ജനസേവ ശിശുഭവൻ ഭൂമി നൽകി: ഹോളി ഗോസ്റ്റ് സ്കൂൾ അധികൃതർ നിവേദ്യയ്ക്ക് ഭവനമൊരുക്കും

Facebook
Twitter
WhatsApp
Email

ആലുവ ജനസേവ ശിശുഭവൻ കാരുണ്യ ഭവന പദ്ധതി ഒരു വിധവയ്ക്ക് കൂടി സഹായഹസ്തമാകുന്നു:

ആലുവ തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് ഹയർസെക്കൻഡറി വിദ്യാർത്ഥിനി നിവേദ്യയുടെ സ്വന്തമായ ഭവനം എന്ന സ്വപ്നം അങ്ങനെ സഫലമാകും. നെടുമ്പാശ്ശേരി പഞ്ചായത്തിൽപെട്ട മെയ്ക്കാട് ജനസേവ ബോയ്സ് ഹോം പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിൽ നിന്ന് 3 സെൻറ് സ്ഥലമാണ് നിവേദ്യയ്ക്ക് ഭവന നിർമ്മാണത്തിനായി ജനസേവ വിട്ടു നൽകിയത്. പരേതനായ പറവൂർ സ്വദേശി മുരുകന്റെയും ബിന്ദുവിന്റെയും ഏക മകളാണ് നിവേദ്യ. സ്വന്തമായി ഭവനമില്ലായിരുന്ന മുരുകനും കുടുംബവും വാടക വീടുകളിലാണ് കഴിഞ്ഞിരുന്നത്. 11 വർഷം മുമ്പ് മുരുകന്റെ മരണം ആ കുടുംബത്തിൻ്റെ പ്രതീക്ഷകളെ തകർത്തു കളഞ്ഞു. നിലവിൽ ബിന്ദുവും മകൾ നിവേദ്യയും ആലുവ വെളിയത്ത്നാട്ടിൽ വാടകവീട്ടിലാണ് കഴിയുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന ബിന്ദു വീട്ടുവേല ചെയ്താണ് വീട്ടുവാടകയും മകളുടെ വിദ്യാഭ്യാസവും ചികിത്സാ ചെലവുകളും കണ്ടെത്തുന്നത്. തോട്ടയ്ക്കാട്ട്കര ഹോളി ഗോസ്റ്റ് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നിവേദ്യ. അധ്യാപകരാണ് നിവേദ്യയുടെയും ബിന്ദുവിന്റെയും ധൈന്യത ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നിവേദ്യയുടെ അമ്മ ബിന്ദുവിന്റെ പേർക്കാണ് ഭൂമി ദാനാധാരം രജിസ്റ്റർ ചെയ്തു നൽകിയത്. ഹോളി ഗോസ്റ്റ് സ്കൂൾ മാനേജ്മെൻ്റ്, സ്കൂൾ പി. റ്റി.എ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ ഈ സ്ഥലത്ത് ഉടനടി ഭവനനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഹോളി ഗോസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി. മാർഗരറ്റ് ലൂയിസ് അറിയിച്ചു. നിവേദ്യയുടെ ക്ളാസ് ടീച്ചർ മനീഷ ഐക്കരത്തും ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ട്.
ജനസേവ ശിശുഭവൻ 2016ൽ ആണ് കാരുണ്യ ഭവന പദ്ധതി ആരംഭിച്ചത്. നിർധനരും ഭവനരഹിതരുമായ ഇരുപതോളം പേർക്ക് ഇത്തരത്തിൽ മൂന്നു സെൻറ് ഭൂമി വീതം ജനസേവ നൽകിയിട്ടുണ്ട്. അഞ്ച് ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി താമസം ആരംഭിക്കുകയും മറ്റുള്ളവരുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടുമിരിക്കുന്നു. ഈ മാസം ആദ്യം കാരുണ്യ ഭവന പദ്ധതി ഗുണഭോക്താക്കളുടെ ഗതാഗത സൗകര്യങ്ങൾക്കായി ജനസേവ 19.5 സെൻറ് സ്ഥലം പഞ്ചായത്തിന് വിട്ടു നൽകിയിരുന്നു.

 

ഹോളി ഗോസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി നിവേദ്യയ്ക്ക് ഭവനമൊരുക്കുവാൻ ജനസേവ ശിശുഭവൻ സൗജന്യമായി നൽകുന്ന മൂന്നു സെൻറ് സ്ഥലത്തിൻ്റെ ആധാരം അമ്മ ബിന്ദു ജനസേവ ചെയർമാൻ ജോസ് മാവേലി, പ്രസിഡൻറ് അഡ്വ. ചാർളി പോൾ എന്നിവരിൽ നിന്നും ഏറ്റുവാങ്ങുന്നു. സ്കൂൾ പ്രിൻസിപ്പാൾ സി. മാർഗ്ഗരറ്റ് ലൂയിസ്, ക്ലാസ് ടീച്ചർ മനീഷ ഐക്കരത്ത് എന്നിവർ സമീപം.

About The Author

Leave a Reply

Your email address will not be published. Required fields are marked *