സമൂഹമാധ്യമങ്ങളിലെല്ലാവരുമിപ്പോൾ ദത്തെടുക്കലിൻ്റെ തിരക്കിലാണ്.
പ്രസന്നമായ,
പുഞ്ചിരിക്കുന്ന മുഖത്തോടെ
വളരെ ഉത്സാഹത്തോടെ,
നിറപ്പകിട്ടാർന്ന വസ്ത്രങ്ങളണിഞ്ഞ് ലൈവിൽ
വന്നവർ പറയുന്നു.
“എനിക്ക് തരൂ.
എനിക്ക് തരൂ..
ഞാൻ നോക്കിക്കൊള്ളാം ഞാൻ വളർത്തിക്കൊള്ളാം ” എന്ന് ,
തീർച്ചയായുമത് മഹത്തായ കാര്യം തന്നെയായിരിക്കും.
പക്ഷേ, എന്നെ അത്ഭുതപ്പെടുത്തുന്നത് അതല്ല.
എല്ലാവർക്കും ദുരന്തത്തിലൊറ്റപ്പെട്ട
കുട്ടികളെ മതി. അതെന്താണങ്ങിനെ?
ഇവിടെ,
പ്രകൃതിക്ഷോഭങ്ങളേൽക്കാത്ത നാട്ടിലെ പലയിടങ്ങളിലുമുണ്ട്
ഒരുപാട് അനാഥാലയങ്ങൾ.
അവിടെയെല്ലാം,
ഇരുണ്ട ഇടനാഴികളിൽ രക്ഷിതാക്കളുടെ
സ്നേഹമറിയാതെ , കരുതലില്ലാതെ,
തണലറിയാതെ
പ്രതീക്ഷയുടെ തിളക്കമില്ലാത്ത കണ്ണുകളുമായി
വളർന്ന ഞങ്ങൾ കുറെ അനാഥരുണ്ടിവിടെ .
ശരിക്കും
ഒന്ന് കണ്ണ് തുറന്ന് ചുറ്റും നോക്കൂ.
അതോ,
നിങ്ങളുടെ പോസ്റ്റിന്
താഴെ കുമിഞ്ഞ് കൂടുന്ന
ലൈക്കുകൾക്ക് വേണ്ടിയാണോ, പൂച്ചെണ്ടുകൾക്കാണോ അതോ അഭിനന്ദന പ്രവാഹങ്ങൾക്ക് വേണ്ടി മാത്രമാണോ നിങ്ങളുടെ ഈ ആവശ്യങ്ങൾ.
ദത്തെടുക്കലെന്താണെന്നറിയാമോ…?
അതിൻ്റെ സാങ്കേതിക
വശങ്ങളറിയാമോ..?
എല്ലാവരെയും നഷ്ടപ്പെട്ട് ഹതാശനായ
അന്യനായ തികച്ചും നിർഭാഗ്യവാനായ ഒരു കുഞ്ഞ് സ്വന്തം ജീവിതത്തിലേക്ക് കടന്ന് വന്നാൽ,
അവന് എന്നും സാന്ത്വനം പകരാൻ
എന്നുമെന്നും
സന്തോഷം നൽകാൻ
ദുരന്തം സൃഷ്ടിച്ച ആഴമേറിയ മുറിവുകളെ വിസ്മൃതിയിലേക്കാഴ്ത്താൻ നിങ്ങൾക്ക് കഴിവുണ്ടെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ.
ആവേശത്തള്ളിച്ചയിലല്ല എങ്കിൽ, ശരിക്കും
ആലോചിച്ചാണ് ആ തീരുമാനമെങ്കിൽ തീർച്ചയായും നിങ്ങളത് ചെയ്യണം.
അതിനപ്പുറം ഒരു പുണ്യമില്ല തന്നെ.!
പക്ഷേ,
ഇവിടെ ഞങ്ങളുമുണ്ട്.
ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ
അനാഥാലയങ്ങളിലെപാവം അനാഥർ.
ഞങ്ങളെയും ഒന്ന് നോക്കൂ..
ഞങ്ങളും സനാഥരാവട്ടെ…!
സാക്കി.
About The Author
No related posts.