സ്വർണ്ണപത്മംപോൽ വിടർന്ന സൂര്യൻ മന്നിൽ
സ്വർഗ്ഗം ചമയ്ക്കുവാനന്തിയോളം,
സ്വസ്തി നേർന്നന്ധകാരം മറച്ചീടണം
സ്വസ്ഥമോടെല്ലാം വസിക്കുവാനായ്..
വെള്ളംകുടിക്കുവാനാവാത്ത നിന്നുടെ
വെട്ടം ധരിത്രിതൻ മാറിലെന്നും,
വിത്തം വിതയ്ക്കുന്നു സർവ്വതും നാൾക്കുനാൾ
വിഘ്നങ്ങളില്ലാതെ സഞ്ചരിക്കാൻ..
ഒട്ടേറെ നാളുകൊണ്ടെല്ലാ ഗ്രഹങ്ങളും
ഒന്നുപോൽ നിന്നെ വലത്തുവെയ്ക്കേ,
ഒട്ടുംകുറഞ്ഞിടാതൂർജ്ജം ചൊരിഞ്ഞു നീ
ഒപ്പമുണ്ടെന്നുറപ്പേകിടുന്നൂ..
അഗ്നിചൂടി കാവ്യചാരുതയോടർക്കൻ
അംബരത്തിൽ ദീപം ചാർത്തുവാനായ്,
അബ്ധിവിട്ടെന്നും മടിക്കാതെയെത്തുവാൻ
അർച്ചന ചെയ്യുന്നു പക്ഷിവൃന്ദം..
കത്തിയെരിഞ്ഞിടാനാർജ്ജിച്ചതൊക്കെയും
കസ്തൂരിഗന്ധം പൊഴിക്കുവാനായ്,
കമ്രനക്ഷത്രമേ നീ വിളങ്ങീടണം
കല്പാന്തകാലം കെടാവിളാക്കായ്…
ശുഭദിനം🌾🌸
About The Author
No related posts.