ധര്‍മ്മപഥം – സ്വര്‍ഗ്ഗവും നരകവും – മങ്ങാട് ബാലചന്ദ്രന്‍

Facebook
Twitter
WhatsApp
Email

നമ്മുടെ വിശ്വാസങ്ങളിലും സങ്കല്പ്പങ്ങളിലുമെല്ലാം വളരെ പ്രബലമായും പ്രസക്തമായും നിലകൊള്ളുന്ന രണ്ട് ആശയസംഹിതകളാണ് സ്വര്‍ഗ്ഗവും നരകവും. സ്വര്‍ഗ്ഗമെന്നത് സര്‍വകാമനകളുടെയും പൂര്‍ത്തീകരണം കൊണ്ട് ആനന്ദദീപ്തമായിരിക്കുന്ന ഏറ്റവും മഹത്വമാര്‍ന്ന ഇടവും, നരകമെന്നത് സര്‍വയാതനകളുടെയും കൂടിച്ചേരല്‍ കൊണ്ട് വേദനാജനകമായിരിക്കുന്ന ഏറ്റവും നീചത്വമാര്‍ന്ന ഇടവും എന്നാണ് നമ്മുടെ പരക്കെയുള്ള ധാരണ. വേറൊരു ധാരണയുള്ളത് പുണ്യകര്‍മ്മങ്ങളുടെ ഫലമായി സ്വര്‍ഗ്ഗവും പാപകര്‍മ്മങ്ങളുടെ ഫലമായി നരകവും വന്നുചേരുന്നു എന്നാണ്. സ്വര്‍ഗ്ഗവും നരകവും ഈ ജീവിതത്തിനു ശേഷമുള്ള രണ്ട് അവസ്ഥകളാണെന്നു മറ്റു ചില സങ്കല്പങ്ങളനുസരിച്ചും ധാരണയുണ്ട്.

സ്വര്‍ഗ്ഗനരകങ്ങളെപ്പറ്റി ഭാരതീയ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കുന്ന വേദങ്ങളിലും ഉപനിഷത്തുക്കളിലുമുണ്ട് പലതരത്തിലുള്ള പരാമര്‍ശങ്ങള്‍. സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റി യേശുദേവന്‍ പറഞ്ഞിട്ടുള്ളതും നമുക്കറിയാം. ഛാന്ദോഗ്യോപനിഷത്തില്‍ ഏവം വിത് സ്വര്‍ഗലോകമേതി എന്ന് പറഞ്ഞിട്ടുള്ളതില്‍ നിന്ന് അറിവ് കൊണ്ടും സ്വര്‍ഗത്തെ പ്രാപിക്കാം എന്ന് വരുന്നു. ഇങ്ങനെ പ്രാചീനവും പുരാതനവും ആധുനികവുമായ ലോകസംസ്കാരങ്ങളിലെല്ലാം തന്നെ സ്വര്‍ഗ്ഗനരകങ്ങളെപ്പറ്റി ബഹുവിധങ്ങളായ വിശ്വാസ സങ്കല്പ്പങ്ങളുണ്ട്. കൂടാതെ മതപരമായ ആചാരാനുഷ്ഠാനങ്ങളിലും ഗോത്രവര്‍ഗ്ഗസംസ്കാരങ്ങളിലും ഇതിന്‍റെ വിശ്വാസസ്വാധീനം ഏറെയാണ്. നിത്യജീവിതത്തില്‍ പാപപങ്കിലവും നിന്ദ്യവും നീചവുമായതുമായ കര്‍മ്മങ്ങള്‍ ചെയ്യുന്നവനു നരകം വിധിക്കപ്പെടുമെന്ന സങ്കല്പ്പത്തിനു പിന്നിലുള്ളത്, ഒരുവന്‍ അത്തരം കൃത്യങ്ങളില്‍ നിന്നും വിട്ടു നില്ക്കുവാന്‍ സ്വയം പ്രേരിതനായിത്തീരണമെന്ന സദുദ്ദേശ മാകാം. ഏതായാലും സ്വര്‍ഗ്ഗനരകങ്ങള്‍ ജീവിതത്തിനകത്തോ പുറത്തോ എന്നതിനൊരുത്തരം തേടിയാല്‍ അത് ജീവിതത്തിനകത്താണ് എന്നതിലാണ് നമ്മുടെ ചിന്തയുറക്കേണ്ടത്.

ഒരിക്കല്‍, അവനവന്‍റെ കര്‍മ്മഫലമായി മരണാനന്തരജീവിതത്തില്‍ വന്നുചേരുന്നതാണ് സ്വര്‍ഗ്ഗനരകങ്ങളെന്നു ഘോരഘോരം പ്രസംഗിച്ചുകൊണ്ടു നിന്ന ഒരു മതപണ്ഡിതനോട് അതു കേട്ടുനിന്ന ഒരു സാധാരണക്കാരന്‍ ചോദിച്ചു.

ڇഅങ്ങ് സ്വര്‍ഗ്ഗനരകങ്ങളുടെ വന്നുചേരലിനായി മരണം വരെ കാത്തിരിക്കേണ്ടതില്ല. എന്‍റെ കൂടെ വന്നാല്‍ ഞാനിപ്പോള്‍ത്തന്നെ അത് അങ്ങയെ കാണിച്ചു തരാം.ڈ

അതു കേട്ട മതപണ്ഡിതന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആ സാധാരണക്കാരനോടൊപ്പം പോയി. അവര്‍ തൊട്ടടുത്ത ഗ്രാമത്തിലെ ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തി. അവിടെ ഒരു പഴഞ്ചന്‍ കെട്ടിടമുണ്ടായിരുന്നു. ആ കെട്ടിടത്തില്‍ നിന്നും ഒരേ നേരം ആമോദത്തിന്‍റെയും ആക്രോശത്തിന്‍റെയും ആരവങ്ങളുയരുന്നത് കേട്ടുകൊണ്ട് അവര്‍ ആ കെട്ടിടത്തിന്‍റെ ഒരു ഭാഗത്തെത്തി അതിന്‍റെ തുറന്നു കിടന്നിരുന്ന ഒരു ജനാലയിലൂടെ ഇരുവരും അകത്തേക്കു നോക്കി.

അതൊരു വലിയ ഹാളായിരുന്നു. അവിടെ പത്തിരുപത് പേര്‍ തമ്മില്‍ത്തമ്മില്‍ ഏറ്റുമുട്ടുകയും ആക്രോശിക്കുകയും നിലവിളിക്കുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. അവരുടെ കൈകളിലെല്ലാം തോളറ്റംവരെ നീളമുള്ള പിടികളോട് കൂടിയ ഓരോ കത്തികള്‍ ചേര്‍ത്തുവച്ച് കെട്ടിയിരിക്കുകയായിരുന്നു. അതിനാല്‍ അവര്‍ക്ക് അവരുടെ കൈകള്‍ മടക്കാനാവുമായിരുന്നില്ല. അതുകൊണ്ടു തന്നെ ആ ഹാളിന്‍റെ മധ്യത്തുള്ള അടുപ്പില്‍ വെന്തുമൊരിഞ്ഞിരിക്കുന്ന ഇറച്ചിക്കഷ്ണങ്ങള്‍ അവര്‍ക്ക് സ്വന്തമായെടുത്ത് വായില്‍ വച്ചു ഭക്ഷിക്കുവാനുമാകുമായിരുന്നില്ല. അവര്‍ കത്തിത്തുമ്പുകൊണ്ട് ആര്‍ത്തിയോടെ കുത്തിയെടുത്ത ഇറച്ചിക്കഷ്ണങ്ങളാകട്ടെ ആ ഹാളിലാകെ ചിതറി കിടക്കുകയായിരുന്നു. ഭക്ഷണമുണ്ടായിട്ടും അതെടുത്ത് കഴിക്കാനാവാത്തതിലുള്ള വിദ്വേഷവും വിശപ്പും നിരാശയും കലര്‍ന്ന ആ സാഹചര്യമാണ് അത്തരമൊരു ദുരന്തം അവര്‍ക്കിടയില്‍ വരുത്തി വച്ചത്.

ആ രംഗം കണ്ടിട്ട് സാധാരണക്കാരന്‍ മതപണ്ഡിതനോട് പറഞ്ഞു.കണ്ടില്ലേ, ഇതാണ് നരകം.

അതിനുശേഷം അവര്‍ അതേ കെട്ടിടത്തിന്‍റെ മറുഭാഗത്തുള്ള മറ്റൊരു ഹാളിനടുത്തെത്തി അവിടെ കണ്ട ജനാലയിലൂടെ അകത്തേക്കു നോക്കി. അവിടെയും പത്തിരുപത് പേര്‍ ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ത്തമ്മില്‍ തമാശകളും കുശലങ്ങളും പറഞ്ഞും ചിരിച്ചും ആടിയും പാടിയുമൊക്കെ ഇരിക്കുന്നുണ്ടായിരുന്നു. മുന്‍പറഞ്ഞപോലെ അവരുടെ കൈകളിലും മടക്കാനാവത്ത നിലയില്‍ തോളറ്റം വരെ നീളമുള്ള പിടികളോടു കൂടിയ ഓരോ കത്തികള്‍ ചേര്‍ത്തു കെട്ടിവച്ചിരിക്കുകയായിരുന്നു. എങ്കിലും ആ ഹാളിന്‍റെ മധ്യത്തുള്ള അടുപ്പില്‍ വെന്തുമൊരിഞ്ഞിരിക്കുന്ന ഇറച്ചിക്കഷ്ണങ്ങള്‍ അവര്‍ ഓരോരുത്തരും അവരവരുടെ കൈകളില്‍ ബന്ധിച്ചിരിക്കുന്ന കത്തികളുടെ തുമ്പില്‍ കുത്തിയെടുത്ത് മറ്റൊരാള്‍ക്ക് കൊടുക്കുന്നുമുണ്ടായിരുന്നു. അങ്ങനെ പരസ്പരം പങ്കുവയ്ക്കാനാവുകയാല്‍ അവരെ വിശപ്പോ വിദ്വേഷമോ നിരാശയോ ബാധിക്കുകയുണ്ടായില്ല.

കണ്ടില്ലേ ഇതാണ് സ്വര്‍ഗ്ഗം. സാധാരണക്കാരന്‍ പറഞ്ഞു.

ഇതുകേട്ട മതപണ്ഡിതന്‍ ഒരല്പനേരം ചിന്താമഗ്നനായി. എന്നിട്ടയാള്‍ പറഞ്ഞു.

ശരിയാണ്. ശരിയായ പങ്കുവയ്ക്കലില്‍ നിന്നാണു സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ തുറക്കപ്പെടുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *