ലേഖനം : സിസ്റ്റർ ഉഷ ജോർജ്
പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസിയിലൂടെ
( kp. രാമാനുണ്ണിയുടെ “പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി ” എന്ന ലേഖനത്തിന്റെ ആസ്വാദനം )
പ്രിയപ്പെട്ട “ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി ” എന്ന കെ പി രാമനുണ്ണിയുടെ ലേഖന സമാഹാരം വായിച്ചപ്പോൾ അധർമ്മത്തെ മൗനത്തിലൂടെ കുരുതികൊടുത്ത മഹാഭാരതത്തിലെ മഹാപ്രഭാവന്മാരായ രാജാക്കന്മാരുടെ സദസ്സിനെയാണ് ഓർമ്മ വന്നത്. ഈ സദസ്സിൽ വച്ചാണ്,
ചൂതുകളിയിൽ വിജയിച്ച ദുര്യോധനൻ പാഞ്ചാലിയെ സഭയിലേയ്ക്ക് വരുത്തി വസ്ത്രാക്ഷേപം നടത്തുന്നത്. എന്നിട്ടും അവർ പാഞ്ചാലിയുടെ നിലവിളി കേട്ടില്ലെന്ന് നടിച്ചു. ധർമ്മം അറിയുന്ന അവരാരും കൺമുന്നിൽ നടക്കുന്ന അധർമ്മത്തെ എതിർത്തില്ല.
എതിർത്തിരുന്നെങ്കിൽ കുരുക്ഷേത്രയുദ്ധം ഒഴിവാക്കാമായിരുന്നു. യുദ്ധഭൂമിയിൽവീണ ശവങ്ങളെ കെട്ടിപ്പുണർന്ന് അമ്മമാരും വിധവകളും കുട്ടികളും വാവിട്ട് നിലവിളിക്കേണ്ടി വരുമായിരുന്നില്ല. ധർമ്മം ഉപദേശിക്കേണ്ടവർ അത് വേണ്ട സമയത്ത് നിർവഹിക്കാതിരുന്നാൽ ഫലം ഭീകരം ആയിരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു.മാത്രമല്ല അവരോടുള്ള ആദരവിനും ഇടിവ് സംഭവിക്കും.
ഇന്ന് നമ്മുടെ മഹത്തായ, സമ്പന്നമായ, ആദരണീയമായ സംസ്കാരത്തിൽ വന്നുകൊണ്ടിരിക്കുന്ന മൂല്യച്യുതിയും ഇതുതന്നെയാണ്. ഇന്ന് അധർമ്മത്തിനു കൂട്ടുന്നു സമൂഹത്തിനും രാഷ്ട്രത്തിനും മതത്തിനും വേണ്ടി നാനാത്വത്തിൽ ഏകത്വം എന്ന ആ വലിയ ജീവിത ശൈലി നശിപ്പിച്ച് തരിപ്പണമാക്കി കൊണ്ടിരിക്കുമ്പോൾ അതിനെതിരെ തൂലിക ചലിപ്പിച്ച കെ പി രാമനുണ്ണിയെപ്പോലെ നട്ടെല്ലുള്ള ഒരു എഴുത്തുകാരനെങ്കിലും മലയാളത്തിൽ ഉണ്ടെന്നതിൽ അഭിമാനം കൊള്ളുന്നു. തുറന്നു പറയാനുള്ള ആ മനസ്സിന്റെ ധൈര്യത്തെ നമിക്കുന്നു.
മുസ്ലിം ജനസമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ അവതരിപ്പിക്കുന്നതോടൊപ്പം ഇരു സമുദായങ്ങൾക്കും ഇടയിലെ കലവറയില്ലാത്ത സ്നേഹവായ്പ്പിന് ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി ‘എന്ന ലേഖന സമാഹാരം ഒരു തിലകക്കുറിയായി നിൽക്കുന്നു. ഈ ലേഖനത്തിലൂടെ മതഭേദങ്ങൾക്കപ്പുറത്തെ മാനുഷികതയെ ദൃഢമാക്കാനുള്ള ശ്രമം ശ്ലാഘനീയമാണ്. കെ പി രാമനുണ്ണി അദ്ദേഹത്തിന്റെ മറ്റൊരു രചനയിലുടെ ഹൃദയം കവരുന്ന ഒരു വാക്യമുണ്ട് “സാഹിത്യവും കലയുമാണ് സഹജീവിയുടെ ഹൃദയത്തിലേയ്ക്കുള്ള സുവർണ്ണ കവാടം” എന്ന്. ( kp രാമാനുണ്ണി, ‘ജനങ്ങളുടെ ഉത്സവം’, രിസാല മാസിക ആഗസ്റ്റ് 2023 pag 33).അതുതന്നെയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ നമുക്ക് വെളിച്ചമായി തരുന്നതും.
സാഹിത്യത്തിന്റെ മഹനീയത എന്ന് പറയുന്നത് നമ്മുടെ ധാരണകളെ ഭേദിച്ച് മനുഷ്യ ജീവിതത്തിലെ സങ്കീർണ്ണതകളെ നമുക്ക് ബോധ്യപ്പെടുത്തി തരുന്നതും കൂടിയാണ്. മതത്തിൽ നിന്ന് ചോർന്നു പോകുന്ന മാനുഷിക പരിഗണനകങ്ങളെ കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രത്യേകിച്ച് ആദ്യ ലേഖനത്തിൽ പറയുന്നത്. മതമെന്ന ഒറ്റ കാരണം കൊണ്ട് പലതുണ്ടുകളായി പോയ ഇന്ത്യൻ ഭൂഖണ്ഡത്തിലെ ജനങ്ങൾക്കു വേണ്ടിയും കൂടിയാണ് ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി ‘എന്ന ഈ ലേഖന സമാഹാരം എന്ന് തോന്നിപ്പോയി.
അരക്ഷിതാവസ്ഥയിലാണ് പലപ്പോഴും സഹജീവി സ്നേഹം കാണാൻ സാധിക്കുന്നത് കൂടുതൽ സുരക്ഷിതരാവുമ്പോൾ അവനവന്റെ സ്വാർത്ഥതയും സ്നേഹ രാഹിത്യവും കാണാൻ സാധിക്കും. ഇന്ന് എല്ലാം നേടിയെന്ന് നമ്മൾ ഊറ്റം കൊള്ളുമ്പോഴും മനുഷ്യത്വരഹിതമായ ജീവിതമാണ് നാം നയിക്കുന്നത്.
അധികാരികൾ നമ്മെ ഭയപ്പെടുത്തി ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റം ഉണ്ടാവണം. മനസ്സിലാക്കാനും, പ്രതികരിക്കാനും എല്ലാവരും തയ്യാറാവണം. അതിനു വേണ്ടുന്ന അറിവ് നൽകുന്ന ഇതുപോലുള്ള ലേഖനങ്ങൾ മനുഷ്യമനസ്സ് കീഴ്പെടുത്തുക തന്നെ ചെയ്യും.
ഈ ലേഖനസമാഹാരത്തിൽ പതിന്നാല് ലേഖനങ്ങളാണുള്ളത്. ആദ്യ ലേഖനമായ ‘മാട്ടിറച്ചിയുടെ മഹാത്മ്യം ‘എന്ന ലേഖനത്തിൽ മതസൗഹൃദങ്ങൾ കുടുംബത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് കെ പി രാമനുണ്ണിയുടെ അമ്മ. നോമ്പ് ദിനത്തിൽ അബ്ദുൾ വയ്യിഖിന്റെ വീട്ടിൽ നിന്ന് സ്നേഹിതനായ, കുട്ടിയായ കെ പി രാമനുണ്ണിയുടെ വീട്ടിലേയ്ക്ക് പകർന്ന് കൊണ്ടു വരുന്ന വിഭവങ്ങളിൽ പോത്തിറച്ചിയും ഉണ്ട്. കരുമത്തിൽ പുത്തൻ വീട്ടിൽ ഉപയോഗിക്കാത്ത ഭക്ഷ്യസാധനമാണത്.
“വേണ്ട ചന്ദ്രമതിയെ ഏതായാലും അത് തെങ്ങിൻതടത്തിൽ കളയേണ്ട. മനുഷ്യർ കഴിക്കുന്ന സാധനങ്ങൾ വെറുതെ കളയരുത്’ എപ്പോഴും ദാമോദരേട്ടൻ പറയാറുണ്ട്. ‘അബ്ദുൾവയ്യിഖിന്റെ വീട്ടിൽനിന്ന് ഉണ്ണി തിന്നാറുഉള്ളതല്ലേ അവൻ കഴിച്ചോട്ടെ”. ഈ മഹത് കർമ്മത്തിലൂടെ സ്നേഹനിധിയായ അമ്മയെ വിവരിക്കാൻ എന്റെ മനസ്സിൽ ഓടിയെത്തുന്നത് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ ഒരു മഹത്തായ വാക്യമാണ്:
‘ഞാനും നീയും ചേർന്ന്
രണ്ടാവുകയല്ല
നമ്മൾ എന്ന സുന്ദരമായ
വലിയ ഒന്നാവുകയാണ്
വേണ്ടത്……’ അതെ ഈ കർമ്മത്തിലൂടെ ജാതിമത വ്യത്യാസങ്ങൾക്കപ്പുറം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബാലപാഠങ്ങൾ ആ അമ്മ തന്റെ ഉണ്ണിയെ പഠിപ്പിക്കുന്നു. അതിന്റെ സ്നേഹ ജ്വാലയിൽ തന്നെയാണ് ഇന്ന് കെ പി രാമനുണ്ണിക്ക് എല്ലാവരെയും സ്നേഹിക്കാനും അനീതിക്കെതിരെ എഴുതുവാനും സാധിക്കുന്നത്. സിഗ്മെന്റ് ഫ്രോയിഡ് ഇങ്ങനെ പറഞ്ഞിട്ടുണ്ട് “സ്നേഹവും കർമ്മവുമാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാന ശിലകൾ “എന്ന്.
‘ഗുരുവിലെ ഇസ്ലാം ഇസ്ലാമിലെ ഗുരു ‘ എന്ന ലേഖനം എന്നെ വളരെയേറെ ആകർഷിച്ചു. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അറിവിന്റെ വാതായനങ്ങളാണ് ഈ ലേഖനം തുറന്നു തന്നത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ ഗുരുവിനെ ഞാനെന്നും ആദരിക്കുന്നു. ഈ ലേഖനത്തിലൂടെ ശ്രീനാരായണ ഗുരുവിന്റെ മതമൈത്രിയെക്കുറിച്ച് വിവരിക്കുന്നു. ശാന്തിയും സമാധാനവും സ്വാതന്ത്ര്യവും നിറഞ്ഞ ആനന്ദമയമായ അദ്വൈത വെളിച്ചത്തിലേയ്ക്കാണ് ശ്രീനാരായഗുരു മനുഷ്യവർഗ്ഗത്തെ കൈപിടിച്ച് നടത്തിയത്. ഈ ലേഖന സമാഹാരം എല്ലാ മതസ്ഥർക്കും ഒരു വഴികാട്ടിയാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.
കോപ്പറേറ്റീവ് ഇംപീരിയലിസം ഇന്ത്യയെ ഗ്രസിച്ചതിന്റെ നിരവധി പ്രത്യാഘാതങ്ങൾ ഈ ലേഖനത്തിൽ അടിവരയിട്ട് പറയുന്നുണ്ട്. നമ്മൾ അറിയാതെ പോകുന്ന, അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്ന കാര്യങ്ങളുടെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ, ഉണർത്തലുകളാണ് ഈ ലേഖനം.
സാമ്രാജ്യത്വത്തിന് കളമൊരുക്കിയ ഒരു രാജ്യവും രക്ഷപെട്ടിട്ടില്ല എന്ന് ഉദാഹരണസഹിതം ലേഖകൻ വിവരിക്കുന്നു.
ഹിന്ദുക്കളിലെയും മുസ്ലീങ്ങളിലെയും കമ്മ്യൂണിസ്റ്റുകാരോട് ധൈര്യസമേതം പറയുന്ന ഒരു കാര്യമുണ്ട് “നിങ്ങൾ മതത്തേയും ആത്മീയതയേയും നിങ്ങൾ നേരായ മാർഗത്തിൽ അഭിമുഖീകരിച്ചില്ല”. ഹിന്ദു ഫാസിസത്തെ അതിശക്തമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. നമ്മുടെ ഇന്നത്തെ ദുരവസ്ഥയെ വളരെ ഹൃദയ നൊമ്പരത്തോടുകൂടിയും അതിശക്തമായ ഭാഷയിലുമാണ് എഴുതിയിരിക്കുന്നത്. ഈ ലേഖനം ഹിന്ദുക്കളോടും കമ്മ്യൂണിസ്റ്റുകാരോടും മാത്രമല്ല ഓരോ ഇന്ത്യൻ പൗരനനോടും ഹൃദയം പൊട്ടുമാറു വേദനിച്ച് വിളിച്ചുപറയുന്ന വാക്കുകളിണ്. നല്ലൊരു മനുഷ്യനു മാത്രമേ ഇങ്ങനെ എഴുതാൻ സാധിക്കു. ഈ ലേഖനത്തിൽ ഉടനീളം എഴുത്തിന്റെ ബുദ്ധി വൈഭവം അല്ല ഞാൻ കണ്ടെത്തിയത്. മറിച്ചു സ്വന്തം രാജ്യത്തെയും ഓരോ മതസ്ഥരെയും ഓരോ വ്യക്തികളെയും സ്നേഹിക്കുന്ന നല്ല ഒരു മനുഷ്യസ്നേഹിയുടെ തുറന്നുപറച്ചിൽ കൂടിയാണിത്.
പതിനാല് ലേഖനങ്ങൾ അടങ്ങിയ’ പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി ‘ എന്ന ഈ പുസ്തകം വായിച്ചു തീരുമ്പോഴും സമകാലിക സംഭവങ്ങളൊക്കെ ഭാരതത്തിന്റെ പൈതൃകമായി കിട്ടിയ ആത്മീയ പുണ്യങ്ങൾ നശിപ്പിക്കുന്നത് ആയിട്ടാണ് കാണുന്നത്. എന്റെ ലേഖനത്തിൽ എഴുതിയ ഒരു വാക്യം ഇവിടെ ചേർക്കുന്നു: നേതാക്കന്മാർ അതിസമ്പന്നന്റെ പുറകെയും മതങ്ങൾ നേതാക്കന്മാരുടെ പിന്നിലും സഞ്ചരിക്കുമ്പോൾ ദൈവം തിരിച്ചു വരുമോ എന്നൊരു സന്ദേഹം!?
” അധമാം സർവ്വേശ ഭൂതേശോ
ഭൂതാത്മാനം കൃതാലയം
അർഹയേത് ദാനമാനാഭ്യ
മൈത്രിയെ അഭിന്നേന ചക്ഷുഷ ”
സഹിഷ്ണുതയോടെ കണ്ണോടിച്ചാൽ എല്ലാ മതങ്ങളും ഈ സത്യം തന്നെയാണ് പഠിപ്പിക്കുന്നത് ഇതുതന്നെയാണ് മതങ്ങളുടെ കാതലായ ഐക്യവും. എന്നിരുന്നാലും എല്ലാവരും മനപ്പൂർവം മറക്കാൻ ശ്രമിക്കുന്ന സത്യവും ഇതുതന്നെ.
നമ്മൾ ഓരോരുത്തരും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ആദരണിയരായവരെ ആദരിക്കാൻ പഠിക്കണം ; പഠിച്ചിരിക്കണം. വികലമായ മനസ്സിന് ഉടമകളാണ് സമൂഹത്തിന് വിപത്ത്.
‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോട് ഒരു വിശ്വാസി’ എന്ന ലേഖനം വായിച്ചുതീർന്നപ്പോൾ എന്റെ കണ്ണിൽ നിന്ന് കണ്ണീർ ബാഷ്പങ്ങൾ ഉതിർന്നു. കെ പി രാമനുണ്ണി എന്ന മനുഷ്യസ്നേഹിയെ വന്ദിക്കാതിരിക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും എപ്പോഴും പ്രകാശിച്ചു നിൽക്കുന്ന ഉദയസൂര്യനായി വിളങ്ങട്ടെ.
മഹാത്മാഗാന്ധിയെ കുറിച്ച് ഒരു വിഭാഗം ഇന്ത്യക്കാർ പുച്ഛിച്ചു സംസാരിക്കുമ്പോൾ വിദേശരാജ്യങ്ങൾ ഗാന്ധിയെ ഏറെ ആദരവോടെയാണ് കാണുന്നത് എന്ന കാര്യം മറക്കേണ്ട.
ഇന്ത്യക്കാരിയാണെന്ന് പറഞ്ഞാൽ യൂറോപ്യർ ആദ്യം ചോദിക്കുന്നത് ഗാന്ധിയെയും ടാഗോറിനെയും കുറിച്ചാണ്.
ഇന്നത്തെ നമ്മുടെ മലീമസമാക്കപ്പട്ട രാഷ്ട്രീയസാഹചര്യങ്ങളുടെ സത്യസന്ധമായ വിവരണം. അതേ നട്ടെല്ല് നിവർന്ന് നിന്നു എഴുതാനുള്ള ചങ്കൂറ്റം കാണിച്ച ഈ എഴുത്തുകാരൻ എന്നും ചരിത്രത്തിന്റെ ഏടുകളിൽ നിലനിൽക്കും.
ഈ ലേഖന സമാഹാരം എല്ലാവരാലും വായിക്കപ്പെടേണ്ടതാണ്. അതുവഴി എല്ലാവരുടെയും ഹൃദയമാകുന്ന കണ്ണു തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആഗ്രഹിക്കുന്നു.
കെ പി രാമനുണ്ണി സാറിന് അഭിനന്ദനങ്ങൾ! പ്രാർത്ഥനകൾ!!
സിസ്റ്റർ ഉഷാ ജോർജ്
ഫെർമോ, ഇറ്റലി
5. 10.2024
About The Author
No related posts.