മത ഗ്രന്ഥങ്ങൾ മനുഷ്യ നിർമ്മിതങ്ങളാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞ നിലയ്ക്കും, അപൂർണ്ണനായ മനുഷ്യന്റെഎല്ലാ പ്രവർത്തനങ്ങളിലും ആ അപൂർണ്ണത നിഴൽ വിരിച്ചു നിൽക്കുന്നുണ്ടാവും എന്നതിനാലും മതഗ്രന്ഥങ്ങളിലെ പോരായ്മകളെ ചൂണ്ടി യുക്തി വാദികളും സ്വതന്ത്ര ചിന്തകരും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നഅധര വ്യായാമങ്ങൾക്ക് ഇനി യാതൊരു പ്രസക്തിയുമില്ല എന്ന് അവരെങ്കിലും മനസ്സിലാക്കണം.
എന്നിട്ടും സംവാദ വേദികകൾ മത കഥാപാത്രങ്ങളുടെ പോരായ്മകളും അതിലൂടെ അവർ സൃഷ്ടിച്ചു വിട്ടസാമൂഹ്യ ആചാരങ്ങളും ഇഴകീറി പരിശോധിക്കപ്പെടുന്നതിലൂടെ മാനവികതയുടെ മഹത്തായ സാദ്ധ്യതകൾഉൽപ്രാപനം ചെയ്യുന്നതിനുള്ള വിലപ്പെട്ട സമയം വെറുതേ പാഴായിപ്പോവുകയാണ് ചെയ്യുന്നത്.
ഏതൊരു മനുഷ്യനും അവൻ ജീവിച്ചിരിക്കുന്ന കാലത്തെ കൂടി പ്രതിനിധീകരിക്കുന്നുണ്ട് എന്നതിനാൽ ആകാലത്തിന്റെ കണ്ണാടിയാകുവാനേ അവനും സാധിക്കുകയുള്ളു എന്നതിന്റെ തെളിവുകളായി നിൽക്കുന്നു അവൻനടത്തിയിട്ടുള്ള ഏതൊരു രചനകളും. അത് കൊണ്ട് തന്നെയാണ് ഇന്നായിരുന്നെങ്കിൽ പോക്സോ കേസിൽഅഴിയെണ്ണേണ്ടിയിരുന്ന. പല പല ദൈവ അവതാരങ്ങളും സ്വന്തം പേരിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളിലുംപള്ളികളിലും മോസ്‌ക്കുകളിലും പ്രതിഷ്ഠിക്കപ്പെട്ട് ആരാധന ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. ( സ്വാതന്ത്ര്യ സമരകാല ഘട്ടങ്ങളിൽ പോക്സോ നിയമങ്ങൾ നടപ്പിലാവാതിരുന്നത് ഇന്ത്യക്കാരന്റെ ഭാഗ്യം ! അല്ലായിരുന്നെങ്കിൽയുവതികളായ രണ്ടു നഗ്ന സുന്ദരികളുടെ നടുവിൽ പരിപൂർണ്ണ നഗ്നനായിക്കിടന്നു കൊണ്ട് അവരെ തൊട്ടുരുമ്മിതന്റെ ബ്രഹ്മചര്യത്തിന്റെ തീവ്രത പരീക്ഷിച്ചതിന്റെ പേരിൽ ഒരു രാഷ്ട്ര പിതാവിന് ജാമ്യം കിട്ടാ വകുപ്പിൽഅകപ്പെട്ട് അഴിയെണ്ണി അകത്തു കിടന്നു മരിക്കേണ്ടി വരുന്നത് നമുക്ക് കാണേണ്ടി വരുമായിരുന്നുവല്ലോ ? )
കേവലമായ സാഹിത്യ കൃതികൾ എന്ന് വിലയുരുത്താവുന്ന മത ഗ്രന്ഥങ്ങൾ അവ രചിക്കപ്പെട്ട കാലത്ത് വലിയസംഭവങ്ങളായിരുന്നു എന്നത് കൊണ്ട് കൂടി ആയിരിക്കണം അതിലെ ശാസനകൾ ജനങ്ങൾ തങ്ങളുടെജീവിതത്തിന്റെ ആചാരങ്ങളാക്കി മാറ്റിയത്. ചില യുക്തിവാദികൾ പറയുന്നത് പോലെ ഗോത്ര കാലത്ത്പുരോഹിത വർഗ്ഗം ഇടിച്ചു കയറി ജനങ്ങളുടെ സമ്പാദ്യങ്ങൾ തട്ടിയെടുക്കുകയായിരുന്നില്ല. കൃഷിആരംഭിക്കുകയും ഒരിടത്തു താമസിക്കുണ്ടി വരികയും ചെയ്തപ്പോൾ തങ്ങളുടെ യാത്രാ വഴികളിൽ ചിതറിക്കിടന്നമൂർത്തികളെ സൗകര്യപ്രദമായ ഒരിടത്തു സ്ഥാപിക്കേണ്ടി വരികയും കൃഷി സ്ഥലങ്ങളിൽ നിന്ന് മാറാൻ പറ്റാതെകാവൽ കിടക്കേണ്ടി വന്നപ്പോളൊക്കെയും തങ്ങൾക്ക് വേണ്ടിയുള്ള ആരാധനകൾ നിർവഹിക്കാൻ വേണ്ടിപുരോഹിതർ നിയമിക്കപ്പെടുകയുമായിരുന്നിരിക്കണം. തങ്ങളുടെ വിളകളുടെ ഒരു ഭാഗം സന്തോഷത്തോടെ ഇവർപുരോഹിതർക്ക് നൽകിയിരുന്നുമിരിക്കണം.
പിൽക്കാലത്ത് മേലനങ്ങാതെ ആഹാരം കഴിക്കാനുള്ള എളുപ്പ വഴി എന്ന നിലയിൽ പുരോഹിതർ സമൂഹത്തിനുമേൽ പിടി മുറുക്കിയിരിക്കണം. ഇവർക്കിടയിൽ ദൈവം ഒരു കഥാപാത്രമായി വരുന്നത് പിന്നീടാണ്. തങ്ങളുടെപ്രാർത്ഥനയാൽ പ്രസാദിപ്പിക്കപ്പെടുന്ന ദൈവം കനിഞ്ഞിട്ടാണ് നിന്റെ കൃഷി സംരക്ഷിക്കപ്പെടുന്നത് എന്നും, ഇതിലും കൂടുതൽ കിട്ടിയാലേ ഇനിയും ഞങ്ങൾ നിനക്ക് വേണ്ടി പ്രാര്ഥിക്കുകയുള്ളു എന്നുമുള്ള പുരോഹിതഭീഷണിയിൽ മുട്ട് മടക്കേണ്ടി വന്ന സമൂഹത്തിന് അന്ന് മടക്കിയ മുട്ടുകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെഇന്നുകളിൽപ്പോലും പൂർണ്ണമായി നിവർത്താൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
വായ്മൊഴിയായി പുരോഹിതർ പാടി നടന്ന പല്ലവികൾ വര മൊഴിയായി രൂപ മാറ്റം സംഭവിച്ചതായിരിക്കണം മതഗ്രന്ഥങ്ങൾ. ഓരോ രചനകളെയും സ്വാധീനിച്ച പാരിസ്ഥിതിക സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നുഎന്നതിനാലാണ് ഒരിടത്ത് കാണിക്കയായി അവിലും പഴവും ശർക്കരയും തേങ്ങയും അർപ്പിക്കപ്പെട്ടപ്പോൾ, മറുവശത്ത് ആട്ടു കൊറ്റന്റെയും തടിപ്പിച്ച കാളകളുടെയും ചുട്ട മാംസം അർപ്പിക്കപ്പെട്ടത് ?
അറവ് മാടുകളെപ്പോലെ അടയാള ചാപ്പകൾ ഏറ്റു വാങ്ങേണ്ടി വന്ന മനുഷ്യ സമൂഹം മത സംവിധാനങ്ങളുടെസ്റ്റോറേജുകളിൽ ആട്ടിയട്ടിയായി സൂക്ഷിക്കപ്പെടുന്ന വിലപ്പെട്ട ചരക്കുകളായി മാറിയത് നമ്മുടെ വർത്തമാനകാലത്തും ഒരു യാഥാർഥ്യമാകുന്നു എന്ന് നമുക്കറിയാം. മതവും അധികാരി വർഗ്ഗവും ഒരുമിച്ചു നടത്തിയ തേർവാഴ്ചകളിൽ പിടഞ്ഞു വീണ ആയിരമായിരം നിരപരാധികളുടെ രക്തം ചരിത്രത്തിന്റെ മുഖത്തു നോക്കി ഇന്നുംനിലവിളിക്കുമ്പോൾ അതിൽ പ്രായേണ ആദ്യകാല നിലവിളി നമ്മുടെ യേശുവിന്റേതായിരുന്നു എന്നേയുള്ളു.
യേശു ജീവിച്ചിരുന്നു എന്നതിന് തെളിവുകളില്ല എന്ന് വാദിച്ചിരുന്ന യുക്തി വാദികളും സ്വതന്ത്ര ചിന്തകരും ഇന്ന്ചോദിക്കുന്നത് അഥവാ ജീവിച്ചിരുന്നെങ്കിൽ തന്നെ അയാൾക്ക് എന്ത് പ്രസക്തി എന്നാണ്. ഒരു വാദത്തിനുവേണ്ടി അത് സമ്മതിച്ചാൽ തന്നെയും ആധുനിക ജനാധിപത്യ ബോധം എന്നൊക്കെ ഇക്കൂട്ടർ ചക്കര പുരട്ടിചുട്ടെടുത്ത് സമൂഹത്തിനു സമ്മാനിക്കുന്ന ബോധവൽക്കരണ പാലടകളുടെ റെസിപ്പി ലോകത്തിനു സമ്മാനിച്ചത്യേശുവിന്റേത് എന്ന പേരിൽ പുറത്തു വന്ന സാമൂഹ്യ പരിഷ്ക്കരണങ്ങളായിരുന്നുവല്ലോ ചിന്തകരേ ? അദ്ധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും ആശ്വാസത്തിനുള്ള ആദ്യ വിളി മുതൽ പുരുഷ മേധാവിത്വം എറിഞ്ഞു കൊല്ലാൻ കൊണ്ട് വന്ന കാട്ടു കല്ലുകളെ തിരിച്ചറിയുക വഴി സ്ത്രീയ്ക്ക് സമൂഹത്തിൽ ഒരു സ്ഥാനംനേടിക്കൊടുത്തതും യേശുവായിരുന്നുവല്ലോ ? ഒരു സ്വതന്ത്ര ചിന്തകന്റെയും സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും എനിക്കുംഎന്റെ ലോകത്തിനും സമാധാനമായി ജീവിക്കാൻ പറ്റിയ ഒരു ചിന്താ ധാര പുറത്തു വിട്ട കാലഘട്ടം യേശുവിന്റെപേരിൽ അറിയപ്പെടുന്നു എന്നതിനാൽത്തന്നെ ഞാൻ യേശുവിനെ അംഗീകരിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു.
കച്ചവടവൽക്കരിക്കപ്പെട്ട പുതിയ കാല മത സംവിധാനങ്ങളിൽ യേശു ആവിഷ്‌ക്കരിച്ച മൂല്യങ്ങൾക്ക് കളങ്കംസംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. അങ്ങിനെയെങ്കിൽ അവകളെ പുനസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമങ്ങളിൽ അഭിരമിക്കുകയല്ലേ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വ്യക്തിയോ അത്തരം വ്യക്തികളുടെസംഘടനയോ ചെയ്യേണ്ടത് ? പ്രത്യേകിച്ചും ‘ പരസ്പ്പരം കരുതുക ‘ എന്ന ക്രൈസ്തവ തത്വ ദർശനത്തിനു പകരംവയ്ക്കാൻ അതിനേക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് ആധുനിക ശാസ്ത്രത്തിന്റെയോ അതിൽ നിന്ന് രൂപപ്പെട്ട ഭൗതികവാദത്തിന്റെയോ ഇവകളുടെ സംയുക്ത സംരംഭമായ സ്വതന്ത്ര ചിന്തയുടെയോ മടിയിൽ കനമുള്ളതായിയാതൊന്നും ഇല്ലാതിരിക്കുമ്പോൾ ?
താൻ ദൈവമാണെന്ന് മനുഷ്യനായ യേശു പറഞ്ഞിട്ടില്ല. ദൈവത്തിലേക്കുള്ള വഴി ആണെന്ന് മാത്രമാണ്പറഞ്ഞത്. ദൈവം പ്രപഞ്ചാത്മാവാകുന്നു എന്ന നിലയിൽ ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിന്റെയും പ്രപഞ്ച ഭാഗമായനമ്മളുടെയും സമഗ്രമായ നില നില്പിനുള്ള സൂത്ര വാക്യമായിരുന്നു കരുതൽ എന്ന് യേശുവിനാൽവിവക്ഷിക്കപ്പെട്ട യഥാർത്ഥ സ്നേഹം. ഇതിലൂടെ, നേടുവാനുള്ള തരികിട തന്ത്രങ്ങളിലൂടെയല്ലാ, നഷ്ടപ്പെടുത്തുവാനുള്ള സമർപ്പണത്തിലൂടെയാണ് ആത്മ സംതൃപ്തിയുടെ അനശ്വര സ്വർഗ്ഗം വ്യക്തിജീവിതത്തിൽ സ്വയം നടപ്പിലാക്കേണ്ടത് എന്നാണു യേശു പറഞ്ഞത്.
ഒന്നും മനസ്സിലായില്ല, ശമ്പളം കൈപ്പറ്റുന്ന പുരോഹിതന്മാർക്കും വരിസംഖ്യ പിരിക്കുന്ന സംഘടനകൾക്കുംഇവിടെ റോളുകളേയില്ല. കാണാതെ പോയ ഒന്നിന് വേണ്ടി മറ്റെല്ലാം വിട്ട് അലയുന്ന നല്ല ഇടയന്മാരാവണംലോകത്തിലുള്ള ഓരോ മനുഷ്യനും. അപ്പോൾ മുള്ളും പറക്കാരയും നിറഞ്ഞ ഈ പാഴ്മണ്ണിൽ ലോഭ ഭോഗഇഛകളുടെ ഉന്തും മുഴകളും ഛേദിക്കപ്പെട്ട മനുഷ്യൻ എന്ന മഹത്തായ ചതുരക്കല്ലുകൾ ചേർത്തു വച്ച് പ്രപഞ്ചചേതന പണിതുയർത്തുന്ന സ്വർഗ്ഗ വാടകങ്ങളിൽ യുദ്ധങ്ങളും ക്ഷാമങ്ങളുമില്ലാത്ത, അതിരുകളുംലേബലുകളുമില്ലാത്ത ഒരു ലോകത്ത് മനുഷ്യനും മനുഷ്യനും തോൾ ചേർന്ന് നിൽക്കും.
ഇന്ന് വ്യാപകമായി മതങ്ങൾ വിമർശിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ധന സമ്പാദനത്തിനായി ഏതുതരികിടയും കാണിക്കുന്ന തെരുവ് ഗുണ്ടകളുടെ നിലവാരത്തിലേക്ക് മതങ്ങൾ കൂപ്പു കുത്തിക്കഴിഞ്ഞു എന്നത്തന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും വരെ മതം കലർത്തി ആഘോഷിക്കുന്ന ഒരുലോകത്ത് വേവുന്ന പുരയ്ക്കു ഊരുന്ന കഴുക്കോൽ ലാഭം എന്ന നിലയിലാണ് മിക്ക മതങ്ങളുടെയുംപ്രവർത്തനങ്ങൾ.
കഴുത്തിൽ തങ്ക കുരിശുമാലയും തലയിൽ സിൽക്ക് വട്ടത്തൊപ്പിയുമായി തെരുവിൽ പള്ളി പിടിക്കാനിറങ്ങുന്നപരിശുദ്ധന്മാർ, എങ്ങോ എവിടെയോ ഏതോ ഹൂറിപ്പെണ്ണുങ്ങളുടെ ബിക്കിനിപ്പൂവിന്റെ ഇതളുകൾ തേടി കശാപ്പുകത്തിയുമായി അലറി വിളിക്കുന്ന മറ്റൊരു കൂട്ടർ, ഇതിനൊക്കെ ഇടയിൽ പഞ്ച പുച്ഛമടക്കിയ സാധു മൃഗങ്ങളായിനടിച്ച് തന്ത്രപൂർവം സാമൂഹ്യ സമ്പത്തു കയ്യടക്കുന്ന വേറൊരു കൂട്ടർ. ഏകദേശം അതിങ്ങനെയാണ് :
ആദ്യം കൊടും വനത്തിൽ ആരും കാണാതെ ഒരു കുരിശ് കുത്തി നിർത്തുന്നു. അടുത്തത് അങ്ങോട്ടേക്കൊരുതീർത്ഥ യാത്ര. പിന്നെ കുരിശു പള്ളി, കുരിശുപള്ളി ക്രമേണ പള്ളിയാവുന്നു. അവസാനം കാട് മുഴുവൻസ്വന്തമാക്കി അവിടെ സ്‌കൂളും മഠവും ആശുപത്രിയുമൊക്കെ സ്ഥാപിച്ച് അവിടങ്ങളിൽ ആശ്രിതർക്ക് ജോലിയുംഅടിമകൾക്ക് താവളവും ഉറപ്പാക്കുന്നു. എല്ലാറ്റിന്റെയും മുകളിൽ സേവനം എന്ന വലിയ ബോർഡും തൂക്കിബിസ്സിനസ്സ് പൊടി പൊടിക്കുന്നു.
.
രാജ്യത്ത് സുവിശേഷം അറിയിക്കണം ( അതായത് പരസ്പ്പരം കരുതുന്നവരുടെ ലോകം നടപ്പിലാക്കണം ) എന്നക്രിസ്തുവിന്റെ വാക്ക് ഇപ്രകാരം വ്യഭിചരിക്കപ്പെടുന്നു. തെക്കു പടിഞ്ഞാറൻ ഏഷ്യയിൽ നിന്ന് കയറ്റുമതിചെയ്യപ്പെടുന്ന മതം ലോകത്താകമാനം പൊട്ടിച്ചിതറി ‘വണ്ടേ നീ ചാവുന്നു, വിളക്കും കെടുത്തുന്നു ‘ എന്ന നിലയിൽ മനുഷ്യ ജീവിതം ദുസ്സഹമാക്കുന്നു.
എനിക്ക് നോവുന്നതു പോലെ അപരനും നോവും എന്ന് – അതായത് അപരന്റെ വേദന എന്റെയും കൂടിവേദനയാണെന്നുള്ള തിരിച്ചറിവ് – കണക്കാക്കാത്ത ഒന്നും – അത് മതമായാലും മനുഷ്യനായാലും – കാലത്തെഅതിജീവിക്കുകയില്ല സത്യം. മനുഷ്യ മനസ്സുകളിൽ ആഴത്തിൽ വേര് പിടിച്ചു പോയി എന്നത് കൊണ്ട് മാത്രം ( അത് കൊണ്ടാണല്ലോ നമ്മുടെ യുക്തിവാദികളും സ്വതന്ത്ര ചിന്തകരും സാമൂഹ്യ പരിഷ്ക്കർത്താക്കളും വരെമതത്തെയും അതിലെ പാത്രങ്ങളെയും തെരുവിൽ
വിമർശിക്കുമ്പോളും ഏതെങ്കിലും ഒരു മത കഥാപാത്രത്തിന്റെ പേര് സ്വന്തം പേരായി ഇന്നും നില നിരത്തിക്കൊണ്ട്ആ പേരിനോട് പോലും രോഷം കൊള്ളുന്നത് ? ) ആവശ്യമെങ്കിൽ മതം ഒരു സോഷ്യൽ ക്ലബ്ബായി നിലനിൽക്കുന്നതിൽ ആർക്കും പരാതിയുണ്ടാവാനിടയില്ല. അപരന്റെ അവകാശങ്ങളെ കരുതുവാനുള്ള കരുത്ത്നേടിക്കൊണ്ടാണ് അത് നിൽക്കേണ്ടത് എന്നതിനാൽ രക്തച്ചൊരിച്ചിലുകളുടെ വർത്തമാനകാലം എന്നേക്കുമായി അവസാനിക്കണം.
പാൽക്കുപ്പിയും പരിമള കളിപ്പാട്ടങ്ങളുമായി പറന്നിറങ്ങുന്ന യുദ്ധ വിമാനങ്ങളെ സ്വാഗതം ചെയ്യാൻ കുട്ടികളുംഅവരുടെ അമ്മമാരും കാത്തു നിൽക്കുന്ന കാലം വരും ! അണലി മാളങ്ങളിൽ കയ്യിടുന്ന ശിശുക്കളും ബാലസിംഹങ്ങളുടെ അണപ്പല്ലുകൾ എണ്ണുന്ന കുട്ടികളും ജീവിക്കുന്ന ആ പുതിയ ഭൂമിയിൽ ‘അമ്മ സിംഹങ്ങൾപാലൂട്ടുന്ന ആട്ടിൻ കുട്ടികൾ തുള്ളിച്ചടി നടക്കും ! എല്ലാ കണ്ണുകളിൽ നിന്നും കണ്ണുനീർ തുടച്ചു മാറ്റപ്പെടുന്ന ആരംഗങ്ങൾ മഹാകാലത്തിന്റെ മറുകരയിൽ നിന്ന് നമുക്കും കാണാനാവും എന്ന സ്വപ്നമാണ് നമ്മുടെ കരുത്ത്. സ്വതന്ത്ര ചിന്തകരേ നിങ്ങൾ സഞ്ചരിക്കേണ്ട വഴിയും ഇത് തന്നെ !
About The Author