബാല്യത്തിലെ വായന തുടങ്ങുന്നത്. ഒരു കവർ ഒട്ടിക്കുന്ന കടലാസിലുള്ള കഥയിലും കവിതയിലും അയാളുടെ വായന അവസാനിച്ചു.വായിച്ച കഥയുടെ ബാക്കി അറിയാനുള്ള ആഗ്രഹമായിരിക്കണം അയാളിലെ എഴുത്തുകാരനെ ഉണർത്തിയത്.

പുസ്തകത്തിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം അയാളുടെ ഓർമ്മകളിൽ ഓടിയെത്തി.അതിന് കുമാരൻ സാറിന്റെയും മണമുണ്ടായിരുന്നു.നാട്ടിലെ ഗ്രന്ഥശാല എന്ന തരത്തിൽ ആദ്യം പരിചയപ്പെടുന്നത് യു.പി.സ്ക്കൂളിലെ ഗ്രന്ഥശാലയായിരുന്നു.പഴയ ഒരു അലമാരയിൽ മുട്ടത്തു വർക്കിയുടെ ‘’ഒരു കുടയും കുഞ്ഞു പെങ്ങളും’’ പോലെ ഏതാനും പഴയ പുസ്തകങ്ങൾ അയാളെ മാടി വിളിച്ചു.പക്ഷേ അതിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. എല്ലാ വെള്ളിയാഴ്ച്ചയും അവസാനത്തെ പീരീഡ് കുമാരൻ സാർ വരും,കയ്യിൽ അടുക്കിപ്പിടിച്ച കുറച്ചു പുസ്തകങ്ങളുമായി..അത് സാഹിത്യ സമാജത്തിന്റെ പീരിഡാണ്.

അപ്പോഴാണ് പുസ്തക വിതരണം..അടുത്ത ഒരാഴ്ച്ച അതിൽ നിന്നു കിട്ടുന്ന ഒരു പുസ്തകം കൊണ്ടു തൃപ്തിപ്പെടണം. വായിച്ച് മതിയാകാതെ അയാളിലെ കുഞ്ഞു വായനക്കാരൻ അക്കാലങ്ങളിൽ വല്ലാതെ അസ്വസ്ഥനായി.അങ്ങനെ കുറച്ചു കൂടി വലുതായപ്പോഴാണ്.നാട്ടിലെ വായനശാലയിൽ അയാൾ അംഗമാകുന്നത്.ഒത്തിരി പുസ്തകങ്ങൾ അയാൾ വായിച്ചു കൂട്ടി..ഒടുവിൽ ഗ്രന്ഥാലയത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന ഏതു വായനക്കാരനും കൊതിക്കുന്ന ജോലി കിട്ടിയപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പൊതുവെ അന്തർമുഖനായ അയാൾക്ക് ഇണങ്ങുന്ന ജോലി തന്നെയായിരുന്നു ലൈബ്രേറിയന്റെത്.

വായനശാലയുടെ ചുമരുകളിൽ മിക്കപ്പോഴും നിശബ്ദത തളം കെട്ടി നിന്നു.ഇടയ്ക്ക് പുസ്തമെടുക്കാനോ വായനശാലയിൽ ആരെങ്കിലും പത്രം വായിക്കാനോ വരുമ്പോൾ മാത്രം അയാളുടെ വായന മുറിഞ്ഞു. ലൈബ്രറിയുടെ ഏകാന്തതയിൽ അയാൾ ദസ്തയോവ്സ്ക്കിയോടും ഷേക്സ്പിയറോടും വിക്ടർയൂഗോയോടും വർത്തമാനം പറഞ്ഞു. ബഷീറിനോടും തകഴിയോടും മുട്ടത്തു വർക്കിയോടുമൊക്കെ വിശേഷങ്ങൾ പങ്കു വെച്ചു. .കുഞ്ഞുപാത്തുമ്മയോടും മജീദിനോടും സുഹറയോടും മണ്ടൻ മൂത്താപ്പയോടും കറുത്തമ്മയോടും പരീക്കുട്ടിയോടുമൊക്കെ  കഥകൾ പറഞ്ഞു..

 

.അങ്ങനെ  കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളുമായി പുസ്തകങ്ങളുടെ ലോകത്ത് സംതൃപ്തനായി അയാൾ കഴിയുമ്പോഴാണ് അപ്രതീക്ഷിത വില്ലനായി കോവിഡ് വന്നത്. കഥകളും കവിതകളും വായനക്കാരുമായി നിറം പകർന്ന അയാളുടെ ലോകം വല്ലാതെ ഇരുട്ടിലായി.എന്നും രാവിലെയും വൈകുന്നേരവും വായനശാലയിലേക്ക് പോകാൻ അയാളുടെ മനസ്സും കാലുകളും  വെമ്പൽ കൊണ്ടു. ബന്ധിതമാക്കപ്പെട്ട അവസ്ഥയിൽ അയാൾ വല്ലാതെ വീർപ്പുമുട്ടി. പുറത്തിറങ്ങിയാൽ പോലീസിന്റെ ചോദ്യത്തിന് മറുപടി പറയണം, കാൽനടയായി പോയാലും തടഞ്ഞു നിർത്തപ്പെടുന്നു. വുഹാനിലെ ലാബിൽ നിന്ന് പുറത്തു ചാടുമ്പോൾ വൈറസിന്റെ ചിന്തയിലും ഉണ്ടായിരുന്നിരിക്കില്ല ഇത്രയും ഭീകരമായ വ്യാപനം..

ഇന്നേതായാലും പുറത്തിറങ്ങാതിരിക്കാനാവില്ല..ഇന്ന് എന്റെ നൂറയുടെ ജന്മദിനമാണ്..ഫോണിന്റെ ചാർജ്ജർ ഉപയോഗശൂന്യമായിരിക്കുന്നു,. ആകെ ആശ്രയമുള്ളത് അതു മാത്രമാണ്, ലോക്ക്ഡൗണിന്റെ ബന്ധനങ്ങളിൽ ലോകവുമായി ബന്ധപ്പെടാനുള്ള ഒരേയൊരുപാധി..അടുത്ത് ആരോടെങ്കിലും കടം വാങ്ങാനാണെങ്കിൽ  ആർക്കും ആരെയും അറിയാത്ത നാഗരികതയുടെ പൊയ്മുഖങ്ങളാണെങ്ങും.. അനേകം അപരിചിതർക്കിടയിൽ അയാളും  ഒരു അപരിചിതൻ..പരിചയമുണ്ടെങ്കിൽ തന്നെ  പുറത്തിറങ്ങാതെ അകത്തിരിക്കാൻ വിധിക്കപ്പെട്ട കാലം…അടച്ചിട്ട മുറികളുടെ ഇടയിൽക്കൂടി പോലും നോക്കാൻ പേടി.സ്വന്തം .കാലടിശബ്ദങ്ങളെപ്പോലും ഭയപ്പെടുന്ന മനുഷ്യർ.. മാസ്ക്കിന്റെ ആവരണങ്ങളിൽ എല്ലാവർക്കും ഒരേ മുഖച്ഛായ മാത്രം..

കടകൾ ഒന്നും തുറക്കാൻ വഴിയില്ല.ഭക്ഷണം വിൽക്കുന്ന കടകൾ മാത്രം രണ്ടു മണിക്കൂർ തുറക്കാനേ അനുമതിയുള്ളൂ..അയാൾക്ക് വല്ലതെ ഭ്രാന്തു പിടിക്കും പോലെ തോന്നി..ഒരു ദൈവത്തിനും ഒരു നേതാവിനും ഒരു നിയമത്തിനും കഴിയാത്തത് ഒരു കുഞ്ഞു വൈറസിനെക്കൊണ്ട് കഴിഞ്ഞിരിക്കുന്നു..ഇത്രയും അനുസരണശീലരാകാൻ..ദേശ ഭാഷാ രാജ്യ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് കഴിയുന്നത് എങ്ങനെ എന്ന് അയാൾ അത്ഭുതപ്പെട്ടു..

ഫെയിസ് ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും തേടി എത്തിയ സൗഹൃദങ്ങൾ അയാൾക്ക് എന്നും ആശ്രയമായിരുന്നു,,അതിൽ ഒരിക്കലും മറക്കാനാവാത്ത സുഹൃത്തായിരുന്നു നൂറ..ഗുജറാത്തിൽ സഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം..ബിസിനസിനൊപ്പം രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ  ബാപ്പയുടെ പുന്നാരമകൾ..

നൂറ എപ്പോഴും എഴുതുമായിരുന്നു ബാപ്പയുടെ പുസ്തകസ്നേഹത്തെപ്പറ്റി,സഹജീവി സ്നേഹത്തെപ്പറ്റി,വീടിനു മുകളിലെ ലൈബ്രറിയിൽ കുരുവികൾക്ക് താമസിക്കാൻ ഒരുക്കിയിരുന്ന കൂടുകളെപ്പറ്റി..എല്ലാം വിശദമായി ഫെയിസ് ബുക്കിൽ അവൾ കുറിച്ചിടുമായിരുന്നു,ഞാനും എഴുതി,നുറാ,എനിക്ക് വല്ലാത്ത സന്തോഷമുണ്ട്,നീയും ബാപ്പയും വായനയെ സ്നേഹിക്കുന്നുവെന്നറിഞ്ഞതിൽ… എത്രയോ നാളുകളായി ഞാനും വായനയെ എന്റെ പ്രാണവായുവായി കൊണ്ടു നടക്കുന്നവനാണ്, ഗ്രന്ഥശാലയെ ജീവനോട് ചേർത്തവനാണ്..ഇത്രയും അകലെ വായനയെ സ്നേഹിക്കുന്ന രണ്ടു പേരെ കൂട്ടുകാരായി കിട്ടിയ ഞാൻ ഭാഗ്യവാനാണ്..

എന്റെ ജന്മദിനങ്ങളിൽ അവളും അവളുടെ ജന്മദിനങ്ങളിൽ ഞാനും ആശംസകൾ നേരുമായിരുന്നു..എന്റെ കുടുംബവും അവളുടെ കുടുംബവും നേരിട്ട് കാണാതെ ചിരപരിചിതരായി. ഒരിക്കൽ ഞാനെഴുതി, നൂറാ ഞാനും ഭാര്യയും കുട്ടികളും കൂടെ അങ്ങ് ഗുജറാത്തിലേക്ക് വരും,നിന്നെ കാണാൻ,നിന്റെ ബാപ്പയെയും ഉമ്മയേയും സഹോദരങ്ങളെയും കാണാൻ..അതു കേട്ടപ്പോൾ അവൾക്ക് വലിയ സന്തോഷമായി.’’അതിനെന്താ അങ്കിൾ., വന്നിട്ട് ഒരു മാസം ഇവിടെ നിന്നിട്ട് പോയാൽ മതി കേട്ടോ..’’

എന്റെ കഥകൾ വയിച്ച് അവൾ അഭിപ്രായം എഴുതും.അവൾ എഴുതുന്ന കവിതകൾ വായിച്ച് ഞാനും..എത്ര മനോഹരമായിരുന്നു അവളുടെ കവിതകൾ.ഹൃദയത്തിൽ നിന്നും ഒഴുകി വന്ന വരികൾ..നൊമ്പരങ്ങളും കിനാവുകളും ചേർത്ത ജീവിതത്തിൽ മുക്കിയെടുത്ത വരികൾ..ഇത്ര ചെറുപ്പത്തിൽ എങ്ങനെ ഇത്ര കയ്യൊതുക്കത്തോടെ എഴുതാൻ കഴിയുന്നു,,അയാൾക്ക് അത്ഭുതമായിരുന്നു..പാരമ്പര്യമായി കിട്ടിയതെന്ന് പറയാൻ ബാപ്പയുടെ വായനശീലവും ഉമ്മയുടെ ചിത്രരചനയും.. മാത്രം..

ബാപ്പ ചെറുപ്പത്തിൽ കവിതകളെഴുമായിരുന്നുവെന്ന് നൂറ എഴുതിക്കണ്ടിട്ടുണ്ട്,ബാപ്പയുടെ പ്രതിഭ മകളിലൂടെ പുനർജ്ജനിച്ചതാവണം.എന്തും അവൾക്ക് വിഷയങ്ങളായിരുന്നു..ബാപ്പയുടെ കുരുവികൾ കൂട്ടിൽ മുട്ടയിട്ടത്,കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ ബാപ്പ ഫാൻ പോലും ഓൺ ചെയ്യാത്തത്..ആ സമയത്ത് സെല്ലോ ടേപ്പ് വെച്ച് ഫാൻ ഒട്ടിച്ചു വെക്കുമത്രേ..അറിയാതെ പോലും ഫാൻ ഓണായി കുരുവിക്കുഞ്ഞുങ്ങൾക്ക് അലോസരമുണ്ടാകാതിരിക്കാൻ..ചൂടിൽ വിയർത്തുകുളിച്ചിരുന്ന് വായിക്കുന്ന ബാപ്പയെപ്പറ്റി അവൾ എഴുതിയിട്ടുണ്ട്.

അതിനിടയിലാണ് കലാപത്തിന്റെ തീ നാളങ്ങൾ അവളുടെ നാട്ടിലേക്ക് കടന്നുവന്നത്.ഓരോ ദിവസവും കാര്യങ്ങൾ പിടി വിട്ടു പോവുകയായിരുന്നു..പച്ച മനുഷ്യരെ പിടിച്ച് തീയിട്ട് ചുട്ടുകൊല്ലുന്ന വാർത്തകൾ വായിച്ച് അയാളുടെ നെഞ്ചകം കലങ്ങി.വയർ കുത്തി തുറന്ന് ഭ്രൂണം പുറത്തെടുത്ത വാർത്തകൾ അയാളുടെ ഉറക്കം കെടുത്തി.മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും മുന്നിലിട്ട് മാനം പിച്ചിച്ചീന്തി  തീയിലെറിഞ്ഞ് കൊന്ന നിരപരാധികളുടെ നിസ്സഹായത  അയാളുടെ മനസ്സിൽ തേങ്ങലായി നിറഞ്ഞു..അപ്പോഴൊന്നും നൂറയ്ക്കും കുടുംബത്തിനും ഒന്നും സംഭവിക്കല്ലേ എന്ന് അയാൾ പ്രാർത്ഥിച്ചു.,,എല്ലാ ദിവസവും അവളുടെ ഫെയിസ് ബുക്ക് പേജുകൾ ആശങ്കയോടെ അയാൾ പരതി..ഓരോ ദിവസവും അവൾ കണ്ണീർക്കഥകൾ പങ്കു വെച്ചു,,

ഒടുവിൽ അവൾ എഴുതിയത് വായിച്ചപ്പോൾ അയാൾ എവിടെയോ അപകടം മണത്തു. .’’അവർ പിശാചുക്കളെപ്പോലെ ഓടി നടക്കുന്നു..ഓരോ ദിവസവും കേൾക്കുന്നത് കദനം നിറഞ്ഞ കാര്യങ്ങൾ..പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പെടെ എല്ലാവരെയും വെട്ടിക്കൊന്ന് തീയിലിട്ട് കത്തിക്കുന്നു.ഓരോ കുടുംബത്തിലും കടന്നു ചെന്ന് കുടുംബത്തെ ഒന്നാകെ കൊല്ലുന്നു..അവർ നാളെ ഇവിടെയും വന്നു കൂടെന്നില്ല,,ഞങ്ങൾക്കായി പ്രാർത്ഥിക്കുക.അവർ വന്നില്ലെങ്കിൽ നാളെ വീണ്ടും കാണാം..’’

വായിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന കുറിപ്പുകൾ..അവളുടെ കവിതകളും കുസൃതികളുമൊന്നും ആ നാളുകളിൽ കണ്ടില്ല.ജീവിക്കാനുള്ള ആഗ്രഹം മാത്രമായിരുന്ന നാളുകൾ..ക്രൂരതകൾക്കു മുന്നിൽ നിസ്സഹായമായിപ്പോകുന്നു മനുഷ്യന്റെ മനസ്സും ഭാവനയും..

പിറ്റേ ദിവസം നൂറ എഴുതി..’’എന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ദിവസം,,നാളെ ഒരു കുറിപ്പെഴുതാൻ ഞാനുണ്ടാകുമോ എന്നറിയില്ല. താഴെ കലാപകാരികൾ ഒത്തുകൂടിയിരിക്കുന്നു..അതിനു മുമ്പ് അഭയം തേടി ഓടിയെത്തിയ ആൾക്കാരെ വിട്ടു കൊടുക്കണമെന്ന് പറഞ്ഞ് കയ്യിൽ വാളും പന്തവുമായി ആർത്തു വിളിക്കുന്ന ആളുകൾ..അഭയം തേടി ഓടിയെത്തിയവരെ  ബാപ്പ അകത്തു കയറ്റി ഒളിപ്പിച്ചിരുന്നു.. ബാപ്പ ജീവനു തുല്യം സ്നേഹിച്ച പുസ്തകങ്ങളുടെയും കുരുവിക്കുഞ്ഞുകളുടെയും കൂടെ..

ആക്രോശങ്ങൾക്കൊടുവിൽ  തടസ്സം നിന്ന ബാപ്പയെ വെട്ടി വീഴ്ത്തി തീയിലേക്കെറിയുന്നത്  അടച്ചിട്ട മുറിയിൽ നിന്ന് കണ്ണുനീരോടെ കാണേണ്ടി വന്ന ഒരു മകളുടെ നിസ്സഹായത നിങ്ങൾക്കറിയുമോ..അതറിയാതെ ബഹളം കേട്ട് ബോധരഹിതയായിക്കിടക്കുന്ന ഒരു ഉമ്മയുടെ ദുഖം നിങ്ങൾക്ക് ഊഹിക്കാനാവുമോ..

ബാപ്പ അഭയം കൊടുത്ത ഓരോരുത്തരെയും ഒന്നൊന്നായി അവർ കൊന്ന് തീയിലെറിയുന്നു..പെൺകുട്ടികളെയും സ്ത്രീകളെയും പുറകിലേക്ക് പിടിച്ചു കൊണ്ടു പോകുന്നു..എങ്ങും നിലവിളികൾ മാത്രം മാനം പോകുന്നതിന്റെ, ജീവൻ പോകുന്നതിന്റെ.. പച്ച മാംസം കത്തിയെരിയുന്ന മണം. എന്റെ മൂക്കിലേക്കെരിഞ്ഞു കയറുന്നു.എന്റെ ബാപ്പയൂടെ പ്രിയപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയും കുരുവിക്കുഞ്ഞുകളും മനുഷ്യരോടൊപ്പം വെന്തെരിഞ്ഞു..അതിനിടയിൽ എന്റെ ബാപ്പയും..നിലവിളിച്ച് ഓടിയെത്തിയ മനുഷ്യരെ  സംരക്ഷിച്ചു എന്നതു മാത്രമായിരുന്നു ബാപ്പ ചെയ്ത കുറ്റം..’’  പൂർണ്ണമാകാതെ പോയ ഈ പോസ്റ്റായിരുന്നു  നൂറയുടെ അവസാന പോസ്റ്റ്..

പിന്നീട്  ഉറക്കവും ഭക്ഷണവുമില്ലാതെ പോയ  എത്ര നാളുകൾ..ഓരോ ദിവസവും  നൂറയുടെ ഒരു  പോസ്റ്റിനായി അയാൾ  കാത്തു..’’നിങ്ങൾ എന്തെങ്കിലും ഒന്ന് കഴിക്ക്..’’ ഭാര്യ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പറഞ്ഞു. ചിക്കനും മട്ടനും ബീഫുമൊക്കെ അവൾ ഓരോ ദിവസവും മാറി മാറി  വിളമ്പി അയാൾ..ഒന്നും തൊട്ടില്ല.ഇറച്ചിക്കഷണം എടുത്തു വായിലേക്ക് വെക്കാൻ തുടങ്ങുമ്പോൾ ജീവിച്ചു കൊതി തീരാതെ വെട്ടി നുറുക്കി തീയിലിടപ്പെട്ട കുഞ്ഞുങ്ങളുടെ..കരിഞ്ഞ മാംസമാണ് അയാളുടെ ഓർമ്മയിൽ വന്നത്..പിന്നെ ഒരിക്കലും അയാൾക്ക് ഇറച്ചി കഴിക്കാൻ കഴിഞ്ഞില്ല .മാനം നഷ്ടപ്പെട്ട പാവങ്ങളുടെ കരച്ചിലിൽ അയാളുടെ ഉറക്കവും നഷ്ടപ്പെട്ടു.

അവളുടെ അടുത്ത ജന്മദിനമായപ്പോൾ ദു:ഖത്തിനിടയിലും  ആശംസ അയച്ചു..അതു പോലെ പലയിടത്തു നിന്നുമായി ആശംസകൾ വന്നു കിടന്നിരുന്നു ,ഒന്നിനും മറുപടിയില്ലാതെ..അതിനിടയിലെവിടെയോ ആണ് അവളുടെ സുഹൃത്തിന്റെ പോസ്റ്റ് അയാൾ വായിച്ചത്..’’ഇനി നിങ്ങൾ നൂറയ്ക്ക് ജന്മദിനം ആശംസിക്കേണ്ട..അവൾ ഈ ലോകത്തില്ല..ജന്മദിനവും ചരമദിനവുമില്ലാത്ത ലോകത്തേക്ക് അവൾ എന്നേ പൊയ്ക്കഴിഞ്ഞു..അക്രമികൾ അവളുടെയും ഉമ്മയുടെയും മാനം കവർന്നെടുത്തു..അവരെയും അവർ തീയിലെറിഞ്ഞു,..’’

,പിന്നെ വായിക്കാൻ അയാൾക്ക് കണ്ണുകൾ കാണുന്നുണ്ടായിരുന്നില്ല.ഒഴുകി വീഴുന്ന കണ്ണീർത്തുള്ളികളിൽ അയാളുടെ മൊബൈൽ നനഞ്ഞു..

വർഷങ്ങൾ കഴിഞ്ഞു പോയെങ്കിലും എല്ലാ ജന്മദിനത്തിലും  ആളില്ലാത്ത അക്കൗണ്ടിലേക്ക് ഒരു ആശംസ….അത് പതിവായിരുന്നു..അവളുടെ ആത്മാവിന് അതു മാത്രമേ കൊടുക്കാനുള്ളൂ..ഏതെങ്കിലും ലോകത്തിരുന്ന് നൂറ അത് വായിക്കുന്നുണ്ടാവണം..എന്നെങ്കിലും അവൾ മറുപടി അയക്കാതിരിക്കില്ല.

നൂറയുടെ ജന്മദിനമാണ് ഇന്ന്  ആശംസ പോസ്റ്റ് ചെയ്യണമെങ്കിൽ മൊബൈലിൽ ചാർജ്ജില്ല..എവിടെ നിന്നെങ്കിലും ചാർജ്ജർ വാങ്ങിച്ചേ കഴിയൂ..അവൾ ഈ ലോകത്തില്ലെങ്കിലും അവളുടെ ആത്മാവ് എല്ലാം അറിയുന്നുണ്ടാവണം..ഇന്ന് മെസേജ് കണ്ടില്ലെങ്കിൽ എന്റെ കുഞ്ഞു പെങ്ങൾ നൂറ എന്നോട് പിണങ്ങും..തീയിലെറിഞ്ഞു കൊന്നവരോടും മാനം പിച്ചിചീന്തിയവരോടും അവൾ ക്ഷമിച്ചു കാണും..അത്രയും  പാവമായിരുന്നവൾ..എന്റെ നൂറ….സ്നേഹിക്കാൻ മാത്രമറിയാമായിരുന്നവൾ..കവിത നിറഞ്ഞ മനസ്സുണ്ടായിരുന്നവൾ..കുരുവികളെ പോലും വേദനിപ്പി  ക്കാതെ സ്നേഹിച്ച ബാപ്പയുടെ മകൾ..ജാതി നോക്കാതെ എല്ലാവർക്കും വാരിക്കോരിക്കൊടുത്ത ഉമ്മയുടെ മകൾ..അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിച്ചവൾ.

ഇന്ന് നൂറയുടെ ജന്മദിനമാണ്..നൂറയ്ക്ക് ആശംസാസന്ദേശം അയച്ചേ പറ്റൂ..തെരുവാകെ അലഞ്ഞു നടന്ന് നേരം ഇരുട്ടിയത് അയാൾ അറിഞ്ഞില്ല.. ജീപ്പിൽ വന്ന പോലീസുകാർ തടഞ്ഞു നിർത്തിയപ്പൊഴും അയാൾ വല്ലാത്തൊരു ഭ്രമാവസ്ഥയിലായിരുന്നു..’’എവിടെ പോകുന്നു..കണ്ടയിൻ‍മെന്റ് സോണാണെന്ന് അറിഞ്ഞു കൂടെ..വീട്ടിൽ പോകണം..’’ എസ്.ഐ.യുടെ സ്വരത്തിൽ കാർക്കശ്യം നിറഞ്ഞിരുന്നു..

‘’സാറേ,എവിടെയെങ്കിലും ഒരു മൊബൈൽ കടയുണ്ടാകുമോ..എനിക്ക് ഒരു ചാർജ്ജർ വാങ്ങിക്കാനാണ്.’’

അയാളുടെ ശബ്ദം ഇടറിയിരുന്നു..

‘’നിങ്ങൾക്ക് ഭ്രാന്തുണ്ടൊ മിസ്റ്റർ,നിങ്ങൾ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്..മര്യാദയ്ക്ക് വീട്ടിൽ പോയില്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ടിടും..’’ അതു പറഞ്ഞിട്ട് ജീപ്പ് പാഞ്ഞു പോയി..

ഇല്ല,സാർ.എനിക്ക് അങ്ങനെ പോകാൻ കഴിയില്ല.ഇന്ന് എന്റെ നൂറയുടെ ജന്മദിനമാണ്.അവൾക്ക് ആശംസ അയക്കാതിരിക്കാൻ എനിക്ക് കഴിയില്ല…. മാനം നഷ്ടപ്പെടുമ്പോഴും തീയിലെരിയുമ്പോഴും അവൾ സഹിച്ച വേദനയ്ക്ക് പകരം കൊടുക്കാൻ എനിക്ക് ഇതു മാത്രമേയുള്ളൂ..ആരെങ്കിലും തരുമോ ഒരു ചാർജ്ജർ?..’’ ബോധം നഷ്ടപ്പെട്ടവനെപ്പോലെ അയാൾ പുലമ്പി..പിന്നീട് പല ദിവസങ്ങളിലും പകലും രാത്രിയുമെന്നില്ലാതെ വിജനമായ വഴികളിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ആ വിളി പലരും കേട്ടു,ആരെങ്കിലും തരുമോ എനിക്കൊരു ചാർജ്ജർ?

പിന്നെയും എത്രയോ നാളുകൾ കഴിഞ്ഞു അയാൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ.പതിയെ പതിയെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടു.വീണ്ടും തന്റെ പ്രിയപ്പെട്ട വായനശാലയിലേക്ക് പോയിത്തുടങ്ങിയപ്പോൾ അയാൾക്ക് സന്തോഷമായി..വായനയുടെയും പുസ്തകങ്ങളുടെയും ലോകങ്ങളിൽ അഭിരമിക്കാൻ തുടങ്ങിയപ്പോൾ ദു:ഖങ്ങൾ പതിയെ മറന്നു തുടങ്ങി .എങ്കിലും വായനശാലയുടെ ഏകാന്തതയിൽ പുസ്തകങ്ങളുടെ ഉ‍ന്മത്ത ഗന്ധത്തിൽ എല്ലാം മറന്നിരിക്കുമ്പോൾ അയാളുടെ ഓർമ്മകളിലേക്ക് നൂറയെത്തും.. ഒരിക്കലും കാണാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ കളിയും ചിരിയും കവിതകളും അയാൾക്ക് മറക്കാൻ കഴിഞ്ഞില്ല.

എവിടെയെങ്കിലും കുരുവിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുമ്പോൾ അവസാനം ജീവനും മാനത്തിനും വേണ്ടി കേണ അവളുടെ കരച്ചിൽ പോലെ അയാൾക്ക് തോന്നി.  ഓരോ പുസ്തകവും തുറക്കുമ്പോഴും  വായിച്ചു തീരാതെ പാതിയടച്ചു വെച്ച പുസ്തകം പോലെ കടന്നു പോയ നൂറയും ബാപ്പയും അയാളെ വേട്ടയാടി. പതിവു പോലെ എല്ലാ ജന്മദിനങ്ങളിലും നൂറ കാണുന്നുണ്ടെന്ന വിശ്വാസത്തിൽ അവൾക്ക് ജന്മദിന ആശംസകൾ അയച്ചു. ഒരിക്കലും പിരിയാത്ത ആത്മാവായി നൂറ അയാളിൽ ആവേശിക്കുകയായിരുന്നു, അയാൾ നൂറയാവുകയായിരുന്നു..

 

……………… ………………………………………………………………………………………………………………………………………….. …………………………………………………………..

About The Author

Leave a Reply

Your email address will not be published. Required fields are marked *