bhoomiyile

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 4 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

Facebook
Twitter
WhatsApp
Email

മണാലി പട്ടണത്തിലെത്തിയപ്പോള്‍ നേരം നന്നേ ഇരുണ്ടിരുന്നു. വിപാഷയുടെ (ബിയാസിന്‍റെ പഴയ പേര്) തീരത്തുള്ള കൂറ്റന്‍ ഹോട്ടലുകള്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്കവിധം വിവിധ വര്‍ണ്ണ പ്രകാശത്താല്‍ അലംക്രിതമായി നിന്നു. അതിന്‍റെ നുറുങ്ങുകള്‍ ബിയാസിന്‍റെ ഓളങ്ങളില്‍ പ്രഭ വെട്ടി.
നദീതീരത്തെ ഹോട്ടലില്‍ താമസിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പ്രഭാതത്തിലുണരുമ്പോള്‍ വെളുത്ത പുതപ്പിനടിയില്‍ വിറങ്ങലിച്ചുറങ്ങുന്ന ബിയാസിന്‍റെ ചന്തം ഒന്നു കാണേണ്ടതുതന്നെ. കഴിഞ്ഞ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മവെച്ച് ഞാനക്കാര്യം പ്രദീപിനോട് സൂചിപ്പിച്ചുവെങ്കിലും നാളുകള്‍ക്കുമുമ്പേ തന്നെ മറ്റെവിടെയോ ഹോട്ടല്‍ ബുക്ക് ചെയ്തെന്ന കാര്യം അയാള്‍ പറഞ്ഞു.
മണാലി പട്ടണം നല്ല തിരക്കിലായിരുന്നു. പട്ടണത്തെ അക്കരകുന്നുമായി യോജിപ്പിച്ചുകൊണ്ടുള്ള പാലങ്ങളില്‍ വാഹനങ്ങള്‍ ഞെരുങ്ങിയിഴയുന്നുണ്ടായിരുന്നു. പാലത്തിനുമുകളില്‍ ബുദ്ധമത പ്രാര്‍ത്ഥനാപതാകകള്‍ പാറികളിച്ചു. മണാലിയില്‍ എവിടെയും കാണുന്ന കാഴ്ചയാണത്. പര്‍വ്വത പാതകളിലും പാലങ്ങളിലും ആശ്രമങ്ങളിലുമെല്ലാം പതാകകള്‍ തൂങ്ങികിടക്കും. വിശുദ്ധ മന്ത്രങ്ങളടങ്ങുന്ന അവ കാറ്റിലാടുമ്പോള്‍ വായുവിലൂടെ മന്ത്രങ്ങള്‍ സഞ്ചരിച്ച് ചുറ്റുപാടുകളെ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. നാം അവയ്ക്കിടയിലൂടെ കടന്നുപോയാല്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് സാരം. വാഹനങ്ങള്‍ക്കകത്തും ഇത്തരം പതാകകള്‍ പലരും തൂക്കിയിടാറുണ്ട്.
നീല, വെള്ള, ചുവപ്പ്, പച്ച, മഞ്ഞ അങ്ങിനെ ക്രമമനുസരിച്ചുവേണം പതാകകള്‍ നിരത്താന്‍. നീല ആകാശത്തേയും വെള്ള കാറ്റിനെയും ചുവപ്പ് അഗ്നിയേയും പച്ച ജലത്തേയും മഞ്ഞ ഭൂമിയേയും പ്രതിനിധാനം ചെയ്യുന്നു. ഇവ നിലം സ്പര്‍ശിക്കുന്നത് അനാഥരവും നിശ്ചലമാകുന്നത് അശുഭകരവുമായാണ് കരുതുക. ആരെങ്കിലും നമുക്ക് പതാകകള്‍ സമ്മാനിച്ചാല്‍ അതു ശുഭകരമാണത്രെ. ഒരിക്കല്‍ കൂര്‍ഗിനടുത്തുള്ള ബൈലകുപ്പയിലെ തിബറ്റന്‍ മൊണാസ്ട്രി സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ ഇതെല്ലാം ഗൃഹസ്ഥമാക്കിയിരുന്നു.
വാഹനത്തിരക്കില്‍പ്പെട്ട് പതിയെ പതിയെ നീങ്ങിയ ഞങ്ങളുടെ വാഹനം പട്ടണമധ്യത്തില്‍ തന്നെ അല്‍പം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഹോട്ടലിനു മുന്നില്‍ ചെന്നു നിന്നു. പുറത്തിറങ്ങിയപ്പോള്‍ അന്തരീക്ഷം മൈനസ് 5 ഡിഗ്രി. ഓടിച്ചെന്ന് ഹോട്ടലിന്‍റെ പൂമുഖത്ത് പ്രവേശിച്ചതും ണലഹരീാല ീേ ഒീലേഹ ങീൗിമേശി അയീറല ങമിമഹശ എന്ന് സുവര്‍ണ്ണ ലിപികളാലെഴുതിയ ചുവന്ന വലിയൊരുബോര്‍ഡ് ഞങ്ങളെ എതിരേറ്റു. പ്രദീപ് റിസപ്ഷനുമായി ബന്ധപ്പെട്ട് ഓരോ കുടുംബത്തിനും പ്രത്യേകം മുറികള്‍ സജ്ജമാക്കി. എവിടെപ്പോയാലും പ്രകൃതിയുമായി മുഖാമുഖം നില്‍ക്കുന്ന മുറിയാണ് ഞാനാഗ്രഹിക്കുന്നത്. തിരശ്ശീല നീക്കിയാല്‍ ആകാശവും പച്ചപ്പും കാണണം. ഹെറേഞ്ചാണെങ്കില്‍ പാറക്കെട്ടുകളും കുന്നിന്‍ നെറുകയും. ഞങ്ങള്‍ക്ക് 103-ാം നമ്പര്‍ മുറിയാണ് ലഭിച്ചത്.
മുറിയിലേയ്ക്ക് കയറി ലഗേജുകള്‍ അലമാരയില്‍ നിക്ഷേപിച്ചതിനുശേഷം മെറൂണ്‍ നിറത്തില്‍ മഞ്ഞ കിന്നരികള്‍ പിടിപ്പിച്ച തിരശ്ശീല നീക്കി ജാലകത്തിലൂടെ ബാഹ്യകാഴ്ചകള്‍ തിരഞ്ഞു. ചില്ലു ജാലകമാകെ മഞ്ഞിന്‍ മറയായതിനാല്‍ ഒന്നും കാണാനായില്ല. അതുകൊണ്ട് പിന്‍വാതില്‍ തുറന്ന് ബാല്‍ക്കണിയില്‍ ചെന്നുനിന്നു. അപ്പോള്‍ കണ്ട കാഴ്ച എന്നെ ഏറെ പുളകിതയാക്കി. ഒരു വശത്ത് നിലാവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന മഞ്ഞുമല മറുവശത്ത് ഇരുണ്ട മരക്കാടുകളും. സാധാരണ വസ്ത്രം മാത്രമേ ഞാനപ്പോള്‍ അണിഞ്ഞിരുന്നുള്ളൂ. അതിനാല്‍ കനത്ത മഞ്ഞിന്‍റെ താഡനം അവിടെ നില്‍ക്കാന്‍ അനുവദിച്ചില്ല. ഉടനെതന്നെ അകത്തു കയറി ചൂടുവെള്ളത്തില്‍ മേല്‍കഴുകി ഒന്നിനുമീതെ ഒന്നായി തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളണിഞ്ഞ് ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി. ഹോട്ടലിന്‍റെ മുന്നിലെ പുല്‍ത്തകിടിയിലപ്പോള്‍ നാലഞ്ച് പട്ടികള്‍ ഇണങ്ങിയും പിണങ്ങിയും ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. ശീതമേഖലയില്‍ വളര്‍ന്നതുകൊണ്ടാകാം നല്ല തടിച്ചതും രോമാവൃതവുമായ പട്ടികള്‍. അവയിലൊന്നിനെ നോക്കി നന്നു കോക്രി കാട്ടിയപ്പോള്‍ അവന്‍ തിരിച്ചൊന്നു മുരണ്ടു. അപ്പോഴേയ്ക്കും ജിഫിലും ജാസ്മിനും ഞങ്ങളോടൊപ്പം ചേര്‍ന്നു. അവര്‍ ഹോട്ടലാകെ ഷൂട്ട് ചെയ്യുകയായിരുന്നത്രെ. മൗണ്ട് അബോഡിനെ വേര്‍തിരിച്ച് നിലകൊള്ളുന്ന പച്ച കമ്പി വേലികള്‍ക്കപ്പുറത്ത് മറ്റൊരു ഹോട്ടലിന്‍റെ ആഴി എരിയുന്നുണ്ടായിരുന്നു. അതുകണ്ട് നമ്മുടെ ഹോട്ടലിലും ഇമാുളശൃല സംഘടിപ്പിക്കണമെന്ന് പ്രദീപിനോട് ഞാന്‍ വിളിച്ചു പറഞ്ഞു. മാപ്പിളപാട്ടും, ഒപ്പനയും, ബാലയുമൊക്കെ അവതരിപ്പിക്കാമെങ്കില്‍ ഏര്‍പ്പാടാക്കാമെന്നായിരുന്നു അയാളുടെ തമാശ.
മൗണ്ടെയ്ന്‍ അബോഡിന്‍റെ ചുറ്റിലുമുള്ള രാത്രി കാഴ്ചകളിലൂടെ ഞങ്ങളങ്ങിനെ ഏറെനേരം നടന്നു. വിവിധതരം സംഗീതവും കൊതിപ്പിക്കുന്ന മണവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമുള്ള തെരുവ്. ബാറുകളും പബുകളും ഹോട്ടലുകളുമെല്ലാം ചുറ്റിലും തലയെടുത്ത് നില്‍ക്കുന്നു. ചൈനീസ്, ജാപ്പനീസ്, തായ്, കൊറിയന്‍, തിബറ്റന്‍ അങ്ങിനെ വിവിധ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍. ഹമ്മോക്കുകളും ബീന്‍ ബാഗുകളും തടികസേരകളെല്ലാംകൊണ്ട് ഭംഗിയായി സജ്ജീകരിച്ചിരിക്കുന്ന ആഡംബര ഹോട്ടലുകളും കഫേകളും. ചെറിയ വൈന്‍ കടകളും ധാരാളമുണ്ട്. നിറമാര്‍ന്ന കുപ്പികള്‍ നിരന്നിരുന്ന ഒരു ബാറിന്‍റെ മുന്നിലൂടെ കടന്നുപോയപ്പോള്‍ വറുത്ത മത്സ്യത്തിന്‍റെ ഗന്ധം നാസാരന്ധ്രങ്ങളില്‍ തുളച്ചുകയറി. അതെന്നിലെ വിശപ്പിനെ ഉണര്‍ത്തി. ഹിമാചലിന്‍റെ പ്രാദേശിക ഭക്ഷണത്തെക്കുറിച്ച് ഞാനപ്പോള്‍ നന്നുവിനോടാരാഞ്ഞു. മണാലിയില്‍ പലേടത്തും ട്രൗട്ട് മത്സ്യം കിട്ടുമെന്നും അവ വളര്‍ത്തുന്ന ഫാമുകളില്‍പ്പോയി ഇഷ്ടമുള്ളത് തിരഞ്ഞെടുത്തേല്‍പ്പിച്ചാല്‍ അവ പാചകം ചെയ്ത് തരുമെന്നും കേട്ടപ്പോള്‍ അവന്‍ പറഞ്ഞപ്പോള്‍ ഞാനതിന്‍റെ രുചിയും സങ്കല്‍പ്പിച്ച് നിന്നുപോയി. അപ്പോഴേയ്ക്കും മൗണ്ട് അബോഡില്‍ എത്തിച്ചേരണമെന്ന വിളി വന്നു. പുരുഷന്‍മാര്‍ പലരും മുറികളില്‍ തന്നെ തങ്ങുകയായിരുന്നു. ഞങ്ങളങ്ങിനെ കാഴ്ചകള്‍ വിട്ട് നേരെ ഹോട്ടലിലെ ഭക്ഷണശാലയിലേയ്ക്ക് നടന്നു. അവിടെയപ്പോള്‍ ആത്മാവിനേയും ശരീരത്തേയും ചൂടുപിടിപ്പിച്ചുകൊണ്ട് പുരുഷന്മാര്‍ തെല്ലുമിനുങ്ങി ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു.
മൂന്മ്പേര്‍ക്ക് കിടക്കാന്‍ തക്ക സൗകര്യമുള്ള കട്ടിലായിരുന്നു ഞങ്ങളുടെ മുറിയിലുണ്ടായിരുന്നത്. നന്നുവും അവന്‍റെ വാപ്പച്ചിയും വശങ്ങളില്‍ കിടക്കണമെന്ന് താല്‍പര്യം കാട്ടിയതിനാല്‍ ഞാന്‍ നിലത്ത് കനത്തൊരു കിടക്കവിരിച്ച് അതില്‍ കിടന്നു. അതികഠിനമായ ശൈത്യം ആരെയും ഉറങ്ങാന്‍ അനുവദിച്ചില്ല. ഹീറ്ററില്ലാതെ രാത്രിയെ തരണം ചെയ്യാനാകില്ലെന്നുകണ്ട് പ്രദീപിനോട് ഹീറ്ററാവശ്യപ്പെട്ടു. അയാളുടെ കണക്കു പുസ്തകത്തില്‍ ഹീറ്റര്‍ അധികപറ്റായതുകൊണ്ട് സ്വന്തം ചെലവില്‍ എടുക്കണമെന്നായി. ഒരു രാത്രിക്ക് വാടക 500 രൂപയത്രെ.
ഹീറ്റര്‍ വച്ചിട്ടും തണുപ്പ് അസഹനീയമായതിനാല്‍ ഞാന്‍ മൂന്ന് നാല് ജോഡി കാലുറകള്‍ എടുത്ത് ഒന്നിനുമീതെ ഒന്നായി പുതച്ച് അതിനുമീതെ ഇരു പാദങ്ങളിലും ധുപ്പട്ടകള്‍ കെട്ടി കാലിനെ ചൂടുപിടിപ്പിച്ചു. പ്രഭാതത്തിലുണര്‍ന്നപ്പോള്‍ വലതുകാലിന്‍റെ തള്ളവിരല്‍ ചത്തതുപോലെയായി. നിലത്തൂന്നിയപ്പോള്‍ അല്‍പ്പമേ സ്പര്‍ശനശേഷി തോന്നിയില്ല. ആ അവസ്ഥ ഏതാണ്ട് രണ്ട് മാസത്തോളം നീണ്ടുനിന്നു.
അല്‍പം മൂടിക്കെട്ടിയ പ്രഭാതമായിരുന്നു അന്ന്. മണാലിയുടെ ഓരോ പ്രദേശവും വ്യത്യസ്തമായി കണ്ടു. സൂര്യരശ്മികള്‍ പതിയുന്നിടത്ത് പച്ചപ്പിനാല്‍ സമൃദ്ധമായ ദേവധാരുവും പൈനും. മങ്ങി കിടക്കുന്ന വടക്കും പടിഞ്ഞാനും മാനം മുട്ടെയുള്ള മഞ്ഞുമലയും ചിലേടത്ത് കറുപ്പും വെളുപ്പുമായ കൂറ്റന്‍ പാറകളും. മലമടക്കുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുടിലുകളില്‍ ചിലത് ഇഗ്ളു പോലെ കാണപ്പെട്ടു. മഞ്ഞുരുകിയപ്പോള്‍ അത് ആസ്ബറ്റോസ് കൊണ്ട് മേല്‍ക്കൂരകള്‍ പണിത കുടിലുകളാണെന്ന് വ്യക്തമായി.
ഹോട്ടല്‍ കെട്ടിടത്തിന്‍റെ പിന്‍ഭാഗം ആപ്പിള്‍ മരങ്ങളാല്‍ സമൃദ്ധമായിരുന്നു. കായ്കള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തലപ്പുവെട്ടി നിര്‍ത്തിയിരുന്ന അവയുടെ ശിഖരങ്ങളില്‍ വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികളും പോളിത്തീന്‍ ബാഗുകളും ഞാന്ന് കിടന്നിരുന്നു. അവ പരാഗരേണുക്കള്‍ പേറുന്നവയാണത്രെ. നോക്കിനില്‍ക്കുന്തോറും മരങ്ങള്‍ക്കുകീഴെ മഞ്ഞുപാളികള്‍ കനംവെയ്ക്കാന്‍ തുടങ്ങി. തലേന്ന് ഒരുക്കിവെച്ച ആഴിയുടെ വിറകുകള്‍ മഞ്ഞുപലകകളായി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രകൃതി തെളിഞ്ഞുകണ്ടു. ഞങ്ങളങ്ങിനെ പല പല പ്രതീക്ഷകളുമായി ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി. റോഹ്താങ് ചുരമാണ് ആദ്യം ലക്ഷ്യംവെച്ചത്. അവിടേയ്ക്ക് പോകാന്‍ പ്രത്യേക വസ്ത്രം ധരിക്കേണ്ടതുണ്ട്. അതിനായി ഞങ്ങളുടെ ഡ്രൈവര്‍ അയാള്‍ക്ക് പരിചയമുള്ള ഒരു സ്ത്രീയുടെ കടയ്ക്കു മുന്നില്‍ വണ്ടി നിര്‍ത്തി. ഒരു പാട്ടയില്‍ വിറക് കൊള്ളികള്‍ വച്ച് തീ കായുകയായിരുന്നു കടയുടമയായ പ്രായം ചെന്ന സ്ത്രീ. ചിത്രം
എത്രയോ ശരീരങ്ങള്‍ കയറിയിറങ്ങിയ ജാക്കറ്റുകള്‍ വിയര്‍പ്പും മണവും പേറിക്കൊണ്ട് കടയ്ക്കുള്ളിലെ സ്റ്റാന്‍റില്‍ മുട്ടിയുരുമ്മി കിടന്നിരുന്നു. ഓരോരുത്തരും അവരുടെ പാകത്തിനും ഇഷ്ടത്തിനും തക്ക തെര്‍മല്‍ സ്വെറ്ററും ജാക്കറ്റുമൊക്കെ എടുത്തണിയാന്‍ തുടങ്ങി. കഴുത്ത് മുതല്‍ പാദം വരെ ആവൃതമാകുന്ന തെര്‍മല്‍ സ്വെറ്ററില്‍ കയറിപ്പറ്റാന്‍ ഇത്തിരി ബുദ്ധിമുട്ടണം. കടയുടമയായ സ്ത്രീ അതിനെല്ലാം ഞങ്ങളെ സഹായിച്ചു. കമ്പിളി കാലുറ, ഹൈക്കിംഗ് ഷൂസ്, ഡബിള്‍ ലെതര്‍ ക്യാപ്, കൈയുറ ഇത്യാദികള്‍ ധരിച്ച് ബഹിരാകാശ സഞ്ചാരികളെപ്പോലെയായി ഞങ്ങള്‍. ഓരോ സെറ്റിനും 400 രൂപ വച്ച് വാടക നല്‍കി പുറത്തിറങ്ങിയപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് മാറി. എന്‍റെ മനസ്സപ്പോള്‍ വല്ലാതെ സംശയിച്ചു; ഈ യാത്ര റോഹ്താങില്‍ എത്തുമോ ? കാരണം മഞ്ഞുവീഴ്ച കൂടിയാല്‍ റോഹ്താങിലേയ്ക്കുള്ള പ്രവേശനം സാധ്യമല്ല. മഞ്ഞുകാലത്ത് മാസങ്ങളോളമാണ് അവിടം അടച്ചിടുക.
മണാലിയില്‍ നിന്നും 51 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട് റോഹ്താങിലെത്താന്‍. ഹിമാലയത്തിലെ പിര്‍പാഞ്ചല്‍ പര്‍വ്വത നിരയുടെ കിഴക്കേയറ്റത്തുനിന്നും മണാലിയുമായി ബന്ധിപ്പിക്കുന്ന ആ പാത ഇരുവശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഒരുമിച്ചു കടന്നുപോകാന്‍ കഴിയാത്തത്ര വിധത്തില്‍ ദുര്‍ഘടമാണ്. എങ്കിലും ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ് ഇതാണെന്ന് വിളിച്ചുപറയാന്‍ തക്കവണ്ണം ചേതോഹരമാണവിടം. മേഘ മലകളും മഞ്ഞുമലകളും ആലിംഗനത്തിലമര്‍ന്നങ്ങിനെ കിടക്കും. സമുദ്ര നിരപ്പില്‍ നിന്നും 3979 മീറ്റര്‍ (13058 അടി) ഉയരത്തിലുള്ള ആ ചുരത്തിലൂടെയുള്ള യാത്ര ഭീതിതവും വിസ്മയിപ്പിക്കുന്നതുമാണ്. ഓരോ കയറ്റം കഴിയുമ്പോഴും ദേ എത്തി ദേ എത്തി എന്ന് തോന്നിച്ചുകൊണ്ടിരിക്കുന്ന ഒരു മായാ സഞ്ചാരം. അവിടേയ്ക്ക് എല്ലാ വാഹനങ്ങളേയും കടത്തിവിടില്ല. പ്രത്യേക അനുമതിയും വൈദഗ്ദ്ധ്യവുമുള്ള ഡ്രൈവറോടൊപ്പം വേണം ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ ചുരങ്ങളിലൊന്നായ റോതാങിലേയ്ക്ക് സഞ്ചരിക്കാന്‍ അതും പ്രത്യേക പെര്‍മിറ്റോടു കൂടി.
കഴിഞ്ഞ യാത്രയില്‍ ഞങ്ങള്‍ 4 പേരും ഒരു അഹീേ കാറിലാണ് റോഹ്താങിലേയ്ക്ക് പോയത്. പഴക്കം ചെന്ന ആ വാഹനത്തില്‍ കയറിയപാടേ ഞാന്‍ വല്ലാതെ ഭയന്നിരുന്നു. കയറ്റം കയറുന്തോറും ആകാശത്തേയ്ക്ക് പോകുന്നപോലെ. ചുറ്റും മരങ്ങളോ മറ്റോ കാണാനാകാതെ തികച്ചും മഞ്ഞുപാറകള്‍ക്കിടയിലൂടെയുള്ള സഞ്ചാരം. അവിനാശെന്നോ മറ്റോ പേരുള്ള ഞങ്ങളുടെ സാരഥി ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു യാത്രയ്ക്കിടയില്‍. ഹിമാചലിന്‍റെ ഞൊടിയിടയില്‍ മാറുന്ന കാലാവസ്ഥയെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, അയാളുടെ കുടുംബത്തെക്കുറിച്ച്; 13 വര്‍ഷംകൊണ്ട് അയാള്‍ ചുരത്തിലേയ്ക്ക് വണ്ടിയോടിക്കുന്ന പണിചെയ്യുന്നുവത്രെ. അങ്ങിനെ പലതും പറഞ്ഞ് അയാള്‍ പിന്നിലേക്ക് നോക്കുമ്പോള്‍ എന്‍റെ നെഞ്ചാകെ പതറുമായിരുന്നു. കാരണം കുത്തനെയും നേര്‍ത്തതുമായ ആ പാതയില്‍ ചക്രം പിടിക്കുന്നവന്‍റെ കണ്ണൊന്ന് തെറ്റിയാല്‍ ഗര്‍ത്തത്തിലേയ്ക്ക് പതിക്കുക തന്നെ. മണാലി-ലേ ഹൈവേയിലെ ഒരു കവാടമായ റോഹ്താങിന് എങ്ങിനെ ആ നാമം ലഭിച്ചു എന്നതിന് നിരവധി അഭിപ്രായങ്ങളുണ്ട്. പര്‍വ്വതങ്ങളുടെ ദൈവമായ ശിവന്‍ നിര്‍മ്മിച്ചതെന്നാണ് കുളുവിലെ നാട്ടുകാരുടെ വിശ്വാസം. താണ്ഡവ സമയത്ത് ശിവന്‍റെ വിയര്‍പ്പില്‍ നിന്നുള്ള ഒരു തുള്ളി ഭൂമിയില്‍ വീണെന്നും അത് ഒരു ആണ്‍കുട്ടിയായി ജനിച്ചെന്നും ആ കുഞ്ഞിന് ലോഹിതാങ് എന്ന് പേരിട്ടെന്നും പിന്നീടത് ലോപിച്ച് റോഹ്താങ് ആയെന്നുമൊക്കെയാണ് അവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. തിബറ്റന്‍ രാജാവായ ഗ്യാപോ ഗ്യാസറാണ് റോഹ്താങ് നിര്‍മ്മിച്ചതെന്നാണ് തിബറ്റുകാരുടെ വാദം. മണാലി ലാഹൗള്‍- സപ്തി താഴ്വരകളെ ബന്ധിപ്പിക്കുന്ന റോഹ്താങ് ചുരത്തിലൂടെ പുരാതനമായൊരു വ്യാപാര പാത കടന്നുപോയതായി ചരിത്രമുണ്ട്. ചുരം മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒട്ടനവധി സഞ്ചാരികളുടെ ജീവനുകളാണ് അവിടെ മഞ്ഞിനടിയില്‍ പുതഞ്ഞിട്ടുള്ളത്. അത്തരത്തില്‍ ‘ശവങ്ങളുടെ കൂമ്പാരം’ (ജശഹല ീള ഇീൃുലെെ) എന്നര്‍ത്ഥം വരുന്ന ലഡാക്കി ഭാഷയിലെ ‘ഭോട്ടി’ പിന്നീട് റോഹ്താങ് ആയെന്നും പേര്‍ഷ്യന്‍ ഭാഷയിലെ ഞൗവ + മേിഴ പിന്നീട് റോഹ്താങ് ആയെന്നുമൊക്കെ വിശദീകരണങ്ങളുണ്ട്.
എന്തായാലും ലഡാക്കിലേയ്ക്ക് മറ്റും പോകുന്ന സൈനിക വാഹനങ്ങളും, ട്രക്കുകളും, ചരക്കുവാഹനങ്ങളും കൊണ്ട് പലപ്പോഴും അവിടെ ഗതാഗതകുരുക്ക് ഉണ്ടാകാറുള്ളതും അപകടങ്ങളും പതിവാണ്.
ഞാനന്ന് റോഹ്താങിലെത്തി വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ശ്വാസമെടുക്കാനാകാതെ ബുദ്ധിമുട്ടിയിരുന്നു. മരിച്ചുപോകുമോ എന്നുപോലും ഭയന്നു. ഓക്സിജന്‍റെ അളവ് കുറവാണവിടെ. അന്തരീക്ഷവുമായി പൊരുത്തപ്പെട്ടതും ശ്വാസഗതി നേരെയായി. ലേ-ലഡാക്കില്‍ പോകുക എന്നത് തന്‍റെ സ്വപ്നമെന്ന് പറഞ്ഞിരുന്ന കുഞ്ചുവുമന്ന് ചെറുതായി കിതച്ചിരുന്നു. വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയ അവന്‍ തുടര്‍ന്ന് നടക്കാന്‍ അനിഷ്ടം കാട്ടിയപ്പോള്‍ അവനെ നോക്കി; ലേയില്‍ പോകാന്‍ ആഗ്രഹിച്ചവന്‍ ദേ റോഹ്താങിലെത്തിയപ്പോഴേ കുഴഞ്ഞുവെന്മ്പറഞ്ഞ് നന്നുവന്ന് കുഞ്ചുവിനെ കളിയാക്കിയതും അതു തന്‍റെ ആഗ്രഹം അതിനു തനിക്കെന്തെടോ എന്ന മറുപടിയില്‍ കുഞ്ചു ഗൗരവം പൂണ്ടതും മഞ്ഞിന്‍ വിനോദങ്ങളായ ഹെലിസ്കീയിങ്ങും, സ്നോ സ്കൂട്ടര്‍ ഡ്രൈവിങ്ങും മറ്റും കണ്ട് ആവേശംകൊണ്ട നന്നു, കുഞ്ചു അതിലെല്ലാം കയറാതെ കണ്ടപ്പോള്‍ യാക്കിലെങ്കിലും കയറാന്‍ വാടോ എന്ന് ക്ഷണിച്ചപ്പോള്‍ കുഞ്ചു ഓടിച്ചെന്ന് കാറിനകത്ത് കയറിയതുമൊക്കെ പിന്നീട് ഞങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു വിഷയമാകുകയായിരുന്നു. അതൊക്കെയോര്‍ത്ത് എന്‍റെയുള്ളില്‍ ചിരി നാമ്പിട്ടെങ്കിലും കുഞ്ചുവിന്‍റെ അസ്സാന്നിദ്ധ്യം ഞൊടിയിടയില്‍ എന്നെ വിഷാദത്തിലാഴ്ത്തി.
പെട്ടെന്നാണ് ഞങ്ങള്‍ സഞ്ചരിച്ച വാഹനം ഒന്നു കുലുങ്ങിയപോലെ തോന്നിയത്. ഞാനപ്പോള്‍ പെട്ടെന്നെഴുന്നേറ്റ് വാഹനവശങ്ങളിലെ ചില്ലുജാലകങ്ങള്‍ മഞ്ഞിനാല്‍ മൂടപ്പെട്ടതുകൊണ്ട് മുന്നില്‍ ചെന്നുനിന്ന് ദൂരേയ്ക്ക് നോക്കി. അപ്പോള്‍ കണ്ട കാഴ്ച പ്രതീക്ഷകളാകെ തകിടംമറിക്കുംവിധമായിരുന്നു. റോഡാകെ കനത്ത മഞ്ഞുപാളികളാല്‍ ആവൃതം. ഭീതിപ്പെടുത്തുംവിധം പുകമൂടിയപോലുള്ള അന്തരീക്ഷം. കെട്ടിടങ്ങളിലും വാഹനങ്ങളിലും മഞ്ഞുപാറകള്‍ രൂപംകൊള്ളുന്നു. ഏതാണ്ട് ഒരുമണിയോടടുത്തിട്ടും സൂര്യന്‍റെ വെട്ടം എങ്ങും കണ്ടില്ല. റോഡിനിരുവശവുമുള്ള ഇലയില്ലാ ചെടികള്‍ ഹിമപുഷ്പിണികളായി മാറി.
(ചിത്രം)
അവിടവിടെ രൂപംകൊണ്ട മഞ്ഞിന്‍കുന്നുകള്‍ വെട്ടിമാറ്റി പാത തെളിയിക്കുന്നുണ്ടായിരുന്നു പലേടത്തും. അതുകൊണ്ടാണ് വാഹനങ്ങളൊന്നും നീങ്ങാതിരുന്നത്. നിമിഷങ്ങള്‍ നീണ്ടുനീണ്ട് മണിക്കൂറുകളായിട്ടും ഏതാണ്ട് നൂറോ ഇരുന്നൂറോ മീറ്റര്‍ മാത്രമേ ഞങ്ങളുടെ വാഹനത്തിന് സഞ്ചരിക്കാനായുള്ളൂ. ടയറുകളില്‍ ചങ്ങലകെട്ടിയ ചില വാഹനങ്ങള്‍ മാത്രം മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് എങ്ങോ കടന്നുപോയി.
നേരം കഴിയുന്തോറും പലരുടേയും ക്ഷമയറ്റു. ചിലര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയും കയറിയും നേരം പോക്കി. ഞാനപ്പോള്‍ ദശു ഘശില ല്‍ സഞ്ചരിക്കുന്നവരുടെ ചിരിയും ആര്‍പ്പുവിളിയും നോക്കിയിരുന്നു. അരയ്ക്കും തോളത്തും കനത്ത കയര്‍ ചുറ്റി അത് നദിക്ക് മുകളിലൂടെ കടന്നുപോകുന്ന കനത്ത കമ്പിയില്‍ ഘടിപ്പിച്ചിരിക്കുന്ന കപ്പിയുമായി ബന്ധിച്ച് അന്തരീക്ഷത്തിലൂടെ ശരവേഗത്തില്‍ കടന്നുപോകുകയാണവര്‍. അര കിലോമീറ്ററിന് 350 രൂപയോ മറ്റോ ആണ് ചാര്‍ജ്ജ്. രണ്ടാള് വച്ചാണ് ദശു ഘശില ചെയ്യുന്നത്. കനത്ത മഞ്ഞിനെ വകവയ്ക്കാതെ നവദമ്പതിമാരായ പലരും സാഹസം കാട്ടുന്നുണ്ടായിരുന്നു.
ഇതിനിടയിലെപ്പോഴോ പത്തോ പന്ത്രണ്ടോ വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഞങ്ങളുടെ വാഹനത്തിനുള്ളില്‍ ചായ നിറച്ച പാത്രവുമായി കയറിയിരുന്നു. ഒരുകയ്യില്‍ ചായ പാത്രം, തോളത്ത് കപ്പുകളടങ്ങിയ സഞ്ചികള്‍ കഴുത്തില്‍ കാശു നിക്ഷേപിക്കാനുള്ള ബാഗ്. അവള്‍ 15 ചായക്കോപ്പകളാണ് ഞങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. എല്ലാവരും ചായ കുടിച്ചതിനുശേഷം ഒഴിഞ്ഞ കോപ്പകളെ തിരികെ വാങ്ങാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ ചൊലുത്തി. മാലിന്യമുക്തമായ നഗരമാണ് മണാലി. അതുകൊണ്ട് ഓരോ വ്യക്തിയും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തും.
ചായ വിറ്റ കാശുമായി പുറത്തിറങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ നന്നേ തിളങ്ങിയിരുന്നു. ചുണ്ടുകളില്‍ മന്ദഹാസവും. എന്നാല്‍ എനിക്കപ്പോള്‍ ആരോടൊക്കെയോ അമര്‍ഷം തോന്നി; പേന പിടിക്കാനും പുസ്തകം മറിക്കാനും വിടര്‍ത്തേണ്ട മൃദു വിരലുകള്‍ ചായക്കറ പുരണ്ട് വികൃതമായിരിക്കുന്നു. നാഴികയ്ക്ക് നൂറു വട്ടം ബാലവേലയ്ക്ക് എതിരെ പ്രസംഗിക്കുന്നവര്‍ എന്തുകൊണ്ട് ഇതെല്ലാം കാണാതെ പോകുന്നു. അത്തരത്തില്‍ എന്നിലെ വിപ്ലവചിന്ത തിളച്ചതും റോഹ്താങ് ചുരം അടച്ചിട്ടതായി പ്രദീപ് വിളിച്ചു പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *