നമ്മിലെ വെളിച്ചം മറഞ്ഞു പോകുന്നുണ്ടെന്നുള്ള സത്യം പലപ്പോഴും നാമറിയുന്നില്ല. ചിലപ്പോൾ മറ്റുള്ളവരുടെ വെളിച്ചം നമ്മൾ മറയ്ക്കാറുമുണ്ട്. നമ്മൾ മൂലം കെട്ടുപോകുന്ന വെളിച്ചങ്ങളും നമ്മൾ ഊതികെടുത്തുന്ന ധാരാളം പ്രകാശ വിളക്കുകളും ഉണ്ട്. ഒരിക്കൽ മഹാനായ അലക്സാണ്ടർ ചക്രവർത്തി ഗ്രീക്ക് ചിന്തകരിൽ പ്രധാനിയായിരുന്ന ഡയോജിനിസിനെ സന്ദർശിച്ചിട്ടു പറഞ്ഞു: “താങ്കൾ എന്തു വേണമെങ്കിലും എന്നോട് ആവശ്യപ്പെട്ടുകൊൾക. ഞാൻ അത് തരാം.” ഡയോജിനിസിന്റെ മറുപടി ചിന്തോദീപകമായിരുന്നു : ” വെളിച്ചം മറയാതെ അങ്ങ് മാറി നില്ക്കാമോ?” നാമും ആരുടെയും വെളിച്ചം മറയ്ക്കുന്നവരായി നില്ക്കരുത്. നമ്മുടെ വെളിച്ചം മറയ്ക്കാനെത്തുന്നവരോട് ഡയോജിനിസിനെപ്പോലെ നമുക്കും പറയാനാകണം. നമ്മുടെ ചില്ലു വിളക്കുകളുടെ പുകക്കരി തുടച്ചുനീക്കാനുള്ള ഉൾ വെളിച്ചം നമ്മിലുണ്ടാകട്ടെ . ✨
ജോസ് ക്ലെമന്റ്









