നാം പലപ്പോഴും ഒച്ച വച്ച് കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ മിടുക്കരാണ്. അത് നമ്മുടെ കേമത്തമായി പലപ്പോഴും നമുക്കു തോന്നും. എന്നാല്‍ മറിച്ചാണ് പൊതു ചിന്ത. നമുക്ക് അവബോധം നഷ്ടപ്പെടുമ്പോഴാണ് ഈ ഒച്ചയും അലര്‍ച്ചയും. ഒച്ചകളില്‍ നിന്നും മാറി ഒച്ചയില്ലാത്ത അകത്തളങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അകത്തടങ്ങളിലെ ഒളിപ്പിച്ചുവെച്ച നിധികള്‍ ഒരാള്‍ കണ്ടെത്തുന്നുണ്ട്. ആ നിധിയാണ് അവബോധം. ഒച്ചവയ്ക്കുന്ന നമുക്ക് ബോധ്യം പോയിട്ട് ബോധം പോലുമില്ലെന്നാണ് അവസ്ഥ. അതിനാല്‍ അനാവശ്യമായി ഒച്ച വയ്ക്കാതിരിക്കുക. മൗനം പലപ്പോഴും അനുകമ്പയുടെ പാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്.
ആള്‍ക്കൂട്ടത്തിനിടയില്‍ കല്ലെറിഞ്ഞു വീഴ്ത്തപ്പെട്ട പാപിനിയായ സ്ത്രീ വാക്കത്തികൊണ്ടും നോക്കത്തികൊണ്ടും അവളെ വിവസ്ത്രയാക്കി വെട്ടിക്കീറിയില്ലാതാക്കാന്‍ ആളുകള്‍ ഒച്ച വച്ച് തിക്കിതിരക്കിയപ്പോള്‍ ക്രിസ്തു മൗനിയായി നിലത്ത് എന്തോ എഴുതുകയായിരുന്നില്ലേ? മൗനത്തിന് പലപ്പോഴും കരുണയുടെ ഭാഷയാണ്.
Close your eyes
and listen to the silence
it has a sound of it’s own – ശരിയാണ് മൗനത്തിനെന്തൊരു വിശുദ്ധ സ്വരമാണ്.












