നെൽക്കതിർക്കുല തൂക്കിയിട്ടിരിക്കുന്ന മച്ചിന്റെ താഴെ ചാരുകസേരയിൽ ചുവരിലെ രാധാകൃഷ്ണ ഫോട്ടോയിലേക്കു മിഴിനട്ടു കിടക്കുകയായിരുന്നു ചന്ദ്രോത്തേ കാരണവർ രാഘവൻ നായർ.മകനു വിവാഹാലോചനകൾ മുറുകി വരുന്ന സമയം. ഇനിയങ്ങോട്ട് തിരക്കി ന്റെ നാളുകളാണ് വരുന്നത്.
മുൻവശത്തെ ഗേറ്റ് വല്ലാത്തൊരു ശബ്ദത്തിൽ തുറക്കുന്നു. ആരോ വെപ്രാളപ്പെട്ടു തുറക്കും പോലെ .തനിക്കു തെറ്റിയില്ല. മുറ്റം കടന്ന് ഉമ്മറത്തേക്കു പാഞ്ഞു വരുന്ന ചന്ദ്രൻ. ഇവിടെ പാടത്തേ പണിക്കാരനാണ്.സാറേ …. സാറേ … അവനു കിതപ്പുകൊണ്ടൊന്നും സംസാരിക്കാൻ കഴിയുന്നില്ല. എന്താ ചന്ദ്രാ നീ കാര്യം പറയൂ. അവിടെ രജിസ്ട്രർ ഓഫീസിൽ ഒരു കല്യാണം നടക്കുന്നു. അതിനാണോ നീ ഇത്ര പരവേശപ്പെടുന്നത്. എടാ, രജിസ്ട്രർ ഓഫീസിൽ കല്യാണം നടക്കുന്ന തൊരു പുതിയ കാര്യമല്ലല്ലോ? അതു ശരിയാണ്.പക്ഷേ അവിടെ നടന്നത് നമ്മുടെ ദേവനും, മാലുവുമായുള്ള കല്യാണമാണ്.ചന്ദ്രൻ പായുന്നതു കേട്ട്
രാഘവൻ നായർ
ഇടിവെട്ടേറ്റതു പോലെയായി.
ഒരുനിമിഷം ലോകം കീഴ്മേൽ മറിയുന്നതു പോലെ തോന്നി. പെട്ടെന്നു യാഥാർത്ഥ്യത്തിലേക്കു വന്ന അയാൾ ഉറക്കെ വിളിച്ചു “സരസൂ എടി സരസൂ. അടുക്കളയിൽ മിക്സിയിൽ തൈരു കടയുകയായിരുന്ന സരസ്വതി ഞെട്ടിപ്പോയി.അവർ മിക്സി നിർത്തിയിട്ട് ഓടി വന്നു.”എടീ, നിന്റെ
സൽപുത്രൻ മുറപ്പെണ്ണിനെ രജിസ്റ്റർ കല്യാണം കഴിച്ചെന്ന്.
അവരാദ്യം ഒന്നു ഞെട്ടി.പിന്നെ സംയമനത്തോടെ ചോദിച്ചു ” ആര് ദേവനോ? മാലുവിനേയോ?” അതിനു നിനക്കെത്ര പുത്രൻമാരുണ്ട്.ദേവൻ തന്നെ. അവരുടെ മനസ്സിൽ സത്യത്തിൽ ഒരു തണുപ്പനുഭവപ്പെട്ടു.അവരാഗ്രഹിച്ച ബന്ധമായിരുന്നു.മാലതിയെന്ന മാലുവിനെ അവർക്കത്രക്കിഷ്ടമായിരുന്നു. തന്റെ മകൾ നീലിമയെപ്പോലെ തന്നെ അവർ മാലുവിനേയും സ്നേഹിച്ചിരുന്നു.
രാഘവൻ നായർ കോപം കൊണ്ടു ജ്വലിച്ചു നിൽക്കുകയാണ്. ചന്ദ്രാ നിന്നോടാരാണീ വിവരം പറഞ്ഞത്.അങ്ങാടിയിൽ നിന്നറിഞ്ഞതാണ്. നീ അവരെ കണ്ടോ.?
ഉവ്വ്.രണ്ടാളും തുളസിപ്പൂമാല യൊക്കെ അണിഞ്ഞ് ആ ഓഫീസിലിരിപ്പുണ്ട്. എന്നിട്ടും ആ ഓഫീസർ എന്നെയൊന്നറിയിച്ചില്ലല്ലോ? നെറികെട്ടവൻ. അയാൾക്കു ഞാനെന്തെല്ലാം ഉപകാരങ്ങൾ ചെയ്തിട്ടുണ്ട്. രാഘവൻ നായർ സ്വയം കുറ്റപ്പെടുത്തി. അയ്യോ സാർ, പഴയ ആളു സ്ഥലം മാറി പോയി. ഇത് കഴിഞ്ഞയാഴ്ച പുതിയതായി ചാർജെടുത്ത ആളാണ്.
സരസു…. അയാൾ നീട്ടി വിളിച്ചു. ഞാൻ അവിടം വരെ ഒന്നു പോയിട്ടു വരാം.ആ അഹങ്കാരിയായ രജിസ്ട്രാറോടു രണ്ടു പറയണം. എന്തിനാ രാഘവേട്ടാ, അയാൾ അയാളുടെ ജോലി ചെ യ്തു. എല്ലാം കഴിഞ്ഞില്ലേ? അവർ നമ്മുടെ കുട്ടികളല്ലേ? ഇനി അവരെ അനുഗ്രഹി….. സരസു പാതി പറഞ്ഞപ്പോഴേക്കും അയാളുടെ തീ പാറുന്ന നോട്ടമവരെ
നിശബ്ദയാക്കി.
ദേവരാജനും മാലതിയും സബ് രജിസ്ട്രാറുടെ മുറിയിലിരിക്കുകയാണ്. ഇതിപ്പോൾ അമ്മാവൻ അറിഞ്ഞിട്ടുണ്ടാവും. ഇനി എന്തൊക്കെയാണോ നടക്കാൻ പോകുന്നത്. എനിക്കു പേടിയാവുന്നു ദേവേട്ടാ.മാലതി കരച്ചിലിന്റെ വക്കിലെത്തി നിൽക്കുകയാണ്. നീ പേടിക്കാതിരിക്ക് ഞാനില്ലേ കൂടെ? ഇതിപ്പം ലോകത്തു നടക്കാത്ത കാര്യമൊന്നുമല്ലല്ലോ.സബ് രജിസ്ട്രാർ പ്രേമ ചന്ദ്രൻ പറഞ്ഞു.
എന്നാലും ദേവേട്ടാ നമ്മൾ ചെയ്തത് ധിക്കാരമല്ലേ? മാലൂ, എല്ലാമറിയാവുന്ന നീ ഇങ്ങനെ പറയുന്നതിലാണെനിക്കത്ഭുതം .നമ്മുടെ ബന്ധത്തിനെല്ലാവരും സമ്മതവും, അനുഗ്രഹവുമൊക്കെ തന്നതല്ലേ. ഓർമ വെച്ച നാൾ മുതൽ ഞാൻ കേൾക്കുന്ന പല്ലവിയായിരുന്നു മാലൂ ദേവനുള്ളതാണെന്ന്. അതു പറഞ്ഞതും എന്റെ അഛൻ തന്നെ. അതു വെറുംവാക്കായിരുന്നില്ല. രണ്ടാളുടേയും ജാതകങ്ങൾ ഒത്തു നോക്കി പൊരുത്തം കണ്ടിട്ടു പറഞ്ഞതാണ്.ബാല്യവും, കൗമാരവും പിന്നിട്ട് യൗവ്വനത്തിലെത്തിയപ്പോൾ നമ്മൾ രണ്ടാളുടേയും മനസ്സിൽ ആ മോഹം ആഴത്തിൽ വേരുന്നിയിരുന്നു. മുറിച്ചു മാറ്റാൻ പറ്റാത്ത വിധം .ഇതൊക്കെ മാലുവിനു നിഷേധിക്കാനാകുമോ അവൾ നിറമിഴികളോടെ ദേവനെ നോക്കി.
അതൊക്കെ പഴങ്കഥകളാണെന്നാണ് അമ്മാവൻ പറയുന്നത്. തറവാട്ടു സ്വത്തുക്കൾ ഭാഗിച്ചപ്പോഴുണ്ടായ കേസും, കോടതിയും എല്ലാ ബന്ധങ്ങളും മുറിച്ചത്രെ.ഓഫീസിനു മുമ്പിൽ ഒരു കാർ വന്നു നിന്നു.അതിൽ നിന്നിറണ്ടിയ രാഘവൻ നായരുടെ മുഖത്തെ ഭാവം ദേവനും, മാലുവിനും അന്യമായ ഒന്നായിരുന്നു. ഒരു കൊടുങ്കാറ്റുപോലെ ഓഫീസിലേക്കു വന്ന അഛനു മുന്നിലേക്ക് മാലുവിന്റെ കൈ പിടിച്ച് ദേവൻ ചെന്നു.
കനലെരിയുന്ന നോട്ടത്തോടെ അയാൾ നിശ്ചലനായ് നിന്നു.
മാലു ആലില പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.കുരുത്തം കെട്ടവനേ… നിന്നെ ഞാൻ ദേവനെ അടിക്കാൻ ഓങ്ങിയ കൈയ്യിൽ ശക്തമായ ഒരു കരം മുറുകെ പിടിച്ചു. നീ ആരാടാ എന്നെ തടയാൻ? ഞാൻ എന്റെ മോനേ തല്ലു കയോ കൊല്ലുകയോ ചെയ്യും. അതു തടയാൻ നിനക്കെന്തവകാശം? അയാൾ ആക്രോശിച്ചു. എനിക്കവകാശമുണ്ട്. ഇതെന്റെ ഓഫീസാണ്.ഞാൻ പുതിയതായി ചാർജെടുത്ത സബ് രജിസ്ട്രാർ, പ്രേമചന്ദ്രൻ.രാഘവൻ നായർ അപ്പോഴാണ് ആ മുഖം കണ്ടത്. പ്രേമചന്ദ്ര നേക്കണ്ടതും അയാളുടെ മുഖം രക്ത പ്രസാദമില്ലാത്തതായി.തറവാട്ടു വഴക്കൊക്കെ ഈ മതിലിനു പുറത്തു മതി.പ്രേമൻ വിരൽചൂണ്ടിക്കൊണ്ടു പറഞ്ഞു.
അപ്പോൾ നീ, നീ എന്നോടു പകരം വീട്ടുകയായിരുന്നല്ലേ? അയാൾ വിറച്ചു കൊണ്ടു ചോദിച്ചു. ഞാനാരോടും പകരം വീട്ടിയതൊന്നുമല്ല. ഞാനെന്റെ ജോലി ചെയ്തു .അത്ര മാത്രം.പിന്നെ നിങ്ങൾ എന്നോടു കാണിച്ച ക്രൂരതക്ക് ഞാൻ തന്ന ഒരു മധുരമായ പ്രതികാരമായി വേണമെങ്കിലിതിനെ കരുതാം.
നിങ്ങൾ എന്റെയും, നീലിമയുടേയും ജീവിത ങ്ങൾ നശിപ്പിച്ചു.അന്ന് നീലിമ നിങ്ങളെന്ന അഛനോട് എത്ര കരഞ്ഞപേക്ഷിച്ചതാണ്. അന്നെനിക്കു ജോലിയില്ലെന്ന കാരണമാണ് നിങ്ങൾ പറഞ്ഞത്. പഠിത്തം കഴിഞ്ഞിറങ്ങിയ ഒരു ഉദ്യോഗാർത്ഥി യായിരുന്നു ഞാനന്ന്.
എത്ര വേണമെങ്കിലും കാത്തിരിക്കാൻ നീലിമ തയ്യാറായിരുന്നു. ഒരു ഗൾഫുകാരന്റെ പണക്കൊഴുപ്പിൽ മയങ്ങിയ നിങ്ങളവളെ അയാൾക്കു കുരുതി കൊടുത്തു. അവളനുഭവിക്കുന്ന ദുരന്തങ്ങളെല്ലാം ദേവൻ പറഞ്ഞു ഞാനറിഞ്ഞു.
ദൈവത്തിന്റ കണക്കു പുസ്തകത്തിൽ നിങ്ങൾക്കായി ഒരേട്
കരുതിയിരുന്നു. അതാ
ണ് ഞാനിവിടെത്തന്നെ ചാർജെടുത്തത്. ഞാൻ മുൻകൈ എടുത്തതാണീ വിവാഹത്തിന്. നീലിമ ക്കു പറ്റിയ വൻ ചതി അവളുടെ ഏട്ടന് പറ്റെരുതെന്നെനിക്കു
ആഗ്രഹമുണ്ടായിരുന്നു
അതാണ് ധൃതിയിൽ ഈ വിവാഹം നടത്തിയത്.ഇതിനെന്താണു ചെയ്യേണ്ടതെന്നെ നിക്കറിയാം. അയാൾ പ്രേമചന്ദ്രനെ വെല്ലുവിളിച്ചു.
നിങ്ങൾക്കൊരു ചുക്കും ചെയ്യാൻ പറ്റില്ല.രണ്ടാളും പ്രായപൂർത്തിയായവരാണ്.ഗവർമെന്റ് ഉദ്യോഗസ്ഥരാണ്. ഇവരെ അനുഗ്രഹിച്ച് കൂട്ടിക്കൊണ്ടു പോകുന്നതാണ് അന്തസ്സ് .
എനിക്കങ്ങനെയുള്ള അന്തസ്സു വേണ്ട. തറവാട്ട് സ്വത്തു ഭാഗിച്ചപ്പോൾ എനിക്കെതിരെ കേസുമായി നടക്കുകയാണിവളുടെ അഛൻ. അതിനു താങ്ങായി നിൽക്കാൻ എന്റെ സഹോദരിയും. അങ്ങനെയുള്ളവരുടെ രക്തത്തിൽ പിറന്ന
ഇവളെ ഞാനെന്റെ വീട്ടുമുറ്റത്തു കയറ്റത്തില്ല.മാലുവിന്നു നേരെ കൈ ചൂണ്ടി അയാൾ പറഞ്ഞു. ഞാൻ മരിച്ചാൽ എനിക്കു കൊള്ളിവെയ്ക്കാൻ പോലും നീ വരേണ്ട ദേവാ.അയാൾ ഭൂമി കുലുക്കിക്കൊണ്ട് കാറിൽ കയറി.
അഛന്റെ വാക്കുകൾ ദേവനു വളരെ മന: പ്രയാസമുണ്ടാക്കി. അഛനെ ധിക്കരിക്കുന്ന മകനാകാനല്ല പ്രേമാ ഞാനിവളെ വിവാഹം കഴിച്ചത്.എനിക്കിവളെ നഷ്ടപ്പെടുന്നതാലോചിക്കാൻ പോലും കഴിയില്ല.അതിനൊരു നിമിത്തം പോലെ നീയും വന്നു. നിന്നെ മനസ്സിലാക്കാൻ എനിക്കു കഴിയും ദേവാ.പ്രേമനവനെ ചേർത്തു നിർത്തി. നിന്നെ ഞാനെത്ര നാളായി അറിയുന്നതാണ്.ജീവനുതുല്യം സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിച്ചറി ഞ്ഞവനാണു ഞാൻ. ഇന്നും അവളുടെ ഓർമ്മയിൽ ഏകനായ് ഞാൻ ജീവിക്കുന്നു . എനിക്കറിയാം നിന്റെ മനസ്സിന്റെ നൊമ്പരം.അത്രയ്ക്കിഷ്ടമായിരുന്നില്ലേ നിനക്കെന്റെ അനിയത്തിയേ.
വിങ്ങിപ്പൊട്ടി കണ്ണീരൊലിപ്പിച്ചു നിൽക്കയാണ് മാലു. നീലിമയുടെ ഇഷ്ടം അവൾക്കു മറിയാമായിരുന്നു. പക്ഷേ… എന്തു പറഞ്ഞാലും നമ്മൾ ചെയ്തതു തെറ്റു തന്നെയാണ് ദേവേട്ടാ.
മാലതി, നമ്മുടെ ജീവിതത്തിലോരോന്നി നും ഒരു നിമിത്തം ദൈവം കണ്ടിരിക്കും. അതിനോരോനിയോഗങ്ങളും കാണും. നിങ്ങൾ ഒന്നിക്കുക എന്ന നിമിത്തത്തിന് ദൈവം നിയോഗിച്ച ദേവദൂതനാണ് ഞാൻ. അങ്ങിനെ വിശ്വസിക്കുക. അപ്പോൾ വിഷമങ്ങളെല്ലാം മനസ്സിൽ നിന്നും മറയും.പ്രേമൻ പറത്തു നിർത്തി
About The Author
No related posts.