🌻മൺഡേ സപ്ലിമെന്റ് –132 🌻
🌹നീതിയുടെ കാവലാൾ 🌹
ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയി (2024 ഓഗസ്റ്റ് 15 ).സ്വാതന്ത്ര്യ
ദിനാഘോഷങ്ങൾ ഇന്ന് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ ജീവിതം ബലികഴിച്ച മഹാത്മാഗാന്ധിക്ക് സ്വാതന്ത്ര്യ ദിനത്തിൽ പോലും അർഹിക്കുന്ന ആദരവ് അന്യമായി ക്കൊണ്ടിരിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ
ദിനത്തെ അധികരിച്ച് ഈ സപ്ലിമെന്റിൽ മുൻപും
അവതരണങ്ങൾ നടത്തിയിട്ടുണ്ട്. എങ്കിലും ആ ദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ദീപ്ത സ്മരണകൾ വീണ്ടും സജീവമാകുന്ന സന്ദർഭം.
” ഇന്ത്യ എന്നത് ഭൂമിശാസ്ത്രപരമായ വെറുമൊരു ആവിഷ്കാരം മാത്രമാണ്. ഇന്ത്യ എന്ന ഐക്യരാഷ്ട്രം ഭൂമധ്യരേഖ പോലെസാങ്കൽപ്പികമാണ്”
. അതുകൊണ്ട് അവർ സ്വാതന്ത്ര്യം അർഹിക്കുന്നില്ല
എന്ന് വിൻസ്റ്റൺചർച്ചിൽ ഒരിക്കൽ അലറി പറഞ്ഞു. എന്നാൽ മഹാത്മാഗാന്ധി നേതൃത്വം നൽകിയ നമ്മുടെ ദേശീയ
സമരപോരാട്ടങ്ങളുടെ പരിണിതഫലമായി,
അന്നുവരെഅഖണ്ഡമായി കിടന്നിരുന്ന ഇന്ത്യയെ അറുത്തുമുറിച്ചാണെങ്കിലും സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷ് സാമ്രാജ്യം നിർബന്ധിതമായി. പക്ഷേ മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം നിസ്സീമമായ വേദന ഉളവാക്കിക്കൊണ്ടാണ് സ്വാതന്ത്ര്യ ദിനം വന്നുചേർന്നത്. ഗാന്ധിജി ഭയന്നിരുന്നതുപോലെ സംഭവിച്ചു. ആയിരക്കണക്കിന് നിരപരാധികൾ വിഭജനത്തിന്റെ ബലിപീഠത്തിൽ ഹോമിക്കപ്പെട്ടു. ആഴത്തിലുള്ള മുറിവുകൾ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സമൂഹത്തിൽ ഉണ്ടാക്കിക്കൊണ്ട് വിഭജനം പൂർത്തിയായി. നെഹ്റുവും പട്ടേലും മൗലാനാ ആസാദും രാജേന്ദ്രപ്രസാദും ഒക്കെ സ്വാതന്ത്ര്യത്തിന്റെ ആനന്ദലഹരിയിൽ ആയിരുന്നപ്പോൾ ഗാന്ധിജി അങ്ങ് ദൂരെ വർഗീയ ലഹളയുടെ പിടിയിലായ കൊൽക്കത്തയിൽ മതേതരത്വത്തിന്റെ കാവലാളായി നിന്നുകൊണ്ട് സമാധാനം
പുനസ്ഥാപിക്കാനുള്ള ശ്രമത്തിൽഏർപ്പെട്ടിരിക്കുകയായിരുന്നു.
ഇന്നത്തെ നമ്മുടെ രാഷ്ട്രീയത്തിന് അധികാരാരാധനയാണ് പുതിയ മതം. അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകാനും രാഷ്ട്രീയ സമൂഹം തയ്യാറാകുന്നു. തിരഞ്ഞെടുപ്പെല്ലാം അവർക്ക് അതിനുള്ള ഉപാധി മാത്രമായി മാറി.ഇന്ത്യ വിഭജനം 1947ൽ കഴിഞ്ഞെങ്കിലും ഇന്ത്യക്കാർ വീണ്ടുംവീണ്ടും വിഭജിക്കപ്പെടുന്നത് ഇത് മൂലമാണ്. ഇത്തരം ഒരു അവസ്ഥയിൽ ഗാന്ധിജിയെ മറക്കുന്നത് തികച്ചും സ്വാഭാവികം. സത്യാന്വേഷണ പരീക്ഷണങ്ങൾ അല്ലല്ലോ നാം നടത്തുന്നത്, അസത്യാന്വേഷണ പരീക്ഷണങ്ങൾ ആണല്ലോ.
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിൽ വച്ച് ‘ഗാന്ധി’ സിനിമ കണ്ടതുമായി ബന്ധപ്പെട്ട ഒരനുഭവത്തെക്കുറിച്ച്, ഇന്ത്യയിൽ ജനിച്ച് ഇംഗ്ലണ്ടിൽ സ്ഥിര താമസമാക്കിയ പ്രശസ്ത പണ്ഡിതനും ചിത്രകാരനും ‘ദി ഐഡിയ ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ സുനിൽ ഖിൽനാനി ഇങ്ങനെ വിവരിക്കുന്നു: “സിനിമയുടെ ഒടുവിൽ ഗാന്ധിജിക്ക് നേരെ ഗോഡ്സെവെടിയുതിർക്കുന്ന രംഗം എത്തിയപ്പോൾ കാണികളിൽ കുറെ ആളുകൾഹർഷാരവത്തോടെ സംഭവത്തെ വരവേൽക്കുന്ന, അകം പൊള്ളിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത് !”. വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നും ഉണ്ടാകുന്ന ഗാന്ധിനിന്ദ ! ഗാന്ധിജിയുടെ ചിത്രത്തിന് നേരെ തുടരെ തുടരെ വെടി ഉതിർത്ത് അദ്ദേഹത്തിന്റെ മരണത്തെ പ്രതീകാത്മകമായി പുനരാവിഷ്കരിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നു. തീർന്നില്ല, ഗാന്ധിവധം നടന്നിട്ടില്ല എന്നും ഗോഡ്സെ യെ
മഹാത്മാവായി ചിത്രീകരിക്കുന്നതും പാഠപുസ്തകങ്ങളിൽ സ്ഥാനം പിടിക്കുന്നു !
മരിക്കാത്ത ഗാന്ധിജിയെ കൊല്ലാൻ ശ്രമിക്കുന്നവർ ! അന്ന് ജീവൻ വെടിഞ്ഞ ധന്യാത്മാവ് പുതു
ജീവനോടെ ലോകമെമ്പാടും ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജീവിച്ചിരുന്ന ഗാന്ധിയെക്കാൾ പ്രബലനും ശക്തനുമാണ് മരണാനന്തര ഗാന്ധി. ഗാന്ധിജി ലോകത്തിന് കാണിച്ചുകൊടുത്ത സമര രീതിയും വിമോചന
മാർഗ്ഗവും അഹിംസ
യുടെയുംഅക്രമരാഹിത്യത്തിന്റെയും വഴികളും ലോകരാഷ്ട്രങ്ങൾ സ്വയം ഏറ്റെടുക്കുന്ന സമയം അതിവിദൂരമല്ല. യുദ്ധവും “ഭീകരതയും വഞ്ചനയും ശക്തരുടെ ആയുധമല്ല, ദുർബലരുടെതാണെ”ന്നും “രാമരാജ്യംഎന്നതുകൊണ്ട് ഞാൻ ഹിന്ദുരാജ്യം എന്നല്ല ഉദ്ദേശിക്കുന്നത്. ദിവ്യമായ രാജ്യമാണത്, ദൈവത്തിന്റെ രാജ്യം” എന്നാണ് ഗാന്ധിജി വ്യക്തമാക്കിയിട്ടുള്ളത്.
ഗാന്ധിജി ഒരു വിശ്വ പൗരൻ എന്ന നിലയിൽ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു.സ്നേഹത്തിലധിഷ്ടിതമായ ഒരു മാനവ സമൂഹത്തിന്റെ സൃഷ്ടിയാണ് അദ്ദേഹം തന്റെ ജീവിത ദൗത്യമായി കണ്ടത്. ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ മോചനമായിരുന്നു എക്കാലവും മഹാത്മജിയുടെ പ്രിയങ്കരമായ സ്വപ്നം. പ്രകൃതിയുടെയുംഅതിലെ ജീവജാലങ്ങളുടെയും സംരക്ഷണത്തിന് ഗാന്ധിജി എന്നും അതീവ തൽപരനായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും അമേരിക്കയിൽ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കറുത്ത വർഗ്ഗക്കാരുടെ വിമോചന പോരാട്ടങ്ങൾക്ക് ഗാന്ധിജി ഒരാവേശമായി മാറി. നെൽസൺ മണ്ടേല മാർട്ടിൻ ലൂഥർ കിംങ് തുടങ്ങിയ എത്രയോ ലോക നേതാക്കൾ ഗാന്ധിജിയെ മാതൃകയാക്കി. ” എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ജീവിതം സന്ദേശമാക്കാൻ ധൈര്യമുള്ളവർ ഇന്നുണ്ടോ? ഏത് അളവുകോൽ എടുത്താലും ലോക ചരിത്രത്തിലെ മഹത് വ്യക്തികളുടെ പട്ടികയിൽ ഗാന്ധിജിയുടെ പേര് ആദ്യമുണ്ടാകും. പ്രധാനമന്ത്രി എന്ന നിലയിൽ ജവഹർലാൽ നെഹ്റുവിന് അദ്ദേഹം നൽകിയ ഉപദേശം ഇതായിരുന്നു:”ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് വന്നാൽ ഒരൊറ്റ കാര്യം ചെയ്യുക . നമ്മൾ അറിയുന്നവരിൽ വെച്ച് ഏറ്റവും ദുർബലനായ മനുഷ്യനെ ആ തീരുമാനം എങ്ങനെ ബാധിക്കും എന്ന് ആലോചിച്ച് അവന്റെ നന്മയ്ക്ക് വേണ്ടി തീരുമാനമെടുക്കുക. ഇങ്ങനെ എടുക്കുന്ന ഏത് തീരുമാനവും ശരിയാകും”.
ഗാന്ധിജി
സൗത്താഫ്രിക്കയിലാണ് വർണ്ണവിവേചനത്തിനെതിരെ ആദ്യമായി പോരാട്ടം തുടങ്ങിയത്. 1915ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി ബീഹാറിലെ ചമ്പാരൻ ജില്ലയിലെ കർഷകരെ ഇൻഡിഗോ (ഒരു പെയിന്റ് ഉൽപ്പന്നം) കൃഷി ചെയ്തിരുന്ന പ്ലാന്റർമാർഅടിച്ചമർത്തുന്നത് നേരിൽ കണ്ടപ്പോൾ, അനീതിക്കെതിരെ നടത്തിയദക്ഷിണാഫ്രിക്കൻ രീതി ഇവിടെ നടപ്പിലാക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1917ൽ ഗാന്ധിജി നടത്തിയ ചമ്പാരൻ സത്യഗ്രഹമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ജനകീയ സത്യഗ്രഹ സമരം.
മരണത്തിന്റെ തലേ ദിവസവും ഗാന്ധിയുടെ ഹൃദയത്തെ മഥിച്ചിരുന്ന ചിന്തകളിൽ ഒന്ന് കോൺഗ്രസിന്റെ ഭാവിയെ കുറിച്ചായിരുന്നു. 1948 ജനുവരി 29 ആം തീയതി കോൺഗ്രസിന് ഒരു ഭരണഘടന ഗാന്ധിജി എഴുതി തയ്യാറാക്കി. ‘രാഷ്ട്രത്തിന് ഗാന്ധിജിയുടെ ഒസ്യത്ത്’ എന്നാണ് അതിനെ വിശേഷിപ്പിക്കപ്പെടുന്നത്.കോൺഗ്രസ് രാഷ്ട്രീയ സ്വാതന്ത്ര്യംനേടിക്കഴിഞ്ഞു .അതിനാൽകോൺഗ്രസിന്റെ പ്രസക്തിനഷ്ടപ്പെട്ടി രിക്കുന്നു. അതുകൊണ്ട് അന്നത്തെ നിലയിലുള്ള കോൺഗ്രസ്പിരിച്ചുവിടുകയും സ്വയംഒരുജനസേവക സംഘമായിവികസിക്കണമെന്നും ഗാന്ധിജി നിർദേശിച്ചു.ഈ സേവക സംഘത്തിന്റെ ഘടനയ്ക്കും ഇതിലെ അംഗങ്ങൾക്കും ഉണ്ടാകേണ്ട 10 യോഗ്യത കളെക്കുറിച്ചും ഗാന്ധിജി വിശദമായി ഈ ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുണ്ട്. 1949 ജനുവരി 30ന് ഗാന്ധിജി വെടിയേറ്റ് വീഴുമ്പോഴും കോൺഗ്രസിന്റെ
ഭാവി രൂപം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. ഗാന്ധിജിയുടെപൈതൃകംഅവകാശപ്പെടുന്നവർ ഇത് ഓർമ്മയിലെങ്കിലും സൂക്ഷിക്കേണ്ടതാണ്.
ഗാന്ധിജിയെ രാഷ്ട്രീയമായി നേരിടാൻ ‘ക്വാറന്റീൻ’ (സാംക്രമിക രോഗനിവാരണാർത്ഥമുള്ള വിലക്ക് – കൊറോണ കാലത്താണ് നമുക്ക് ഇത് ഏറെ സുപരിചിതമായത്) ന്റെ സഹായം സൗത്ത് ആഫ്രിക്കൻ ഗവൺമെന്റ് തേടിയ ഒരു സംഭവമുണ്ട്. 1896 ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും അവിടെഇന്ത്യൻവംശജർക്കെതിരെ കിരാതഭരണം രൂക്ഷമായതിനാൽ ഗാന്ധിജി ആ വർഷംതന്നെ കപ്പലിൽ ബോംബെയിൽ നിന്നും ഡർബനിലേക്ക് യാത്ര തിരിച്ചു. പ്ലേഗ് രോഗബാധയുണ്ടായിരുന്ന ബോംബെ തുറമുഖത്ത് നിന്ന് വരുന്നതിനാൽ 23 ദിവസം ഗാന്ധിജി ക്വാറന്റീനിൽകഴിയണമെന്ന് ദക്ഷിണാഫ്രിക്കൻ ഗവൺമെന്റ് ആവശ്യപ്പെട്ടു.എന്നാൽ പ്ലേഗ് ആയിരുന്നില്ല കാരണം. ഗാന്ധിജി ഇന്ത്യയിൽആയിരുന്നപ്പോൾ ദക്ഷിണാഫ്രിക്കൻ ഗവൺമെന്റിനേതിരായി ചെയ്ത പ്രസംഗങ്ങൾ ആ ഗവൺമെന്റിനെ ചൊടിപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ കാലുകുത്തിയാൽ ആക്രമണം ഉണ്ടാകുമെന്നും അതുകൊണ്ട് വന്ന കപ്പലിൽ തന്നെ തിരിച്ചു പോകാനും ആവശ്യപ്പെട്ടു. കപ്പലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ആക്രമണ ഭീഷണി നേരിടേണ്ടിവന്നെങ്കിലും അതിനെയെല്ലാം അദ്ദേഹം സഹിഷ്ണുതയോടെ
അതിജീവിച്ചത് പോരാട്ടത്തിന്റെ ഉജ്വല മാതൃകയായി.
‘ഗാന്ധി’ സിനിമ (1982) നിർമ്മിക്കപ്പെട്ടപ്പോൾ മാത്രമാണ് പുറംലോകം ഗാന്ധിജിയെ അറിയാൻ തുടങ്ങിയത് എന്ന ആരോപണം ഗാന്ധിജിയെ നിസാരനാക്കിതഴയാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ്. ‘ഗാന്ധി’ ചിത്രം പുറത്തുവരുന്നതിന് മുമ്പ് ഗാന്ധിജിയെപ്പറ്റി എത്രയോ ഗ്രന്ഥങ്ങൾ എത്രയോ ഭാഷകളിൽ, പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു . ഗാന്ധിജിയുടെ ജന്മശതാബ്ദി പ്രമാണിച്ച് 1969 ൽ 40 ഓളം രാഷ്ട്രങ്ങൾ ഗാന്ധി സ്റ്റാമ്പ് ഇറക്കുകയുണ്ടായി. അതേ വർഷത്തിൽ തന്നെയാണ് ഇന്ത്യയിലെ കറൻസികളിൽഗാന്ധിജി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അഞ്ചു തവണ ഗാന്ധിജിയുടെ പേര് നോബേൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ടു. ( കൊടുത്തില്ല എന്നുള്ളത് മറ്റൊരു കാര്യം).വിവിധ രാജ്യങ്ങളിൽ ഗാന്ധി സ്മാരകങ്ങൾ ഉയർന്നു. ഇതെല്ലാം ‘ഗാന്ധി’ ചിത്രം പുറത്തുവരുന്നതിന് ദശകങ്ങൾക്ക്
മുമ്പേ നടന്ന കാര്യങ്ങളാണ്. ഗാന്ധിജിയെഅവഗണിച്ചത് കൊണ്ടൊന്നും ആ സൂര്യതേജസിന്റെ പ്രഭ കെടുത്താനാവില്ല. അത് ജ്വലിച്ചുകൊണ്ടേയിരിക്കും. അതിന്റെ പ്രകാശത്തിലാ യിരിക്കും ലോകത്തിന്റെ ഇനി മുന്നോട്ടുള്ള പ്രയാണം.
1947 നു ശേഷം ആർക്കും വേണ്ടാത്ത വ്യക്തിയായി മാറി ‘അർധനഗ്നനായ ഫക്കീർ’.
” അവർ എന്നെ കൊല്ലും. എന്നാലും ഞാൻ എന്റെ ശവക്കുഴിയിൽ നിന്നും സംസാരിച്ചുകൊണ്ടേയിരിക്കും” എന്ന് 1946 ഏപ്രിൽ 12 ന് മഹാത്മാഗാന്ധി പ്രഖ്യാപിച്ചിരുന്നു.തനിക്ക് ഉണ്ടാകാൻ പോകുന്ന ദുരന്തത്തിനെക്കുറിച്ച് മുൻകൂട്ടിമണത്തറിഞ്ഞതു പോലെയായി ഈ പ്രവചനം.
ഗാന്ധിജി മാർക്സിസത്തോട് വിയോജിച്ചത് അതിന്റെ പാവപ്പെട്ടവരോടുള്ള, ചൂഷിതരോടുള്ള അവഗണിതരോടുള്ള വിട്ടുവീഴ്ചയില്ലാത്ത
നിലപാടിനോടല്ല, അതിന്റെ
വർഗ്ഗശത്രു സങ്കല്പത്തോ
ടാണ്. കാരണം ഗാന്ധിജിക്ക് ശത്രുവില്ല. എതിരാളികളോട് മതിപ്പാണ്.അഹിംസയോടുംസഹനത്തോടുമായിരുന്നു അദ്ദേഹത്തിന് പഥ്യം. സത്യഗ്രഹം പോലൊരു സമരത്തിൽ ആർക്കാണ് എതിർപ്പുണ്ടാവുക. എല്ലാവരെയും ഉൾക്കൊള്ളാനായി ‘ദൈവമാണ് സത്യം’ എന്നത് മാറ്റി ‘സത്യമാണ് ദൈവം’ എന്ന് അദ്ദേഹം നിലപാടെടുത്തു.
” ഇങ്ങനെ ഒരാൾ ഭൂമുഖത്ത് ജീവിച്ചിരുന്നെ ന്ന് വിശ്വസിക്കാൻ ഭാവി തലമുറ മടിക്കും” എന്നാണ് പ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റയിൻ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് . ടാഗോർ ഗാന്ധിജിയെ സംബോധന ചെയ്തത്, ” യാചക വേഷധാരിയായ മഹാത്മാവ് “എന്ന് പറഞ്ഞിട്ടാണ്. ഏതു ജാതിയിൽ ജനിച്ചാലും ഏതു മതത്തിൽ വിശ്വസിച്ചാലും ഒരു മതത്തിലും വിശ്വസിച്ചില്ലെങ്കിലും ഏതു ഭാഷ സംസാരിച്ചാലും ഇന്ത്യക്കാർ ഒന്നാണെന്ന ബോധം വളർന്നുവന്നത്, എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേർന്ന ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചട്ടക്കൂടിനകത്താണ്. അതിന്റെ ഉജ്ജ്വല നേതാക്കളിൽ അത്യുജ്വല സ്ഥാനമുള്ളതുകൊണ്ടാണ് മഹാത്മാഗാന്ധി രാഷ്ട്രപിതാവായി ആദരിക്കപ്പെടുന്നത്.
സ്വന്തം ജീവിതം ഇത്ര സത്യസന്ധമായി മറ്റുള്ളവർക്ക് മുമ്പേ തുറന്നു വെച്ച മറ്റൊരാളും
ലോകത്തിലേയില്ല. അതുകൊണ്ടുതന്നെ അദ്ദേഹംമാനവികതയുടെ പ്രകാശഗോപുരം തന്നെ. ഇന്ത്യൻ രാഷ്ട്രീയത്തിൽ
30 വർഷമാണ് ഗാന്ധിജി സജീവമായി രംഗത്ത് ഉണ്ടായത്. ഭരണത്തിലോ സംഘടനയിലോ ഒരു ഔദ്യോഗിക സ്ഥാനവും ഇക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ നീക്കം ചെയ്യാൻ വെടിയുണ്ട വേണ്ടിവന്നു എന്നത് ലോക ചരിത്രത്തിൽ തന്നെ ഉദാഹരണം ഇല്ലാത്ത സംഭവമാണ്.
19–08–2024
ഡോ.പി.എൻ.ഗംഗാധരൻ നായർ.
🌹 🌹
About The Author
No related posts.