അധ്യായം-4
തിരിച്ചുവരവ്
ആശുപത്രിയില്‍ സോഫിയ രാവിലെ തന്നെ എത്തി. തണുപ്പിനു കനം കൂടിവരികയാണ് ഓരോ ദിവസവും. ആശുപത്രിക്കുപുറത്തെ പുല്‍പ്പരപ്പില്‍ മഞ്ഞുപുതപ്പിന്‍റെ ധവളിമ. പൊഴിയാന്‍വെമ്പിയും ഇടയ്ക്കിടെ പൊഴിഞ്ഞും മഞ്ഞുമേഘങ്ങള്‍ ആകാശത്ത് നിറഞ്ഞുനില്‍ക്കുന്നു. സോഫിയ വിസിറ്റിങ് ഹാളിലേക്കു കടന്നു. തുകല്‍ ജാക്കറ്റ് അഴിച്ച് ചെയറിനു പിന്നിലിട്ടു. ഹാളിലെ കൃത്രിമ ഊഷ്മളതയില്‍ പോലും കൈയ്യുറകള്‍ ഊരി മാറ്റാന്‍ അവള്‍ക്കു തോന്നിയില്ല. വിസിറ്റിംഗ് ഹാളില്‍ അധികമാരുമില്ല. അവള്‍ ചുറ്റും നോക്കി. അവര്‍ എത്തിയിട്ടില്ല. ഇവിടെ ഉണ്ടാകുമെന്നായിരുന്നു മോഹന്‍ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞത്.
ഏറെ നേരം കാത്തിരിക്കേണ്ടിവന്നില്ല. മോഹനും ബിന്ദുവും എത്തി. മോഹന്‍റെ കൈയ്യിലിരുന്ന് ആനന്ദ് ചിണുങ്ങുന്നു. ബിന്ദുവിന്‍റെ മുഖത്ത് ശൂന്യതയുടെ തിരയിളക്കം. വല്ലാത്ത പരിഭ്രമം അവളുടെ മുഖത്തുണ്ട്. സോഫിയ ആനന്ദിനെ മോഹന്‍റെ കയ്യില്‍നിന്നും വാങ്ങി. ബാഗില്‍നിന്നും സ്വീറ്റ്സെടുത്ത് അവനു കൊടുത്തു. അവന്‍റെ ചിണുങ്ങല്‍ അലിഞ്ഞില്ലാതെയായി. ഇന്നു ക്ലാസില്ലായിരുന്നെങ്കില്‍ ഹോസ്റ്റലില്‍നിന്ന് എയ്ഞ്ചലിനെകൂടി കൂട്ടാമായിരുന്നു. ആനന്ദിനു അവള്‍ വലിയൊരാശ്വാസമായേനെ – സോഫിയ ഓര്‍ത്തു. സോഫിയ കോട്ടെടുത്ത് കയ്യില്‍ച്ചുറ്റി.
റിസപ്ഷനില്‍ പോയി റൂം കീയും മറ്റു ഡോക്യുമെന്‍റുകളും കളക്റ്റ് ചെയ്യണം. അവര്‍ അവിടേക്കുനടന്നു. നാലാം നിലയിലാണ് റൂം. നമ്പര്‍ 345. എല്ലാ സൗകര്യങ്ങളുമുണ്ട്. ബിന്ദുവിനായി വീല്‍ചെയറെത്തി. അവളെയുമിരുത്തി നഴ്സിങ് അസിസ്റ്റന്‍റ് ലിഫ്റ്റിലേക്കു നീങ്ങി. പിറകെ മോഹനും സോഫിയയും. സോഫിയയുടെ കയ്യിലിരുന്ന് ആനന്ദ് സ്വീറ്റ്സ് നുണഞ്ഞു.
നാലാം നിലയിലെ 345-ാം നമ്പര്‍ മുറി. ഒരു പക്ഷെ താന്‍ അവസാനമായി ഓര്‍ത്തുവയ്ക്കേണ്ട നമ്പര്‍ ഇതായിരിക്കുമെന്ന് ബിന്ദുവിന്‍റെ മനസു പറഞ്ഞു. വെളുത്ത നിറമുള്ള ജാലകവിരികള്‍ മരണത്തെ ഓര്‍മിപ്പിക്കുന്നുണ്ടോ. ചെറുപ്പത്തില്‍ തന്‍റെ മുറിയുടെ ജാലകവിരികള്‍ക്കു നീല നിറം വേണമെന്നു വാശിപിടിച്ചിരുന്നു. നീലാകാശത്തിന്‍റെ സ്വപ്നവര്‍ണം തന്‍റെ അരികിലും വേണമെന്നുള്ള വെറുമൊരു വാശി. പുറത്തു പെയ്തിറങ്ങുന്ന മഞ്ഞിന്‍റെ നിറമുള്ള ജാലകവിരികളാണ് ആശുപത്രി മുറിയുടേത്. ഒരു വെയില്‍ ചൂടില്‍പോലും അലിഞ്ഞു പോകാവുന്ന മഞ്ഞിന്‍റെ നിറമുള്ള ജാലകവിരികള്‍.
മുറിയിലെ സൗകര്യങ്ങള്‍ കാണിച്ചു സുഖാശംസകള്‍ നേര്‍ന്നു നേഴ്സിങ് അസിസ്റ്റന്‍റ് വീല്‍ചെയറുമായി തിരികെ പോയി. മുറിയിലെ മേശയ്ക്കുമുകളിലെ ചൂരല്‍പാത്രത്തില്‍ ആപ്പിളും ഓറഞ്ചും. സോഫിയ ഷെല്‍ഫിലിരുന്ന കത്തിയെടുത്തു ആപ്പിള്‍ മുറിച്ചു സ്ഫടികപാത്രത്തില്‍ വച്ചു ഒരു കഷ്ണം ആനന്ദിനു നേരെ നീട്ടി. അവനതു വേണ്ടെന്നുപറഞ്ഞു തലയാട്ടി. അവനിപ്പോഴും സോഫിയ നല്‍കിയ സ്വീറ്റ്സിന്‍റെ രസത്തിലാണ്. മോഹന്‍ ഡോ. ജോര്‍ജിന്‍റെ മുറിയിലേക്കു പോയിരിക്കുകയാണ്. ബിന്ദു ബെഡില്‍ നിവര്‍ന്നുകിടന്നു. രോഗിക്കു ധരിക്കാനുള്ള വസ്ത്രം ഷെല്‍ഫിലിരിക്കുന്നുണ്ട്. സോഫിയ അതെടുത്ത് ബെഡിനരികില്‍ വച്ചു. പിന്നീടാകാമെന്നു പറഞ്ഞ് അകന്നുകിടക്കുന്ന ജാലകവിരികള്‍ക്കിടയിലൂടെ ബിന്ദു പുറത്തേക്കു നോക്കി. മഞ്ഞിനു കട്ടികൂടിവരുന്നു. വെളുത്ത പുകക്കനപ്പുപോലെ. ആരെയോ വിഴുങ്ങാന്‍ ആര്‍ത്തിപൂണ്ടുനില്‍ക്കുന്നപോലെ. അവള്‍ കണ്ണുകളടച്ചു. തലയ്ക്കുള്ളില്‍ വേദന തരിച്ചുകയറുന്നുണ്ടോ. കണ്ണിലേക്കു ഇരുള്‍ വന്നുമൂടുന്നുണ്ടോ. അവള്‍ ചെറുതായൊന്നു പുളഞ്ഞു. ഞരക്കം കേട്ടു സോഫിയ അവള്‍ക്കരികിലെത്തി. ബിന്ദുവിന്‍റെ കഴുത്തില്‍ വിയര്‍പ്പിന്‍റെ പൊടിപ്പുകള്‍. പോകുംമുന്‍പ് മേശയ്ക്കു മുകളില്‍ മോഹന്‍ എടുത്തുവച്ച പെയിന്‍കില്ലര്‍ എടുത്തുതരാന്‍ ബിന്ദു സോഫിയയോട് പറഞ്ഞു. ടംബ്ലറിലെ ഇളംചൂടുവെള്ളത്തില്‍ സോഫിയ നല്‍കിയ ക്യാപ്സൂള്‍ ബിന്ദു കഴിച്ചു. വേദനയുടെ ഉഷ്ണമാപിനികളില്‍ ശമനത്തിന്‍റെ അളവുകള്‍ തെളിഞ്ഞു. ആശ്വാസത്തിന്‍റെ തെളിമ അവളുടെ മുഖത്തു പടര്‍ന്നു. പൊടുന്നനെയുള്ള വേദനയുടെ ആക്രമണത്തില്‍ ക്യാപ്സൂള്‍ നല്‍കുന്ന എളുപ്പവഴിയല്ലാതെ മറ്റൊന്നില്ല. അടുത്ത ആക്രമണത്തിനു തലയ്ക്കകത്തെ വിഷസൂചികള്‍
ഒരുങ്ങുന്നതുവരെ ശാന്തമായിരിക്കാം.
അപ്രതീക്ഷിതമായി ബിന്ദുവിനനുഭവപ്പെട്ട വേദന സോഫിയയെ പരിഭ്രമിപ്പിക്കാതിരുന്നില്ല. മോഹന്‍ പറഞ്ഞിട്ടുണ്ട്, ഇടയ്ക്കിടെ അവള്‍ വേദന കൊണ്ടു പുളയുമെന്ന്. അവളുടെ വിഷമം സോഫിയ ആദ്യമായാണ് കാണുന്നത്. വല്ലപ്പോഴും മാത്രമെ സോഫിയ മോഹന്‍റെ അപ്പാര്‍ട്ടുമെന്‍റില്‍ പോകാറുള്ളൂ. അതും മോഹനു കാറില്ലാത്തപ്പോള്‍ കൊണ്ടുവന്നാക്കാന്‍ മാത്രം. രണ്ടോമൂന്നോ മിനിട്ടു മാത്രമെ അവിടെ ചെലവിടാറുള്ളൂ. ആനന്ദിനെ എടുത്ത് ഉമ്മ നല്‍കി, ബിന്ദുവിനോട് ഒന്നോ രണ്ടോ ഉപചാരവാക്കുകള്‍ പറഞ്ഞു പിരിയും. അപ്പാര്‍ട്ടുമെന്‍റിലേക്കുള്ള പോക്കുവരവുകള്‍ ഏറിയാല്‍ അത് സംശയങ്ങള്‍ക്കിടവരുത്തുമെന്നു മുന്നറിയിപ്പ് നല്‍കിയത് മോഹന്‍ തന്നെയാണ്. ഒരു നോട്ടമോ, ചലനമോ മതി രണ്ടുപേര്‍ തമ്മിലുള്ള അടുപ്പത്തിന്‍റെ ആഴവും പരപ്പും മൂന്നാമതൊരാള്‍ക്കു മനസിലാക്കാന്‍.
പുളഞ്ഞുകയറിയ വേദനയുടെ ബാക്കിപത്രമായി ബിന്ദുവിന്‍റെ നെറ്റിയിലും കവിളുകളിലും വിയര്‍പ്പിന്‍റെ കണികകള്‍. പാവം കുട്ടി- സോഫിയ അവളുടെ മുഖത്തേയ്ക്കു നോക്കി. എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. ജീവിതമിങ്ങനെയാണ്. ചിലര്‍ ശരീരത്തിന്‍റെ വേദനയില്‍ പിടയുമ്പോള്‍ ചിലര്‍ മനസിന്‍റെ വേദനയില്‍ എരിയുകയായിരിക്കും. വല്ലപ്പോഴുമെത്തുന്ന സന്തോഷങ്ങള്‍ പുറമെ പുരട്ടുന്ന മരുന്നുകള്‍ മാത്രം.
സോഫിയ തന്‍റെ കൈകള്‍ കൊണ്ട് ബിന്ദുവിന്‍റെ നെറ്റിയിലെ വിയര്‍പ്പിന്‍റെ ചെറുനനവുകള്‍ തുടച്ചു കളഞ്ഞു. വരണ്ടുപോയ തന്‍റെ ചുണ്ടുകള്‍ നാവുകൊണ്ടു നനയ്ക്കാനായി ബിന്ദു വിഫലശ്രമം നടത്തി. അവളെ മടിയില്‍ കിടത്തി സോഫിയ ടംബ്ലറിലെ വെള്ളം കുടിക്കാന്‍ നല്‍കി. ഓരോ തുള്ളി വെള്ളവും അവള്‍ കൊതിയോടെ കുടിച്ചു. ചുണ്ടുകള്‍ തുടച്ച് അവള്‍ സോഫിയയുടെ മടിയില്‍ തന്നെ കിടന്നു. മനസിനു വല്ലാത്ത ആശ്വാസം തോന്നുന്നു. പണ്ടെങ്ങോ അമ്മയുടെ മടിയില്‍ കിടക്കുന്നപ്പോഴുണ്ടായ പേടിയില്ലായ്മ ഇപ്പോള്‍ എന്തേ തോന്നാന്‍. അവള്‍ സോഫിയയെ ഇറുകെപിടിച്ചു. അവളുടെ മനസറിഞ്ഞവണ്ണം സോഫിയ മുടിയിലും മുഖത്തും തഴുകിക്കൊണ്ടിരുന്നു.
വല്ലാത്തൊരുള്‍ക്കിടിലത്തോടെയാണ് സോഫിയയുടെ വിരലുകളുടെ ഗന്ധം ബിന്ദുവറിഞ്ഞത്. വൈകിയെത്തുന്ന ദിവസങ്ങളില്‍ മദ്യത്തിന്‍റെ കുത്തുന്ന മണത്തേയും കടന്ന് താനറിയാറുള്ള സുഗന്ധം. അവള്‍ സോഫിയയുടെ ഉടലിലേക്കു മുഖമമര്‍ത്തി. ഉടലിനും കത്തുന്ന ആ ഗന്ധം തന്നെ. അഗ്നിപര്‍വതങ്ങള്‍ തനിക്കുചുറ്റും പൊട്ടിത്തെറിക്കുന്നുണ്ടോ, കടല്‍ കൊടുങ്കാറ്റുകള്‍ ചീറിയടുക്കുന്നുണ്ടോ, ഇടിമിന്നലുകള്‍ തീപ്പന്തങ്ങളായി പതിക്കുന്നുണ്ടോ…. ഇല്ല ഒന്നുമില്ല. എല്ലാം ശാന്തം. ശരിയായ എന്തോ സംഭവിച്ചതുപോലെ ശാന്തം. ബിന്ദുവിന്‍റെ ചുണ്ടുകളില്‍ ആശ്വാസത്തിന്‍റെ ഇന്നുവരെക്കാണാത്ത തുടിപ്പുകള്‍ മിന്നിമറഞ്ഞു. അവള്‍ക്കു കരയാതിരിക്കാനായില്ല. അവള്‍ കരഞ്ഞു. പൊട്ടിപ്പൊട്ടി കരഞ്ഞു. മനസില്‍ യാതൊരു വേദനയുമില്ലാതെ കരഞ്ഞു.
സോഫിയ എന്തു ചെയ്യണമെന്നറിയാതെ അവളെ ചേര്‍ത്തുപിടിച്ചു. തന്‍റെ കണ്ണുകളും നിറയുന്നുണ്ടോ. നിശബ്ദമായി എന്തോക്കെയോ പറയുന്നുണ്ട് ബിന്ദുവിന്‍റെ കണ്ണുനീര്‍. അവളുടെ ഏങ്ങലുകള്‍ തന്‍റെ മനസിനെ ഇത്രമാത്രം ഉണര്‍ത്തുന്നതെന്തേ. വല്ലാത്തൊരടുപ്പം ഈ പെണ്‍കുട്ടിയോട് തനിക്കു തോന്നുന്നുണ്ടോ. സ്നേഹത്തിന്‍റെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണോ മരണം കാത്തു കിടക്കുന്ന ഈ പെണ്ണ്. ഈ കരച്ചില്‍ ഭയത്തിന്‍റേതല്ല. വേദനയുടേതല്ല. തന്നില്‍ ഇത്രമാത്രം സ്നേഹം കണ്ട് കരയാന്‍ എന്തടുപ്പമാണ് ഉള്ളത്. മോഹന്‍റെ ഭാര്യ എന്ന നിലയിലുള്ള ചെറിയ ബന്ധം മാത്രം. അതുകൊണ്ടു തന്നെ അടുപ്പത്തിന്‍റെ അളവും കുറവാണ്. അതിനപ്പുറമൊന്നും താനും ബിന്ദുവും അടുത്തിട്ടില്ല. ഒരാത്മബന്ധവും ബിന്ദുവുമായില്ല. എങ്കിലും മനുഷ്യബന്ധത്തിന്‍റെ തീവ്രതകള്‍ എവിടെയാണ് ഉന്നതിയിലെത്തുകയെന്നു പറയാനാവില്ല. അറിയാനാവത്ത ഒരിഴയടുപ്പം താനും ബിന്ദുവും തമ്മിലുണ്ടോ. വേദനയുടെ രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നവരെന്ന പോലെ-സോഫിയ ബിന്ദുവിനെ തഴുകിക്കൊണ്ടേയിരുന്നു. പരസ്പര പൂരകമെന്നപോല്‍ ബിന്ദു അവളെ ഇറുകിപ്പിടിച്ചു.
ഒരു നിമിഷത്തെ ഇടവേളയില്‍ കണ്ണുകള്‍ തുടച്ച് ബിന്ദു സോഫിയയോട് ചോദിച്ചു.
– ആനന്ദിനെ മകനായി വളര്‍ത്തുമോ..?
ഒരുപാട് അര്‍ഥങ്ങള്‍ പുതഞ്ഞു കിടക്കുന്ന ചോദ്യമാണ് ബിന്ദു തന്‍റെ നേര്‍ക്ക് തൊടുത്തിരിക്കുന്നതെന്നു സോഫിയക്കു മനസിലായി. ആകാംഷയുടെ ആശങ്കകള്‍ ബിന്ദുവിന്‍റെ മുഖത്ത് വായിക്കാം. സോഫിയ ആനന്ദിനെ നോക്കി. അവന്‍ കസേരയില്‍ ഉറക്കമായിരിക്കുന്നു. സ്വീറ്റ്സിന്‍റെ ഇളം ചുവപ്പുനിറം ചുണ്ടുകളില്‍ തിളങ്ങുന്നു.
സോഫിയക്കു മറുപടി കൊടുക്കാനൊന്നുമില്ലായിരുന്നു. ആശ്രയമില്ലാതെയുള്ള ഒഴുക്കില്‍ സ്വയമുണ്ടാക്കിയതാണിതെല്ലാം. ഈ ജീവിതത്തില്‍ ആകെയുള്ളത് എയ്ഞ്ചല്‍ മാത്രം. മോഹന്‍ എന്നെങ്കിലും കണക്കുപറഞ്ഞു പിരിഞ്ഞുപോകേണ്ടവനാണ്. ഒറ്റയ്ക്കുള്ള യാത്രയെന്നുതന്നെ പറയാം തന്‍റേത്. ബന്ധങ്ങളുടെ കീറിമുറിച്ചുള്ള വിശകലനങ്ങള്‍ ഒന്നും നടത്തുവാനിടവന്നിട്ടില്ല. പക്ഷെ ഇപ്പോള്‍ താന്‍ കരുതിയതും ശീലിച്ചതുമെല്ലാം തകര്‍ന്നുവീഴുകയാണ്. മരണത്തിനു മുന്നില്‍നിന്നുകൊണ്ടാണ് ഇവള്‍ തന്നോട് ആവശ്യപ്പെടുന്നത്. അവളുടെ കുഞ്ഞിന്‍റെ അമ്മയാകുമോ എന്ന്. താന്‍ ഇന്നുവരെ എയ്ഞ്ചലിനെ സ്നേഹിച്ചിട്ടുണ്ടോ. അവള്‍ക്കു നല്‍കിയ ചുറ്റുപാടുകള്‍ അനുസരിച്ചാണെങ്കില്‍ സ്നേഹിച്ചിട്ടുണ്ടെന്നു പറയാം. മികച്ച സ്കൂള്‍, നല്ല ഹോസ്റ്റല്‍, അവള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍, കളിക്കോപ്പുകള്‍… പക്ഷെ ആന്‍ഡ്രൂ പിരിഞ്ഞതിനു ശേഷം അവള്‍ക്കൊപ്പം എത്രനേരം ഉണ്ടായിരുന്നു. ചിലപ്പോള്‍ മാത്രം അവധി ദിവസങ്ങളില്‍ ഒരു ഔട്ടിങ്, ലഞ്ച്, സിനിമ…. അത്രമാത്രം. അത് സ്നേഹമാണോ. എന്തു സ്നേഹം. കടമകള്‍ ആര്‍ക്കോ വേണ്ടി ചെയ്തുതീര്‍ക്കും പോലെ. ഈ അമ്മയുടെ മുന്നില്‍ താന്‍ ഒന്നുമല്ലാതായി പോകുന്നതുപോലെ.
ഒരു പക്ഷെ മോഹനും താനും തമ്മിലുള്ള ബന്ധം ബിന്ദു അറിഞ്ഞിരിക്കുമോ. ഇല്ല, അതിനു സാധ്യതയില്ല. അങ്ങിനെ ആകരുതേ എന്നു പ്രാര്‍ഥിക്കാനേ കഴിയൂ. മരണത്തെ മുന്നില്‍കാണുന്ന ഒരാള്‍ക്ക് താങ്ങാനാവാത്ത ദു:ഖം നല്‍കുന്നതെന്തുകൊണ്ട്. ആനന്ദിനെ ഏറ്റെടുക്കുക ഇപ്പോള്‍ തന്‍റെ കടമ കൂടിയാണ്. എയ്ഞ്ചലിന് ഒരു അനുജന്‍ ഉണ്ടെങ്കില്‍ എന്തു കുറവുണ്ടാകാനാണ്… സന്തോഷമല്ലാതെ….
സോഫിയ മനസറിഞ്ഞുതന്നെ മറുപടി പറഞ്ഞു..
ആനന്ദിനെ ഞാന്‍ നോക്കിക്കൊള്ളാം… മകനായിത്തന്നെ..
നിറഞ്ഞ കണ്ണുകളോടെ സോഫിയയുടെ കൈവിരലുകള്‍ക്കിടയില്‍ ബിന്ദു തന്‍റെ മുഖം ചേര്‍ത്തു.