തെരഞ്ഞെടുപ്പു ഫലമറിയാനിനി മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോഴും പ്രചാരണ ദിവസങ്ങളിലെന്ന പോലെ മുന്നണികളുടെ ആവേശവും ആത്മവിശ്വാസവും ഈ മഴ പെയ്ത്തിലും മായാതെ നിൽക്കുകയാണ്. കൊയ്തൊഴിഞ്ഞ പാടങ്ങളിലെ വേനൽപ്പുഴ നീന്തി കോമരം വരുന്നത് പോലെ നേതാക്കൻമാരും അനുയായികളും
തിരഞ്ഞെടുപ്പ് നോട്ടീസുമായി വരുന്നതും വോട്ടു ചോദിക്കുന്നതും തെരഞ്ഞെടുപ്പുകാലത്തെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. നാല്പത് ഡിഗ്രി ചൂടിലും തളരാതെ,
നഗരവീഥികളും ഗ്രാമപാതകളും ഇടവഴികളും താണ്ടി, വീടുകൾതോറും കയറിയിറങ്ങി തങ്ങളുടെ സ്ഥാനാർത്ഥിയെ പുകഴ്ത്തിയും എതിർസ്ഥാനാർത്ഥിയെ ഇകഴ്ത്തിയും മുന്നണികളെക്കുറിച്ചവർ വാതോരാതെ പറഞ്ഞു.
പ്രകടനപത്രികകളും സങ്കൽപ്പ പത്രങ്ങളും വായിച്ചപ്പോൾ സാധാരണക്കാരായ ജനങ്ങളുടെ മനസ്സിലൊരു കുളിർമഴ പെയ്താൽ അതിശയിക്കാനില്ല. കാരണം അതിസങ്കീർണ്ണമായ പ്രശ്നങ്ങൾ കൊണ്ട് കലുഷിതമായ ചുറ്റുപാടിലും ദുരന്ത യാഥാർത്ഥ്യങ്ങൾക്കുമുമ്പിൽ പകച്ചു നിൽക്കുമ്പോഴും ഇരന്നു വാങ്ങേണ്ടി വരില്ല ഇരയുടെ നീതി എന്നൊരു തോന്നലുകൾ ഉണ്ടാവാം. ഇനിയെങ്കിലും ചൂഷകരിൽ നിന്നും ചൂഷിതർക്ക് മോചനം ഉണ്ടാവുമെന്നൊരു പ്രതീക്ഷയാവാം. ഇത്തരം പ്രതീക്ഷകളും പ്രത്യാശകളുമാണല്ലോ വീണ്ടും വോട്ട് ചെയ്യാൻ പൊതുജനത്തെ പ്രേരിപ്പിക്കുന്നത്.
മുപ്പത് ലക്ഷം പേർക്ക് ജോലിയും,
നിർദ്ധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയും, മാസംതോറും രണ്ടായിരം രൂപയും, സംവരണ ഉറപ്പുകളുമൊക്കെ പരസ്യപ്പലകകളാകുമ്പോൾ ഇതിലൊന്നും പെടാത്ത ഇടത്തരക്കാരുടെ മോഹങ്ങളൊരിക്കലും പൂവണിയുകയില്ലേന്ന് ഒരു ചോദ്യമുണ്ട്. അണിയറയിൽ ത്സടുതിയിൽ കച്ചമുറുക്കിയ നിശബ്ദമായ ചാണക്യതന്ത്രങ്ങളും സുഗാലതന്ത്രങ്ങളും ജനവികാരത്തെ കുറെയൊക്കെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
മുന്നണികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയ ജനോത്സവത്തിൻ്റെവിധിയെഴുത്തിനായി കാത്തിരിക്കുമ്പോൾ
പല വാതുവയ്പുകളുടെയും പ്രതീക്ഷകൾ തകിടം മറിയും. ഈ തിരഞ്ഞെടുപ്പ് ഉത്സവത്തിലും മുഖമില്ലാത്തവരും ഉള്ളവരുമായ ആയിരക്കണക്കിനാളുകൾ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നുണ്ടായിരുന്നു.
ജനാധിപത്യത്തിലെ മനുഷ്യത്വം പരാജയപ്പെടുമ്പോൾ വികൃതമാകുന്നത് മാനവികതയുടെ നവഭാരതദർശനങ്ങളാണ്. രാജ്യം വികസനത്തിൻ്റെ പാതയിലൂടെ ബഹുദൂരം സഞ്ചരിക്കുമ്പോഴും മനുഷ്യമനസ്സുകൾ ചുരുങ്ങിപ്പോകുന്നതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയവും മതവും വർഗ്ഗീയതയും വംശീയതയും തിരിച്ചറിയാനാവാതെ കഴിയുന്ന നിഷ്പക്ഷരായ ഒരു വിഭാഗം. എല്ലാം തിരിച്ചറിഞ്ഞിട്ടും നിസ്സഹായരായി നിൽക്കുന്ന മറ്റൊരു വിഭാഗം. ജാതി സംവരണവും സാമ്പത്തിക സംവരണവും മറ്റാനുകൂല്യങ്ങളൊന്നുമില്ലാതെ ജീവിതം കൂട്ടിപ്പിടിപ്പിക്കാൻ പാടുപെടുന്ന വേറൊരു വിഭാഗം. ഇങ്ങനെ പലതട്ടുകളിലായി മനുഷ്യജീവിതം ഭാഗിക്കപ്പെടുമ്പോൾ
ഇവർക്കു മുകളിൽ ജനാധിപത്യത്തെ കാർന്നുതിന്നുന്ന അധികാര പ്രമാണികത്വം.
പണക്കൊഴുപ്പിൻ്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം കുറയ്ക്കാൻ പ്രത്യേക കമ്മിഷനും സ്റ്റാറ്റിക് സർവയലൻസ് സംഘങ്ങളും ഊർജ്ജിതമായി കണക്കെടുപ്പും പരിശോധനകളും നടത്തിയെങ്കിലും അതിനെയെല്ലാം മറികടക്കുന്ന അന്തർധാരകളും സജീവമായിരുന്നു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും
നിലവിലുള്ള തെരെഞ്ഞടുപ്പു സർവ്വേയിൽ മാറ്റങ്ങൾ വരും.
ഭരണവിരുദ്ധവികാരങ്ങളും, കേന്ദ്രനേതാക്കൻമാരുടെ സന്ദർശനങ്ങളും,
സംഘടിതമായ സംഘടന സംവിധാനങ്ങളുമൊക്കെ ചിലർക്ക് അനുകൂലമാകുമ്പോൾ സ്ഥാനാർത്ഥികളുടെ മണ്ഡലപരിചയക്കുറവും, ദേശീയ ചിഹ്നങ്ങളിലുള്ള മാറ്റവും, മുന്നൊരുക്കമില്ലായ്മയും, അനുവദിച്ചിട്ടുള്ള എം.പി ഫണ്ടു പോലും വാങ്ങി നാടിനുവേണ്ടി ചെലവഴിക്കായ്കയും
ജയസാധ്യതയുള്ളവർക്ക് പോലും ഈ തെരഞ്ഞെടുപ്പ് പ്രതികൂലം ആയിട്ടുണ്ട്.
കേരളത്തിൽ കോൺഗ്രസിന് പഴയ പ്രതാപം തിരിച്ചു പിടിക്കാൻ കഴിയുമെങ്കിലും കേന്ദ്രത്തിലത് പോരാതെ വരുമെന്നുറപ്പാണ്.
വോട്ടു ചെയ്യാനുള്ള അവകാശങ്ങളിലൂടെ മുന്നണികളുടെ ഭരണവും ഭാവിയും വിധിയെഴുതുന്ന ജനങ്ങൾക്ക് തെറ്റ് പറ്റാതിരിക്കട്ടെ. അവരുടെ ചൂണ്ടുവിരലിലെ മഷി പടർന്നത് ജനാധിപത്യത്തിൻ്റെ നേർരേഖയിലേയ്ക്കാണോയെന്ന് നാളെ കണ്ടറിയാം. കപട വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ നോക്കുകുത്തികളാക്കിയവരോടുള്ള പ്രതിഷേധസൂചകമായാണ് പോളിങ്ങ് ശതമാനം കുറഞ്ഞതും നോട്ടകൾ പെരുകുന്നതുമെന്ന് ഇനിയെങ്കിലും മനസ്സിലാക്കി നല്ലൊരു ഭരണം കാഴ്ച്ചവയ്ക്കാൻ കഴിയട്ടെ.











