LIMA WORLD LIBRARY

വേലപ്പനും മത്തായിയും പിന്നെ ജിമ്മിയും – (ഗിരിജൻ ആചാരി തോന്നല്ലൂർ)

നർമ്മകഥ


 

 

വർഷങ്ങൾക്ക് മുൻപ് നടന്നൊരു സംഭവകഥയാണ്.
ഏതാണ്ട് മുപ്പത്തിമൂന്നുവർഷം മുൻപ്.

അക്ബറും സീതയും ഗണപതിവട്ടവുമൊക്കെ നവമാധ്യമങ്ങളിൽ ആഘോഷപൂർവ്വം നിറഞ്ഞാടുമ്പോൾ ഇപ്പോൾ മുകളിൽ പറയാൻ വന്ന സംഭവത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നു തോന്നിപ്പോയി. കഥയല്ലിതു ജീവിതമെന്നു പറയുന്നിടത്ത് പലപ്പോഴും ജീവിതം വെറും കഥയായി മാറുന്ന, മാറ്റപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. വാക്കുകളിലും പ്രവർത്തികളിലും യുക്തിഭദ്രത വളരെ കുറഞ്ഞൊരു കാലഘട്ടത്തിൽ….
എന്തായാലും കഥയിലേക്ക് പോകാം…

വേലപ്പനും മത്തായിയും അയൽപ്പക്കക്കാർ. അടുത്തടുത്ത് വീടുകളിൽ താമസം.
ഉറ്റ ചെങ്ങാതികൾ . ഏതു കാര്യത്തിനും പരസ്പരം ഉപകാരികൾ.
എന്നാൽ അപൂർവമായി ഇടയ്ക്കിടെ തമ്മിൽ പിണക്കമുണ്ടാകാറുണ്ട് .ഇണക്കമുള്ളിടത്താണല്ലോ പിണക്കങ്ങളും ഉണ്ടാവുക.

എന്നാൽ ഒരിക്കൽ വേലപ്പനും മത്തായിയും എന്തോ രാഷ്ട്രീയ കാര്യങ്ങൾ
പറഞ്ഞു തമ്മിൽ തർക്കമായി.അല്പം ഗൗരവത്തിൽതന്നെയങ്ങ് പിണങ്ങി.
രണ്ടുപേരും ഇരു രാഷ്ട്രീയ പാർട്ടികളിലുള്ളവരുമാണ്.

പിണക്കം കുറച്ചു ദിവസം നീണ്ടുനിന്നു. ഒരു ദിവസം അതിരാവിലെ വേലപ്പന്റെ വീടിന്റെ കതകിൽവന്നു മത്തായി കൈകൊണ്ടു ശക്തമായി തട്ടി വേലപ്പനെ വിളിച്ചു…

“എടാ.. വേലപ്പാ.. ഇങ്ങോട്ട് എഴുന്നേറ്റു വാടാ.. നിന്നോട് രണ്ടെണ്ണം പറഞ്ഞിട്ടേ ബാക്കി കാര്യമുള്ളു…”

കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കച്ചടവോടെ ദാ വേലപ്പൻ വാതിൽതുറന്നു പുറത്തേയ്ക്കു വന്നു.

“ഹാ… എന്താ മത്തായി രാവിലെ… നീ ഒച്ചയും ബഹളവുമൊക്കെയായിട്ട്…പിന്നെയും വഴക്കുണ്ടാക്കാൻ വന്നതാണോ…?”

“അതേടാ…അങ്ങനെ ആണെങ്കിലോ…?”

“അതിനിപ്പോ എന്താ കാരണമുണ്ടായത് മത്തായി…?”

“നീയല്ലേ കാരണം ഉണ്ടാക്കിയത്?”

“ഞാനോ..? നിനക്കെന്താ വട്ടായോ മത്തായി…?.. എന്ത് കാരണം…?

“ഉവ്വടാ.. എനിക്ക് വട്ടാണ്.. എന്തേ… നീ മാറ്റി തരുമോ…?”

“എന്റെ മത്തായി നീ കാടു കയറാതെ കാര്യം പറ…”

രണ്ടുപേരുടെയും ശബ്ദം ഉയർന്നപ്പോൾ വീട്ടുകാരും ഉണർന്നു രംഗപ്രവേശനം നടത്തി.
രണ്ടുപേരും തമ്മിലുള്ള പ്രശ്നത്തിൽ ഒരു കാരണവുമില്ലാതെ
പിണങ്ങിയിരിക്കുന്ന വിവരം രണ്ടു വീട്ടുകാർക്കും അറിയാം.അവർക്കൊന്നും ഉള്ളിൽ യാതൊരു വൈരാഗ്യവും ഇല്ല താനും. പക്ഷേ ഗൃഹനാഥൻമാർ തമ്മിലുള്ള പിണക്കത്തിന്റെ ഒപ്പം അവരും നിൽക്കുന്നുവെന്നുമാത്രം..

എന്തായാലും മത്തായി കലിപ്പിലാണ്.വേലപ്പന്റെ വെളുപ്പിനെയുള്ള ഉറക്കം കളഞ്ഞതിൽ അയാളും കലിപ്പിലാണ്.

“എടാ… മത്തായി.. നീ കാര്യം പറയുന്നോ ഇല്ലയോ..? എനിക്ക് വേറെ പണിയുണ്ട്…’

“ശരി… അധികം വലിച്ചു നീട്ടുന്നില്ല.ഞാൻ പറയാം… കേട്ടോ..”

“ശരി.. നീ പറ ”

“അതേ… ഞാനും നീയും തമ്മിൽ വഴക്കാണല്ലോ….?”

“അതേല്ലോ… ഇപ്പോൾ ഒരാഴ്ചയായി… അതിന്…?”

“പറയാം… നീ പിടയ്ക്കാതെ…”

“ഇന്നലെ രാത്രി നീ എന്റെ ജിമ്മിക്ക് ചോറു കൊടുത്തുവോ…?”

“ഉവ്.. കൊടുത്തു…ഞാൻ ചോറു കഴിച്ചുകൊണ്ടിരുന്നപ്പോൾ അവൻ മുറ്റത്തുവന്നു വാലാട്ടിക്കൊണ്ടുനിന്നു. ഞാൻ അവന് ചോറും കൊടുത്തു.. എന്തെ…?”

“എടാ ഞാനും നീയും തമ്മിൽ വഴക്കല്ലേ..? അപ്പോൾ നീ എന്റെ പട്ടിക്ക് ചോറ് കൊടുത്തത് ശരിയാണോ…?”

“ഓഹോ… അതാണോ പ്രശ്നം…?”

“അതേടാ…എന്റെ കുഞ്ഞുമോള് കുറച്ചുമുൻപ് പറയുമ്പോഴാണ് ഞാൻ അറിയുന്നത്. അവൾ കണ്ടായിരുന്നു നീ ജിമ്മിക്ക് ചോറു കൊടുക്കുന്നത്.”

എന്തോ വലിയ രഹസ്യം കണ്ടുപിടിച്ചതുപോലെ മുഖത്തു ഗൗരവം വരുത്തി മത്തായിയുടെ ഇളയ മകൾ ആറുവയസ്സുകാരി മാറി നിൽക്കുന്നുണ്ട്.

വേലപ്പൻ വളരെ ശാന്തനായി മത്തായിയോട് പറഞ്ഞു…

“എടാ മത്തായി നമ്മള് തമ്മിൽ പിണക്കമാണ്. അതു ഞാൻ സമ്മതിച്ചു. പക്ഷേ.. നിന്റെ പട്ടിക്ക് അതറിയില്ലല്ലോ..? മാത്രമല്ല.. എനിക്ക് നിന്റെ പട്ടിയോടും പിണക്കമില്ല. അതുകൊണ്ട് അവൻ വന്നപ്പോൾ ഞാൻ ചോറ് കൊടുത്തു. അത്ര തന്നെ…”

വേലപ്പന്റെ മറുപടി കേട്ടതും മത്തായി ഉൾപ്പെടെ എല്ലാരും അന്തംവിട്ടു നിന്നു.പിന്നെ അവിടെയൊരു കൂട്ടച്ചിരിയാണ് ഉയർന്നത്. അതോടെ മത്തായിയുടെയും വേലപ്പന്റെയും പിണക്കവും തീർന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px