bhoomiyile

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 5 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

Facebook
Twitter
WhatsApp
Email

റോഹ്താങിലേയ്ക്കുള്ള സന്ദര്‍ശന നഷ്ടം ഏവരേയും നിരാശിതരാക്കി. കനത്ത ഗതാഗതക്കുരുക്കു കാരണം സോലാന്‍ താഴ്വരയിലേയ്ക്കും കടക്കാനായില്ല.
റോഹ്താങ്, അടല്‍ചുരം, സോലാന്‍ താഴ്വര; മൂന്നിടത്തേയ്ക്കായിരുന്നു അന്നത്തെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവിടെ എങ്ങും പോകാനാകാതെ ഞങ്ങള്‍ പകല്‍ പകുതിയും വാഹനത്തിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി.
ഏതാണ്ട് ഉച്ചകഴിഞ്ഞ് വിശന്നു തുടങ്ങിയപ്പോള്‍ പുരുഷന്‍മാര്‍ പലരും തിരികെ പോകാന്‍ വാശിപിടിച്ചു. സ്ത്രീകളും യുവാക്കളും അതിനു തയ്യാറായില്ല. ഏതെങ്കിലും മഞ്ഞുമല സന്ദര്‍ശിച്ചേ മടങ്ങൂ എന്നായി. അതുകേട്ട് ഞങ്ങളുടെ ഡ്രൈവര്‍ റോഹ്താങ് പാത തുടങ്ങുന്നതിന് ഇടതു ഭാഗത്തുള്ള ഒരു കുന്നിന്‍ചെരുവില്‍ വണ്ടി നിര്‍ത്തി. ചെറിയൊരു മഞ്ഞുമലയിലേയ്ക്കുള്ള കവാടമായിരുന്നു അവിടം.
പുറത്തിറങ്ങിയപ്പോള്‍ മുഖം മാത്രം അനാവൃതമായിരുന്ന എന്‍റെ ചുണ്ട് നന്നെ വിറയ്ക്കാന്‍ തുടങ്ങി. ബാഗില്‍ കരുതിയിരുന്ന മാസ്ക് എടുത്ത് ഞാനെന്‍റെ മുഖം പകുതി മറച്ചുവച്ചു. അധികം തണുപ്പോ ചൂടോ ഏറ്റാല്‍ ചുണ്ടിനെ ആക്രമിക്കാറുള്ള വൈറസുകളെ ഭയന്നിട്ടാണ് ഞാനങ്ങനെ ചെയ്തത്. കഴിഞ്ഞ യാത്രാ മടക്കത്തിലും ഒരിക്കല്‍ ഊട്ടി സന്ദര്‍ശിച്ച് മടങ്ങിയപ്പോഴും ചുണ്ടത്ത് ധാരാളം കുമിളകള്‍ പൊന്തിയതിനാല്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ തന്നെ ഞാന്‍ ബുദ്ധിമുട്ടിയിരുന്നു. അത്രയ്ക്ക് വികൃതമാക്കും വൈറസുകള്‍ എന്‍റെ ചുണ്ടിനെ. ഇപ്പോള്‍ ശീതമേഖലയില്‍ എവിടെപ്പോയാലും ത്വക്രോഗ വിദഗ്ദധനായ ഡോക്ടര്‍ കുറിച്ചുതന്ന ഗുളികകള്‍ കരുതാന്‍ ഞാന്‍ മറക്കില്ല. ചുണ്ടിന് അസ്വസ്ഥത തുടങ്ങുമ്പോഴേ അവ എടുത്ത് കഴിക്കും.
ഞങ്ങള്‍ എത്തിയ മഞ്ഞുമല വല്ലാതെ ഭീകരമായിരുന്നു. ചുറ്റും കറുത്ത പുകകൊണ്ട് മൂടിയപോലുള്ള അന്തരീക്ഷം. പ്രേതങ്ങള്‍ ഹൂ ഹൂ എന്ന് ആര്‍ത്തലയ്ക്കുന്ന പോലെ, ദേഹത്താകെ എല്ലിന്‍ തുണ്ടുകള്‍ പതിക്കുന്നപോലെ, കൂമന്‍റേയും നരിച്ചീറിന്‍റേയും ശബ്ദം പതിഞ്ഞും ഉയര്‍ന്നും ചുറ്റിലും അലയടിക്കുന്നപോലെ. തികച്ചും ഒരു അന്യ ലോകത്തിന്‍റെ പ്രതീതി. ക്രമേണ എനിക്ക് മനസ്സിലായി; ഞാന്‍ കേട്ട ശബ്ദങ്ങള്‍ അല്പമകലെ അദൃശ്യമായി നില്‍ക്കുന്ന അക്കര കുന്നിലെ സഞ്ചാരികളുടെ ആര്‍പ്പുവിളികളാണ്, ദേഹത്ത് പതിച്ചത് മഞ്ഞുകട്ടകളാണ്, സൂര്യന്‍ കറുത്ത മേഘങ്ങളില്‍ ഒളിച്ച് ചിരിച്ചുകാട്ടാന്‍ പിശിക്കു കാട്ടിയതിനാലാണ്.
യാത്രികര്‍ അവരുടെ ഹൈക്കിംഗ് ഷൂസ് ശക്തിയോടെ മഞ്ഞുപ്രതലത്തില്‍ ചവിട്ട് മെതിച്ച് മുന്നോട്ടു നടന്നു. പൊടിഞ്ഞ മഞ്ഞിന്‍ തരികള്‍ വാരി പരസ്പരം എറിഞ്ഞും ജാക്കറ്റിനുള്ളില്‍ കുത്തിയിറക്കി തണുത്തും വിറച്ചും നന്നുവും ജിഫിലും കുസൃതി കാട്ടി. ജാസ്മിന്‍ അതെല്ലാം ക്യാമറയില്‍ പകര്‍ത്തി. ചിത്രം 1
ഏതാണ്ട് പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമേ ഞങ്ങള്‍ അവിടെ ചെലവഴിച്ചുള്ളൂ. വിശപ്പുകൊണ്ട് വലഞ്ഞവര്‍ അരിശം കാട്ടിയതിനാല്‍ തിരികെ നടന്ന് വാഹനത്തിലേയ്ക്ക് കയറി. ഗതാഗതകുരുക്കില്‍പെട്ട വാഹനം മണാലി പട്ടണത്തില്‍ എത്തിയപ്പോള്‍ സമയം നാലോടടുത്തിരുന്നു. വാടകയ്ക്ക് എടുത്ത വസ്തുക്കളെല്ലാം തിരികെ നല്‍കി ഭക്ഷണമുള്ള ഹോട്ടലിനായി പ്രദീപ് കട തിരഞ്ഞു. പലേടത്തും ഉച്ചഭക്ഷണം തീര്‍ന്നിരുന്നു. രാത്രിയിലേക്കുള്ളത് തയ്യാറായും കണ്ടില്ല. ബജി പൊരിയുന്ന ഒരു കടയില്‍ കയറി ചായയ്ക്കും ബജിക്കും ഓര്‍ഡര്‍ ചെയ്ത് കടയില്‍ എരിഞ്ഞുകൊണ്ടിരുന്ന ആഴിയ്ക്ക് ചുറ്റും ഞങ്ങള്‍ ഇരുന്നു. കയ്യുകള്‍ തീയ്ക്കകത്ത് കുത്തിയിറക്കാനാണ് എനിക്കപ്പോള്‍ തോന്നിയത്.
ആഴിക്ക് അല്പം അകലെ നിന്ന പടയപ്പ ആഴി ആളികത്തി ചൂട് നാലുപാടും വ്യാപിക്കാനായി ഒരു വികൃതി കാട്ടി. അയാള്‍ കുറച്ച് കടലാസ് കഷണങ്ങള്‍ പെറുക്കി ആഴിയിലേക്കിട്ടു. അത് ഉദ്ദേശിച്ച ഫലം നല്‍കാതെ കനത്ത പുക പടര്‍ന്നതിനാല്‍ പലരും ചുമയ്ക്കാനും ശ്വാസമെടുക്കാനും തുടങ്ങി. അതുകണ്ട് കടക്കാരന്‍ ഓടി വന്ന് കടലാസ് ഇടുന്നത് വിലക്കി. ഉച്ചഭക്ഷണം നഷ്ടമായതിലെ നീരസവും കടക്കാരന്‍റെ വിലക്കും പടയപ്പയെ തെല്ലൊന്നുമല്ല കോപത്തിലാഴ്ത്തിയത്. അയാള്‍ പ്രദീപിനോട് എന്തോ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് വാഹനത്തില്‍ ചെന്നിരുന്നു.
മണാലി പട്ടണത്തില്‍ നിന്നും കേവലം ഒന്നര കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹിഡിംബ ദേവി ക്ഷേത്രത്തിലേയ്ക്കായിരുന്നു പിന്നീടുള്ള ഞങ്ങളുടെ യാത്ര. ആറുമണിയ്ക്ക് ക്ഷേത്രം അടയ്ക്കുമെന്ന് പ്രദീപ് പറഞ്ഞതുകേട്ട് എല്ലാവരും അവിടേയ്ക്ക് പോകാന്‍ തിടുക്കം കാട്ടി. കഴിഞ്ഞ യാത്രയില്‍ എനിക്ക് നഷ്ടമായ ഒരു സന്ദര്‍ശന കേന്ദ്രമായിരുന്നു അവിടം. പട്ടണത്തില്‍ നിന്നും വിദൂരത്തിലല്ലാതെ തികച്ചും ഒരു വനത്തിനുള്ളിലായിരുന്നു ഞങ്ങള്‍ ചെന്നിറങ്ങിയത്. വെയില്‍ പോലും എത്തിനോക്കാന്‍ മടിക്കുന്ന ഇരുട്ടിനെ പുല്‍കി നില്‍ക്കുന്ന ഇടതൂര്‍ന്ന പൈന്‍ മരക്കാടുകള്‍ക്കുള്ളിലാണ് പുരാതന ശൈലിയില്‍ തീര്‍ത്ത ഹിഡിംബ ക്ഷേത്രം. ഓര്‍മ്മകളില്‍ ശാശ്വതമായ ഒരിടം സൃഷ്ടിക്കാന്‍ തക്ക ചുറ്റുപാടുള്ള ഹിഡിംബ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. കടുത്ത തണുപ്പും ഇരുണ്ട പ്രകൃതിയും; പിന്നെ അസുര സ്ത്രീയെ ആരാധിക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
ചിത്രം 2
ഭീമന്‍റെ ഭാര്യയായ ഹിഡിംബിയെ ആരാധിക്കുന്ന ആ ക്ഷേത്രത്തില്‍ ആയിരക്കണത്തിന് വിനോദസഞ്ചാരികളാണ് വന്നു പോകുന്നത്. ഹിഡിംബ ദേവി ആ നാടിനെ സംരക്ഷിക്കുന്നുവെന്നും അവിടെയുള്ള ആളുകള്‍ക്ക് വഴികാട്ടിയായി നക്ഷത്ര പ്രഭയായി നിലകൊള്ളുന്നുവെന്നും മണാലിക്കാര്‍ വിശ്വസിക്കുന്നു.
ഞാനും ഹിഡിംബിയെ കാണാന്‍ പ്രധാനപാതവിട്ട് കല്ലുകള്‍ പാകിയ ക്ഷേത്രാങ്കണത്തിലേയ്ക്ക് നടന്നു. അപ്പോള്‍ മണാലിക്കാരുടെ പരമ്പരാഗത വസ്ത്രമായ

‘പാട്ടു’ധരിക്കാന്‍ പ്രലോഭിപ്പിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി എന്‍റെ പിന്നാലെ കൂടി എനിക്ക് നേരെ ഒരു ഫോട്ടോ കാട്ടി. അന്‍പത് രൂപ കൊടുത്താല്‍ ഫോട്ടോയില്‍ കാണുന്ന പോലെ എന്നെയും അണിയിച്ചൊരുക്കാമെന്ന് അവള്‍ വാഗ്ദാനം ചെയ്തു. കടും ചുവപ്പ് നിറത്തില്‍ കട്ടിയുള്ളതും ഭാരമേറിയതുമായ വസ്ത്രം ദേഹമാകെ ചുറ്റി അതുപോലുള്ള ദുപ്പട്ട ശിരസ്സിലണിഞ്ഞ് ഒരു സ്ത്രീ പൈന്‍ മരത്തില്‍ ചാരി നിന്ന് ഫോട്ടോയ്ക്ക് തയ്യാറാകുകയായിരുന്നു. ‘ബൂമിനി’ പിന്നുകള്‍ ഉപയോഗിച്ച് അത്തരം വസ്ത്രങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന്‍റെ തിരക്കിലായിരുന്നു അവളെ അണിയിച്ചൊരുക്കുന്നവര്‍. കാതിലും കഴുത്തിലും നെറ്റിയിലുമായി ധാരാളം ആഭരണങ്ങളും ചാര്‍ത്തുന്നുണ്ട്. എനിക്കും അങ്ങിനെ അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹം തോന്നിയെങ്കിലും സഹയാത്രികര്‍ മുന്നോട്ട് നടന്നതും കയ്യിലെ വാച്ചും ക്ഷേത്രവും ചൂണ്ടി തിരികെ വരുമ്പോള്‍ ആകാമെന്ന് പെണ്‍കുട്ടിയോട് ആംഗ്യം കാട്ടി ഞാനവിടം വിട്ടു.
സാധാരണ കണ്ടുവരുന്ന ക്ഷേത്ര നിര്‍മ്മാണ രീതികളില്‍ നിന്നും വ്യത്യസ്തമായതാണ് ഹിഡിംബ ക്ഷേത്ര ഘടന. ബുദ്ധിസ്റ്റ് പഗോഡ വാസ്തു വിദ്യാശൈലിയില്‍ നിര്‍മ്മിച്ച നാലുനിലകളുള്ള ക്ഷേത്രത്തിന് പിരമിഡിന്‍റെ ആകൃതിയാണ്. മൂന്ന് തട്ടുകള്‍ തടിയിലും ഏറ്റവും മുകളിലെ തട്ട് കോണ്‍ മാതൃകയില്‍ പിച്ചളയിലുമാണ്. 1553ല്‍ ഇവിടുത്തെ രാജാവായിരുന്ന മഹാരാജ ബഹാദൂര്‍സിംഗാണ്  ഈ ക്ഷേത്രം നിര്‍മ്മിച്ചതത്രെ!
ക്ഷേത്രത്തിലേക്ക് കടക്കാന്‍ പ്രവേശന ഫീസൊന്നുമില്ല. പാദരക്ഷകള്‍ പുറത്തിട്ട് വേണം ഉള്ളിലേക്ക് കടക്കാന്‍. അതിശൈത്യം പലരേയും അതിനനുവദിച്ചില്ല. ഞാന്‍ തണുപ്പ് ഗൗനിക്കാതെ നഗ്നപാദയായി തന്നെ അകത്തേയ്ക്ക് കയറി. നിശ്ശബ്ദമായി വേണം അവിടെ നില്‍ക്കാന്‍. കുടുസ്സായ ഒരു മുറിപോലെ. ഒരേ ഒരു നിമിഷം കണ്ട് പുറത്തിറങ്ങണം. ഞാന്‍ അവിടെയെല്ലാം ദേവിയെ തിരഞ്ഞു. വിഗ്രഹമൊന്നും കണ്ടില്ല. ദേവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ഒരു വലിയ കല്ല് ക്ഷേത്രത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നതുമാത്രം കണ്ടു. അവിടെയാണത്രെ ഹിഡിംബി ദേവി തന്‍റെ മകന്‍ ഘടോല്‍കചനെ വളര്‍ത്തി വലുതാക്കിയതിനു ശേഷം എല്ലാം ഉപേക്ഷിച്ച് തന്‍റെ നാടിന്‍റെ ക്ഷേമത്തിനായി ധ്യാനത്തിലിരുന്നത്.
ചുമരില്‍ ഭയാനകമായ രീതിയില്‍ കൊമ്പുകളോടുകൂടി മൃഗങ്ങളുടെ അസ്ഥികൂടങ്ങള്‍ അങ്ങിങ്ങായി ഞാത്തിയിരുന്നു. പുറത്തിറങ്ങിയപ്പോള്‍ പിന്‍ഭാഗത്തൊരിടം ചൂണ്ടി പ്രദീപ് പറഞ്ഞു: അവിടെയാണ് മൃഗബലി നടത്തുന്നത്. ആട്, എരുമ, കാള എന്നിവയെല്ലാം ഇപ്പോഴും ബലിക്കായി ഭക്തജനങ്ങള്‍ കൊണ്ടുവരും.
മുന്‍വശത്ത് കണ്ടതിനെക്കാളും ശരിക്കും വന്യമായിരുന്നു ക്ഷേത്രത്തിന്‍റെ പിന്‍ഭാഗം. പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ധാരാളം വൃക്ഷങ്ങള്‍. അങ്ങിങ്ങായി ചെറുതും വലുതുമായ പാറകള്‍. മഹാഭാരത കഥയിലെ കാമ്യകവനം മുന്നില്‍ വന്നു നില്‍ക്കുന്നപോലെ എനിക്ക് തോന്നി. വേരുകള്‍ മൊത്തം പുറത്തു കാട്ടി ഒരു കൂറ്റന്‍ വൃക്ഷം മറിഞ്ഞു കിടക്കുന്നതു കണ്ട് ഞാന്‍ സ്വയം ആരാഞ്ഞു; ആരാണ് അത് പിഴുതെറിഞ്ഞത് ?
ഭീമനോ ? അതോ ഹിഡിംബനോ ? ദുര്യോധനന്‍റെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് പാണ്ഡവര്‍ വസിച്ച കാമ്യക വനം. അവിടുത്തെ രാക്ഷസ രാജാവായ ഹിഡിംബന്‍; മനുഷ്യമാംസ ഗന്ധമറിഞ്ഞ് തന്‍റെ സഹോദരിയായ ഹിഡിംബിയെ മനുഷ്യനെ കൊന്ന് മാംസവുമായി വരാന്‍ പറഞ്ഞു വിടുന്നു. മടങ്ങി വരാന്‍ വൈകിയ സഹോദരിയെ തിരഞ്ഞുപോയ രാജാവ് കണ്ടത് തടിയനായ ഒരു മനുഷ്യനുമായി അവള്‍ നിന്ന് സല്ലപിക്കുന്നതാണ്. പിന്നെയുണ്ടായ ഘോരയുദ്ധത്തില്‍ ഹിഡിംബന്‍റെയും ഭീമന്‍റെയും ആയുധം കൂറ്റന്‍ മരങ്ങളായി മാറി. തന്‍റെ സഹോദരനെ വധിച്ചിട്ടും ഹിഡിംബിക്ക് ഭീമനോടുള്ള പ്രണയത്തിന് ഒരു കുറവും വന്നില്ല.
മഹാഭാരത കഥയില്‍ എനിക്കേറെ സഹതാപമുള്ള ഒരു കഥാപാത്രമാണവള്‍. വിവാഹം ചില നിബന്ധനകളാല്‍ ആകണമെന്ന് ആവശ്യപ്പെട്ടിട്ടും, രാക്ഷസര്‍ ഇന്ദ്രപ്രസ്ഥത്തിലെ വംശത്തില്‍ ചേരാന്‍ പാടില്ലാത്തവരാണെന്ന് പറഞ്ഞിട്ടും, രാജ്ഞിയായി അവകാശവാദം ഉന്നയിക്കരുതെന്ന് വിലക്കിയിട്ടും, സന്തതികള്‍ സിംഹാസനത്തിന്‍റെ അവകാശികളാകാന്‍ വാശിപ്പിടിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടും, ഒരേമേല്‍ക്കുരയില്‍ താമസിക്കാന്‍ ആകില്ലെന്നറിഞ്ഞിട്ടും ഹിഡിംബി ആഗ്രഹിച്ചത് ഭീമന്‍റെ സ്നേഹം മാത്രമാണ്. എല്ലാം സമ്മതിച്ച് അവള്‍ ഭീമനോടൊപ്പം കാമ്യക വനത്തിലെ പുല്‍മേടുകളിലും, ആരാമങ്ങളിലും, നദിക്കരയിലും പകല്‍ മുഴുവന്‍ പ്രണയിച്ചു നടന്നു. ഒരേ ഒരു വര്‍ഷം. മകന്‍റെ ജനനത്തോടെ പിരിയാമെന്ന വ്യവസ്ഥയില്‍ ഒരേ ഒരു വര്‍ഷം. കനത്ത ഹൃദയഭാരത്തോടെ പിരിഞ്ഞ ഹിഡിംബിയുടെ സ്നേഹം ഭീമന്‍ തിരിച്ചറിഞ്ഞോ എന്തോ ?
നീയാണെന്‍റെ ആദ്യ ഭാര്യ നീയാണെന്‍റെ പ്രണയം മുഴുവന്‍ എന്നു പറഞ്ഞ ഭീമന്‍റെ വാക്കുകള്‍ സത്യമായിരുന്നോ ?
തന്‍റെ മകന്‍ ഘടോല്‍കചനെ യോഗ്യനാക്കി വളര്‍ത്തിയ ഹിഡിംബി പിന്നീട് കാമ്യകവനത്തെയും ആളുകളെയും പരിപാലിക്കുന്നതില്‍ ശ്രദ്ധ നല്‍കി. അതുകൊണ്ടാണല്ലോ അവിടുത്തെ ജനങ്ങള്‍ ഇപ്പോഴും ദേവിയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ട് മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ‘ധൂംഗ്രിമേള’ കൊണ്ടാടുന്നത്. ഈ ദിവസങ്ങളില്‍ സമീപത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും ദേവീ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ ഘോഷയാത്രയായി അവിടേയ്ക്കു കൊണ്ടുവരും. ‘കുളു നാട്ടി’ എന്ന നാടോടി നൃത്തം ചെയ്തും പാട്ടുപാടിയും ഹിഡിംബി ദേവിയെ ആരാധിച്ച് നിവാസികള്‍ ഉത്സവം കൊണ്ടാടും.
ക്ഷേത്രത്തില്‍ നിന്നും ഏകദേശം 70 മീറ്റര്‍ മാത്രം അകലെയായി ഘടോത്കചന്‍റെ പ്രതിഷ്ടയുള്ള മറ്റൊരു ക്ഷേത്രമുണ്ട്. ക്ഷേത്രമല്ല; ശരിക്കും ഒരു മരത്തെയാണ് വിശ്വാസികള്‍ ആരാധിക്കുന്നത്. മൃഗങ്ങളുടെ കൊമ്പുകള്‍ തറച്ചു നില്‍ക്കുന്ന വലിയൊരു വൃക്ഷം. ചുറ്റിലും അര്‍ച്ചനാ പുഷ്പങ്ങളും മറ്റും ചിതറിക്കിടപ്പുണ്ട്. അടുത്തായി യോദ്ധാവായ ഘടോത്കചനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു ഫലകവും. അവിടെ ഞങ്ങള്‍ക്ക് ഏറെ നേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. ആറ് മണിയോടടുത്തതിനാല്‍ ദൂരെ നിന്ന് വൃക്ഷത്തെ കണ്ട് വേഗം മടങ്ങി.
ക്ഷേത്രം വിടുമ്പോള്‍ ‘പാട്ടു’ വസ്ത്രം നീട്ടിയ പെണ്‍കുട്ടി പിന്നെയും എന്നെ സമീപിച്ചു. അപ്പോഴേക്കും ഞങ്ങളുടെ വാഹനം ക്ഷേത്രത്തിന് മുന്നില്‍ ഞങ്ങളെ കയറ്റാനായി വന്നു നിന്നു. ഞാന്‍ അവളെ നോക്കി ചെറുതായൊന്നു ചിരിച്ചു. അവള്‍ നിരാശയോടെ ഒന്ന് ചുണ്ടനക്കുക മാത്രം ചെയ്തു.
മണാലിയുടെ വാണിജ്യ കേന്ദ്രമായ മാള്‍റോഡിലേക്കായിരുന്നു അന്നത്തെ അവസാന സന്ദര്‍ശനം. രാത്രി സമയങ്ങളിലാണ് മാള്‍റോഡ് സജീവമാകുക. വിലക്കുറവില്‍ വിലപേശി വാങ്ങാവുന്ന ഇടം.
ഗുണമേന്‍മയുള്ളതിന് നല്ല കാശ് കൊടുക്കുക തന്നെ വേണം. തുകല്‍ ഉല്‍പ്പന്നങ്ങള്‍, കമ്പിളി വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, ഭക്ഷണത്തെരുവ് എന്തുമുണ്ട് അന്തമില്ലാത്ത ചന്തയായ മാള്‍ റോഡില്‍. ഒന്നും വാങ്ങിയില്ലെങ്കിലും അതുവഴി നടക്കാന്‍ നല്ല രസമാണ്. അവിടവിടെ ആഴികള്‍ എരിയുന്നതിനാല്‍ തണുപ്പിന്‍റെ ആധിക്യം അറിയുകയേയില്ല. എമര്‍ജന്‍സി വാഹനങ്ങളൊഴിച്ച് മറ്റു വാഹനങ്ങളൊന്നും അവിടേയ്ക്ക് കടത്തിവിടില്ല. പര്‍ച്ചേസിംഗ് കഴിഞ്ഞ് വിളിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശത്താല്‍ ഞങ്ങളെ റോഡില്‍ വിട്ട് വാഹനം മറ്റെങ്ങോ പാര്‍ക്ക് ചെയ്യാന്‍ പോയി.
ഞങ്ങള്‍ പല പല ദിക്കിലേക്ക് ചിതറി. ആന്‍സിയും ചന്ദ്രനും മക്കളെ ഷൈല ചേച്ചിയോടൊപ്പം ബസ്സിനകത്ത് വിട്ട് പര്‍ച്ചേസിംഗിനായി ഓടി. നിരനിരയായുള്ള ധാരാളം കടകള്‍. തെരുവോരത്തിരുന്ന് കച്ചവടം ചെയ്യുന്നവരില്‍ ഏറെയും സ്ത്രീകളാണ്. കനത്ത തണുപ്പു കുപ്പായങ്ങള്‍ ധരിച്ചും കട്ടിയുള്ള പാദരക്ഷകളണിഞ്ഞും അവര്‍ സഞ്ചാരികളെ ക്ഷണിക്കുന്നു.
ടിബറ്റന്‍ മൊണാസ്ട്രി മാള്‍റോഡിലാണെന്ന ഓര്‍മ്മ എന്നെ കച്ചവട കേന്ദ്രങ്ങളിലേക്ക് പോകുന്നതിനു പകരം മൊണാസ്ട്രി സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചു. തൊപ്പിയും, സോക്സും കമ്പിളി ഷാളും മറ്റും വില്‍ക്കുന്ന ഒരു ചെറു കച്ചവടക്കാരിയോട് ഞാന്‍ ബുദ്ധവിഹാരത്തിന്‍റെ ദിക്ക് തിരക്കി. അവള്‍ കൈചൂണ്ടി കാട്ടിയിടത്തേയ്ക്ക് ഏതാണ്ട് അന്‍പത് മീറ്റര്‍ ദൂരമേയുണ്ടായിരുന്നുള്ളൂ. ‘ഗധന്‍ തെക് ചോക്ലിംഗ് ഗോബ മൊണാസ്ട്രി’ അതാണ് മാള്‍റോഡില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധ വിഹാരം.
ടിബറ്റന്‍ ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൊണാസ്ട്രിയിലേക്ക് കടക്കുമ്പോള്‍ പാതയ്ക്കിരുവശവും വിവിധ വര്‍ണ്ണങ്ങളില്‍ മന്ത്രങ്ങള്‍ കൊത്തിവെച്ച വിവിധാകൃതിയില്‍ വലിപ്പമുള്ള കല്ലുകള്‍ കാണാം. മനോഹരമായി അലങ്കരിച്ച പൂന്തോട്ടവും വിശ്രമ ബെഞ്ചുകളും ചുറ്റിലുമുണ്ട്. പാതയെ വേര്‍തിരിച്ച് മഞ്ഞയും ചുവന്നതുമായ കമ്പിവേലികള്‍.
ചിത്രം 3
പ്രധാന കവാടം അന്ന് അടഞ്ഞു കിടന്നിരുന്നു. എങ്കിലും ഉള്ളിലേക്ക് കടക്കാന്‍ തസ്സമൊന്നും ഉണ്ടായില്ല. താഴത്തെ നിലയിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ അവിടെ കടും ചുവപ്പ് നിറത്തിലുള്ള സന്യാസി പാവാടയും കയ്യില്ലാത്ത മഞ്ഞചട്ടയും പിന്നെ ശരീരത്തിന്‍റെ ഇരട്ടി നീളമുള്ള കടും ചുവപ്പ് ചേല; ഏതാണ്ട് അലസമായി ചുറ്റിയ സാരിപോലെ അണിഞ്ഞും രണ്ടുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദമാണവരുടെ ഭാവം. എന്തെങ്കിലും ചോദിച്ചാല്‍ മാത്രമേ ഉത്തരം പറയൂ. അതും പതിഞ്ഞ സ്വരത്തില്‍. അവിടെ മേശപ്പുറത്തിരുന്ന സന്ദര്‍ശന പുസ്തകത്തില്‍ ആരൊക്കെയോ പേരും തീയതിയും അഭിപ്രായവും എഴുതിയത് ഞാന്‍ തെല്ലൊന്ന് മറിച്ചു നോക്കി. നമുക്കും എഴുതാം. എന്തെങ്കിലും സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതുമാകാം. ഞാന്‍ സംഭാവനയൊന്നും നല്‍കിയില്ല.
ഇരുനിലകളും ബന്ധിപ്പിച്ചാണ് ബുദ്ധ വിഹാരങ്ങളില്‍ സാധാരണ ബുദ്ധ പ്രതിമ സ്ഥാപിക്കുക. താഴത്തെ നിലയില്‍ പ്രതിമയുടെ പകുതിയും ബാക്കി മുകളിലും അവിടെയും അങ്ങനെ തന്നെയായിരുന്നു. ഞങ്ങള്‍ പടവുകള്‍ കയറി മുകളിലെത്തി. ബുദ്ധന്‍റെ ധ്യാനമുഖം സ്വര്‍ണ്ണവര്‍ണ്ണം പൂണ്ട് നിന്നിരുന്നു. തലമുടി നീലനിറത്തിലും. ബുദ്ധന്‍റെ ഇരുവശങ്ങളിലായി പേടിപ്പിക്കുന്ന മറ്റാരുടെയോ പ്രതിമകളും. ലോകത്ത് എത്ര നിറങ്ങളുണ്ടോ അതെല്ലാം ചാലിച്ചെടുത്ത് വരച്ച ധാരാളം ചുമര്‍ ചിത്രങ്ങള്‍ മൊണാസ്ട്രിയുടെ ഉള്ളാകെ മനോഹരമാക്കിയിരുന്നു. ടിബറ്റുകാരുടെ ആത്മീയ നേതാവായ ദലൈലാമയുടെ ചിത്രവും ചുമരിലുണ്ട്.
ഹിമാചല്‍പ്രദേശില്‍ ബുദ്ധമത സ്വാധീനം മൗര്യരാജാവായ അശോകന്‍റെ കാലഘട്ടത്തിലേ തുടങ്ങിയെന്നാണ് ചരിത്രം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സ്തൂപങ്ങളിലൊന്ന് കുളു താഴ്വരയിലാണത്രെ! ലോകത്തിലെ ഏറ്റവും വലിയ ടിബറ്റന്‍ സെറ്റില്‍മെന്‍റ് ഹിമാചലിലെ ധര്‍മ്മശാലയാണല്ലോ.
ഞങ്ങള്‍ അവിടെ പ്രവേശിക്കുമ്പോള്‍ നാല് ബുദ്ധ സന്യാസിമാര്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് നിലത്ത് വിരിച്ച പരവതാനിയില്‍ ഇരിപ്പുണ്ടായിരുന്നു. അവരുടെ മുന്നില്‍ ജലം നിറച്ച പിച്ചളയില്‍ തീര്‍ത്ത ‘ഹീലിംഗ് ബൗളും’. പ്രാര്‍ത്ഥനാ ശബ്ദങ്ങള്‍ കൊണ്ടോ അതോ കിണ്ണങ്ങളില്‍ തടികൊണ്ടുരസുന്നതുകൊണ്ടോ എന്തോ ജലം കമ്പനം കൊള്ളുന്നുണ്ടായിരുന്നു.
ചിത്രം 4
നന്നേ വിടര്‍ത്തിയ ഇടതു കൈപ്പത്തിക്കു മേലെ സ്ഥാപിക്കുന്ന ഹീലിംഗ് ബൗളില്‍ (പാട്ടു പാത്രം എന്നും പറയാം) വലതു കയ്യില്‍ കരുതുന്ന ഉരുളന്‍ തടികൊണ്ട് ഉരസുമ്പോള്‍ ‘ഓമ്മ്മ്മ്’ എന്ന ശബ്ദം കേള്‍ക്കാം. അത് തലച്ചോറിനെ എല്ലാവിധ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഒഴിവാക്കി ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുമെന്നാണ് വിശ്വാസം. ചെമ്പ്, സിങ്ക്, ഇരുമ്പ്, സ്വര്‍ണ്ണം, വെള്ളി അങ്ങനെ വ്യത്യസ്ത ലോഹങ്ങള്‍കൊണ്ട് ‘ഹീലിംങ് ബൗള്‍’ നിര്‍മ്മിക്കാം.
കുഞ്ചുവും ഞാനുമായി ഹീലിംഗ് ബൗള്‍ വാങ്ങാന്‍ കോവളത്തെ കരകൗശല വില്പനശാലയാകെ ഇറങ്ങി കയറിയത് ഞാനപ്പോള്‍ ഓര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ അവധി കഴിഞ്ഞ് കുഞ്ചു അമേരിക്കയിലേക്ക് മടങ്ങുന്നതിന് ഒരാഴ്ച മുമ്പാണത്. നമുക്കിടയില്‍ പ്രശസ്തമല്ലാത്ത ഹീലിംഗ് ബൗള്‍ അമേരിക്കക്കാര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്നു. കുഞ്ചുവിന്‍റെ അമേരിക്കന്‍ സുഹൃത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് അയാള്‍ക്ക് സമ്മാനിക്കാന്‍ ഞങ്ങള്‍ ഹീലിംഗ് ബൗള്‍ തേടി കോവളത്ത് പോയത്. ഏതാണ്ട് 500 രൂപ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ബൗളുകള്‍ കോവളത്തുണ്ട്. ഞങ്ങള്‍ 2500 നോ മറ്റോ ചെറിയ ബഡ്ജറ്റില്‍ ഒന്നു വാങ്ങി മടങ്ങി. അത് സമ്മാനിക്കുമ്പോള്‍ കുഞ്ചുവിന്‍റെ സുഹൃത്ത് څജൃലരശീൗെ ഏശളേچ എന്ന് പറഞ്ഞ് കുഞ്ചുവിന് നന്ദി പറഞ്ഞുവത്രെ !

ബുദ്ധന് മുന്നില്‍ ധ്യാനത്തില്‍ നില്‍ക്കുമ്പോള്‍ എന്‍റെ ചിന്ത മുഴുവനും ബുദ്ധവിഹാരത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള ‘പ്രാര്‍ത്ഥനാ ചക്രങ്ങള്‍’ (ജൃമ്യലൃ ംവലലഹ) കറക്കുന്നതിലായിരുന്നു. ഒരു ചക്രം കറക്കിയാല്‍ ആയിരം പാപം തീരുമെന്ന് ഞാന്‍ ജാസ്മിനോട് പറഞ്ഞപ്പോള്‍ അവള്‍ വിസ്മയം കൊണ്ടു. ജിഫില്‍ അതിലൊന്നും വിശ്വസിച്ചില്ല. ലോഹങ്ങള്‍ കൊണ്ടും തടികൊണ്ടും നിര്‍മ്മിച്ച പ്രാര്‍ത്ഥനാ ചക്രങ്ങളുടെ അകം പൊള്ളയാണ്. ദേവനാഗരി ലിപിയില്‍ ചക്രങ്ങള്‍ക്ക് പുറത്ത് മന്ത്രങ്ങള്‍ എഴുതിയിട്ടുണ്ട്. നിരനിരയായി ചെറുതും വലുതുമായ ധാരാളം പ്രാര്‍ത്ഥനാ ചക്രങ്ങള്‍ ബുദ്ധവിഹാരത്തിന് ചുറ്റും സാഥാപിച്ചിരുന്നു. ബുദ്ധവിഹാരം സന്ദര്‍ശിക്കുമ്പോള്‍ മറ്റെന്തിനെക്കാളും സഞ്ചാരികളെ ആകര്‍ഷിക്കുന്നത് തീര്‍ച്ചയായും പ്രാര്‍ത്ഥനാ ചക്രങ്ങള്‍ തന്നെയാണ്. څഛങ ങഅചക ജഅഉങഋ ഒഡങ ഛാ ങമിശ ജൃലാല ഔിഴچഎന്ന മന്ത്രം മനസ്സില്‍ ചൊല്ലി വിരലുകള്‍കൊണ്ട് ചക്രങ്ങളെ കറക്കി വേണം നടക്കാന്‍. അപ്പോള്‍ ചക്രങ്ങളില്‍ നിന്നുതിരുന്ന ശബ്ദം കുട്ടികളെപ്പോലെ നമ്മെയും ത്രില്ലടിപ്പിക്കും. ബുദ്ധവിഹാരത്തില്‍ സ്ഥാപിച്ചിട്ടുള്ള ചക്രങ്ങളെല്ലാം ഒരു പ്രാവശ്യമെങ്കിലും കറക്കി മടങ്ങണമെന്നാണ് വിശ്വാസം.
ഞാന്‍ ആദ്യമായി ഒരു ബുദ്ധവിഹാരം സന്ദര്‍ശിച്ചത് മൈസൂരിനടുത്തുള്ള ബൈലക്കുപ്പയില്‍ സ്ഥാപിച്ചിട്ടുള്ള സുവര്‍ണ്ണ ക്ഷേത്രത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആ ടിബറ്റന്‍ സെറ്റില്‍മെന്‍റ് സന്ദര്‍ശിച്ചത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കിലും ഓര്‍മ്മയില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അതിന് കാരണങ്ങളേറെയുണ്ട്. ഒന്ന് അവിടെ താമസിച്ച് ടിബറ്റന്‍ സന്യാസ ജീവിതത്തെക്കുറിച്ച് ഒരു നോവലെഴുതാനുള്ള ആഗ്രഹം. എത്രയോ യുവാക്കളാണ് ഇഷ്ടമില്ലാതെ കടുത്ത ആത്മീയതയിലേക്ക് നീങ്ങുന്നത്. സഞ്ചാരികളോട് ഒന്ന് ചിരിക്കാന്‍ പോലും അവര്‍ ഭയപ്പെടുന്നപോലെ തോന്നും. ആരോടും സംസാരിക്കാത്ത അവരുടെ ചുണ്ടുകളിലെപ്പോഴും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മാത്രമാണ്. അന്ന്; യോദ്ധ സിനിമയില്‍ നാം കണ്ട അക്കോസേട്ടനെന്ന് പറയുന്ന ‘റിന്‍പോച്ച’യായ ഒരുവനോടൊപ്പം നിന്ന് ഞങ്ങള്‍ ഫോട്ടോ എടുത്തിരുന്നു. അവിടെ നിന്നും വാങ്ങിയ ഒരു ജൃമ്യലൃ ംവലലഹ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ചിത്രം 5

About The Author

Leave a Reply

Your email address will not be published. Required fields are marked *