ചെവിയുള്ളവൻ കേൾക്കട്ടെ, നിങ്ങളുടെ കാതുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ അവ കേൾക്കുന്നു. ഈ തിരുവചനങ്ങളൊക്കെ പ്രിയങ്കരമാണ്. എന്നാൽ കേൾവി എന്നത് നമ്മുടെ ചെവി എന്ന അവയവത്തിന്റെ ധർമം മാത്രമായി കരുതരുത്. അങ്ങനെ കരുതുമ്പോഴാണ് പ്രാധാനപ്പെട്ട പലതും കേൾക്കാതെ നാം അരുതായ്മകളുടെ മേച്ചിൽപ്പുറങ്ങളിൽ മേയുന്നത്. കൈക്കൂലി വാങ്ങാൻ തുടങ്ങുമ്പോൾ വേണ്ട എന്നുള്ള മനസ്സിന്റെ സ്വരം, പോകാൻ പാടില്ലാത്ത ഇടങ്ങളിലേക്കും കാണാൻ പാടില്ലാത്ത കാഴ്ചകളിലേക്കും പ്രവേശിക്കുമ്പോൾ അരുത് എന്ന ഉള്ളിലെ ഓർമപ്പെടുത്തലൊക്കെ കേൾവിയുടെ മുഴക്കങ്ങളാണ്. ഇതൊക്കെ ചെവിയിൽ പ്രതിധ്വനിച്ചെന്നു വരില്ല. അതിനാൽ നന്മയുടെ ധ്വനികളൊക്കെ ചെവിയിലൂടെ മാത്രമല്ല, മനസ്സിലൂടെയും ചില നോട്ടങ്ങളിലെ കൺ കേൾവികളിലൂടെയും നമുക്ക് ശ്രവിക്കാനാകണം. അപ്പോഴാണ് നമ്മുടെ കേൾവികൾ ഭാഗ്യമുള്ളതായിത്തീരുന്നത്
🌟 ജോസ് ക്ലെമന്റ്









